ADVERTISEMENT

ചില പെൺകുട്ടികൾ അങ്ങനെയാണ് അലമാര നിറയെ പുതുപുത്തൻ വസ്ത്രങ്ങൾ നിറഞ്ഞിരുന്നാലും അവർ ധരിക്കാൻ ആഗ്രഹിക്കുന്നത് പങ്കാളിയുടെ വസ്ത്രങ്ങളായിരിക്കും. പ്രണയിക്കുന്ന സമയത്താണെങ്കിൽ കാമുകന്മാരുടെ വസ്ത്രങ്ങൾ ഇടയ്ക്കൊക്കെ ധരിക്കാനാകും അവർ ഇഷ്ടപ്പെടുക. കാമുകന്റെയും പങ്കാളിയുടെയും വസ്ത്രങ്ങൾ ധരിക്കാൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നതിന്റെ കാരണത്തെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് ബ്രട്ടിഷ് കൊളംബിയ നടത്തിയ പഠനത്തിൽ പറയുന്നതിങ്ങനെ:-

''പങ്കാളിയുടെ ഷർട്ട് ധരിക്കുകയോ, ഉറങ്ങുമ്പോൾ കിടക്കയ്ക്കരിൽ പങ്കാളി ധരിച്ചിരുന്ന വസ്ത്രങ്ങൾ വയ്ക്കുകയോ ചെയ്യുന്ന നിരവധി സ്ത്രീകളുണ്ട്. പങ്കാളി അരികിലില്ലാത്ത സമയത്താണ് പലരിലും ഈ രീതിയിലുള്ള പെരുമാറ്റങ്ങൾ കണ്ടു വരുന്നത്. പങ്കാളി ഒപ്പമില്ലെങ്കിലും അവർ ധരിച്ചിരുന്ന വസ്ത്രങ്ങളിലെ ഗന്ധം മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സ്ത്രീകൾക്ക് നൽകുന്നുണ്ട്''. മാർലിസ് ഹോഫർ എന്ന സൈക്കോളജി വിദ്യാർഥിയാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങൾക്ക് നേതൃത്വം നൽകിയത്.

ഇരുപതു വയസ്സിനു മുകളിലുള്ള 96 ദമ്പതിമാരെ നിരീക്ഷിച്ച ശേഷമാണ് ഹോഫറും സംഘവും ഇത്തരമൊരു നിഗമനത്തിലെത്തിച്ചേർന്നത്. സുഗന്ധദ്രവ്യങ്ങളൊന്നും തന്നെ ഉപയോഗിക്കാതെ 24 മണിക്കൂർ ഒരു ടീഷർട്ട് ധരിക്കാനായിരുന്നു പുരുഷന്മാർക്കു നൽകിയ നിർദേശം. പിന്നീട് കക്ഷത്തിന്റെ ഭാഗം പുറത്തുവരുന്ന വിധം അത് മടക്കി പായ്ക്ക് ചെയ്തു.

ഇതിനു ശേഷം മൂന്നു ഘട്ടങ്ങളിലായാണ് സ്ത്രീകളുടെ മാനസികസമ്മർദ്ദ പരിശോധന നടന്നത്.  മോക്ക് ഇൻർവ്യൂ, ഗണിത പരീക്ഷകൾ എന്നിവയിലൂടെ സമ്മർദ്ദത്തോടുള്ള പ്രതികരണങ്ങളെ വിലയിരുത്തി. മാനസിക സമ്മർദ്ദ പരിശോധനകൾക്കു ശേഷം അവർക്ക് ഓരോ ടീഷർട്ട് നൽകി. ഒരു ടീ ഷർട്ട് തന്നെ മൂന്നു പ്രാവശ്യം നൽകിയാണ് പരീക്ഷണം നടത്തിയത്. പങ്കാളിയുടെയും അപരിചിതരുടെയും വസ്ത്രങ്ങൾ ഇതുപോലെ നൽകി. പുതിയ വസ്ത്രങ്ങളും പങ്കാളിയോ, അപരിചതരോ ധരിച്ച വസ്ത്രങ്ങളും ഇടകലർത്തി നൽകിയാണ് പരീക്ഷണം നടത്തിയത്.

romantic-couple-01
പ്രതീകാത്മക ചിത്രം

പരീക്ഷണത്തിന്റെ ഭാഗമായി അഞ്ചു മിനിറ്റുകൊണ്ട് സ്ത്രീകൾ പരീക്ഷകൾ പൂർത്തിയാക്കി. ആകാംക്ഷ, ശാരീരിക ക്ലേശം, സമ്മർദ്ദം, സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള തോന്നൽ എന്നിവയെ അടിസ്ഥാനമാക്കിയും പരീക്ഷണങ്ങൾ നടന്നു. പരീക്ഷണങ്ങൾക്കിടയിൽ ഏഴു പ്രാവശ്യത്തോളം ഉമിനീർ ശേഖരിച്ചു. കോർട്ടിസോൾ ഹോർമോൺ പരിശോധിച്ച് മാനസിക സമ്മർദ്ദത്തിന്റെ അളവ് പരിശോധിക്കാൻ വേണ്ടിയായിരുന്നു അത്.

പരീക്ഷണങ്ങൾക്കിടയിൽ പങ്കാളി ധരിച്ച വസ്ത്രങ്ങളുടെ ഗന്ധം ശ്വസിച്ച സ്ത്രീകളിലെ മാനസിക സമ്മർദ്ദത്തിന്റെ അളവ് നന്നായി കുറഞ്ഞുവെന്നും അപരിചിതരുടെ വസ്ത്രങ്ങളുടെയും, പുതിയ വസ്ത്രങ്ങളുടെയും ഗന്ധത്തോട് അതിയായ മാനസിക സമ്മർദ്ദത്തോടെയാണ് സ്ത്രീകൾ പ്രതികരിച്ചതെന്നും അവർ പറയുന്നു.

അപരിചിതർ ധരിച്ച വസ്ത്രത്തിന്റെ ഗന്ധം ശ്വസിച്ച സ്ത്രീകളുടെ കോർട്ടിസോൾ അളവ് വല്ലാതെ ഉയർന്നിരുന്നുവെന്നും ഗവേഷകർ അദ്ഭുതത്തോടെ പറയുന്നു. ഈ അപ്രതീക്ഷിത കണ്ടെത്തൽ മുന്നോട്ടുള്ള പഠനങ്ങളിൽ ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പങ്കാളികൾ ധരിച്ച ഷർട്ടിന്റെ ഗന്ധം ശ്വസിച്ച സ്ത്രീകളുടെയും പുതിയ വസ്ത്രങ്ങളുടെ ഗന്ധം ശ്വസിച്ച സ്ത്രീകളുടെയും കോർട്ടിസോൾ അളവിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവർ പറയുന്നു.

പെൻസിൻവാനിയയിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗിൽ നിന്ന് വിരമിച്ച ഡോ. ഡൊണാൾഡ് മക്ബെറി  ഘ്രാണശക്തിയും അടുത്ത ബന്ധങ്ങളും എന്ന വിഷയത്തിൽ നടത്തിയ ഗവേഷണങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെ:-

''ഞങ്ങൾ നടത്തിയ പഠനത്തിൽ രസകരമായ പല കണ്ടെത്തിയിട്ടുണ്ട്. മിലിട്ടറിയിൽ ജോലി ചെയ്യുന്നവരും അവരുടെ പങ്കാളികളും വസ്ത്രങ്ങൾ പരസ്പരം കൈമാറി ഉപയോഗിക്കാറുണ്ട്. ഇനി പഠനം നടത്തേണ്ടത് മറ്റൊരു വിഷയത്തെക്കുറിച്ചാണ് ആശുപത്രികളിൽ അമ്മമാർക്ക് കുഞ്ഞുടുപ്പുകളും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും നൽകുന്നതിനെക്കുറിച്ചാണത്''.

പങ്കാളിയുടെ വസ്ത്രങ്ങൾ ധരിക്കുമ്പോൾ പുരുഷന്മാർക്ക് മാനസികസമ്മർദ്ദം കുറയുമോ എന്ന വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.

English Summary : Why Women Like To Wear Partners Cloth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com