ആണധികാരത്തിന്റെ, കുറ്റവാസനയുടെ കത്തിമുനകൾ

ernakulam-eva-murder
SHARE

പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നു. ഇത്തരം സംഭവങ്ങൾക്കുപിന്നിൽ പ്രവർത്തിക്കുന്നത് നഗ്നമായ ആണധികാരവും ഏതറ്റം വരെയും പോകാൻ പ്രേരിപ്പിക്കുന്ന കുറ്റവാസനയും കൂടിക്കലർന്ന മാരകമായ ‘കോക്ടെയ്ൽ’ ആണ്. ഈ തുടർക്കൊലപാതകങ്ങൾ തെളിയിക്കുന്നത് പ്രണയഭീകരത എന്ന വൈറസ് കേരളത്തിൽ പടരുകയാണെന്നാണ്. സർക്കാരിന്റെയും പൊലീസിന്റെയും പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും വൈകിക്കൂടാ. 

മലയാളിയും പ്രേമവും തെറ്റിപ്പിരിഞ്ഞെന്നു തോന്നുന്നു. അടുത്തകാലത്തു കേരളത്തിൽ പ്രേമത്തിനൊപ്പം കേൾക്കുന്നതു ‘കൊലക്കത്തി’യെന്ന വാക്കാണ്. പത്രങ്ങളിൽ അത്തരം വാർത്തകൾ തുടർച്ചയായി വരുന്നു. തിരുവനന്തപുരം കാരക്കോണത്തു വിദ്യാർഥിനിയെ കഴുത്തറുത്തു കൊന്നത്, കൊച്ചി കാക്കനാട്ട് വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപിച്ചത്... ഏറ്റവും പുതിയ സംഭവം, വാൽപാറ വരട്ടുപാറയിലെ തോട്ടത്തിൽ പ്ലസ്ടു വിദ്യാർഥിനിയെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയതാണ്. പ്രണയം നിരസിച്ചതാണു തന്നെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് കേസിൽ അറസ്റ്റിലായ സഫർ ഷാ എന്ന യുവാവു പറയുന്നു.

ഈ സംഭവങ്ങൾക്കൊന്നും പ്രേമവുമായി ഒരു ബന്ധവുമില്ല. ഇവ സൂചിപ്പിക്കുന്നത് പെണ്ണിനു ‘പറ്റില്ല’ എന്നു പറയാനുള്ള അവകാശം അംഗീകരിച്ചിട്ടില്ലെന്നാണ്; ആണിന്റെ ‘യെസ്’ ആണു കരിങ്കല്ലിൽ കൊത്തിയ അവസാനത്തെ വാക്ക്! ഇവയിലൊന്നിലും ജാതി, ധനസ്ഥിതി, മാതാപിതാക്കളുടെ എതിർപ്പ് തുടങ്ങി പ്രേമത്തിനു വിഘാതമാകുന്ന പതിവു കാരണങ്ങളില്ല. ഇവയിൽ പൊതുവായുള്ള ഘടകം പെൺകുട്ടികൾ അവരുടെ സ്വതന്ത്രേച്ഛ ഉപയോഗിച്ചു എന്നതു മാത്രമാണ്. 

ഇത്തരം സംഭവങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് നഗ്നമായ ആണധികാരവും ഏതറ്റം വരെയും പോകാൻ പ്രേരിപ്പിക്കുന്ന കുറ്റവാസനയും കൂടിക്കലർന്ന മാരകമായ ‘കോക്ടെയ്ൽ’ ആണ്. ഇവ ആവർത്തിക്കുന്നതു തടയാൻ പെൺകുട്ടികളെ ബോധവതികളാക്കേണ്ടിയിരിക്കുന്നു. പ്രണയവും പ്രണയഭീകരതയും രണ്ടും രണ്ടാണെന്നും രണ്ടാമത്തേതു മാരകമാണെന്നും അവരെ ബോധ്യപ്പെടുത്താൻ മാതാപിതാക്കളും അധ്യാപകരും കൗൺസലർമാരും ഉടൻ മുന്നോട്ടു വരണം. ഈ തുടർക്കൊലപാതകങ്ങൾ തെളിയിക്കുന്നത് പ്രണയഭീകരത എന്ന വൈറസ് കേരളത്തിൽ പടരുകയാണെന്നാണ്. സർക്കാരിന്റെയും പൊലീസിന്റെയും പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും വൈകിക്കൂടാ. 

deepika-in-jnu
ജെഎൻയുവിലെ വിദ്യാർഥികൾക്കു പിന്തുണയുമായി നടി ദീപിക പദുക്കോൺ എത്തിയപ്പോൾ.

