ADVERTISEMENT

സമൂഹം സമ്മാനിക്കുന്ന ഒന്നിനുപരി, സ്വന്തം പ്രതിച്ഛായ സ്വയം നിര്‍ണയിക്കാന്‍ അതീവ ധൈര്യവും സ്വാതന്ത്ര്യവും ആവശ്യമാണ്. പക്ഷേ, അതു പരിചയിച്ചു തുടങ്ങിയാല്‍ പോകെപ്പോകെ സരളമായിത്തീരും..." (ജെര്‍മെയ്ന്‍ ഗ്രീര്‍)

*

കംപ്ലീറ്റ് പഴ്സന്‍ അഥവാ സമ്പൂര്‍ണ വ്യക്തി - ജീവിതത്തിലെ ഏറ്റവും വലിയ എലിക്കെണിയാണത്.  മിശ്രവിവാഹിതയായ ഞാന്‍ നല്ല കുട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ തുലച്ചു കളഞ്ഞത്  12 വര്‍ഷമാണ്. എന്നിട്ട് അതായോ... അതുമില്ല... അല്ലെങ്കില്‍ തന്നെ നല്ലത്, ചീത്ത എന്നതൊക്കെ എത്രയോ ആപേക്ഷികമാണ്. ഒരാള്‍ക്ക് നല്ലതായ ഒരാള്‍, ഒരു പ്രവൃത്തി മറ്റൊരാള്‍ക്ക് നന്മയെന്നു തോന്നുകയില്ല. പിന്നെ നല്ലതായാലും ചീത്തയായാലും നിങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍ പകുതിയോളം പേരേ നിങ്ങളെ സ്നേഹിക്കൂ. അതില്‍ തന്നെ ഒരു ശതമാനം പേരേ നിങ്ങളുടെ കഷ്ടകാല സമയത്തു കൂടെക്കാണൂ. ആ നിലയ്ക്ക് എന്തിനാണ് ആ അര ശതമാനത്തിനു വേണ്ടി സ്വന്തം സന്തോഷങ്ങളും അവനവനു പ്രിയപ്പെട്ട പ്രതിച്ഛായയും നശിപ്പിക്കുന്നത്...

സമൂഹം അനുശാസിക്കുന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും സംതൃപ്തി ഉണ്ടാകുന്നില്ല. നമുക്ക് സന്തോഷവും സംതൃപ്തിയും പകരുന്ന കാര്യങ്ങള്‍ സ്വയം കണ്ടെത്തി അതില്‍ മുഴുകി നോക്കൂ. പുനര്‍ജനി നൂഴ്ന്നതു പോലെ, പുഴു പ്യൂപ്പക്കാലം കടന്ന് ശലഭമായി മാറിയതു പോലെ പുതുപ്പിറവിയായി സ്വയം മാറുന്നതു കാണാം. അതിന് ആദ്യം വേണ്ടത് ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയാണ്. അവനവനെ കണ്ടെത്തുക എന്നതാണ് ആത്മവിശ്വാസത്തിലേക്കുള്ള ആദ്യ പടി. നമ്മുടെ പോസിറ്റീവും നെഗറ്റീവും നമുക്ക് തന്നെയല്ലേ ഏറ്റവും നന്നായി അറിയുക. ഇനി പോസിറ്റീവായി ഒന്നും കണ്ടെത്താന്‍ കഴിയാത്തത്ര ഉത്കട വിഷാദാവസ്ഥയിലാണെങ്കില്‍ നമ്മളെ സ്നേഹിക്കുന്നുവെന്ന് ഉറപ്പുള്ള അഞ്ചു പേരോട് നമ്മുടെ രണ്ടു ഗുണങ്ങള്‍ പറയാന്‍ ആവശ്യപ്പെടുക. അപ്പോള്‍ 10 ഗുണങ്ങള്‍ നമുക്ക് കണ്ടെത്താനായി. അത് ഒരു ഡയറിയില്‍ കുറിച്ചു വയ്ക്കാന്‍ മറക്കേണ്ട. 'തോട്ടം മുടിയാന്‍ കാലത്തുണ്ടായ മുച്ചീര്‍പ്പന്‍' എന്ന മട്ടില്‍ ചിലര്‍ നമ്മളെ അവമതിക്കുമ്പോള്‍ നാം കുറിച്ചുവച്ച ആ വരികളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി ദേഹത്തു പുരണ്ട നെഗറ്റിവിറ്റി ഉള്ളിലേക്ക് ഊറിയെത്തും മുന്‍പ് മാഞ്ഞുപോകും.

നേരം പുലരും മുതല്‍ അടുക്കളയിലോ, ഓഫിസിലോ ഒക്കെ നീളത്തിലും വട്ടത്തിലും ഓടിത്തീര്‍ന്ന്  ജീവിതം തേഞ്ഞുപോകുന്നവരുണ്ട്. കണ്ണിലിത്തിരി മഷി എഴുതാനോ, പാദമൊന്ന് ഉരച്ചുകഴുകി വൃത്തിയാക്കാനോ, നഖങ്ങളില്‍ കുറച്ചു പോളിഷ് അണിയാനോ, മുടി ഒന്നു ഷാംപൂ ചെയ്യാനോ അവര്‍ക്കു സമയമില്ല. ദിവസം ഒരു പത്തു മിനിട്ട് അവനവനു വേണ്ടി മാറ്റിവയ്ക്കാതെ എങ്ങോട്ടാണ് ഇവര്‍ പായുന്നത്.?  ഈ പാച്ചിലിനൊടുവില്‍ നിങ്ങളെ വിജയപീഠത്തില്‍ കയറ്റിനിര്‍ത്താന്‍ മെഡലുകളുമായി ആരും കാത്തുനില്‍ക്കുന്നില്ലെന്നതു മറക്കേണ്ട. അതുകൊണ്ട് അവനവനു വേണ്ടി കൂടി അൽപ്പം സമയം മാറ്റിവച്ചോളൂ. ദേഹത്ത് കുറച്ച് എണ്ണ തേച്ചു കുളിമുറിയുടെ ഇത്തിരിവട്ടത്തില്‍ അഞ്ചു മിനിട്ട് നമുക്ക് വിശ്രമിച്ചു കൂടേ... രാത്രി ഉറങ്ങാന്‍ കിടക്കും മുന്‍പ് അല്‍പ്പം ക്രീം കാല്‍പ്പാദത്തിലൊന്നു തിരുമ്മാന്‍ ഒരു മിനിട്ട് പോരേ... ആഴ്ചയിലൊരിക്കലുള്ള 5 മിനിട്ട് മതി നഖങ്ങള്‍ ഒന്നു വൃത്തിയാക്കാന്‍. അത്രയും നേരം തന്നെ മതി മുടിയൊന്നു ഷാംപൂ ചെയ്യാന്‍. (ഇതൊക്കെ പുരുഷനും ബാധകമാണ്.) എത്ര തിരക്കിനിടയിലും ഇത്രയും സമയം നമുക്കായി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കുഴപ്പം നമുക്ക് തന്നെയാണ്.

മനോഹരമായി വസ്ത്രം ധരിക്കാനും ശ്രദ്ധിക്കണം. തങ്ങളുടെ രൂപത്തിനിണങ്ങിയ വസ്ത്രധാരണശൈലി കണ്ടെത്താന്‍ ഓരോരുത്തരും മനസ്സിരുത്തണം. വിലയേറിയ വസ്ത്രമല്ല എപ്പോഴും സുന്ദരമെന്നതും മറക്കാതിരിക്കുക.നമ്മുടെ വീഴ്ചകളുടെ ഉത്തരവാദിത്തം എപ്പോഴും നമുക്ക് തന്നെയാണ്. ആ നിലയ്ക്ക് നമ്മുടെ സന്തോഷങ്ങളുടെ ഉത്തരവാദിത്തം കൂടി നാം തന്നെ ഏറ്റെടുക്കുകയല്ലേ നല്ലത്. മറ്റൊരാള്‍ നമ്മളെ സന്തോഷിപ്പിക്കും എന്നു കരുതി ജീവിക്കാതിരിക്കുക. അവനവന് സന്തോഷമുള്ള കാര്യങ്ങള്‍ കണ്ടെത്തി അതു പിന്തുടരുക. കരിയറിലെ ഉയര്‍ച്ചയാകാം, വായന, എഴുത്ത്, കലകള്‍, കൃഷി, ഗാര്‍ഡനിങ്, യാത്ര, സൗഹൃദങ്ങള്‍. അങ്ങനെയങ്ങനെ സന്തോഷം തരുന്നത് എന്തുമാകട്ടെ. അവ കണ്ടെത്തേണ്ടത്, വീണ്ടെടുക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. അങ്ങനെ നമുക്ക് ലഭിക്കുന്ന സന്തോഷങ്ങള്‍ പങ്കുവയ്ക്കാന്‍ മറ്റുള്ളവരും കൂടെക്കൂടിക്കോട്ടെ.

ഉള്ളിലുള്ള ചില അധമബോധങ്ങളും ഭയങ്ങളുമാണ് നമ്മുടെ ആത്മവിശ്വാസം കെടുത്തുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പിന്നോട്ടടിക്കുന്ന ഇത്തരം ചിന്തകളെ അതിജീവിക്കാന്‍ അവയെ നേരിടുക എന്നതു തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. ചെയ്യാന്‍ ഭയക്കുന്ന ഈ കാര്യങ്ങളെ പലവട്ടം അഭിമുഖീകരിക്കണം. അഭിമുഖത്തെ നേരിടാന്‍ ഭയക്കുന്നവരുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്നവരുണ്ട്. അധികാരസ്ഥാനങ്ങളെ പേടിക്കുന്നവരുണ്ട്. നിറഞ്ഞ സദസ്സുകളെ നേരിടാന്‍ ധൈര്യമില്ലാത്തവരുണ്ട്. ഭയം എത്ര വലുതെങ്കിലും നിസ്സാരമെങ്കിലും അതിനെ നേരിടുക തന്നെ വേണം. ആദ്യമൊക്കെ പരാജയപ്പെട്ടേക്കാം. മെല്ലെ മെല്ലെ നിങ്ങള്‍ ആ ഭയത്തെ കീഴടക്കി തുടങ്ങുന്നു. അതോടെ വിജയത്തിലേക്കുള്ള പടവുകള്‍ മുന്നില്‍ തെളിയുകയായി. അങ്ങനെ കീഴടക്കേണ്ട ഭയങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റ് തയാറാക്കി അതിന് ഒരു കാലാവധി വച്ചു തന്നെ മുന്നേറുക.

ദുരനുഭവങ്ങളാണ് ഒരടി മുന്നാക്കം നടന്ന പലരെയും പത്തടി പിന്നാക്കം പായിക്കുന്നത്. പക്ഷേ, ആ അനുഭവങ്ങളെ ദുരന്തങ്ങളായല്ല കണക്കാക്കേണ്ടത്. മലവെള്ളം കരയില്‍നില്‍ക്കുന്ന മരങ്ങളെ കടപുഴക്കി കടന്നുപോകുമ്പോഴും പുതുമുളയ്ക്കു വേണ്ട എക്കല്‍ ആ ഭൂമിയില്‍ നിക്ഷേപിച്ചിട്ടുണ്ടാകും. അവിടെ വിത്തുവിതയ്ക്കുക എന്ന കര്‍മം മാത്രമേ നാം ചെയ്യേണ്ടതുള്ളു. അതുപോലയാണ് നോവനുഭവങ്ങളും. അവ കടന്നുപോകുമ്പോഴേക്കും നാം കുറച്ചുകൂടി കാമ്പും വളക്കൂറും ഉള്ളവരായി മാറിയിരിക്കും. 

അവനവനു വേണ്ടി കൂടി ജീവിക്കുക എന്നത് ജീവിതത്തിന്‍റെ ചിട്ടയാക്കുക. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു മാത്രമാകും നമുക്ക് ശീലം. ഭര്‍ത്താവിന് യാത്ര പോകേണ്ടപ്പോള്‍ അനുയാത്ര ചെയ്യുക, മക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യുക, അച്ഛനും അമ്മയ്ക്കും വേണ്ടി തീര്‍ഥയാത്ര ചെയ്യുക... ഇങ്ങനെ മാത്രം ശീലിച്ച നമുക്ക് ഇനി നമുക്കു വേണ്ടിക്കൂടി ചിലതു ചെയ്താലോ... ആഴ്ചയില്‍ ഒരിക്കലെങ്കിലും നമുക്കിഷ്ടമുള്ള വിഭവം തയാര്‍ ചെയ്യാം. വല്ലപ്പോഴും ഒരവധിക്കാലയാത്ര നമ്മുടെ സ്വപ്ന ഇടങ്ങളിലേക്കാകാം. അതും കുടുംബാംഗങ്ങളോടൊത്തു തന്നെ ആവണമെന്നില്ല. കൂട്ടുകാരോടൊത്തുമാകാം. അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒരു യാത്രയാകാം. അവനവനിലേക്ക് തിരിയുന്ന ധ്യാനം പോലെ  ഒന്ന്.

ആത്മവിശ്വാസങ്ങളുടെ വീണ്ടെടുപ്പുകളിലെല്ലാം അവനവന് പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. അതിനെ നാര്‍സിസം എന്നും ആത്മരതിയെന്നും അവനവനിസം എന്നുമൊക്കെ പുച്ഛിക്കാന്‍ ആളുണ്ടാകും. അത്തരം നെഗറ്റിവിറ്റികളുമായി വരുന്നവരില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ശീലമാണ് അവസാനമായി നാം ഉണ്ടാക്കിയെടുക്കേണ്ടത്. അതു കൂടിയായാല്‍ നാം നമ്മളെ സ്നേഹിച്ചുതുടങ്ങുകയായി... അവനവനില്‍ വിശ്വസിച്ചു തുടങ്ങുകയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com