sections
MORE

‘അരുത് മോളെ ഈ സമയത്ത് നീയൊന്നും ചെയ്യരുത്...’, കുതിച്ചുയർന്ന് അഗ്നി- വിഡിയോ

agni
SHARE

പെൺകുട്ടികളെ ആരാണ് വീണ്ടും ഒരു പഴയ കാലത്തിലേക്ക് തള്ളിയിടുന്നത്? ടെലിവിഷൻ ചാനലുകളിലെ പരസ്യങ്ങൾ ശ്രദ്ധിക്കൂ, ആർത്തവ ദിവസങ്ങളിൽ ഓടാനും ചാടാനും ആദ്യം മടിയും പരിഭ്രമവും കാണിക്കുന്ന അമ്മയും പെൺകുട്ടിയും പിന്നീട് നാപ്കിൻ ഉപയോഗിച്ച് തുടങ്ങുമ്പോൾ അവരിൽ വർദ്ധിക്കുന്ന ആത്മവിശ്വാസം. എങ്കിലും പരസ്യത്തിന്റെ പുറത്ത് എല്ലാ അമ്മമാരും പറയുന്നുണ്ടാവണം, 

"മോളെ, നിനക്ക് പീരീഡ്സ് ആണ്, ക്ഷീണം വരും, തളർച്ച വരും, ഈ സമയത്ത് വിശ്രമം വേണം, നീ അത്തരം കായിക പരിശീലനങ്ങൾക്കൊന്നും പോവണ്ട. ഇവിടെയിരുന്ന് എന്തെങ്കിലും ചെയ്യൂ."

എന്താണ് ആർത്തവമെന്നും ഏതു കാലത്താണ് നാമൊക്കെ ജീവിക്കുന്നതെന്നും നന്നായി മനസ്സിലാക്കിത്തുടങ്ങിയ പെൺകുട്ടികളാകട്ടെ അമ്മമാരേ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയാതെ ബുദ്ധിമുട്ടുന്നു. ഈ വാചകങ്ങളിൽ നിന്നാണ് "എ" എന്ന ചെറുചിത്രം തുടങ്ങുന്നത്. പറഞ്ഞും ചർച്ച ചെയ്തും പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയ വിഷയമാണെങ്കിലും ഈ ചെറു സിനിമ ആ പെൺകുട്ടിയെയാണ് അഡ്രസ് ചെയ്യുന്നത് എന്നതു കൊണ്ട് സവിശേഷമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്. 

ഓരോ പെൺകുട്ടിയുടെയും ജീവിതത്തിൽ അരുതുകളുടെ ഒരു മഹാ വലയുണ്ട്. അത് അതീവ ശക്തിയോടെ അവൾക്ക് ചുറ്റും വലിച്ച് കെട്ടപ്പെട്ടിരിക്കുന്നു. ആ വലയിൽ നിന്ന് എങ്ങനെയാണവൾക്ക് കെട്ടു പൊട്ടിച്ച് പുറത്തിറങ്ങാൻ കഴിയുക എന്ന് ഈ ചിത്രത്തിലെ അഗ്നി എന്ന പെൺകുട്ടി കാണിച്ച് തരുന്നുണ്ട്. അഗ്നി എന്ന പേര് പോലും ഒരു കലഹമാണ്. പെൺകുട്ടികൾ നേരിടുന്ന പല വിധത്തിലുള്ള അനീതികൾക്കെതിരെയുള്ള ഒരു ഊർജപ്പെടുത്തലാണ്. 

എബി ജോസഫ് എൽ ഡോറാഡോ സംവിധാനം ചെയ്ത പതിനഞ്ച് മിനിട്ടുള്ള ഈ ചെറു സിനിമയിൽ അഗ്നി എന്ന് പേരുള്ള പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. മിടുക്കിയായ അത്‌ലറ്റാണ് അഗ്നി. എന്നാൽ സ്‌കൂളിൽ നടക്കുന്ന ഓട്ട മത്സരത്തിൽ പങ്കെടുക്കാൻ 'അമ്മ അവളെ അനുവദിക്കുന്നില്ല. പീരീഡ്‌സിന്റെ രണ്ടാമത്തെ ദിവസമായതിനാൽ അവൾക്കുണ്ടായേക്കാവുന്ന തളർച്ചയിലും ക്ഷീണത്തിലും 'അമ്മ പതിവ് പോലെ ആകുലയാണ്. ആർത്തവം എന്ന സ്ത്രൈണ സ്വഭാവത്തെ അതോടെ അവൾ പൂർണമായും വെറുക്കാൻ പഠിക്കാനൊരുങ്ങുകയാണ്. അവൾക്ക് ചുറ്റും വല നെയ്യുന്ന സമൂഹം എന്ന ദുര്‍ദേവത അവളെ ഒപ്പം നടന്നു ഭയപ്പെടുത്തുന്നു. അതെ ദുർദേവത അവളെ ആർത്തവം മൂലം അവൾ അനുഭവിച്ചിട്ടുള്ള അനീതികളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. മുത്തശ്ശന്റെ മരണം പോലും തനിക്ക് നിഷിദ്ധമായത് സങ്കടത്തോടെയാണ് അവൾ നേരിടുന്നത്. 

പലപ്പോഴും പറഞ്ഞു കേൾക്കാറുള്ള ചില കാര്യങ്ങളുണ്ട്. ആർത്തവമുള്ള സ്ത്രീകൾ പലതും ചെയ്യരുത് എന്നത്. ശബരിമല ഏറ്റവും വലിയ സാമൂഹിക നീതിയുടെ വിഷയമായപ്പോഴും ആർത്തവം ഒരു മുഖ്യ ചർച്ചയ്ക്കുള്ള സാധ്യതകളെ തുറന്നിട്ടിരുന്നു. വളരെ സ്വാഭാവികമായ ഒരു ജൈവികത എന്ന മട്ടിൽ ആർത്തവം സ്ത്രീയുടെ ജീവിതത്തിൽ അതി സാധാരണം എന്ന പോലെ തന്നെയാണ് പോകേണ്ടത് എന്നിരിക്കെ ഇപ്പോഴും പല കുടുംബങ്ങളും മരണങ്ങളിലും ആത്മീയതകളിലുമൊക്കെ ഇപ്പോഴും ആർത്തവത്തിലുള്ള പെൺകുട്ടികളെ ഒഴിവാക്കി നിർത്താറുണ്ട്. വിവാഹത്തിൽ പങ്കെടുക്കുമ്പോൾ എല്ലാവരുടെയും കൂടെയല്ലാതെ മാറിയിരുന്നു ഭക്ഷണം കഴിക്കുന്ന പെണ്‍കുട്ടികകളുണ്ട്. അത് ഒരു കുടുംബം ഒന്നാകെ അവളോട് ആവശ്യപ്പെടുമ്പോൾ അവൾ ഒരു സമൂഹത്തിന്റെ മുന്നിൽ അനുഭവിക്കുന്ന ഒറ്റപ്പെടലും അപമാനവും എത്ര വലുതാണ്! സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം ഏതോ മാരക രോഗം ഉള്ളവരോടെന്ന പോലെ കൈ കൊണ്ട് എറിഞ്ഞു നൽകുന്ന അവസ്ഥ അവളുടെ മനസിനെ ഏതു തരത്തിലാണ് ബാധിക്കുക എന്ന് ആരാണ് ഓർത്തിരിക്കുക?  ഇതൊക്കെ ആചാരത്തിന്റെയും അനുഷ്ടാനത്തിന്റെയും ഭാഗമായി പറഞ്ഞു വയ്ക്കുമ്പോൾ അതൊന്നും സ്വീകരിക്കാൻ പുതിയ കാലത്തേ പെൺകുട്ടികൾ തയാറല്ല എന്നാണ് അഗ്നി എന്ന പെൺകുട്ടി പറയുന്നത്. സ്വപ്‌നങ്ങൾ പോലും കാണാതെ സമൂഹം കെട്ടിയ അദൃശ്യ വലകളിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും പലയിടത്തും പെൺകുട്ടികൾ. അഗ്നിയെപ്പോലെ യാഥാർഥ്യം തിരിച്ചറിയുന്ന പെൺകുട്ടികൾ ഉണ്ടായി വരുന്നു എന്നതുകൊണ്ടു തന്നെയാണ് "എ" എന്ന ഈ ചെറു സിനിമ വിജയിക്കുന്നത്. 

"ഒരു പെണ്ണിന്റെ കരുത്തുറ്റ സ്വപ്നങ്ങളെ തടയാനുള്ള കഴിവൊന്നും നിന്റെ പേരിനോ നീ കെട്ടുന്ന വലയ്‌ക്കോ ഇല്ല.ശ്രമിച്ചു നോക്ക് പെൺകുതിപ്പിനെ ചങ്ങലയ്ക്കിടാൻ..ഈ യുദ്ധത്തിൽ തന്റേടികളായ പോരാളികൾ ഒരുപാടുള്ളത് കൊണ്ട് തോൽവി തന്നെയാകും നിനക്ക് ഫലം"എന്ന് അഗ്നി പറഞ്ഞു അവളുടെ കുതിപ്പിലേയ്ക്ക് നീളുമ്പോൾ സമൂഹം അവിടെ ലജ്ജിക്കുന്നുണ്ട്. പക്ഷെ എത്ര പെൺകുട്ടികൾക്ക് അഗ്നിയാവാൻ കഴിയും എന്നതാണ് ചോദ്യം. 

ചോദ്യം ചെയേണ്ടത് അനീതിയെയും അതിക്രമത്തെയുമാണ്. പെൺകുട്ടികൾ രണ്ടാം കിടക്കാർ അല്ലാത്തത് കൊണ്ട് തന്നെ ആഗ്രഹിക്കുന്നത് നേടാനും ഇഷ്ടമുള്ള സ്വപ്‌നങ്ങൾ കാണാനും അതിനു വേണ്ടി പ്രവർത്തിക്കാനുമുള്ള ഊർജ്ജം അവൾക്കുള്ളിൽത്തന്നെയുണ്ട്. ആർത്തവത്തിന്റെയും സമൂഹത്തിന്റെയും പേര് പറഞ്ഞു അവളെ പിന്നിലേയ്ക്ക് വലിക്കുമ്പോൾ നഷ്ടം സമൂഹത്തിന് തന്നെയാണ് എന്നതല്ലേ സത്യം?അതുകൊണ്ടു തന്നെ ഇത്തരം ചെറു സിനിമകൾ ഉയർത്തി വിടുന്ന ചോദ്യങ്ങൾ ഇക്കാലത്ത് പ്രസക്തമാകുന്നു. ഇനിയും ഉണരട്ടെ, നമ്മുടെ പെൺകുട്ടികൾ, ഉയർന്നു പറക്കട്ടെ .

English Summary: ‘A’ Short Film In Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA