sections
MORE

സന്ദർശകർ അപമര്യാദയായി പെരുമാറുന്നു; പരാതിയുമായി മിക്കി മൗസ്, മിന്നി മൗസ്, ഡോണള്‍ഡ് ഡക്ക്

Mickey Mouse, Minnie Mouse
മിന്നി മൗസ്, മിക്കി മൗസ്
SHARE

മനുഷ്യര്‍ക്കു മാത്രമല്ല പീഡനങ്ങളെക്കുറിച്ചു പരാതിയുള്ളത്; രൂപം മാറിയ മനുഷ്യര്‍ക്കും പറയാനുണ്ട്  പരാതികള്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി വേഷം ധരിച്ച മനുഷ്യര്‍ക്കുപോലുമുണ്ട് പരിഭവങ്ങള്‍. തുറിച്ചുനോക്കിയതിനെ ക്കുറിച്ച്. അനുവാദമില്ലാതെ സ്പര്‍ശിച്ചതിനെക്കുറിച്ച്. മാറിടത്തിലും തോളിലും കഴുത്തിലും മോശമായി സ്പര്‍ശിച്ചതിനെക്കുറിച്ച്. വെറുതെ പരിഭവങ്ങള്‍ പറയുകയല്ല, അവര്‍ പൊലീസില്‍ പരാതി നല്‍കിക്കഴിഞ്ഞു. മനുഷ്യര്‍ക്കു പകരം മനുഷ്യരൂപങ്ങളെ അന്യായമായി ലാളിക്കാമെന്നു കരുതുന്നവരും ഇനി സൂക്ഷിക്കണം എന്നു സാരം. 

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ‘ വാള്‍ട്ട് ഡിസ്നി വേള്‍ഡ്’  എന്ന എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കിലാണ് വിവാദ  സംഭവം. മിക്കി മൗസ്, മിന്നി മൗസ്, ഡോണള്‍ഡ് ഡക്ക് എന്നിവരുടെ വേഷത്തില്‍ നില്‍ക്കുന്ന തൊഴിലാളികളാണ് പരാതിക്കാര്‍. സന്ദര്‍ശകര്‍ തങ്ങളുടെ ദേഹത്ത് അനുവാദമില്ലാതെയും അപമര്യാദയോടെയും സ്പര്‍ശിച്ചു എന്ന പരാതിയുമായി അവര്‍ പൊലീസിനെ സമീപിച്ചുകഴിഞ്ഞു. 

മിക്കി മൗസിന്റെ വേഷം ധരിച്ചുകൊണ്ടുനിന്ന യുവതിക്ക് ആശുപത്രിയില്‍ വൈദ്യസഹായം തേടേണ്ടിവന്നു. കഴുത്തിനാണ് യുവതിക്ക് പരുക്ക്. ഒരു മുത്തശ്ശിയാണ് അഭിനന്ദനസൂചനകമായി അവരുടെ കഴുത്തില്‍ മൂന്നോ നാലോ തവണ കൈ അമര്‍ത്തിയത്. മിന്നി മൗസിന്റെയും ഡൊണാള്‍ഡ് ഡക്കിന്റെയും പരാതി അപരിചിതര്‍ അവരുടെ ദേഹത്ത് മോശമായി സ്പര്‍ശിച്ചു എന്നാണ്.  

ഡിസ്നി രാജകുമാരിയുടെ വേഷം ധരിച്ച യുവതിയുടെ മാറിടത്തില്‍ കൈകള്‍ കൊണ്ട് പരതിയ സംഭവത്തില്‍ നവംബറില്‍ ഒരു മധ്യവയസ്കനെ അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് കാര്‍ട്ടൂണ്‍ രൂപങ്ങള്‍ക്കുനേരെയുള്ള പീഡനം പുറത്തുവന്നത്. 

സമാധാനമായും സന്തോഷമായിട്ടും ജോലി ചെയ്യാനുള്ള അന്തരീക്ഷം എല്ലായിടത്തും എല്ലാവര്‍ക്കും ഉണ്ടാകണം. ഞങ്ങളുടെ ജോലിക്കാര്‍ക്കും നിയമം ബാധകമാണ്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിച്ചത്- വാള്‍ട്ട് ഡിസ്നി വേള്‍ഡ് അധികൃതര്‍ പറയുന്നു. 

മാജിക് കിങ്ഡം എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്ത് മിക്കി മൗസായി വേഷം ധരിച്ചത് 36 വയസ്സുള്ള ഒരു യുവതിയാണ്. അവരെ ആക്രമിച്ചത് ഒരു സ്ത്രീ തന്നെയാണ്. തന്റെ തലയില്‍ സ്ത്രീ അഞ്ചോ ആറോ പ്രാവശ്യമാണ് അടിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇപ്പോള്‍ കഴുത്തിനും തലയ്ക്കും വേദനയാണ്. മനഃപൂര്‍വം സ്ത്രീ മര്‍ദിച്ചതാണെന്നു കരുതുന്നില്ലെന്നും പക്ഷേ അസഹനീയമായ വേദനയാണെന്നുമാണ് യുവതിയുടെ പരാതി. 

തങ്ങള്‍ പരുക്കേല്‍പിക്കാനല്ല സ്പര്‍ശിച്ചതെന്നാണ് വിനോദസഞ്ചാര കുടുംബത്തിന്റെ വാദം. തന്റെ കൊച്ചുമകന്റെ പേടി മാറ്റാനാണ് മിക്കി മൗസിനെ സ്പര്‍ശിച്ചതെന്നും അല്ലാതെ ഉപദ്രവിക്കാനല്ലെന്നും കൂടി അവര്‍ വിശദീകരിച്ചു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ സ്പര്‍ശിക്കരുതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും കുടുംബം വാദിക്കുന്നു. പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും സന്ദര്‍ശകരെ ആലിംഗനം ചെയ്യാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

മിന്നി മൗസിന്റെ വേഷം ധിരിച്ച യുവതി മിനസോട്ടയില്‍നിന്നുള്ള ദമ്പതിമാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് പീഡനശ്രമം ഉണ്ടായത്. മിന്നി മൗസ് ദമ്പതികളിലെ പുരുഷനെ ആലിംഗനം ചെയ്തു. അപ്പോഴയാള്‍ മൂന്നുതവണ യുവതിയുടെ മാറിടത്തില്‍ കൈകള്‍കൊണ്ടു പരതിയെന്നാണ് പരായില്‍ പറയുന്നത്. 61 വയസ്സുള്ള മധ്യവസ്കനെതിരെയാണ് പരാതി. ഇയാള്‍ മറ്റ് ജീവനക്കാരെ പീഡിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

മനുഷ്യര്‍ക്കെതിരെയുള്ള പീഡനം തടയാന്‍ നിയമം നിര്‍മിക്കുന്നതിനൊപ്പം ഇനി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ രക്ഷിക്കാനും നിയമം വേണ്ടിവരുമെന്നാണ് ഫ്ലോറിഡ സംഭവം സൂചിപ്പിക്കുന്നത്. 

English Summary : We were inappropriately touched by tourists Says Mickey Mouse, Minnie Mouse and Donald Duck 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA