sections
MORE

അയ്യേ...എന്ന് പറയും; പക്ഷേ, ചില തെറ്റുകൾ ചെയ്യണം; ബന്ധത്തിലെ അഴുക്കുകൾ വൃത്തിയാക്കാം!

husband-wife
SHARE

'ബക്കറ്റ് ലിസ്റ്റ്' എന്ന ഹിന്ദി സിനിമ കാണുകയായിരുന്നു. 40 വയസ്സില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മധുര (മാധുരി ദീക്ഷിത്) തനിക്ക് ഹൃദയം ദാനം ചെയ്ത ഇരുപതുകാരിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ത്യാഗവുമൊക്കെയാണ് കഥാതന്തു. മുന്നോട്ടു പോകാന്‍ ഭയന്നു നില്‍ക്കുന്ന മധുരയോട് അവളുടെ സുഹൃത്ത് പറയുന്നുണ്ട്, "നിന്‍റെ ജീവിതത്തിന്‍റെ ഉത്തരവാദിത്തം നിനക്ക് ഏറ്റെടുക്കാമെന്നുണ്ടെങ്കില്‍ നിനക്ക് കുറച്ചു തെറ്റുകള്‍ ചെയ്യാനും അവകാശമുണ്ട്" അതേ... ചിലപ്പോള്‍ തെറ്റുകളും ചെയ്യണം, ശരി എന്തെന്നു പഠിക്കാന്‍. തെറ്റു പറ്റുമെന്നു ഭയന്നു നമ്മള്‍ പിന്നാക്കം പോകുന്നതെന്തിനാണ്... ഭയമില്ലാതെ ജീവിതത്തെ നേരിടാന്‍ ഏറ്റവും പറ്റിയ മനോഭാവമാണിത്. ഞാന്‍ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം ഞാന്‍ തന്നെ ഏറ്റെടുക്കുമെന്നത്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറെങ്കില്‍ നമുക്കും ഒരു ബക്കറ്റ് ലിസ്റ്റ് തയാറാക്കാം. മധുര തീരുമാനിച്ചതു പോലെ ബൈക്ക് ഓടിക്കാന്‍ പഠിക്കുമെന്നോ, പൊതുവേദിയില്‍ നൃത്തം ചെയ്യുമെന്നോ, പബ്ബില്‍ പോയി മദ്യപിക്കുമെന്നോ, ബിക്കിനി ഇടുമെന്നോ ഒക്കെയാകാം മോഹങ്ങള്‍. അതല്ലെങ്കില്‍ എവിടേക്കെങ്കിലുമൊക്കെ യാത്ര പോകുമെന്നോ, പുസ്തകം പ്രസിദ്ധീകരിക്കുമെന്നോ, പൂന്തോട്ടമുണ്ടാക്കുമെന്നോ പോലെ കുറച്ചു കൂടി നിസാരമായ കാര്യങ്ങളുമാകാം.

എന്തായാലും കുറെ നാളുകളായി എല്ലാവരും വീട്ടുജീവിതം ആസ്വദിക്കുക(?) ആണല്ലോ. ഈ സമയത്ത് ഇങ്ങനെ ചില തീരുമാനങ്ങള്‍ കൂടി നമുക്കൊന്ന് സെറ്റ് ചെയ്താലോ... അടുത്ത ഒരു വര്‍ഷം, അല്ലെങ്കില്‍ 5 വര്‍ഷത്തിനകം എന്തൊക്കെ ചെയ്യുമെന്ന്. നിങ്ങള്‍ നാല്‍പ്പതുകളിലോ, അന്‍പതുകളിലോ നില്‍ക്കുന്നവരാണെങ്കില്‍ ബക്കറ്റ് ലിസ്റ്റ് തയാറാക്കേണ്ട കൃത്യ സമയമാണിത്. അതില്‍ ചിലതെങ്കിലും മറ്റുള്ളവര്‍ക്ക് സില്ലിയെന്നു തോന്നാം, മറ്റു ചിലത് കാണുമ്പോള്‍ 'അയ്യേ', 'അയ്യോ' എന്നൊക്കെ തോന്നാം. എന്നാലും നമ്മുടെ മോഹമല്ലേ. ഉപേക്ഷിച്ചു കളയരുത്. മധുരയുടെ കാര്യത്തിലെ പോലെ ആദ്യമൊക്കെ നാം ഒറ്റയ്ക്കായിരിക്കുമെങ്കിലും പിന്നീട് നമ്മുടെ പ്രിയപ്പെട്ടവര്‍ കൂടെച്ചേരുക തന്നെ ചെയ്യും. ഇല്ലെങ്കിലും കുഴപ്പമില്ല. ചില നേരത്ത് നമുക്കൊറ്റയ്ക്ക് സംഘനൃത്തം ചെയ്യാന്‍ കഴിയും...

