sections
MORE

സമ്മർദത്തിനു കീഴടങ്ങി കേസ് പിൻവലിക്കരുത്; ഈ പോരാട്ടത്തില്‍ ഇരകള്‍ ഒറ്റയ്ക്കല്ല

Asha Joms
ആഷ ജോംസ്
SHARE

ഇന്റര്‍നെറ്റ് പുതുതായി തുറന്ന അവസരങ്ങളുടെ ലോകം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമന്‍സ് ബിസിനസ് ഇന്‍ക്യുബേഷന്‍ പ്രോഗ്രം എന്ന പദ്ധതി ആഷ ജോമിസിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നത്. ഇതുവഴി സ്ത്രീകള്‍ സംരഭകരായി മാറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്നു, വാങ്ങുന്നു, പുതിയ സമൂഹങ്ങളുമായി ബന്ധപ്പെടുന്നു, പുതിയ സാങ്കേതിക വിദ്യകള്‍ വശമാക്കുന്നു. ആശയങ്ങള്‍ സ്വരൂപിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ അവസരങ്ങളുടെ ലോകം തുറന്ന സൈബര്‍ ഇടം തന്നെയാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമില്ലാത്ത ഇടമെന്നു പറയുന്നു ആഷ ജോമിസ്. 

വിദ്യാഭ്യാസമില്ലാത്തവര്‍ മാത്രമല്ല, സാങ്കേതിക രംഗത്തെ വിദഗ്ധരും ഡോക്ടര്‍മാരും എന്‍ജീനയര്‍മാരും വിദഗ്ധരുമെല്ലാം ദിവസേനയെന്നോണം സൈബര്‍ ഭീഷണിക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. വിമന്‍ ഇന‍ സിനിമ കളക്ടീവിന്റെ ഫെയ്സ്ബുക് പേജിലൂടെ എങ്ങനെ സൈബര്‍ ലോകം സുരക്ഷിതമാക്കിയെടുക്കാമെന്നതി നെക്കുറിച്ച് ആഷ പറയുന്നു. സൈബര്‍ അക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും ഐടി നിയമ (2000) ത്തിലെ സെക്‌ഷന്‍ 67. ഇതുപ്രകാരം ഓണ്‍ലൈന്‍ ലോകത്ത് ആശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന വ്യക്തിക്ക് 5 വര്‍ഷം വരെ ജയിലും ഒരു ലക്ഷം രൂപ വരെയുള്ള പിഴ ശിക്ഷയും ലഭിക്കാം. 

പക്ഷേ, ഈ നിയമം പ്രയോഗത്തില്‍ വരുന്നത് അപൂര്‍വമായിമാത്രമാണ്. 2016 ലും 2017 ലുമായി 66 പേരെ കേരളത്തില്‍ മാത്രം അറസ്റ്റ് ചെയ്യുകയുണ്ടായി. പക്ഷേ, ഇവരില്‍ ഒരാള്‍ക്കു പോലും ശിക്ഷ ലഭിക്കുകയുണ്ടായില്ല. ഇതിന്റെ ഫലമായി സൈബര്‍ ഭീഷണി ഉണ്ടായാലും ആരും അവ അധികാരികളുടെ ശ്രദ്ധയില്‍പെടുത്താറുമില്ല. 

സൈബര്‍ ആക്രമണം ഉണ്ടായാല്‍ സാധാരണയായി പൊലീസിലോ സൈബര്‍ സെല്ലിലോ പരാതിപ്പെടുകയാണ് ചെയ്യുന്നത്. ഇതിനു പുറമേ ഇരകളെ പിന്തുണയ്ക്കാനും അവര്‍ക്ക് ആത്മവിശ്വാസം പകരാനും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വേണ്ടി കൂട്ടായ്മകളും ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ഇരകള്‍ കൃത്യമായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുകയും ചെയ്യൂ. 

സൈബര്‍ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ആത്മവിശ്വാസം പകരാനുള്ള സംവിധാനം പൊലീസ് സ്റ്റേഷനുകളിലും ഉണ്ടാകണം. പരാതി നല്‍കിയാല്‍ പുരോഗതി ഇരകളെ ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ അറിയിക്കാന്‍ സംവിധാനം വേണം. പരാതി പിന്‍വലിക്കാന്‍ പലപ്പോഴും സമ്മര്‍ദം ഉണ്ടാകാറുണ്ട്. ഇതും ഒഴിവാക്കപ്പെടണം. ഇരകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികൃതരില്‍നിന്ന് ഒരിക്കലും ഉണ്ടാകരുത്. 

ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാല്‍സംഗം ചെയ്ത പ്രതികളെ സംഭവമുണ്ടായി 10 ദിവസത്തിനകം  പൊലീസ് വെടിവച്ചുകൊന്ന സംഭവം അടുത്തകാലത്താണുണ്ടായത്. ഇരയുടെ ബന്ധുക്കളില്‍ ചിലരും പൊതുസമൂഹത്തിലെ ചിലരും സംഭവത്തെ പ്രശംസിക്കുകയുമുണ്ടായി. ജുഡീഷ്യല്‍ സമ്പ്രദായത്തെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുത്ത സംഭവം തികച്ചും തെറ്റാണെങ്കിലും നീതി വൈകുന്നതിലുള്ള അക്ഷമയും പ്രതിഷേധവുമാണ് പ്രതികരണങ്ങളില്‍ തെളിഞ്ഞുകാണുന്നത്. 

നീതി നടപ്പിലാകുന്നത് വൈകുന്നതാണ് ജനങ്ങളെ പ്രകോപിക്കുന്നത്. ജുഡീഷ്യല്‍ സമ്പ്രദായവും പൂര്‍ണമായി ഓണ്‍ലൈന്‍ ആയി മാറിയാല്‍ തെളിവെടുക്കല്‍, അവയെപ്പറ്റി അറിയിക്കല്‍ എല്ലാം വേഗത്തില്‍ ചെയ്യാന്‍ കഴിയും. അങ്ങനെ നീതി വൈകുന്നത് ഒരുപരിധി വരെ ഒഴിവാക്കുകയും ചെയ്യാം. പലര്‍ക്കും സൈബര്‍ ഭീഷണിയുണ്ടാകുന്നത് മറ്റുള്ളവരും അറിയുന്നുണ്ട്. എന്നാല്‍ വെറും കാഴ്ചക്കാരായി നില്‍ക്കുന്നതിനുപകരം ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കാനും പിന്തുണയ്ക്കാനും തയാറാകണം. ഇരയ്ക്ക് മാനസിക വിഷമം ഉണ്ടാകുന്ന ഒരു പോസ്റ്റിനെ ലൈക് ചെയ്യണോ വേണ്ടയോ എന്ന് രണ്ടുവട്ടം ആലോചിക്കണം. ഒരു ലൈക്ക് ചിലപ്പോള്‍ ഇരയെ അസഹനീയമായ ദുഃഖത്തിലേക്കായിരിക്കും നയിക്കുന്നത്. 

സൈബര്‍ ലോകത്ത് ഭീഷണി ഉണ്ടായാല്‍ അത് തീര്‍ച്ചയായും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ഒന്നാമതായി ചെയ്യാവുന്ന കാര്യം. പരാതിപ്പെട്ടാല്‍ സംശയിക്കപ്പെടുന്ന ആളില്‍നിന്നും കുടുംബത്തില്‍നിന്നും കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദം ഉണ്ടായേക്കാം. സമ്മര്‍ദത്തിനു കീഴടങ്ങി കേസ് പിന്‍വലിക്കുന്നതാണ് കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. സൈബര്‍ ലോകം സ്ത്രീ സൗഹൃദമാകണമെങ്കില്‍ എല്ലാവരും നിയമത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ഒരു സാഹചര്യത്തിലും ഒരു കേസും പിന്‍വലിക്കരുത്. ഏറ്റവും പ്രധാനം ഒറ്റയ്ക്കല്ല എന്ന ബോധം സൃഷ്ടിക്കലാണ്. ഇത് വലിയൊരു പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ ഇരകള്‍ ഒറ്റയ്ക്കല്ല- ആഷ ജോമിസ് പറയുന്നു. 

English Summary : Cleaning Up The Cyber Space

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA