sections
MORE

ജോലിസ്ഥലത്ത് സ്ത്രീകളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് സ്ത്രീ മേധാവികളോ?

JEALOUSY
പ്രതീകാത്മക ചിത്രം
SHARE

ജോലിസ്ഥലത്തെ വൈവിധ്യവും സ്ത്രീ-പുരുഷ അനുപാതവുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണെന്നിരിക്കെ, വലിയ ചര്‍ച്ചകള്‍ക്കു വിധേയമായിട്ടില്ലെങ്കിലും സ്ത്രീകളോടുള്ള സ്ത്രീകളുടെ പെരുമാറ്റവും പ്രധാനമാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ പിന്തുണച്ചതിന്റെയും സഹായിച്ചതിന്റെയുമൊക്കെ കഥകള്‍ പറയാറുള്ള സ്ത്രീകള്‍പോലും ചില സ്ത്രീകളില്‍നിന്നുണ്ടായ ദുരനുഭവം കൂടി പറയാറുണ്ട്. പിന്നാലെയെത്തുന്ന സ്ത്രീകളെ പൂര്‍ണമായും പിന്തുണയ്ക്കാത്ത സ്ത്രീ മേലധികാരികളുടെ വിഷമിപ്പിക്കുന്ന പെരുമാറ്റവും കാര്‍ക്കശ്യവും തലക്കനവും. 

സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത സാങ്കേതിക മേഖലയില്‍പ്പോലും ഇതാണു സ്ഥിതി. പുതുതായി ജോലിക്കെത്തുന്ന യുവതികളെ പിന്തുണയ്ക്കാന്‍ തയാറാകാത്ത മേലധികാരികളായ സ്ത്രീകളുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം. 2017 ല്‍ പുറത്തുവന്ന വര്‍ക്പ്ലെയ്സ് ബുള്ളീയിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വേ പ്രകാരം പുരുഷന്‍മാര്‍ പുതിയ തലമുറയിലെ പുരുഷന്‍മാരോട് മോശമായി പെരുമാറുന്നതിന്റെ തോത് 35 ശതമാനമാണെങ്കില്‍ സ്ത്രീകള്‍ സ്ത്രീകളോട് അഹങ്കാരത്തോടെ പെരുമാറുന്നതിന്റെ തോത് ഏതാണ്ട് ഇരട്ടിയാണ്-67 ശതമാനം. 

മിക്കപ്പോഴും ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ വളരെ കര്‍ക്കശക്കാരാണെന്നും ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്തവരാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവര്‍ പുരുഷന്‍മാരെപ്പോലെ പെരുമാറുന്നത്രേ. പുരുഷാധിപത്യമുള്ള മേഖലകളില്‍പ്പോലും പുതുതായി വരുന്ന സ്ത്രീകളെ സൗഹാര്‍ദ്ദപരമായല്ല ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ സ്വാഗതം ചെയ്യുന്നത്. 

ഇത് ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കിടയില്‍ ക്രമാതീതമായ സംഘര്‍ഷം വളര്‍ത്തുന്നു. പുരുഷന്‍മാര്‍ സ്ത്രീകളോട് സൗഹൃദത്തോടെ പെരുമാറുമ്പോള്‍ തന്നെയാണ് സ്ത്രീകള്‍ മറ്റു സ്ത്രീകളോട് സൗഹൃദമില്ലാതെ ഇടപെട്ട് മികച്ച പേര് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി സ്ഥാപനങ്ങള്‍ പുതുതായി വനിതകളെ നിയമിക്കാന്‍ മടിക്കുന്നു. നിലവിലുള്ളവരെ തന്നെ നിലനിര്‍ത്താനും താല്‍പര്യം കാണിക്കുന്നില്ല. 

ഏതു മേഖലയായാലും എത്രമാത്രം സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷമാണെങ്കിലും എത്രമാത്രം വളരാന്‍ ആഗ്രഹിക്കുന്നവരാണെങ്കിലും ചില വസ്തുതകള്‍ മനസ്സില്‍ ഉറപ്പിച്ചാല്‍ ജോലിസ്ഥലത്തെ അന്തരീക്ഷം സ്നേഹവും സൗഹൃദവും നിറഞ്ഞതാക്കാം. 

1. വ്യത്യസ്തമായി ചിന്തിക്കുക 

മികച്ച ജോലി അന്തരീക്ഷം സൃഷ്ടിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും; ആത്മാര്‍ഥമായി അവര്‍ അതിനുവേണ്ടി ശ്രമിക്കുകയാണെങ്കില്‍. പുരുഷന്‍മാരേക്കാള്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്കാണ് വലിയ സംഭാവന നടത്താന്‍ കഴിയുന്നത്. മികച്ച അന്തരീക്ഷം മികച്ച ഫലം സൃഷ്ടിക്കുമെന്നും മറക്കരുത്. പുരുഷന്‍മാരായാലും സ്ത്രീകളായാലും പുതുതായി ജോലിയില്‍ ചേരുന്നവരോട് മാന്യമായും അന്തസ്സോടെയും പെരുമാറുക. 

പുതുതായി ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് കസേര ഉറപ്പാക്കുന്നതിനൊപ്പം അവര്‍ പറയുന്നത് കേള്‍ക്കാനും തയാറാകണം. അവരെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക. പ്രത്യേകിച്ചും മീറ്റിങ്ങുകളില്‍ പുതുതായി വരുന്നവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുക. വ്യത്യസ്തമായ അഭിപ്രായങ്ങളായിരിക്കാം. വീക്ഷണങ്ങളില്‍ ചിലത് യോജിക്കാനാവാത്തതായിരിക്കാം. പക്ഷേ കേള്‍ക്കുക എന്നതാണ് പ്രധാനം. 

ശരിയായ കാഴ്ചപ്പാട് 

ഒരു പ്രത്യേക രീതിയില്‍ പെരുമാറിയില്ലെങ്കില്‍  ഉയര്‍ച്ച ഉണ്ടാകില്ല... ഇങ്ങനെയൊരു ധാരണ എങ്ങനെയോ ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകളില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണെന്നുതോന്നുന്നു പലരും സൗഹൃദം മറച്ചുവച്ച് അധികാര സ്വരത്തില്‍ പെരുമാറുന്നതും ജോലിസ്ഥലം അസഹനീയമാക്കുന്നതും. ഓരോരുത്തരും ജോലിക്ക് എത്തിയപ്പോഴത്തേക്കാള്‍ മികച്ച അന്തരീക്ഷം ജോലിസ്ഥലത്ത് സൃഷ്ടിക്കാനായിരിക്കണം ശ്രമം. 

ജോലിസ്ഥലത്ത് ഭീഷണിയുടെ പരിധിയില്‍ പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്താതെ സ്ത്രീകളുടെ ഭീഷണിപ്പെടുത്തലും ഉള്‍പ്പെടുത്തുക. ഇതും ഒരു പ്രധാന പ്രശ്നമാണെന്നു മനസ്സിലാക്കുക. ഇങ്ങനെ ചെയ്യുന്നത് സ്ത്രീകള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യും. 

കുട്ടികളെ നോക്കുന്നതും വീട്ടിലെ പ്രായമായവരെ നോക്കുന്നതുമെല്ലാം ഇന്ന് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനു മാറ്റം വരണം. ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് സ്ത്രീകള്‍ക്ക് വളരെയധികം സഹായകരമായി മാറും. ജോലിക്ക് വരുന്ന ഓരോ സ്ത്രീക്കും മികച്ച സാധ്യതയും ഭാവിയും ഉറപ്പാക്കേണ്ടത് നിലവില്‍ ജോലിസ്ഥലത്തുള്ളവര്‍ തന്നെയാണ്. അപ്പോഴേ യഥാര്‍ഥ മാറ്റം സംജാതമാകൂ. 

English Summary : Some women leaders didn't want women Staffs to succeed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA