ADVERTISEMENT

‘നീയൊരാണല്ലേ... ഇങ്ങനെ കരയാവോ...?’ കരയുന്ന പുരുഷന്മാർ, അത് 10 വയസ്സുകാരനായാലും 70 വയസ്സുകാരനായാലും, കേട്ടിരിക്കാനിടയുള്ള ചോദ്യമാണിത്. കരച്ചില്‍ എന്നു മുതലാണ് അപമാനകരമായ പ്രവൃത്തിയായതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നേയില്ല. കരച്ചിൽ ഒരു കലയാണ്. ആർട്ട് ഓഫ് ക്രൈയിങ് എന്നു വിളിക്കാവുന്ന അതിജീവനകല.

കരയുന്ന പുരുഷൻ – ആഹാ... എത്രയോ മനോഹരമാണ് ആ സങ്കൽപ്പം. സിനിമ കണ്ടു പോലും കരയുന്നവരുണ്ട്. സിനിമയിലെ കഥാപാത്രത്തിന്റേത് എന്നറിഞ്ഞുകൊണ്ട് സങ്കടം ഏറ്റുവാങ്ങി ഉള്ളുരുക്കി കണ്ണീരൊഴുക്കുന്നവൻ എത്രയോ ഹൃദയാലുവായിരിക്കും... അന്യന്റെ ദുഖം തന്റേത് എന്ന് ഏറ്റെടുക്കുന്ന ആ തന്മയീഭാവം പുരുഷനെ ഏത് പുരുഷാരത്തിലും വേറിട്ടവനാക്കും.

സൗന്ദര്യമത്സരങ്ങളിൽ സ്ത്രീകളുടെ അഴകളവിനു പുറമേ അറിവളവും വൈകാരിക നിലവാരവും അടക്കമുള്ള വ്യക്തിത്വം  അളക്കാറുണ്ട്. പക്ഷേ പുരുഷന്മാരുടെ സൗന്ദര്യ മത്സരങ്ങളിൽ ഉരുണ്ടുകൂടിയ മസിലുകളുടെ പ്രദർശനവേദി മാത്രമാകുന്നതെന്തു കൊണ്ടാണ്? മാച്ചോ പഴ്സനാലിറ്റി മാത്രമായ ഒരു പുരുഷൻ സുന്ദനാണെന്ന് പറയുന്ന സ്ത്രീകൾ ആയിരത്തിലൊന്നു പോലും ഉണ്ടാകില്ല. എന്തിന്, പുരുഷന്മാർ പോലും അതംഗീകരിക്കില്ല. ആ നിലയ്ക്ക് ‘മിസ്റ്റർ –––’ മത്സരങ്ങളും സ്ത്രീകളുടെ സൗന്ദര്യമത്സരങ്ങൾ പോലെ വ്യക്തിത്വത്തിന്റെ പ്രദർശനവേദി കൂടിയാകട്ടെ. അവിടെ വിജയിയാകുന്നവനും മടി കൂടാതെ സന്തോഷക്കണ്ണീർ ഒഴുക്കട്ടെ.

അതിവൈകാരികത കൂടെപ്പിറപ്പായതിനാൽ കരച്ചിലുകാരി എന്ന കുറ്റപ്പേര് പേറേണ്ടി വരുന്നവരുണ്ട്. ദുഖം കൊണ്ടു മാത്രമാകില്ല അവർ കരയുന്നത്. ശക്തമായ ഏതു വികാരവും അവരുടെ കണ്ണുകളിൽ വർഷകാലമണയ്ക്കും. ദേഷ്യം വന്നാൽ പോലും കരയുന്നവരുണ്ട്. കരയുന്നത് ദൗർബല്യത്തിന്റെ ലക്ഷണമല്ലെന്ന് കണ്ണുനിറച്ചു തന്നെ അവർ ആണയിടും. അവരുടെ വാദം ശരിവയ്ക്കുന്നതാണ് ആധുനിക പഠനങ്ങളും. കരച്ചിൽ പോലെ ഇമോഷനൽ ബാലൻസിങ്ങിന് സഹായകമായ മറ്റൊന്നില്ല.  അതുകൊണ്ടു തന്ന ശക്തമായ ബന്ധങ്ങൾ നിലനിർത്താനും ഇവർക്കു കഴിയുന്നുണ്ട്. പെയ്തു തോർന്ന കരച്ചിലിനൊടുവിൽ ഉള്ളിൽ ശാന്തി നിറയുന്നത് നാം തന്നെ അനുഭവിച്ചറിയാറില്ലേ...

കരയുന്നത് ഹൃദയാരോഗ്യത്തിന് എത്രയോ സഹായകമാണ്. വിഷാദത്തിലേക്ക് വഴുതിപ്പോകാതെ കാക്കാനും കരച്ചിലിന് കഴിവുണ്ട്. ഉള്ളിൽ തിങ്ങിവിങ്ങുന്ന സങ്കടങ്ങൾ പ്രിയപ്പെട്ടൊരാളുടെ ചുമലിൽ ചാഞ്ഞിരുന്ന് കരഞ്ഞു തീർക്കുന്നത് എത്രയോ മനോഹരമായ അനുഭവമാണ്. ‘സാരമില്ലെ’ന്ന് കൈത്തലോടലാകാൻ കഴിയുന്നൊരാളുടെ ചുമലേ അതിനായി തിരഞ്ഞെടുക്കാവൂ എന്നതാണ് മറക്കരുതാത്ത പാഠം. ദാമ്പത്യത്തിലും സൗഹൃദത്തിലും പ്രണയത്തിലും കലഹങ്ങൾ നല്ലതാണ്. അതിനൊടുവിൽ കണ്ണീരിൽ മുങ്ങി ശുദ്ധരാകുന്നതോടെ ബന്ധം മുൻപത്തെക്കാൾ സ്ഫടികസമാനമാകും. 

ശിശുക്കൾ മുൻവിധികളില്ലാതെ കരയുന്നതു കണ്ടിട്ടില്ലേ... അതിനൊടുവിൽ ശാന്തമായ ഉറക്കത്തിലേക്കു വഴുതി വീഴുന്നതും. ‘നിങ്ങൾ ശിശുക്കളെ പോലെയാകുവിൻ, സ്വർഗരാജ്യം നിങ്ങൾക്കുള്ളതാണ്’ എന്ന് ക്രിസ്തു പറഞ്ഞത് ഇതു കൂടി മുന്നിൽ കണ്ടാകണം. കുരിശുമരണത്തിലേക്ക് നടക്കുമ്പോഴും അദ്ദേഹം കരച്ചിലിനെ കുറിച്ചു പറയുന്നുണ്ട്. ‘യരൂശലേം പുത്രിമാരേ... എന്നെ ചൊല്ലി കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ...’ എന്നാണ് തിരുവചനം. അതായത്... നമ്മുടെ ആധികളെ ചൊല്ലി വിലപിച്ചുകൊള്ളാൻ. വിലാപം പാപമാണെങ്കിൽ ദൈവപുത്രൻ അതിന് ആ സ്ത്രീകള്‍ക്ക് അനുമതി നൽകില്ലല്ലോ. ഓരോ അമ്മയും തങ്ങളുടെ ആൺമക്കളെ കരയാൻ പഠിപ്പിക്കണം. മനസ്സോ ശരീരമോ നൊന്താൽ കരയണമെന്ന് അമ്മയ്ക്കല്ലാതെ ആർക്കാണ് കുഞ്ഞിനോട് പറയാനാവുക? കരയുന്ന നേതാക്കളെ കണ്ടിട്ടില്ലേ... അവർ അഴിമതിക്കാരായിരിക്കാം, പക്ഷേ അവർ ഒരിക്കലും കൊലപാതകികളാകില്ല. കാലങ്ങളായി ഉള്ളിലടക്കിയ വേദനകൾക്ക് കരച്ചിലാണ് പരിഹാരമെങ്കില്‍ കാരണമില്ലാതെയും കരയൂ... അതിനൊടുവിൽ കണ്ണും മനസ്സും ശുദ്ധമായി മാറിയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com