ആദ്യമായി, ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും സമൂഹത്തെ ബാധിച്ചിട്ടുള്ള വ്യാധിയാണെന്നും അംഗീകരിക്കേണ്ടിയിരിക്കുന്നു. ആൺ താൻപോരിമയ്ക്കു കുപ്രസിദ്ധമായ, വികസന സൂചികകളിൽ താഴെക്കിടക്കുന്ന  വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ പ്രണയത്തിനു വഴങ്ങുന്നില്ലെങ്കിൽ അസിഡ് എറിയുക എന്നതാണു ശിക്ഷ. പ്രബുദ്ധകേരളത്തിൽ അവരുടെ ജീവൻതന്നെ എടുക്കുന്നു. ഇത് 21–ാം നൂറ്റാണ്ടിലെ മലയാളിയുടെ തല കുനിപ്പിക്കുന്നു. 

എന്തുകൊണ്ട് ജെഎൻയു ? 

ഡൽഹി ജെഎൻയുവിൽ കഴിഞ്ഞദിവസം സന്ധ്യയ്ക്കു മുഖംമൂടിയിട്ട ഒരുപറ്റം ഗുണ്ടകൾ മൂന്നു മണിക്കൂറോളം വിധ്വംസക പ്രവർത്തനങ്ങൾ നടത്തി. നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജി പറഞ്ഞ പോലെ, ഇത് നാത്‌സികൾ അധികാരത്തിലേക്കു വരുന്നതിനു മുൻപുള്ള ജർമനിയെ ഓർമിപ്പിച്ചതിൽ തെറ്റില്ല. ജൂതന്മാർ, കമ്യൂണിസ്റ്റുകാർ, സ്വവർഗാനുരാഗികൾ തുടങ്ങി നാത്‌സികൾ ഉന്മൂലനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന വർഗങ്ങളെ കണ്ടെത്തി ആദ്യം ദ്രോഹിച്ചിരുന്നത് പൊലീസോ പട്ടാളമോ ആയിരുന്നില്ല.

മറിച്ച്, നാത്‌സികളുടെ യുവജനസംഘടനയായിരുന്ന യുവനാത്‌സികളും നാത്‌സിപാർട്ടിയുടെ അർധസൈനിക സംഘടനയായിരുന്ന സ്റ്റോം (കൊടുങ്കാറ്റ്) വിഭാഗവും ആയിരുന്നു. ഇതു ഹിറ്റ്ലർ മാത്രം ചെയ്ത കാര്യമല്ല, ആധുനികകാലത്തു ചൈന ചെയ്യുന്നതും ഇതുതന്നെയാണ്. ഹോങ്കോങ്ങിലെ പ്രക്ഷോഭം അടിച്ചമർത്താൻ ചൈനാനുകൂലികളായ ധാരാളം പൗരന്മാർ രംഗത്തുണ്ട്. ഇവർ നടത്തുന്ന അക്രമങ്ങൾക്കു ഭരണകൂടത്തിനു നേരിട്ടു പങ്കില്ല എന്നു പറഞ്ഞൊഴിയാമല്ലോ. 

ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന ഒരു രാജ്യത്തിലും ഇത്തരം ‘സ്വകാര്യ സേന’കളുടെ ആക്രമണങ്ങൾക്കു സ്ഥാനമില്ല. ഇവിടെയാണ് ജെഎൻയു സംഭവം കൂടുതൽ പ്രശ്നമാകുന്നത്: ഒരുകൂട്ടം അക്രമികൾ വിദ്യാർഥികളുടെ തലകളും സർവകലാശാലയുടെ സമ്പത്തും തല്ലിത്തകർത്തുവെന്നു മാത്രമല്ല, അതിനെല്ലാം മൂകസാക്ഷിയായി പൊലീസും ഉണ്ടായിരുന്നു.

തങ്ങളെ വിളിക്കാത്തതു കൊണ്ടാണ് സർവകലാശാലയുടെ ഉള്ളിലേക്കു കയറാഞ്ഞതെന്ന പൊലീസ് വാദം പൊള്ളയാണ്. കുറ്റകൃത്യം നടക്കുന്ന ഏതു സ്ഥലത്തേക്കും പൊലീസിനു കയറാൻ ആരുടെയും അനുവാദം വേണ്ട.

ഈ ന്യായം പറഞ്ഞാണ്, ആരുടെയും ക്ഷണക്കത്തില്ലാതെ തന്നെ പൊലീസ്, കുറച്ചു ദിവസങ്ങൾക്കു മുൻപു ഡൽഹിയിലെ ജാമിയ മില്ലിയയിൽ പ്രവേശിക്കുകയും വിദ്യാർഥികളെ തല്ലിച്ചതയ്ക്കുകയും ചെയ്തത്. 

മുഖംമൂടിയിട്ടവർ നടത്തിയ ആക്രമണങ്ങളും അതിനോടു വൈസ് ചാൻസലർ പാലിച്ച മൗനവും പൊലീസിന്റെ അനാസ്ഥയും എല്ലാം ചൂണ്ടിക്കാട്ടുന്നത് ഒരേ ദിശയിലേക്കാണ്: ജെഎൻയുവിനെ തകർക്കാനാണു ശ്രമം. പക്ഷേ, എന്തുകൊണ്ട്? ജെഎൻയു ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ടയാണ്.

