ADVERTISEMENT

സ്വന്തം പേരിനൊപ്പം അമ്മയുടെ പേര് ചേർത്തവർ നമുക്കിടയിൽ ധാരാളമുണ്ട്. എന്നാൽ പലരും അമ്മയുടെ പേരങ്ങനെ വെറുതെ ചേർത്തതൊന്നുമല്ല. പിന്നിൽ ചില രസകരമായ സംഭവങ്ങളും അനുഭവങ്ങളുമുണ്ട്. സ്വന്തം പേരിനൊപ്പം അമ്മയുടെ പേരുടെ ചേർത്തതിനു പിന്നിലെ കഥ പറയുകയാണ് സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങൾ. 

ഗോവിന്ദ് വസന്ത

പേര് മാറ്റണം എന്നത് കുറെക്കാലമായി ചിന്തയിലുണ്ടായിരുന്നതാണ്.ഗോവിന്ദ് മേനോനിലെ ജാതിവാൽ മാറ്റണം,അത് കൊണ്ടു നടക്കാന്‍ താൽപര്യമില്ല എന്നുള്ളതായിരുന്നു ആദ്യത്തെ കാരണം.അതും വെറുതെ ഫെയ്സ്ബുക്കിലെ പ്രൊഫൈല്‍ നെയിം മാത്രമായിട്ട്‌ മാറ്റിയിട്ടും കാര്യമില്ല. ആരും അറിയില്ല. 96 പോലെയൊരു പടത്തില്‍ അത് മാറ്റുമ്പോ എല്ലാവരും ചോദിയ്ക്കും. അങ്ങനെയാണ് ആ സമയത്ത് പേര് മാറ്റാന്‍ തീരുമാനിച്ചത്. ഒന്നാമത്തെ കാര്യം ഇവിടെ ചെന്നൈയില്‍ എല്ലാവരും എന്നെ ഗോവിന്ദ് വസന്ത എന്നെ അറിയൂ. രണ്ടാമത്തെ കാര്യം  എന്തുകൊണ്ട് മാറ്റി എന്നൊരു ചോദ്യം വരണമായിരുന്നു. ഞാന്‍ ജാതിപ്പേര് മാറ്റിയതാണ് എന്ന് മനസിലാക്കിയിട്ട് സ്വന്തം ജാതിവാൽ കളഞ്ഞ കുറച്ചു പേരെങ്കിലും ഉണ്ട്. അത്രേം ഇന്‍സ്പയര്‍ ചെയ്യാന്‍ പറ്റിയല്ലോ.

വാൽ കളഞ്ഞപ്പോ ഗോവിന്ദ് എന്ന് മാത്രമായി  പോരാ എന്ന് തോന്നി.അമ്മയുടെ പേര് ചേര്‍ക്കാന്‍ തീരുമാനിച്ചത് അമ്മയോടുള്ള ഒരു സെന്‍റിമെന്‍റ്സ് ആയിരുന്നു.അതില്‍ അന്നൊരു പൊളിറ്റിക്കല്‍ സ്റ്റെറ്റ്മെന്‍റ് ഉദ്ദേശിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷേ, അത് അങ്ങനെ ആയിവന്നു. നാടിന്‍റെ അവസ്ഥ അതായത് കൊണ്ടാണ്. പൊതുവേ അമ്മയുടെ പേര് വയ്ക്കാറില്ല എന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.പേര്‍ മാറ്റിയപ്പോ എല്ലാവരും അത് ചോദിച്ചപ്പോഴാണ് അത് ശ്രദ്ധിയ്ക്കുന്നത്.എന്‍റെ അഭിപ്രായത്തില്‍ കുട്ടിയുടെ പേരിന്‍റെ കൂടെ അച്ഛന്‍റെയോ അമ്മയുടെയോ പേര് വയ്ക്കണം എന്ന നിര്‍ബന്ധം തന്നെ ആവശ്യമില്ല. പേരിലൊരു കാര്യമില്ല എന്നൊക്കെ ആദ്യം ചിന്തിച്ചിരുന്നു. നമ്മള്‍ ഒരു ഉട്ടോപ്യന്‍ ലോകത്ത് നിന്ന് ചിന്തിയ്ക്കാതെ വളരെ പ്രാക്റ്റിക്കലായ ഒരിടത്ത്  നിന്ന് ആലോചിയ്ക്കുമ്പോ അത് ശരിയല്ല മനസ്സിലാകും.

ഞാന്‍ ഗോവിന്ദ് മേനോന്‍ ആയിരുന്നുന്നു. എനിക്ക് അത് പ്രശ്നമായിരുന്നില്ല. പിന്നെയാണ് മനസിലായത് അതൊരു പ്രിവിലേജ് ആണെന്നും ഞാന്‍ അത് അനുഭവിയ്ക്കുന്നുണ്ട് എന്നും. അത് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു.അത് മനസിലാക്കാനുള്ള ഒരു കാരണമായതും  ഈ പേരാണ്. നമ്മടെ നാട്ടിലെ അവസ്ഥ അനുസരിച്ച് വളരെ അണ്‍കോണ്‍ഷ്യസ് ആയിട്ട് മനസില്‍ നടക്കുന്ന കാര്യമാണ്. പേര് ചോദിയ്ക്കുന്നയാള്‍ ജാതിബോധം ഉള്ളയാളാണ് എങ്കില്‍ നമുക്ക് ആ പരിഗണന കിട്ടും.അതൊക്കെ മനസിലാവുന്നത് പിന്നീടാണ്.വീട്ടിലെല്ലാവരുടേയും കണ്ണിലുണ്ണിയായത് കൊണ്ട് അമ്മേടെ പേര് ചേര്‍ത്തപ്പോ എല്ലാവരും സന്തോഷിയ്ക്കുകയാണ് ചെയ്തത്.

ഞാന്‍ പതിനെട്ടുവയസ്സുള്ളപ്പോള്‍ചെന്നൈയില്‍ പോയതാണ്..ഒറ്റയ്ക്കായിരുന്നു.അധികം സംസാരിയ്ക്കാത്ത,സംസാരിച്ച് ഒരാളെ ഇമ്പ്രസ് ചെയ്യാന്‍ അറിയാത്ത ഒരാളായത് കൊണ്ട് കൂട്ടുകാരും കുറവാണ്.എന്നെ ആര്‍ക്കും ഇഷ്ടമല്ല എന്നൊക്കെയുള്ള ഒടുക്കത്തെ ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്.ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല  എന്നൊക്കെയുള്ള  തോന്നല്‍ തീവ്രമായപ്പോഴാണ് ഞാന്‍ അമ്മയെക്കുറിച്ച് ആലോചിച്ചത്. എന്നോടൊക്കെ അമ്മ എന്തെങ്കിലും പറഞ്ഞാ ഞാന്‍ കേട്ട ഭാവം നടിയ്ക്കാറില്ല. വെള്ളം എടുത്ത് തരാനോ എന്തെങ്കിലും ചെറിയ ആവശ്യമാവും. ഞാന്‍ ഒരിയ്ക്കലും ചെവി കൊടുത്തിട്ടില്ല. 

അമ്മയെക്കുറിച്ച് ഒരിയ്ക്കലും തീരാത്ത ഒരു കുറ്റബോധം ഇപ്പോഴും ഞാന്‍ മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്.സ്കൂളില്‍ പഠിയ്ക്കുമ്പോഴോക്കെ ഞാന്‍ അമ്മയെ വല്ലാതെ ഉപദ്രവിയ്ക്കും. ഒരു ദിവസം ഞാന്‍ ഉപദ്രവിച്ച് ഉപദ്രവിച്ച് ശല്യം കാരണം എന്നെ ഓടിച്ചതാണ്.അമ്മ കാലുടക്കി വീണു. മുന്‍നിരയിലെ പല്ല് പോയി. കുറെ ചോരയും. ഒരുപാട് ദിവസങ്ങള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് വന്നത് വേറൊരു ആളായിട്ടാണ്. അതുവരെയുള്ള ആള് അല്ലാതായി. എല്ലാത്തിനോടും പേടിയായി.അന്ന് ഞങ്ങള്‍ താമസിയ്ക്കുന്ന സ്ഥലത്ത് റോഡില്ല. വഞ്ചിയിലും ചങ്ങാടത്തിലുമൊക്കെയാണ് പോകുന്നത്. ചെറിയ വഞ്ചിയാണ്‌.അതിങ്ങനെ ആടും.അമ്മ കൂളായിട്ട് ഞങ്ങളെ മൂന്നാളെയും കൊണ്ട് പോകും.ആ അമ്മയ്ക്ക് പിന്നെ വഞ്ചിയോടും  ട്രയിനിനോടും ഇടിമിന്നലിനോടും ലൈഫിനോട് തന്നെയും ഒരു പേടി പോലെയായി. കാരണം ഞാനാണ് എന്ന കുറ്റബോധം എന്നും മനസ്സില്‍ വേട്ടയാടുന്നുണ്ട്‌.

ആന്‍ പാലി

എന്‍റെ ഒഫീഷ്യല്‍ നയിം ആന്‍ സെലി ജോസ് എന്നാണ്.സെലി എന്‍റെ അമ്മയാണ്. സാധാരണഗതിയില്‍ പാലായിലെ ക്രിസ്ത്യാനികളുടെയിടയിലുള്ള രീതിയനുസരിച്ച് കുട്ടികളുടെ പേരിന്റെ കൂടെ ഗ്രാന്‍ഡ്‌പാരന്‍സിന്‍റെ പേരാണ് ചേര്‍ക്കുക. ആദ്യത്തെ കുട്ടിക്ക് അച്ഛന്‍റെ പാരന്‍സിന്‍റെയും രണ്ടാമത്തേയാള്‍ക്ക് അമ്മയുടെ പാരന്‍സിന്‍റെയും. ആ രീതി വച്ച് എന്‍റെ പേര് വരേണ്ടത് അന്നമ്മ എന്നാണ്. അങ്ങനെ പള്ളിയില്‍ ആ പേരിട്ടു. വീട്ടുകാരും നാട്ടുകാരുമൊക്കെ  സ്നേഹത്തോടെ കുഞ്ഞന്നാമ്മ എന്ന് വിളിച്ച് തുടങ്ങി. അന്നൊക്കെ പള്ളിയില്‍ എന്ത് പേരിട്ടാലും സ്മിത,ജിഷ എന്നൊക്കെയുള്ള പരിഷ്ക്കാരപ്പേര് കൂടെ എക്സ്ട്രാ കാണും.എനിയ്ക്ക് പക്ഷെ  ഈ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോ ടീച്ചര്‍ പറഞ്ഞു. ഇത്രേം ചെറിയ കുട്ടിയ്ക്ക് ഈ പേര് വേണ്ട. ഈ പേരിനെ ഒന്ന് പരിഷ്കരിച്ചേക്കാം എന്ന്. അങ്ങനെയാണ് അന്നമ്മ മാറി ആന്‍ എന്ന പേര് വരുന്നത്.

പേര് ഇടാന്‍ നേരത്ത്  ഡാഡി പറയുന്നത് ഇപ്പോഴും മങ്ങിയ ഓര്‍മയുണ്ട്. വെള്ള ജുബ്ബയും മുണ്ടും ആയിരുന്നു വേഷം.സില്‍ക്ക് പോലത്തെ തുണി കൊണ്ടുള്ള ജുബ്ബയാണ് ഡാഡി ഇടാറുള്ളത്. സര്‍ നെയിമിന്റെ കാര്യം വന്നപ്പോ ഡാഡി പറഞ്ഞു അത്  ശരിയാവില്ല.അവള്‍ എന്റെ മാത്രം മോളല്ലലോ. അമ്മേടേം കൂടെ മോളല്ലേ അതുകൊണ്ട് അമ്മയുടെ പേര് കൂടെ ചേര്‍ക്കണം. അങ്ങനെയാണ് എന്റമ്മയുടെ പേരായ  സെലി കൂടെ വന്നത്.

ഇതിനു വേറൊരു വശം കൂടിയുണ്ട്.ഞാനൊരു ഗോള്‍ഡന്‍ ചൈല്‍ഡ് ആയിരുന്നു. പ്രിമച്ച്വര്‍ ബേബി. എന്നെ ജീവനോടെ കിട്ടുവോ ഭൂമിയിലേയ്ക്ക് ഒന്ന് ഉറപ്പിച്ച് നിര്‍ത്താന്‍ പറ്റുവോ എന്നൊക്കെ മമ്മി ഒരുപാട് ടെന്‍ഷനടിച്ചിട്ടുണ്ട്. ഭയങ്കര കെയര്‍ ഫുള്‍ ആയാണ് കൊണ്ട് നടന്നത്.  അന്ന് ആശുപത്രികളില്‍ വല്യ സംവിധാനങ്ങള്‍ ഒന്നുമില്ല.സൂക്ഷിയ്ക്കാനും പറഞ്ഞ് തുണിയില്‍ പൊതിഞ്ഞുകെട്ടി കൊടുത്തുവിട്ടു. ആറുമാസം വരെ ഫോട്ടോ എടുക്കാന്‍ പോലും മമ്മി ആരെയും സമ്മതിച്ചില്ല.പിന്നീട് ചെക്കപ്പിന് ചെല്ലുമ്പോ ഡോക്റ്റര്‍ ആദ്യം ചോദിച്ചത് കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു. അങ്ങനെയൊരു ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സില്‍ വന്നയാളാണ്.അപ്പൊ അതുകൊണ്ട് തന്നെ എന്‍റെ എല്ലാ  കാര്യത്തിലും പണ്ടേ മമ്മിയുടെ ഒരു എക്സ്ട്ര കെയര്‍ ഉണ്ടായിരുന്നു.അതറിയാവുന്നത് കൊണ്ടാണ്  ഡാഡി അന്ന് അങ്ങനെ പറഞ്ഞത്.

.മറ്റൊരു കാര്യം  ഡാഡീം മമ്മീം ഒരു പെര്‍ഫക്റ്റ് കപ്പിള്‍ ആയിരുന്നു. അവര് തമ്മില്‍ അങ്ങനെ വല്യ വഴക്കോ പിണക്കങ്ങളോ പോലും കണ്ടിട്ടില്ല. കുറച്ച് കലാപരമായ ഇഷ്ടങ്ങള്‍ ഒക്കെ ഉള്ള ആളായിരുന്നു ഡാഡി. വായിക്കുകയും നാടകങ്ങളുടെ ഭാഗമാവുകയും ഒക്കെ ചെയ്തിരുന്നു. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിയ്ക്കുമ്പോ ഡാഡി മരിച്ചു. കൂടെയുണ്ടായിരുന്ന ചെറിയ കാലത്തിനുള്ളില്‍ എന്‍റെ ലൈഫിലേയ്ക്ക് ഡാഡി തന്നിട്ടുള്ള ഒരുപാട് കാര്യങ്ങളില്‍ എനിയ്ക്ക് ഏറ്റവും വിലപ്പെട്ടത്  ഈ പേര് തന്നെയാണ്. ആ സമയത്ത് ആ നാട്ടില്‍ അമ്മയുടെ പേര് കൂടെ ചേര്‍ത്തേ കൊച്ചിന്‍റെ പേരിടാവൂ എന്ന് പറഞ്ഞ ഒരച്ഛനെ ഞാന്‍ വേറെ കണ്ടിട്ടില്ല.

അന്നപൂര്‍ണ്ണ ലേഖ

അന്നപൂര്‍ണ്ണ എല്‍ എന്നാണ് എന്‍റെ ഒഫിഷ്യല്‍ നെയിം. ലേഖ അമ്മയാണ്. അമ്മയുടെ പേര് ലേഖ കെ നായര്‍ എന്നാണ്. കോമളവല്ലിയമ്മ എന്ന അമ്മൂമ്മയുടെ പേരാണ് സര്‍ നെയിം. എനിയ്ക്ക് ഓര്‍മയുള്ള കാലം മുതല്‍ വീട്ടിലെ സ്ത്രീകളുടെ പേരില്‍  അമ്മമാരുടെ പേരുണ്ട്. അച്ഛന്റെ അമ്മ ഡി രാധമ്മയാണ്. ദേവകിയമ്മ രാധമ്മ. അമ്മേടെ അമ്മ പി. കോമളവല്ലിയമ്മ. പാറുവമ്മ കോമളവല്ലിയമ്മയാണ്. അതിനു മുന്‍പും അങ്ങനെതന്നെയാണ്. എനിയ്ക്ക് ഓര്‍മയുള്ള ജെനറേഷന്‍ മുതല്‍ ഞങ്ങളുടെ വീട്ടില്‍ അങ്ങനെയുണ്ട്. മുന്‍പും അങ്ങനെതന്നെയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

ചേര്‍ത്തലയിലാണ് വീട്. ഈ പ്രദേശത്തൊക്കെ പല കാര്യങ്ങളിലും ഇപ്പോഴും മരുമക്കത്തായം തന്നെയാണ് പിന്തുടരുന്നത്.അതിന്റെയൊരു ബാക്കിപത്രമാവാം ഈ പേര് ചേര്‍ക്കലും. സ്ത്രീകള്‍ മുന്നോട്ട് നില്‍ക്കുന്ന ഒരു രീതിയാണ് ഇവിടെയൊക്കെ. അമ്മൂമ്മയൊക്കെ പണ്ടേ  രാഷ്ട്രീയത്തിലൊക്കെ ഉണ്ടായിരുന്നു..സോഷ്യലി ഇടപെടലുകള്‍ ഒക്കെ നടത്തിയിരുന്ന ആളാണ്‌. പശുവിനെ വളര്‍ത്തി ജീവിച്ചിരുന്നവര്‍ പോലും ഈ ഒരു മിടുക്ക് ഉള്ളവരായിരുന്നു. അവനവന്‍റെ മേഖലയില്‍ സാമര്‍ത്ഥ്യം കാണിച്ചിരുന്ന സ്ത്രീകളായിരുന്നു പലരും.

ഈ പേരിന്‍റെയൊരു പ്രത്യേകതയൊക്കെ അടുത്താണ് മനസിലാവുന്നത്.കുറച്ച്നാള്‍ മുന്‍പുവരെ ഇതിലൊരു വ്യത്യസ്ഥതയുണ്ടെന്നുപോലും തോന്നിയിട്ടില്ല. പക്ഷേ, നോര്‍ത്തിന്ത്യന്‍ സുഹൃത്തുക്കളോട് സംസാരിയ്ക്കുമ്പോഴാണ് ആദ്യമായി അത് മനസ്സിലാവുന്നത്.അന്നപൂര്‍ണ്ണ ലേഖ എന്ന പേര്  അവര്‍ക്ക് ആശ്ചര്യമായിരുന്നു. അന്നപൂര്‍ണ്ണ വാട്ട് ? എന്ന് എടുത്ത് ചോദിയ്ക്കും. പേരിന്റെ കൂടെ വീണ്ടുമൊരു സ്ത്രീയുടെ പേരോ എന്നൊക്കെ.പലരും എന്നെ ലേഖ എന്ന് വിളിയ്ക്കും. അന്നപൂര്‍ണ്ണ ലേഖ രണ്ടുപേരുണ്ടല്ലോ. അതില്‍ എളുപ്പമുള്ള ചെറിയ പേരു വിളിയ്ക്കുന്നതാണ്. അതുകഴിഞ്ഞ് വേറെ സര്‍ നെയിം ഉണ്ട് എന്ന തോന്നലിലാണ്. അവര് അങ്ങനെ പറയുമ്പോഴാണ് ഞാന്‍ ആലോചിച്ച് തുടങ്ങുന്നത് തന്നെ. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ അന്നപൂര്‍ണ്ണ എന്നൊക്കെ പത്തക്ഷരമുള്ള സര്‍ നയിം ചേര്‍ത്താല്‍ എന്താകും എന്നറിയില്ല.

വീട്ടില്‍ ഞാനും അമ്മയും ചേച്ചിയും ഒരു ലേഡീസ് ഗാങ്ങ് പോലെയാണ്. ലേഡീസ് ഹോസ്റ്റലിലാണ് താമസം എന്ന് അച്ഛന്‍ തമാശ പറയും. നല്ല അവസ്ഥയിലും മോശം അവസ്ഥയിലും നമ്മുടെ കൂടെ നില്‍ക്കുന്ന ആളാണ്‌ അമ്മ. എന്ത് പറഞ്ഞാലും ഇട്ടേച്ച്  പോകില്ലെന്ന് അത്രേം ഉറപ്പുള്ളത് അമ്മയെക്കുറിച്ച് മാത്രണല്ലോ. അമ്മ ആ കാലത്ത് ഇക്കണോമിക്സില്‍ പി ജി കഴിഞ്ഞ്, ജേര്‍ണലിസം കോഴ്സൊക്കെ ചെയ്ത ആളാണ്‌. പിന്നീട് കുടുംബമായി കുട്ടികളായി. കുറെ കാലത്തേയ്ക്ക് മറ്റൊന്നും ആലോചിച്ചിട്ടില്ല.ആ കാലത്ത് ഒരുപാട്  ലിമിറ്റെഷന്‍സ് ഉണ്ടല്ലോ.അതുകൊണ്ട് അന്ന് നടക്കാതെപോയ പല ആഗ്രഹങ്ങളും അമ്മ മക്കളിലൂടെ നേടി, അതില്‍ മനസ് തുറന്നു സന്തോഷിച്ചു. ഞാന്‍ വാര്‍ത്താവതാരകയായതുള്‍പ്പെടെ അമ്മയുടെ കൂടെ ആഗ്രഹങ്ങളുടെ തുടര്‍ച്ചയായിരുന്നു.ആകാശവാണി കേട്ടുകൊണ്ട് ദിവസം തുടങ്ങുന്ന ഒരമ്മയുടെ സന്തോഷമായിരുന്നു അതൊക്കെ. ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ച ഇഷ്ടങ്ങളെല്ലാം പിന്നീട് അമ്മ തിരിച്ച് പിടിയ്ക്കുന്നത് എന്‍റെ പഠിപ്പ് ഒക്കെ കഴിഞ്ഞ് ഞാന്‍ വക്കീലായി എന്‍‌റോൾ ചെയ്തതിന് ശേഷമാണ്. ഇപ്പൊ അമ്മ അമ്മയുടെ കാര്യങ്ങളുമായി തിരക്കിലാണ്.കൃഷിയും എല്ലാമുണ്ട്.വീട്ടിലേയ്ക്ക് വേണ്ടതെല്ലാം അമ്മ തന്നെ കൃഷി ചെയ്തുണ്ടാക്കും.

ഞാന്‍ വീടുമായി, അച്ഛനും അമ്മയുമായി വളരെ  അറ്റാച്ച്ഡ്‌ ആണ്. അമ്മൂമ്മയുമായി നല്ല കൂട്ടായിരുന്നു. ആ രീതിയൊക്കെ എന്റെ അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണ് എന്ന് തോന്നാറുണ്ട്. അമ്മയില്‍ നിന്ന് എനിയ്ക്ക് കിട്ടിയതില്‍ ഞാന്‍ ഏറ്റവും വില മതിയ്ക്കുന്നതും ഈ ഫാമിലി വാല്യൂസ് ആണ്.

ആര്യന്‍ രമണി

കൃഷ്ണകുമാര്‍ ഗിരിജാവല്ലഭാന്‍ മേനോന്‍ എന്നാണ് ഒഫീഷ്യല്‍ പേര്.ഇരുപത്തെട്ടിന് ചടങ്ങനുസരിച്ച് മുത്തശ്ശന്‍ ചെവിയില്‍ വിളിച്ച ചെറിയ പേരാണ് ആര്യന്‍.മുത്തശ്ശന്‍ തന്ന പേരിനോടുള്ള ഇഷ്ടം കൊണ്ട് ആ പേര് കൂടെച്ചേര്‍ത്തു. കോളേജിലൊക്കെ ആര്യന്‍ എന്ന് തന്നെയാണ് അറിയപ്പെട്ടത്. പിന്നീട് റേഡിയോയില്‍ ആര്‍ ജെ ആയി വന്നപ്പോ ഒരു ഷോ ചെയ്തിരുന്നു. അതോടെ ആര്യന്‍ എന്ന പേര് ഹിറ്റായി. സിനിമയില്‍ വന്നപ്പോ ആ പേര് തന്നെ. സംവിധായകനാകണം എന്നാണ് സ്വപ്നം.അന്ന് സ്ക്രീനില്‍ എന്റെ പേര് വരുമ്പോ കൂടെ അമ്മയുടെ പേരുണ്ടാകുന്നതില്‍പ്പരം അഭിമാനം എന്താണ്!

പേരിന്‍റെ കൂടെ അമ്മയുടെ പേര് ചേര്‍ക്കണം എന്ന് നേരത്തെ തന്നെ മനസിലുണ്ടായിരുന്നു.ആ പേരില്‍ തന്നെ ഒരു മെസേജ് വന്നല്ലോ. അമ്മയ്ക്ക്,അവരുടെ കഷ്ടപ്പാടുകള്‍ക്ക് ഒക്കെ കൊടുക്കുന്ന ഒരു അക്നോളജ്മെന്‍റ് ആണ്. പാട്രിയാര്‍ക്കിയെ ഒക്കെ സെലിബ്രേറ്റ് ചെയ്യുന്ന സാഹചര്യങ്ങള്‍ അന്ന് വീടുകളിലുണ്ടായിരുന്നു.സ്ത്രീകളുടെ സ്വപ്നം, ആഗ്രഹങ്ങള്‍ ഒന്നും അക്നോളജ് ചെയ്യപ്പെടാതെ പോകുന്ന ഒരു അവസ്ഥ. അത് അന്നൊന്നും തിരിച്ചറിയാന്‍പോലും കഴിഞ്ഞിട്ടില്ല.പലതും അറിഞ്ഞോ അറിയാതെയോ  സെലിബ്രേറ്റ് ചെയ്തിട്ടുണ്ട് താനും.

അച്ചച്ചന്‍ ശങ്കര മേനോനോടുള്ള ഒരു ഫാന്‍ഷിപ്പുണ്ടായിരുന്നു. അമ്മൂമ്മയെയും അമ്മയെയും അവരുടെ സ്ട്രഗിളും ഒക്കെ അറിഞ്ഞുതുടങ്ങിയതോടെയാണ് അതിലും വല്യ സംഭവങ്ങള്‍ ഉണ്ടെന്നുമനസിലായത്. അമ്മയ്ക്കുള്ള ഒരു താങ്ക്സ് ഗിവിംഗ് പോലെയാണ് ഈ പേര് ചേര്‍ത്തത്. അതൊന്നും വേണ്ട അതിലൊക്കെ എന്താ കാര്യം എന്ന് അമ്മ ചോദിച്ചു.എന്റെ ഒരു സന്തോഷത്തിനു ചെയ്യുന്ന കാര്യമാണ്. വൈകിപ്പോയി എന്നൊരു വിഷമം മാത്രമേയുള്ളൂ.

അത്രയ്ക്കും സെല്‍ഫ്‌ലെസ് ആയ ഒരു ലൈഫായിരുന്നു അമ്മയുടേത്. എന്‍റെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. എങ്കിലും അങ്കണവാടിയില്‍ നിന്ന് കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് അമ്മ ചേര്‍ത്തുപിടിച്ച ജീവിതമാണ് ഞങ്ങളുടേത്‌.  ഏഴുകിലോമീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നാണ് പോകുന്നത്. ചുറ്റുമുള്ള  ഒരുപാട് വല്യ വീടുകള്‍ക്ക് ഇടയില്‍ ഒന്നര സെന്ററില്‍ തേയ്കാത്ത,കറണ്ടില്ലാത്ത ആ വീട്ടില്‍ അമ്മ സ്വയം ശ്രദ്ധിക്കാതെ,ഭക്ഷണം കഴിയ്ക്കാതെ ക്ഷീണിച്ചു.അമ്മ സുന്ദരിയും കോളേജിലൊക്കെ ആ സൗന്ദര്യത്തിന്റെ പേരില്‍ സെലിബ്രേറ്റഡായിട്ടുള്ള ഒരാളുമായിരുന്നു. അതൊക്കെ മനസ്സിലാക്കാന്‍ ഞാന്‍ സമയമെടുത്തു.

അമ്മൂമ്മ ആദ്യം ഞങ്ങളുടെ കൂടെയല്ലായിരുന്നു. അമ്മൂമ്മയ്ക്ക് എന്‍റെ അമ്മയുള്‍പ്പെടെ മൂന്നു പെണ്മക്കള്‍ ആണ്.അപ്പൂപ്പന്‍ മരിച്ചതിന് ശേഷം ഒറ്റയ്ക്ക് കുടുംബം നടത്തിയെടുത്ത ആളാണ്‌. സ്ത്രീകള്‍ ചേര്‍ന്ന് ഒരു കുടുംബത്തിലെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന്‍റെ  അഡ്മിറെഷന്‍  അതൊക്കെ ഞങ്ങള്‍ മൂന്ന് ആണ്‍കുട്ടികളുടേയും  പല ധാരണകളും മാറ്റി മറിച്ചു. അതിന്‍റെയൊരു തുടര്‍ച്ച പോലെയായിരുന്നു എന്റെ ലൈഫിലെയ്ക്ക് സൗമ്യയുടെ എന്‍ട്രി. സൗമ്യ എന്നെ ഒരുപാട് മാറ്റിയിട്ടുണ്ട്. അമ്മ തുടങ്ങിവച്ച ആ വെളിവുണ്ടാക്കല്‍ കമ്പ്ലീറ്റ് ആക്കിത്തന്നത് സൗമ്യയാണ്. എന്‍റെ മൂന്നു പെണ്മക്കളെ വളര്‍ത്താന്‍ ദൈവം അമ്മയിലൂടെ എന്നെ പാകപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

ഞാന്‍ ജോലി രാജിവച്ച് വീട്ടില്‍ വന്നതിനു ശേഷമാണ് സൗമ്യ മൂന്നാമത് ഗര്‍ഭിണിയാകുന്നത്. അന്ന് തൊട്ട് പ്രസവം വരെയുള്ള ഓരോ നിമിഷവും കൂടെയുണ്ടാകാനുള്ള ഭാഗ്യമുണ്ടായി. ഓരോ പെയിനും അടുത്തുകണ്ടു.കൂടെനിന്നു. ആ വേദന,മുറിവ്,പെയിന്‍ ഒക്കെ അവര്‍ എടുക്കുന്ന രീതി. എനിയ്ക്ക് സങ്കല്‍പിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അന്ന് ഞാനാലോചിച്ചത് ഒരു കാര്യമാണ്.സൗമ്യയ്ക്ക് ഞാനുണ്ടായിരുന്നു. എന്‍റെ അമ്മയ്ക്കൊന്നും ആരുമുണ്ടായിട്ടില്ല. പറഞ്ഞും കേട്ടും അമ്മയുടെ കഷ്ടപ്പാടുകള്‍ അറിയാം. പക്ഷേ,  അമ്മ എടുത്ത കനത്ത സ്ട്രഗിള്‍ അടുത്തുകാണിച്ചു തന്നത് സൗമ്യയാണ്. അമ്മയുടെ പേര് ഒപ്പം ചേര്‍ക്കണം എന്ന് നേരത്തെ മനസിലുണ്ടായിരുന്നെങ്കിലും അത് പിന്നത്തേയ്ക്ക് മാറ്റിവച്ച  കാര്യമായിരുന്നു.കുഞ്ഞുണ്ടായ സമയത്താണ് ആ തീരുമാനം ഉറപ്പിച്ചതും അമ്മയുടെ പേര് ചേര്‍ത്തതും. 

അര്‍ച്ചന പദ്മിനി

തന്‍റെ ഇടവും ഇഷ്ടങ്ങളുമുള്ള സ്ത്രീയോട് ഈ കാലവും ലോകവും കുടുംബവുമൊക്കെ എന്ത് ചെയ്യുന്നു എന്ന് ബോധ്യത്തിൽ വന്നപ്പോൾ ചേർത്ത ഒന്നാണ് അമ്മയുടെ പേര്. വന്ന് വന്ന് അമ്മയുടെ പേരിനോടായി കൂടുതൽ identification. മുന്നിലത്തെ പേരിന് ശേലില്ലാത്തപോലെ.

അമ്മ മുന്നിൽ നടന്ന വഴിയെ ഉപേക്ഷിക്കയാണ്. ഒരു പക്ഷെ ആ രാഷ്ട്രീയ ബോധത്തിൽ നിന്ന് എടുത്ത മറ്റൊരു തീരുമാനം. ഈ ബോധ്യങ്ങളൊക്കെയും അമ്മയേയും എന്നെയും തമ്മില്‍ അകറ്റാനെ അന്നുപകരിച്ചുള്ളൂ.അമ്മയുടെ പേര് കൂടെ ചേർത്ത് നടന്നു തുടങ്ങിയ കാലത്ത് സത്യത്തിൽ വീടുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സമ്പൂർണ കലഹം. എപ്പോഴോ തന്‍റെ പേര് ഉപയോഗിക്കരുതെന്നുപോലും അമ്മ എന്നോട് പറഞ്ഞു. അച്ഛന്‍റെ  പേരിനെ നിരാകരിച്ചു എന്നതാവണം കാരണം. വീട്ടിൽ അന്നത്തെ ഒരു പരിഷ്കാരത്തിന്‍റെ ഭാഗമായാണ് അച്ഛന്‍റെ പേര് ചേർത്തത്. സാധാരണ അമ്മയുടെ വീട്ടുപേരാണ് പതിവ്. ഫേസ്‌ബുക്ക് സഹായിച്ചത് കൊണ്ട്  എന്‍റെ  മുൻ പേര് ആരും അറിയാതെ മാഞ്ഞും പോയി..

ഒരു പക്ഷെ കലഹിച്ചു നടന്ന കാലത്ത് പപ്പിനീന്ന് വിളി കേക്കുമ്പോ ഒരു ഗൂഢ ആനന്ദം ഉണ്ടായിരുന്നൂന്ന് പറയാം.സത്യത്തിൽ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് ഞാനവരെ, അവരെന്നെയും..പരസ്പരം ഇടങ്ങളെ മാനിച്ചു കൊണ്ട് മിണ്ടാൻ പരിശീലിക്കുകയാണ്. വീടിനോട് കലഹിച്ചു പോയ ഒരു വലിയ കാലത്തെ, അവരുടെ ഒറ്റപ്പെടലിന് ഒക്കെ എനിക്കും ഉത്തരം പറയേണ്ടതുണ്ട്. എന്നത്തേക്കാളുമേറെ, ഈ പേരിലേക്കാളുമേറെ അവർക്കൊപ്പമാകാൻ ശ്രമിക്കയാണിപ്പോൾ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com