sections
MORE

പുരുഷന്മാരേ, ശരിക്കും ഈ സ്ത്രീകളെ നിങ്ങളറിയില്ല; ബന്ധങ്ങൾ തകരാനുള്ള കാരണവും ഇതൊക്കെയാണ്

healthy-relationship
SHARE

മുപ്പതുകളിലെത്തുമ്പോഴാണ് ഒരു മനുഷ്യന് പക്വത വരുന്നതെന്ന് പൊതുവെ പറയുന്ന കാര്യമാണ്. അക്കാലത്തുണ്ടാകുന്ന പ്രണയമായാലും  സൗഹൃദമായാലും ദീർഘകാലം തുടരണമെന്ന് സ്ത്രീകളും പുരുഷൻമാരും ആഗ്രഹിക്കും. ബന്ധം ദൃഢമായിരിക്കാൻ പുരുഷൻമാരെക്കാൾ കൂടുതൽ ശ്രമിക്കുന്നത് സ്ത്രീകളായിരിക്കും. 30 കളിലെത്തിയ സ്ത്രീകളിൽ ഭൂരിഭാഗവും കുടുംബിനികളുമായിരിക്കും. എന്നാൽ പലപ്പോഴായി ഉണ്ടാകുന്ന മാനസീക സമ്മർദങ്ങളും കുടുംബ പ്രശ്നങ്ങളും ഈ പ്രായത്തിലുള്ള സ്ത്രീകളെ അസ്വസ്ഥരാക്കുന്നുണ്ടാകും. അതുകൊണ്ടു തന്നെ ചെറിയ കാര്യങ്ങൾ മതി പലപ്പോഴും ബന്ധം തകരാൻ. ഈ സമയത്ത് കൃത്യമായ കരുതലുകളിലൂടെ കടന്നു പോകുന്നവരാണ് പിന്നീട് ആയുഷ്കാലം സന്തോഷമായി ജീവിക്കുന്നത്.

ഭയമില്ലാതെ എല്ലാം തുറന്നു പറയാൻ കഴിയുക എന്നതാണ് ഈ കാലഘട്ടത്തിലെ  ഏറ്റവും പ്രധാനപ്പെട്ടകാര്യം. തെറ്റുകൾ തുറന്നു പറയുന്നവരെ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകൾ. ഒരു നുണ മറയ്ക്കൻ ശ്രമിക്കുമ്പോള്‍ അടുത്ത നുണ പറയേണ്ടിവരും. പുരുഷൻമാർ പലപ്പോഴും കുടുംബ ഭദ്രതയോർത്താണ് നുണ പറയാൻ നിർബന്ധിതരാകുന്നത്. എന്നാൽ, ഒരിക്കൽ നുണ  പറഞ്ഞാൽ  പിന്നെ ജീവിതം  നുണകൾക്കു മുകളിലാകുകയും ഒരുഘട്ടത്തിൽ പ്രശ്നം കൂടുതൽ രൂക്ഷമാകുകയും  ചെയ്യും. അതുകൊണ്ടു തന്നെ പരമാവധി  കാര്യങ്ങൾ തുറന്നു  പറയുന്നതാണ് എപ്പോഴും നല്ലത്.

ആരോഗ്യകരമായ ബന്ധത്തിന് വൈകാരിക അടുപ്പം അനിവാര്യമാണ്. ബന്ധത്തിൽ പരസ്പരം സുരക്ഷിതരാണെന്ന വിശ്വാസം ഇരുവർക്കും ഉണ്ടാകണം. മനസ്സിലാക്കുന്നവരെ ഇഷ്ടപ്പെടുന്നവരാണ്  സ്ത്രീകൾ. ശാരീരിക ബന്ധത്തേക്കാൾ കൂടുതൽ അവൾ ആഗ്രഹിക്കുന്നത് മാനസികമായ അടുപ്പമായിരിക്കും. അത്തരം അടുപ്പം ഉണ്ടാക്കി‌യെടുത്താൽ അവൾ നിങ്ങളെ കൃത്യമായി കേൾക്കുകയും അറിയുകയും  സ്വീകരിക്കുകയും ചെയ്യും.

ആത്മാവിനെ സ്പർശിക്കുന്ന സ്നേഹം നൽകുക എന്നതാണ് മറ്റൊരു കാര്യം. ചില സമയങ്ങളിൽ പങ്കാളി നിങ്ങളുമായി വഴക്കിടും. നിങ്ങൾക്ക് അത്  ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. ചിലപ്പോൾ ആ സമയത്തെ അവരുടെ അവസ്ഥയായിരിക്കും അവരെക്കൊണ്ട് അങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആ സമയം കഴിയുമ്പോൾ അത് തീരുകയും ചെയ്യും. പരസ്പരം അറിയുന്ന സ്നേഹമാണെങ്കിൽ അത് നിങ്ങളിൽ ക്ഷമിക്കാനുള്ള കഴിവും ഉണ്ടാക്കും. മാത്രമല്ല, സംസാരത്തിലും ഉപയോഗിക്കുന്ന ഭാഷയിലും ആ സ്നേഹം അറിയാൻ സ്ത്രീകൾക്ക് സാധിക്കണം. മോശം ഭാഷ പരമാവധി ഒഴിവാക്കുക, വലിയ രീതിയിലുള്ള വിമർശനം ഒഴിവാക്കുക, അവർ നിങ്ങൾക്ക് എന്താണെന്ന് എപ്പോഴെങ്കിലും അവരെ ബോധ്യപ്പെടുത്തുക, തിരക്കുകൾക്കിടയിലും ദിവസത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ  അവരുടെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാൻ സമയം കണ്ടെത്തുക ഇതെല്ലാം ബന്ധങ്ങളുടെ നിലനിൽപിന് അത്യാവശ്യമായ ഘടകങ്ങളാണണ്.

സ്വന്തം സ്വാതന്ത്ര്യം പോലെ തന്നെ പങ്കാളിക്കും ഒരു സ്വാതന്ത്ര്യമുണ്ടെെന്ന് മനസ്സിലാക്കുക. കൂടുതൽ ഇടപെടുമ്പോൾ അധികാരം കാണിക്കുമ്പോൾ സ്ത്രീകളിൽ  പൊതുവെ അമർഷമുണ്ടാകും.  ഉദാഹരണത്തിന് വസ്ത്രധാരണത്തിന്റെ കാര്യമെടുക്കാം. അവൾക്ക് യോജിച്ചതെന്നു തോന്നുന്ന വസ്ത്രം അവൾ ധരിച്ചാൽ ഇഷ്ടമായില്ലെങ്കിൽ ഒരു പങ്കാളിയെന്ന നിലയിൽ അത് പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. എന്നാൽ സ്വന്തം  ഇഷ്ടങ്ങള്‍ അവളിൽ  അടിച്ചേൽപ്പിക്കാതിരിക്കുക. അങ്ങനെ വരുമ്പോൾ അത് അപ്രിയത്തിനു കാരണമാകാം. ദിവസത്തിൽ അൽപനേരമെങ്കിലും നിങ്ങളുടെതു മാത്രമായ സമയം കണ്ടെത്തി പരസ്പരം കേൾക്കുക എന്നതും അനിവാര്യമായ കാര്യമാണ്. 

English Summary: Secrets Of Healthy Relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA