sections
MORE

സൈബർ ആക്രമണങ്ങളോട് നോ പറയാം; ക്യാംപെയിനുമായി വിമൻ ഇൻ സിനിമ കലക്ടീവ്

NO TO CYBER VIOLENCE
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർവാർത്തയാകുമ്പോൾ ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. സ്ത്രീകൾ ശാരീരികമായി മാത്രമല്ല ആക്രമിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ മുഖമില്ലാത്ത പലരും സ്ത്രീകളെ അപമാനിക്കാൻ തക്കം പാർത്തിരിക്കുന്നുണ്ട്. അതിരുവിടുന്ന ബോഡിഷെയിമിങ് മുതൽ സംഘം ചേർന്നുള്ള വ്യക്തിഹത്യകൾ വരെ വെർച്വൽ ലോകത്ത് ദിനംപ്രതി അരങ്ങേറുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമില്ലാതെ പലരും സൈബർ ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്. വെർച്വൽ ലോകത്ത് വർധിച്ചു വരുന്ന സൈബർ ആക്രമങ്ങൾക്കെതിരെ പോരാടുകയാണ് വിമൻ ഇൻ സിനിമ കലക്ടീവ്. അതിനായി പത്തു ദിവസം നീണ്ടുനിൽക്കുന്ന ഒരു ക്യാംപെയിനാണ് അവർ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാംപെയിനെക്കുറിച്ച് വിമൻ ഇൻ സിനിമ കലക്ടീവ് പങ്കുവച്ച കുറിപ്പിങ്ങനെ:-

എന്തുകൊണ്ട് ക്യാംപെയ്‌ൻ

''ബഹുമാനപ്പെട്ട  കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്  ഖാൻ വിമൻ ഇൻ സിനിമ കലക്ടീവിനെ [ഡബ്ല്യൂസിസി] ആദരിച്ച വേളയിൽ പറഞ്ഞത് ഒന്നുകൂടി  ഓർമ്മയിൽ പെടുത്തട്ടെ :  “ഏതൊരു സമൂഹവും അതിന്റെ ഉന്നതിയിലേക്കെത്തുന്നത് അതിനുള്ളിലെ സ്ത്രീകൾ ബഹുമാനിക്കപ്പെടുമ്പോഴാണ്.” സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുവാനും അതിനെതിരെ ശബ്ദമുയർത്താനും യു.എൻ. വിമൻ ആഹ്വാനം ചെയ്ത പതിനാറ്  ദിവസത്തെ പ്രചരണ പരിപാടികൾ ഇന്നലെയാണ് അവസാനിച്ചത്. ജനസംഖ്യയിൽ 50 ശതമാനമുണ്ടായിട്ട്  പോലും, സ്ത്രീകൾക്ക് പൊതു ഇടങ്ങൾ ഇന്നും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത് – വീട്ടിലും തൊഴിലിടത്തിലും, സമൂഹ മാധ്യമങ്ങളിലും  ഏത് നേരത്തും സ്ത്രീ ആക്രമിക്കപ്പെടുന്നു എന്നത് ആശങ്കയുളവാക്കുന്ന ഒരു യാഥാർഥ്യമാണ്.

ഈ നൂറ്റാണ്ടിൽ ജനജീവിതത്തെ മാറ്റിമറിച്ച ഏറ്റവും വലിയ സമൂഹ മാധ്യമമാണ്  ഇന്റർനെറ്റ്. ഇന്നത്  പൊതുസമ്പർക്കത്തിന്റെ ഒരു പ്രധാന ഇടവുമാണ്.  ഭൗതികമായ തടസ്സങ്ങളും അതിരുകളും ഭേദിച്ച് ജനങ്ങൾക്കിടയിൽ  സ്വതന്ത്രമായ ആശയസംവേദനം എന്ന സാധ്യതയാണ് ഇത് മുന്നോട്ട് വെച്ചത്.  ലിംഗപരമായ അസമത്വങ്ങൾ മറികടക്കാനുള്ള വലിയൊരു അവസരമായിരുന്നു ഇത്. എന്നാൽ ഇന്നത് പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു വിഹാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ  സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ നിത്യജീവിതത്തിൽ  അവർ നേരിടുന്നവയുടെ ശരിപ്പകർപ്പുകളാണ്. വ്യക്തിപരമായ  അപമാനിക്കലും, ശല്യം ചെയ്യലും, കൈയേറ്റങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലെ സ്ഥിരം പ്രവണതകളായി മാറിയിരിക്കുന്നു. ഈ സാമൂഹ്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശബ്ദമുയർത്താനുള്ള സമയമാണിത്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാവുന്ന ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും  സംഭവിക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണിത്. സമൂഹ മാധ്യമങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന സ്ത്രീകളെ  ഉച്ചത്തിൽ കൂകിവിളിച്ചും, ബലാൽസംഗ-കൊലപാതക ഭീഷണികൾ കൊണ്ട് ഉപദ്രവിച്ചും അടിച്ചമർത്താൻ നോക്കുകയാണ്. വെറും ഒരു ഫേസ്ബുക് പോസ്റ്റിനുള്ള പ്രതികരണമാണോ ഇതെല്ലാം? വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഉന്മൂലനം ചെയ്യലല്ലാതെ മറ്റെന്താണിത് ?

അപരിചതരും അദൃശ്യരുമായ വേട്ടക്കാരാണ് ഇത് നടത്തുന്നവരിൽ  ഭൂരിപക്ഷവും. എന്നാൽ അവർ മാത്രമല്ല, ഈ പ്രവണതയെ മുതലെടുത്തു വ്യക്തി വൈരാഗ്യം തീർക്കാൻ പോലും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നവരുണ്ട്. ഇവർ തുടങ്ങി വയ്ക്കുന്ന വ്യക്തിഹത്യയുടേയും സ്വഭാവഹത്യയുടേയും ആക്കം കൂട്ടുന്ന അദൃശ്യരായ മുഖങ്ങൾ ആരെയും എപ്പോഴും കീറിമുറിക്കാൻ കാത്തിരിക്കുകയാണ്. ഫേസ്ബുക് പോലുള്ള കമ്പനികളുടെ ഉദാസീനത ഇതിന് വളം വെച്ചു കൊടുക്കുന്നു. സ്ത്രീകളാണ് ഇതിനു വലിയ വില കൊടുക്കേണ്ടി വരുന്നത്. അവരുടെ സാമൂഹിക ജീവിതമാണ് പരിമിതപ്പെടുത്തപ്പെടുന്നത്. സ്വന്തം അഭിപ്രായം ഉറക്കെ പറഞ്ഞു, അതിൽ ഉറച്ചു നിന്ന് പ്രവർത്തിച്ചു എന്നത് കൊണ്ട് മാത്രം സജിത മഠത്തിൽ, മഞ്ജു വാര്യർ, ധന്യ രാജേന്ദ്രൻ, ദിവ്യ ഗോപിനാഥ്, അപർണ പ്രശാന്തി, പാർവതി തിരുവോത്, മൃദുല ദേവി, റിമ കല്ലിങ്ങൽ, ഷാഹിന നഫീസ,  എന്നിങ്ങനെ നിരവധി സ്ത്രീകൾ നിരന്തരം ഈ ആക്രമണങ്ങൾക്കും, നിന്ദകൾക്കും  വിധേയമായിട്ടുണ്ട്.  

ഇത്തരത്തിലുള്ള  ആക്രമണങ്ങൾ ഭയന്ന് സമൂഹ മാധ്യമങ്ങളിൽ സ്വന്തം അഭിപ്രായങ്ങളും ചിന്തകളും തുറന്നു പറയാൻ പേടിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികമാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് തയാറാക്കിയ  ‘വാക്കിങ് ഓൺ എഗ്‌ഷെൽസ് ഇൻ സൈബർ സ്‌പേസ്’, എന്ന റിപ്പോർട്ടിൽ മലയാളി സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നിയമപരമായി അത്തരം ആക്രമണങ്ങൾ ശിക്ഷാർഹമാണ്. ഇത് ലിംഗാധിഷ്‌ഠിത ആക്രമണമാണ്, അത് തടഞ്ഞേ തീരൂ. WCC ഈ ആക്രമണങ്ങളെ അപലപിക്കുന്നു. സജിതക്കൊപ്പം, മഞ്ജുവിനൊപ്പം, ധന്യക്കൊപ്പം, അപർണക്കൊപ്പം, ഷാഹിനക്കൊപ്പം… അവൾക്കൊപ്പം!

അത് കൂടാതെ  സമൂഹ മാധ്യമങ്ങളിൽ ഇത്തരം ആൾക്കൂട്ട ആക്രമങ്ങൾ നേരിടുന്ന മുഴുവൻ ആളുകളോടും ലിംഗഭേദമെന്യേ ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.  സമൂഹ മാധ്യമങ്ങളിൽ അതിക്രമങ്ങൾക്കെതിരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടികൾക്ക്  ഡിസംബറിൽ WCC തുടക്കമിടുയാണ്.

നിങ്ങൾ പ്രശ്നത്തിന്റെയോ പരിഹാരത്തിന്റെയോ ഭാഗമാണോ എന്നത് നിങ്ങളുടെ ലിംഗവുമായി ബന്ധപ്പെട്ടതല്ല. 

തിരിച്ചറിയൂ. റിപ്പോർട്ട് ചെയ്യൂ. പ്രതിരോധിക്കൂ''. 

#notocyberviolence #problemorsolution? #wcc

English Summary: NO TO CYBER VIOLENCE new initiative by Women In Cinema Collective

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA