sections
MORE

‘രേഖ ചോദിച്ചെത്തുന്നവരെക്കാൾ അവകാശമുണ്ട് എനിക്ക് ഇവിടെ ജീവിച്ച് മരിക്കാൻ’

പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് ഷഹീൻബാഗിൽ സമരമിരിക്കുന്ന സ്ത്രീകൾ
SHARE

തെക്കന്‍ ഡല്‍ഹിയിലെ  ഷഹീന്‍ ബാഗില്‍ ആറു വരിപ്പാതയ്ക്കു സമീപം താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ടെന്റുകളില്‍ സമരം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. കൃത്യമായി പറഞ്ഞാല്‍ 40 ദിവസം. കടുത്ത തണുപ്പും പുകമഞ്ഞും വകവയ്ക്കാതെയാണു സമരം. പൗരത്വ ഭേദഗതി നിയമത്തിനും പൗര റജിസ്റ്ററിനുമെതിരെയാണു സമരം. മുന്‍ നിരയില്‍ രാഷ്ട്രീയ പാര്‍ട്ടികളോ പ്രമുഖ നേതാക്കളോ അല്ല. പകരം ഒരു കൂട്ടം വീട്ടമ്മമാര്‍. മുത്തശ്ശിമാര്‍. പെണ്‍കുട്ടികള്‍. അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും തളരാതെ അവര്‍ സമരം തുടരുന്നതിനിടെ. സമാന കൂട്ടായ്മകള്‍ രാജ്യമെങ്ങും രുപപ്പെടുകയാണ്. ഷഹീന്‍ ബാഗിലെ സമരം പരാജയമാണെന്നു പറയുന്നവരെ അതിശയപ്പെടുത്തിയാണ് വിവിധ ഭാഗങ്ങളില്‍ വീട്ടമ്മമാരും പെണ്‍കുട്ടികളുമൊക്കെ സമരത്തില്‍ ഏര്‍പ്പെടുന്നത്. ഷഹീന്‍ ബാഗ് ഡല്‍ഹിയിലെ ഒരു പ്രദേശത്തിന്റെ പേര് മാത്രമല്ലാതായി മാറിയിരിക്കുന്നു. അതൊരു പ്രതീകമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ പ്രതീകം. ഇക്കഴി‍ഞ്ഞ ദിവസം യോഗ ഗുരു ബാബ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ടു രംഗത്തെത്തിയപ്പോഴും ഷഹീന്‍ബാഗിന്റെ പ്രസക്തി വര്‍ധിക്കുകയാണ്.

പൗരത്വ ഭേദഗതി വിരുദ്ധ സമരവും അതിനെതിരായ അടിച്ചമര്‍ത്തലും രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്.  ഹുസൈനാബാദിലെ ക്ലോക്ക് ടവറിനു സമീപമാണ് ഉത്തര്‍പ്രദേശിലെ വീട്ടമ്മമാര്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരം സംഘടിപ്പിക്കുന്നത്. 72 വയസ്സുകാരി റബ്ബോ സമരത്തിന്റെ മുന്‍നിരയില്‍ത്തന്നെയുണ്ട്. എന്റെ പിതാമഹന്‍മാര്‍ അവരുടെ ജനനസ്ഥലം തെളിയിക്കുന്ന ഒരു പേപ്പറുകളും എനിക്കു നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥര്‍ പൗരത്വ രേഖകള്‍ ചോദിച്ചാല്‍ ഞാന്‍ എന്താണു കാണിക്കുക- റബ്ബോ ചോദിക്കുന്നു. ഞങ്ങള്‍ എത്രയോ ദിവസമായി ഇവിടെ സമരം ഇരിക്കുന്നു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഞങ്ങളോടു സംസാരിക്കാത്തത്- രോഷത്തോടെ റബ്ബോ ചോദിക്കുമ്പോള്‍ അതേ വികാരം പങ്കുവയ്ക്കുകയാണു സമരപ്പന്തലിലുള്ള മറ്റുള്ളവരും. 

പ്രായമായവര്‍ മാത്രമല്ല, ഉന്നത ബിരുദത്തിനു പഠിക്കുന്ന പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരുമൊക്കെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിലവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വീട്ടമ്മമാരുടെ സമരം ഡല്‍ഹിയില്‍ മൂന്നിടത്തു നടക്കുന്നുണ്ട്. ബിഹാറിലെ പറ്റ്നയില്‍ രണ്ടിടത്ത്. യുപിയില്‍ മൂന്നിടത്ത്. കൊല്‍ക്കത്ത. പുണെ. റാഞ്ചി എന്നിവടങ്ങളിലുമുണ്ട് വീട്ടമ്മമാരുടെ പ്രതിഷേധ സമരങ്ങള്‍. ഓരോ സമരത്തിന്റെയും മുന്‍നിരയിലുള്ള് മുസ്‍ലിം  കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍. വീട്ടമ്മമാര്‍. പെണ്‍കുട്ടികള്‍ എന്നിവര്‍.

ഞാന്‍ ഇന്ത്യയിലാണു ജനിച്ചത്. വിവാഹം കഴിച്ചത് ഇവിടെനിന്ന്. മക്കള്‍ക്കു ജന്‍മം കൊടുത്തതും ഇവിടെവച്ചുതന്നെ. രേഖകള്‍ ചോദിച്ചെത്തുന്ന ഏത് ഉദ്യോഗസ്ഥനെക്കാളും അവകാശമുണ്ട് എനിക്ക് ഇവിടെ ജീവിച്ചു മരിക്കാന്‍. ഞാനാണ് യതാര്‍ഥ ഹിന്ദുസ്ഥാനി- 70 വയസ്സുകാരി റസിയ ഖാന്റെ വാക്കുകള്‍ക്കു നിറഞ്ഞ കയ്യടി. തങ്ങള്‍ക്കും തങ്ങളുടെ മക്കള്‍ക്കും പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണു വേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് മഴയും തണുപ്പും വകവയ്ക്കാതെ താല്‍ക്കാലിക പന്തലുകളില്‍ അവര്‍ തടിച്ചുകൂടിയിരിക്കുന്നത്. മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. വിജയം കാണുന്നതു വരെ സമരം ചെയ്യുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുന്നത്. 

അതേ, ഷഹീന്‍ ബാഗ് ആവര്‍ത്തിക്കുകയാണ്. ഡല്‍ഹിയിലെ തണുപ്പു വക വയ്ക്കാതെ തുടങ്ങിയ സമരം സമരം മറ്റു സംസ്ഥാനങ്ങളിലേക്ക്. നഗരങ്ങളിലേക്ക്. ജില്ലാ ആസ്ഥാനങ്ങളിലേക്ക്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ. ആഴ്ചയില്‍ എല്ലാ ദിവസവും. ദിവസത്തില്‍ എല്ലാ മണിക്കൂറും മുദ്രവാക്യം മുഴങ്ങിയിട്ടും തളരാതെ, തകരാതെ ഇവര്‍ മുന്നോട്ട്. ഇന്ത്യയിലെ വീട്ടമ്മമാര്‍. 

English Summary: Shaheen Bagh Strike Spreads In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA