ADVERTISEMENT

സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല; പ്രത്യേകിച്ചും അമേരിക്കയില്‍. തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്നുപറയാത്തതുകൊണ്ടുകൂടിയാണ് പലപ്പോഴും ചര്‍ച്ചകള്‍ നടക്കാത്തതും. പക്ഷേ കാലം മാറുകയാണ്. പുതിയൊരു തലമുറ വരികയാണ്. അവരുടെ മികച്ച ജീവിതത്തിനും ഭാവിക്കും വേണ്ടി ഡോക്ടര്‍മാര്‍, എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരോട് സംസാരിച്ച് സ്ത്രീകള്‍ക്കുവേണ്ടി ഏഴു പോയിന്റുകള്‍ അവതരിപ്പിക്കുകയാണ്. 

പലപ്പോഴും തുറന്നു പറയാന്‍ മടിക്കുന്നതും എന്നാല്‍ ജീവിതത്തിലെ അനിവാര്യവും അത്യാവശ്യവുമായ കാര്യങ്ങളാണിവ. അമേരിക്കയെന്നോ ഓസ്ട്രേലിയയെന്നോ വ്യത്യാസമില്ലാതെ ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും എല്ലാക്കാലത്തും ബാധകമായത്. ഇവയെക്കുറിച്ചു ചിന്തിക്കൂ, സ്വന്തം ജീവിതത്തിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഇവ സഹായിക്കും. 

1. മികച്ച ജനനനിയന്ത്രണം സാധ്യമാണ്; അനിവാര്യവും 

birth-control-22

ജനന നിയന്ത്രണത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ അനിവാര്യമാണ്. പലരും കരിയറിലെ അവസരങ്ങള്‍ ഫാമിലി പ്ലാനിങ്ങിന്റെ പേരില്‍ ഉപേക്ഷിക്കുന്നു. ഇതു സ്ത്രീകളെ പുരുഷന്‍മാരേക്കാള്‍ സാമൂഹികമായി വളരെ താഴ്ന്ന അവസ്ഥയിലേക്കു മാറ്റുന്നു. പലപ്പോഴും ജനന നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തതിനാലും തുറന്നുപറയാന്‍ മടിക്കുന്നതും മൂലം പലരും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു. മികച്ച വിദ്യാഭ്യാസം വേണ്ടെന്നു വയ്ക്കുന്നു. 

ഗവേഷണങ്ങള്‍ക്കുള്ള അവസരം ഇല്ലാതാകുന്നു, മെച്ചപ്പെട്ട കരിയര്‍ നഷ്ടപ്പെടുന്നു. എല്ലാം കുടുംബത്തിനുവേണ്ടി. മക്കള്‍ക്കുവേണ്ടി. സ്ത്രീകളുടെ കരിയറിനെക്കുറിച്ചു പഠനം നടത്തിയ സാറ ഹില്ലിന്റെ അഭിപ്രായത്തില്‍ മികച്ച ജനന നിയന്ത്രണ  മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഗവേഷണം നടത്തണം. സ്ത്രീകളുടെ മികച്ച ഭാവിക്ക് ഇത് അനിവാര്യമാണ്. ജോലിക്കുവേണ്ടി ഗര്‍ഭധാരണം വൈകിപ്പിക്കുന്നതും അതേക്കുറിച്ചുള്ള സംഘര്‍ഷങ്ങളും സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്നതായും സാറ ഹില്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ഇപ്പോഴത്തേക്കാള്‍ മികച്ച സാമൂഹിക സാഹചര്യവും ചുറ്റുപാടുകളും ജോലിയും ജീവിതനിലവാരവും സ്ത്രീകള്‍ അര്‍ഹിക്കുന്നുണ്ട്. 

2. സ്ത്രീകളെ കബളിപ്പിക്കാന്‍ വ്യാജ ഉല്‍പന്നങ്ങളും 

vaginal-produts-01

പ്രത്യുല്‍പാദന അവയവത്തെക്കുറിച്ചുള്ള തെറ്റിധാരണകളും വ്യാജ വാര്‍ത്തകളും മുതലെടുത്ത് സ്ത്രീകളെ തരംതാഴ്ത്താനുള്ള ശ്രമങ്ങളുമുണ്ട്. പുരുഷന്‍മാരില്‍നിന്നു വ്യത്യസ്തമായി സ്ത്രീ പ്രത്യുല്‍പാദന അവയവത്തിനു നിരന്തരമായ സംരക്ഷണവും ശ്രദ്ധയും വേണമെന്നതാണ് പ്രധാന തെറ്റിധാരണ. ഇതു സ്ത്രീകളെ തരംതാഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ന്യൂയോര്‍ക്ക് ടൈംസില്‍ കോളമിസ്റ്റും എഴുത്തുകാരനുമായ ഡോ.ജെന്‍ ഗുണ്ടര്‍ പറയുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവത്തെക്കുറിച്ചു പ്രചരിപ്പിക്കുന്ന പല ആശയങ്ങളും തെറ്റായ കാര്യങ്ങളാണെന്നാണ്. 

നിരന്തരമായ സംരംക്ഷണം വേണമെന്ന് പ്രചരിപ്പിക്കുന്നതില്‍ ചില കച്ചവട സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടത്രേ. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി ഇവര്‍ നടത്തുന്ന പ്രചാരത്തില്‍ വീഴരുതെന്നും നിസ്സാര കാര്യങ്ങള്‍ക്കു പകരം ജോലിയിലും ജീവിതത്തിലും ശ്രദ്ധിക്കാനുമാണ് ജെന്‍ ഗുണ്ടര്‍ പറയുന്നത്. കച്ചവട സ്ഥാപനങ്ങളുടെ പരസ്യങ്ങളെ അടിസ്ഥാനമാക്കി ധാരണകള്‍ സ്വരൂപിക്കുന്നതു തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

3. അവരും സ്ത്രീകളാണ്. 

സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവം ഉള്ളതുകൊണ്ടു മാത്രം ആരും സ്ത്രീകളാകുന്നില്ല എന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉള്ളിന്റെ ഉള്ളില്‍ എന്തു വിചാരങ്ങളാണു കടന്നുപോകുന്നത് എന്നതാണു പ്രധാനം. ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികളെ വളര്‍ത്തിയ പല രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്ന ഒരു സത്യമുണ്ട്- അവരും മറ്റുള്ളവരെപ്പോലെ സാധാരണ കുട്ടികള്‍ തന്നെയാണ്. അവരെ വ്യത്യാസമുള്ളവാരാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുകതന്നെവേണം. ഒരു വ്യക്തിയെയും ശരീരം മാത്രമായി കാണരുത്. ശരീരമല്ല പ്രധാനം. ശരീര ഭാഗങ്ങള്‍ വെറും ശരീര ഭാഗങ്ങള്‍ മാത്രമാണ്. വ്യക്തികളാണു പ്രധാനം; അവരുടെ വ്യക്തിത്വവും. 

4. ആ വേദനയാണ് യാഥാര്‍ഥ്യം 

transgender-woman-01

അബി നോര്‍മന്‍ എന്ന യുവതിക്ക് ലൈംഗിക ബന്ധം എന്നും വേദനിപ്പിക്കുന്ന അനുഭവമാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ടും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അവര്‍ അഭിമുഖീകരിക്കാറുണ്ടത്രേ. ഒട്ടേറെ ഡോക്ടര്‍മാരെ കണ്ടെങ്കിലും അബിയുടെ വേദന മാനസികമാണെന്നാണ് അവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. ഒടുവില്‍ തന്റെ കാമുകനൊപ്പം എത്തി അബിക്ക് താന്‍ അനുഭവിക്കുന്ന വേദന യാഥാര്‍ഥ്യമാണെന്നു സാക്ഷ്യപ്പെടുത്തേണ്ടിവന്നു. താന്‍ പറയുന്നത് എന്തുകൊണ്ട് വിശ്വസിക്കപ്പെടുന്നില്ല എന്ന അബിയുടെ ചോദ്യത്തില്‍ വേദനയുണ്ട്; ഒട്ടേറെ സ്ത്രീകള്‍ അനുഭവിക്കുന്ന വേദന. 

'ആസ്ക് മി എബൗട്ട് മൈ യൂട്രസ്' എന്ന പുസ്തകത്തില്‍ തന്റെ അനുഭവങ്ങളെക്കുറിച്ച് അബി എഴുതുന്നുണ്ട്. എന്‍ഡോമെട്രിയോസിസ് എന്ന രോഗവാസഥയാണ് അവര്‍ അനുഭവിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ രോഗാവസ്ഥകളെക്കുറിച്ച് സ്ത്രീകള്‍ക്ക് തിരിച്ചറിവുണ്ടാകണം. ഒപ്പം പുരുഷന്‍മാര്‍ക്കും പൊതുസമൂഹത്തിനും. വേദന വെറുതെയല്ലെന്നും യഥാര്‍ഥമാണെന്നും അംഗീകരിക്കാന്‍ എല്ലാവരും തയാറാകുമ്പോഴേ സ്ത്രീകള്‍ അംഗീകരിക്കപ്പെടൂ. 

5. പുനര്‍ചിന്ത വേണം മെനോപോസിനെക്കുറിച്ച് 

ആര്‍ത്തവ വിരാമത്തെക്കുറിച്ചു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകളും സ്ത്രീകളെ വിലകുറച്ചു കാണാന്‍ പ്രേരിപ്പിക്കുന്നതാണെന്നു പറയുന്നു സൂസന്‍ മാറ്റേണ്‍. മെനോപോസിനെക്കുറിച്ചു ചര്‍ച്ച കൊഴുപ്പിക്കുന്നതില്‍ ചില വാണിജ്യ സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും സൂസന്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യുല്‍പാദന പ്രായം കഴിയുന്നതോടെ ആരുടെയും ജീവിതം അവസാനിക്കുന്നല്ല. തുടങ്ങുന്നതതേയുള്ളൂ. 60 നും 70 നും ശേഷം ജീവിതമുണ്ട്. മെനോപോസ് ജീവിതത്തിന്റെ അവസാനമൊന്നുമല്ല. പ്രായമാകുന്നത് എന്തോ കുഴപ്പം പിടിച്ച സംഗതിയാണെന്നാണു പലരും കരുതുന്നത്. ഇതു തെറ്റാണ്. ചെറുപ്പക്കാര്‍ക്കു മാത്രമല്ല, വയോധികര്‍ക്കും ജീവിതമുണ്ട്. സന്തോഷങ്ങളും ആവേശങ്ങളുമുണ്ട്. 

menopause-01

6. ആ വാക്കുകള്‍ ഇച്ചീച്ചിയല്ല 

സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവങ്ങളില്‍ പലതും മോശം വാക്കുകളായാണ് പലരും കരുതുന്നത്. അവയെക്കുറിച്ച് പറയുന്നതുപോലും തെറ്റാണെന്നും പ്രചരിപ്പിക്കുന്നു. ഇതു സ്ത്രീകളില്‍ നിഷേധ ചിന്ത വളര്‍ത്തുന്നു. തങ്ങള്‍ രണ്ടാംകിടക്കാര്‍ ആണെന്ന ചിന്ത സ്ത്രീകളില്‍ വിഷാദവും അധമബോധവും സൃഷ്ടിക്കുന്നു. 

ശരീരത്തെക്കുറിച്ചു മറയില്ലാതെ, സ്വതന്ത്രമായി സംസാരിക്കാനാകണം. പുരുഷന്‍മാരുടെ ശരീരത്തെക്കുറിച്ചു മാത്രമല്ല, സ്ത്രീശരീരത്തെക്കുറിച്ചും തുറന്നു സംസാരിക്കാനാകണം. അപ്പോഴേ സ്ത്രീ-പുരുഷ തുല്യത എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകൂ. ഡോക്ടര്‍മാരുമായിപ്പോലും ശരീരത്തെക്കുറിച്ച് സംസാരിക്കാനാകാത്ത സ്ത്രീകള്‍ക്ക് തെറ്റായ വ്യക്തികളില്‍നിന്ന് ഉപദേശം ലഭിക്കുകയും അതവരെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുമെന്നും ഗുണ്ടര്‍ പറയുന്നു. 

7. സ്ത്രീ അവകാശം എന്നാല്‍ മനുഷ്യാവകാശം തന്നെ 

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡ് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നതു പിന്‍വലിക്കാനും സര്‍ക്കാരുകള്‍ തയാറാകണമെന്നു പറയുന്നു ജെന്നിഫര്‍ വെയ്സ് വോള്‍ഫ്. 32 രാജ്യങ്ങളില്‍ ഇപ്പോഴും സാനിറ്ററി പാഡുകള്‍ക്ക് അധികനികുതിയുണ്ട്. 

English Summary : Its Not Dirty Words

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com