അവിടത്തെ പ്രബല വിദ്യാർഥിസംഘടനകളും അവരുടെ മാതൃസംഘടനകളും ഭരണകക്ഷിയായ ബിജെപിക്ക്, രാജ്യത്തെ വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമേ വെല്ലുവിളി ഉയർത്തുന്നുള്ളൂ. ബിജെപിയുടെ തിരഞ്ഞെടുപ്പു കണക്കുകൂട്ടലുകളിൽ അൽപമാത്രമായിട്ടെങ്കിലും ഈ പാർട്ടികൾ കടന്നുവരുന്നത് രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ മാത്രം. അതുകൊണ്ട് ജെഎൻയുവിൽ നടന്ന അക്രമം എലിയെ പേടിച്ച് ഇല്ലം ചുടുകയായിരുന്നോ എന്ന ചോദ്യമുയർത്താം. അല്ല, എന്നുതന്നെയാണ് ഉത്തരം. 

കാരണം, ഈ പാർട്ടികളെക്കാൾ വലുതാണ് ഇടതുപക്ഷം എന്ന ആശയം. പാർട്ടികളായി രൂപാന്തരപ്പെടുമ്പോൾ, അല്ലെങ്കിൽ, റഷ്യ, ചൈന എന്നിവിടങ്ങളിലെപ്പോലെ ഭരണത്തിൽ കയറിയാൽ, ഇടതുപക്ഷ ആശയത്തിന്റെ (മാർക്സിസത്തിന്റെ) ആകർഷണശക്തി കുറയുന്നതായാണു ചരിത്രം പഠിപ്പിക്കുന്നത്.

ഒരു ആശയം എന്ന നിലയിൽ ഇടതുപക്ഷത്തിനു വിദ്യാർഥികളെയും തൊഴിലാളികളെയും വിവേചനം അനുഭവിക്കുന്നവരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കാന്തശക്തിയുണ്ട്. 1960കളിൽ യൂറോപ്പിലെ പല രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ സംഭവിച്ചത് അതാണ്. അതിനു ശേഷവും നിർണായകമായ ചരിത്രമുഹൂർത്തങ്ങളിൽ ഇടതുപക്ഷാശയങ്ങൾ വിദ്യാർഥി, പൊതുജന പ്രക്ഷോഭങ്ങൾക്കു ചാലകമായിട്ടുണ്ട്. അതുകൊണ്ട് ജെഎൻയുവിനെ വലതുപക്ഷാനുകൂലികൾ ഭയപ്പെടുന്നതിൽ അദ്ഭുതപ്പെടാനില്ല.

കാരണം എന്തുതന്നെ ആയിക്കോട്ടെ, ജെഎൻയുവിൽ നടന്നതു നിയമവ്യവസ്ഥയ്ക്കെതിരായ കടന്നുകയറ്റമാണ്. ഇന്ത്യയിലെ ജനാധിപത്യബോധത്തിന്റെ വേരുകൾ ആഴത്തിൽ ഓടിയിട്ടുണ്ടെന്നതിന്റെ തെളിവായിരുന്നു അതിനെതിരായി നടന്ന പ്രതിഷേധങ്ങൾ. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണു നടി ദീപിക പദുക്കോണിന്റെ ജെഎൻയു സന്ദർശനം.

നിർമാണം മുതൽ പ്രദർശനം വരെ സിനിമയുടെ എല്ലാ രംഗങ്ങളിലും സർക്കാരിന്റെ നിയന്ത്രണമുണ്ട്; അൽപകാലം മുൻപ്, ‘പത്മാവതി’യിൽ അഭിനയിച്ചതിന്റെ പേരിൽ ദീപികയ്ക്ക് ആൾക്കൂട്ടവെറി നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നിട്ടും സർക്കാർ ഇഷ്ടപ്പെടാത്ത ഈ പ്രതിഷേധത്തിൽ അവർ പങ്കുചേർന്നുവെന്നത്, ‘ഭയകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറഞ്ഞത് ഓർമിപ്പിക്കുന്നു. 

സ്കോർപ്പിയൺ കിക്ക്: ഭൂപരിഷ്കരണത്തിന്റെ ചരിത്രത്തിൽനിന്നു സി.അച്യുതമേനോന്റെ പേര് ഒഴിവാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കാനം രാജേന്ദ്രൻ പറഞ്ഞത്, പിണറായി പാഴ്‌മുറം കൊണ്ടു സൂര്യനെ മറയ്ക്കുകയാണ് എന്നാണ്. 

സത്യത്തിൽ മുഖ്യമന്ത്രി നടത്തിയത് സമ്പൂർണ സൂര്യഗ്രഹണമാണ്! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