ലോക്ഡൗണ്‍ കാലത്ത് വിഷാദം അധികരിക്കുന്നുവെന്ന് പലരും സങ്കടപ്പെടുന്നു. മഹാവ്യാധിയെ കുറിച്ച് മാത്രം ആലോചിച്ചിരിക്കുന്നതിന്‍റെ പ്രശ്നമാണത്. ഇതെക്കുറിച്ച് അറിയണമെങ്കില്‍ പത്രത്തിലോ ചാനലുകളിലോ വരുന്ന വാര്‍ത്തകള്‍ നോക്കൂ. വൈകിട്ട് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം കാണൂ. ബാക്കി നേരങ്ങളില്‍ ആ വാര്‍ത്തകള്‍ നോക്കാനേ പോകരുത്. പകരം നമുക്ക് വീണുകിട്ടിയ അവധിക്കാലം ആഘോഷമായി ചെലവഴിക്കാം. എത്രയോ വര്‍ഷങ്ങളായി നമ്മളില്‍ പലരുമൊന്ന് നന്നായി ഉറങ്ങിയിട്ട്. ജോലിത്തിരക്കും വീട്ടുപണികളും കൂടി വീതിച്ചെടുക്കുന്ന സമയത്തിന്‍റെ ശിഷ്ടനേരം മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളു. അതുകൊണ്ട് ഈ സമയത്ത് മതികെട്ടുറങ്ങുക. എട്ടു മണിക്ക് ഉണര്‍ന്നെഴുന്നേറ്റ് ബ്രേക്ഫാസ്റ്റിന് ബ്രെ‍ഡും ഓലെറ്റും ഉണ്ടാക്കിക്കഴിച്ചാലും വയര്‍ നിറയും. ദോശ ഒരു ദിവസം ചട്നി പൗഡര്‍ കൂട്ടി കഴിച്ചാലും ഒരു കുഴപ്പവുമില്ല. എഴുന്നേല്‍ക്കുന്നതേ അടുക്കളയിലേക്ക് ഓടുന്നതെന്തിനാണ്. നേര്‍ത്ത തണുപ്പ് പേറുന്ന കാറ്റ് പുറത്ത് വീശുന്നുണ്ടല്ലോ മുറ്റത്തോ, ബാല്‍ക്കണിയിലോ, വരാന്തയിലോ പോയി അല്‍പ്പനേരം ഇരിക്കാം. ചെടിയുടെ ചുവട്ടിലെ കള നീക്കാം, അല്‍പ്പം വളം നല്‍കാം, മക്കളെയും ഭര്‍ത്താവിനെയും കൂട്ടി ഷട്ടില്‍ ബാഡ്മിന്‍റണ്‍ കളിക്കാം.

വായിക്കാതെ മാറ്റിവച്ച പുസ്തകങ്ങള്‍ ഒരുപാട് കയ്യിലില്ലേ... ദിവസം പത്തു പേജ് എന്ന് തീരുമാനിച്ചാല്‍ തന്നെ ഈ കാലത്ത് ഒരു പുസ്തകമെങ്കിലും വായിച്ചുതീര്‍ക്കാം. മൊബൈലിലോ ലാപ്പിലോ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് കാണാന്‍ ബാക്കിവച്ച ചിത്രങ്ങള്‍ കണ്ടുതീര്‍ക്കാം. താത്പര്യമുണ്ടെങ്കില്‍ അവയുടെ ആസ്വാദനം എഴുതിവയ്ക്കാം. അത് എഫ്ബിയില്‍ ഇടാം. വായിക്കാന്‍ ഇഷ്ടമുള്ളവര്‍ വായിക്കട്ടെ.

ബോട്ടില്‍ ആര്‍ട്ടോ, മറ്റു കൈവേലകളോ, ഗാര്‍ഡനിങ്ങോ താത്പര്യമുള്ളവര്‍ക്ക് യു ട്യൂബില്‍ ഒരുപാട് ' ഡു ഇറ്റ് യുവേഴ്സെല്‍ഫ്' (DIY) വിഡിയോകളുണ്ട്, നോക്കിപ്പഠിക്കാൻ. അഭിനയിക്കാന്‍ അറിയുമെങ്കില്‍ ടിക്ടോക് ചെയ്യാം, കുടുംബാംഗങ്ങളെയും ഇതില്‍ പങ്കാളികളാക്കാം. കുട്ടികളെ കൊണ്ട് ചെടിച്ചട്ടികള്‍ പെയിന്‍റ് ചെയ്യിക്കാം.

ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ യു ട്യൂബിലെ മ്യൂസിക് വിഡിയോകള്‍ ഓട്ടോപ്ലേ കൊടുത്ത് ഓണാക്കിയിടും. ചൂടു കൂടുതലുള്ള ദിവസങ്ങളില്‍ റെയിന്‍ രാഗാസ് കേള്‍ക്കും. ചിലപ്പോള്‍ അംജദ് അലിഖാന്‍റെ സാരോദ് ആണെങ്കില്‍ ചില ദിവസങ്ങളിൽ ശ്രാവണി ഷിന്‍ഡേയുടെ സാന്ദ്രസംഗീതം, മറ്റു ചിലപ്പോള്‍ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ നാദം. ഹിന്ദുസ്ഥാനിയാണ് പ്രഭാതങ്ങളില്‍ കേള്‍ക്കാന്‍ രസം. പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ ബിലാവല്‍ രാഗാലാപനം മതി ഏതു മങ്ങിയ പ്രഭാതത്തെയും അതിമനോഹരമാക്കാന്‍... അല്ലെങ്കില്‍ ദേശ് രാഗത്തിലുള്ള പാട്ടുകള്‍. പകല്‍ മുഴുവന്‍ 80 - 90 കാലങ്ങളിലെ മലയാളം മെലഡികളാണ് കേള്‍ക്കുക. (ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞതു പോലെ നമ്മളൊരു നൊസ്റ്റാള്‍ജിയ ബിറ്റന്‍ ജനറേഷനാണല്ലോ.) വൈകുന്നേരങ്ങളില്‍ കര്‍ണാടിക് സംഗീതമാണ് ഹൃദയഹാരി.

മുന്‍പെങ്ങോ ഉപേക്ഷിച്ചു കളഞ്ഞതാണ് മുറ്റത്തെ കൃഷിയിടം. അവിടെ വീണുകിടന്ന മുളങ്കോലുകള്‍ വീണ്ടും നാട്ടിയെടുത്ത് പന്തലിട്ടു. മനോരമ ആഴ്ചപ്പതിപ്പിനൊപ്പം കിട്ടിയ കുറച്ചു വിത്തുകള്‍ തേടിയെടുത്ത് പാകിമുളപ്പിച്ചത് ഇപ്പോള്‍ വള്ളി വീശിയിരിക്കുന്നു. രാവിലെയും വൈകിട്ടും പത്തു മിനിറ്റ് അവയ്ക്കായി മറ്റിവയ്ക്കുന്നതേ ഉള്ളൂ.

ദിവസവും എന്തെങ്കിലുമൊരു വിഭവം പതിവില്‍നിന്നു വ്യത്യസ്തമായി ഉണ്ടാക്കാം ലോക്ഡൗണ്‍ കാലത്തെ ആര്‍ഭാടമെന്നു പറയരുത്. വേലിച്ചീരത്തലപ്പ് നുള്ളി പരിപ്പിനൊപ്പം ചേര്‍ത്ത് ഒരു തോരനാകാം, അടുത്ത വീടിന്‍റെ മതിലിനു മുകളിലൂടെ തലനീട്ടുന്ന മുരിങ്ങയില തോരന്‍ വച്ചതില്‍ മുട്ട ചിക്കിയതാകാം, റവ കൊണ്ട് ഒരു പുഡ്ഡിങ് ആകാം. യു ട്യൂബിലെ ഫുഡ് വ്ളോഗുകളില്‍ മൂന്നു ചേരുവ  വിഭവങ്ങള്‍ ഏറെയുണ്ട്. അങ്ങനെ എന്തെങ്കിലുമൊന്ന് എന്നും പരീക്ഷിക്കാം.

സൗന്ദര്യ സംരക്ഷണത്തിനു കൂടി പറ്റിയ സമയമാണിത്. വെയിലും പൊടിയും അധികമേല്‍ക്കാതെ വീട്ടില്‍ ഇരിക്കുകയല്ലേ. എന്തെങ്കിലുമൊരു പായ്ക്ക് പരീക്ഷിക്കാം. ഇനി അതിനായി പ്രത്യേകം മെനക്കെടാന്‍ വയ്യെങ്കില്‍ ദോശ ചുട്ടതിന്‍റെ ബാക്കി മാവ് പാത്രത്തില്‍ പറ്റിയിരിക്കുന്നത് വടിച്ചെടുത്ത് മുഖത്തും കഴിത്തിലും പുരട്ടിയാലും മതി. അല്ലെങ്കില്‍ കറിയില്‍ ചേര്‍ക്കാന്‍ ഇടുത്ത ഇത്തിരി മഞ്ഞള്‍പ്പൊടി അല്‍പ്പം തൈരു കൂടി ചേര്‍ത്തു കുഴച്ച് മുഖത്തിടാം. ഇത്തിരി അരിപ്പൊടിയോ റവയോ എടുത്ത് വെള്ളത്തില്‍ കുഴച്ച് മുഖം സ്ക്രബ് പോലെ ഉരച്ചു കഴുകാം. എന്നും വച്ചും വിളമ്പിയും കരിപിടിച്ച് അറ്റം തേഞ്ഞുപോയ കൈവിരല്‍ നഖങ്ങളും വെടിച്ചു കീറിയ കാല്‍പ്പാദങ്ങളും ഇത്തിരി കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. സമയം ഇല്ലെന്നു പറഞ്ഞ് മാറ്റിവച്ച എണ്ണ തേച്ചു കുളിയും താളി തേക്കലുമൊക്കെ പുനരാരംഭിക്കാം.

"അടുക്കളയില്‍നിന്നു കയറിയിട്ടല്ലേ ഇതിനൊക്കെ സമയ"മെന്നു വിലപിക്കരുത്. ഇന്നു വരെ ചെയ്ത കാര്യങ്ങളല്ലല്ലോ നാമിപ്പോള്‍ പരിചയിക്കുന്ന ലോക്ഡൗണും മറ്റും. അപ്പോള്‍ ഇന്നുവരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത അടുക്കള ഭര്‍ത്താവിനും മക്കള്‍ക്കും കൂടി വീതം വയ്ക്കാം. അതിന് ഒന്നു കണ്ണുരുട്ടുകയോ പരാതി പറയുകയോ വേണമെങ്കില്‍ അതുമാവാം. (അല്ലെങ്കില്‍ തന്നെ ആ നല്ല കുട്ടി ഉടുപ്പ് ഊരി വയ്ക്കാന്‍ ഇതിലും നല്ല സമയം ഏതാണ്...?)

ഇനിയും സമയം നമുക്ക് ബാക്കിയുണ്ട്. കൂട്ടുകാരുടെ വാട്സാപ് ഗ്രൂപ്പുകളില്‍ കയറിയിറങ്ങാം. വാട്സാപ്പില്‍ വരാത്ത കൂട്ടുകാരെ വിളിച്ചു സംസാരിക്കാം. പ്രായമായ ബന്ധുക്കളെ വിളിച്ചു സംസാരിക്കാന്‍ ഏറ്റവും പറ്റിയ സമയമാണിത്, പ്രത്യേകിച്ച്, മക്കള്‍ വിദേശത്തായി നാട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്നവരെ. അയല്‍വാസികളെയും ഇടയ്ക്കിടെ വിളിക്കണം. പക്ഷേ ഇവരോട് ആരോടും ലോക്ഡൗണ്‍, പകര്‍ച്ചവ്യാധി വിഷമങ്ങള്‍ പങ്കുവയ്ക്കേണ്ട.

രാത്രി കുറച്ചുനേരം കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്നു ടിവി കാണാമല്ലോ. അതിനു ശേഷം കുട്ടികളോട് നമ്മുടെ കുട്ടിക്കാല വിശേഷങ്ങള്‍ പറയാം. "ഞങ്ങടെ കാലമാരുന്നു കാലം, ഞാനൊക്കെ എന്തോരം കഷ്ടപ്പെട്ടു, ഞങ്ങടെ തലമുറ അനുഭവിച്ചതു വല്ലോം നിങ്ങള്‍ക്കറിയുമോ" തുടങ്ങിയ സ്വയം പൊക്കി കമന്റുകളുമായി അവരെ ബോറടിപ്പിക്കരുത്. പകരം, നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നു യക്ഷിക്കഥകളും (ഇത്തിരി പൊടിപ്പും തൊങ്ങലും ചേര്‍ത്തോളൂ, കുട്ടികള്‍ കണ്ണിമയ്ക്കാതെ കേട്ടിരിക്കുമെന്ന് ഉറപ്പ്) കയ്യാങ്കളി കുഞ്ഞുണ്ടമാരെ (കടപ്പാട്: സി. രാധാകൃഷ്ണന്‍) കുറിച്ചും അവരോട് പറയൂ. പഴഞ്ചൊല്ലുകള്‍ അവരെ പഠിപ്പിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണ്. ഓരോ പ്രദേശത്തെയും ഭാഷയില്‍ അന്യം നിന്നുപോയ വാക്കുകളെ കുറിച്ചു കൂടി അവരോട് പറയാം.

വിശ്വാസമുള്ളവരെങ്കില്‍ പ്രാര്‍ഥന മുടക്കരുത്. ഇനി ഇരുന്ന് പ്രാര്‍ഥിക്കാന്‍ നേരമില്ലെങ്കില്‍ ജോലികള്‍ക്കിടയില്‍ ദൈവവുമായി ഒരു മാനസിക സംവാദമാകാം. വ്യായാമമാണ് മറ്റൊരു കാര്യം. യോഗയോ സുംബ ഡാൻസോ ഒക്കെ പരീക്ഷിക്കാം. അതിനും ഗുരുവായി യു ട്യൂബ് ഉണ്ടല്ലോ.

എന്‍റെ സുഹൃത്ത് ന്യൂറോ സര്‍ജനായ ഡോ. അരുണ്‍ ഉമ്മന്‍ ഈ കാലത്തെ അതിജീവിക്കാനുള്ള കുറുക്കുവഴികള്‍ പറഞ്ഞുതന്നിരുന്നു. രോഗത്തെ പ്രതിരോധിക്കുകയാണ് ആദ്യം വേണ്ടത്. അതിന് ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ശക്തമാക്കണം. നല്ല ഉറക്കം, നല്ല ഭക്ഷണം, മിതമായ വ്യായാമം, പിന്നെ സന്തോഷമുള്ള പ്രവൃത്തികള്‍ ഇതെല്ലാമാണ് വേണ്ടതെന്ന് അരുണ്‍ പറയുന്നു. ഒടുവില്‍ പറഞ്ഞ ആ കാര്യമുണ്ടല്ലോ, സന്തോഷമുള്ള പ്രവൃത്തികള്‍. അതിലാണ് കാര്യം. പാടാന്‍ ഇഷ്ടമുള്ളവര്‍ പാടൂ, നൃത്തം ചെയ്യേണ്ടവര്‍ അതു ചെയ്യൂ, പാചകം ഇഷ്ടമെങ്കില്‍ അതാകട്ടെ, വായിക്കൂ, എഴുതൂ, ചിത്രം വരയ്ക്കൂ...


  ഇനി ഒരു കാര്യം കൂടി. പങ്കാളിയുമായുള്ള ബന്ധത്തില്‍ പല കാലങ്ങളില്‍ അടിഞ്ഞു കൂടിയ മുഷിപ്പുകളും അഴുക്കുകളുമുണ്ടാകും. അതെല്ലാമൊന്നു കഴുകി വൃത്തിയാക്കാം. ഇഷ്ടപ്പെട്ടാണെങ്കിലും അല്ലെങ്കിലും ഒന്നിച്ചിരിക്കുകയല്ലേ... പരസ്പരമുള്ള നന്മകള്‍ കണ്ടെത്തി നോക്കാം... രാവിലെ കുട്ടികള്‍ ഉണരും മുന്‍പ് ഒരു കപ്പ് കാപ്പിയുമായി ബാല്‍ക്കണിയിലോ വരാന്തയിലോ പോയിരുന്ന് സംസാരിക്കാം. ഈ സമയത്ത് നെഗറ്റീവായ ഒരു കാര്യവും കടന്നുവരരുത്. പഴയ ആല്‍ബങ്ങള്‍ മറിച്ചുനോക്കി ഓര്‍മകളൊന്നു പൊടിതട്ടിയെടുക്കാം. (അന്ന് കല്യാണത്തിന് നിങ്ങളുടെ അച്ഛന്‍ സ്ത്രീധനം ചോദിച്ചില്ലേ എന്നോ നിന്‍റെ അമ്മ അങ്ങനെ പറഞ്ഞില്ലേ എന്നോ ഉള്ള കുഴിതോണ്ടല്‍ വേണ്ടേ വേണ്ട).

നമ്മള്‍ അതിജീവിക്കുകയാണ്. ലോകത്തെ മറ്റേത് ജനതയെക്കാളും ആ ശേഷി നമുക്ക് കൂടുതലെന്ന് വീണ്ടും തെളിയിച്ചു കഴിഞ്ഞു. ഈ ആത്മവിശ്വാസം മതി നമുക്ക് മുന്നോട്ടു പോകാന്‍. അപ്പോള്‍ ബക്കറ്റ് ലിസ്റ്റ് എടുക്കുകയല്ലേ... സ്വപ്നങ്ങളിലേക്ക് നടക്കാന്‍...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA