ADVERTISEMENT

ലോക്ഡൗൺ കാലം അവസാനിക്കുകയാണ്. എന്നാൽ കൊറോണ എന്ന മാരകമായ വൈറസ് അതിന്റെ ആക്രമണം ഇതുവരെയും അവസാനിപ്പിച്ചിട്ടേയില്ല. ഓരോ വശത്തിലൂടെയും അത് അതിന്റെ ഭീകര സ്വഭാവം പുറത്തെടുത്തു കൊണ്ടേയിരിക്കുന്നു. ഈ ലോക്‌ഡൗൺ കാലത്ത് നടന്ന വാർത്തകളിലൂടെയൊന്ന് ഓടിപ്പാഞ്ഞു പോയാലും കാണാം വൈറസുകളുടെ വിളയാട്ടമെന്നു മനസ്സിലായി. എന്നാൽ അത് കൊറോണ എന്ന് പേരുള്ള വൈറസ്സല്ല. അനേകം പേരുകളുള്ള മറ്റൊരു കൂട്ടമാണ്. മനുഷ്യരാണ് ആ കൂട്ടം, പേരുകൾ വ്യത്യസ്തം, ഇരകൾ സ്ത്രീകൾ, കുട്ടികൾ, മൃഗങ്ങൾ, ദുർബലരായ മറ്റു പുരുഷന്മാർ, സെലിബ്രിറ്റികൾ, എന്നിവർ തന്നെ.

ജോലികളൊന്നുമില്ലാതെ വീട്ടിലിരിക്കുന്നവരുടെ വിനോദങ്ങളെന്തെല്ലാമായിരുന്നിരിക്കണം? സോഷ്യൽ മീഡിയയിൽ പൊറോട്ട ഉണ്ടാക്കലും ബക്കറ്റ് ചിക്കൻ മെക്കിങ്ങും ഒക്കെ വിഡിയോ സഹിതം ഷെയർ ചെയ്യൽ വളരെ കാര്യമായി ഉണ്ടായിരുന്ന സമയമായിരുന്നു. അടുക്കളയിൽ കയറാൻ താൽപര്യം കാട്ടിയ പുരുഷന്മാരുടെയും കാലമായിരുന്നു അത്. സ്ത്രീകൾക്കൊപ്പം നിന്ന് കൊണ്ട് ജോലിക്ക് സഹായിക്കുകയോ കുഞ്ഞുങ്ങളെ നോക്കുകയോ ഒക്കെ അവരും ചെയ്തു. സൂം മീറ്റിങ്ങിൽ ഇരിക്കുന്ന ഭാര്യയ്ക്ക് വേണ്ടി കാപ്പി തയ്യാറാക്കി കൊണ്ട് കൊടുത്തു, അങ്ങനെ കുടുംബത്തിൽ ആനന്ദം കൊണ്ട് നിറച്ച ഒരു കൂട്ടം മനുഷ്യരുടെ കൂട്ടത്തിൽ തന്നെയാണ്, ഭാര്യയെ ഉപദ്രവിക്കാനും പരിഹസിക്കാനും അവളെ ദ്രോഹിക്കാനും കൂടുതൽ സമയം അവളെ അടുത്ത് കിട്ടിയതിന്റെ ഭ്രാന്തിൽ ചില കൂട്ടങ്ങൾ നടന്നത്. അതിന്റെ ഇര തന്നെയാണ്, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബലാത്സംഗത്തിനിരയായാാ അമ്മയും അത് കണ്ടു നിൽക്കേണ്ട ഗതികേടുണ്ടായ കുഞ്ഞുമൊക്കെ ആ ഭ്രാന്ത് പിടിച്ച ആനന്ദങ്ങളുടെ ഇരകളാകുന്നു. 

ഒരു സ്ത്രീയുടെ അനുഭവം കേൾക്കൂ,

"ലോക്ഡൗൺ തുടങ്ങിക്കഴിഞ്ഞു അടുത്ത ദിവസം മുതൽ സ്വസ്ഥത നഷ്ടപ്പെട്ടതാണ്. രണ്ടാഴ്ചത്തേയ്ക്കുള്ള മദ്യം സ്റ്റോക്കുണ്ടായിരുന്നു അയാളുടെ കയ്യിൽ. ബിവറേജസ് അടച്ചതോടെ അയാൾക്ക് ഭ്രാന്തായി. കയ്യിൽ എന്ത് കിട്ടിയാലും എന്റെ മുഖത്തേക്ക് വലിച്ചെറിയും. പുറത്തേക്കിറങ്ങി പോകാൻ പോലും കഴിയാത്ത അവസ്ഥ. അമ്മയെ വിളിച്ച് പറഞ്ഞു കരയും. പ്രശ്നം ഇത്ര രൂക്ഷമാണെന്നു അവർക്കും അറിയില്ലായിരുന്നു. സത്യത്തിൽ അയാൾക്കിത്ര പ്രശ്നമുണ്ടെന്ന് ഞാനും അറിഞ്ഞിരുന്നില്ല. എന്നും ഓഫീസിൽ നിന്ന് വന്നാൽ ടിവിയുടെ മുന്നിൽ പിന്നെ മൊബൈൽ എടുത്ത് മറ്റൊരിടത്ത് പോയി അതിൽ നോക്കി ഇരിക്കൽ ഒക്കെയായിരുന്നു. ഞാൻ ശ്രദ്ധിക്കാൻ പോയിട്ടില്ല. മകനും അയാളെ ഭയമാണ്. എന്നെ ഉപദ്രവിക്കുന്നത് കാണാൻ വയ്യെന്നാണ് അവൻ പറയുക. ഞാനെന്തു ചെയ്യാനാണ്! ജോലിക്ക് പോകാനാകാതെ ആയതോടെ ആകെ പ്രശ്നമായി. എന്ത് ഉണ്ടാക്കിക്കൊടുത്താലും പ്രശ്നമാണ്. എന്റെ നെറ്റിയും ശരീരത്തിലെ പല ഭാഗങ്ങളും ഓരോന്ന് കൊണ്ട് തട്ടി പൊട്ടിയിരിക്കുകയാണ്. കൊല്ലുമെന്ന് തന്നെയാണ് ഞാൻ കരുതിയത്. ഓരോ വാർത്തകൾ കാണുമ്പൊൾ നെഞ്ചിടിപ്പ് വല്ലാതെ കൂടും. മോനെ കെട്ടിപ്പിടിച്ച് അവന്റെ മുറിയിൽ പോയിരിക്കും. ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വീട്ടിൽ നിന്ന് അനിയൻ വന്നു എന്നെയും മകനെയും കൊണ്ട് പോയി. അമ്മയുടെ കരച്ചിൽ ഇപ്പോഴും അടങ്ങിയിട്ടില്ല. പക്ഷേ, ഞാൻ അനുഭവിക്കുന്ന സമാധാനം പറഞ്ഞാൽ മനസ്സിലാകില്ല!"- ഇത് ഒരു അനുഭവം മാത്രം ബാക്കിയുള്ള അനുഭവങ്ങളിൽ ചിലതിൽ ഇതിനേക്കാൾ ചൂട് കൂടിയിരിക്കും ചിലതിൽ ലേശം കുറവുമായിരിക്കാം, എങ്കിലും അനുഭവിക്കുന്ന മനസ്സുകളുടെ ഉഷ്ണം ഒരേ പോലെയാണ്. അത് വേവുന്നതിന്റെ ബുദ്ധിമുട്ടും ഒരേ പോലെ തന്നെയാണ്.

എന്താണ് ഈ അടച്ചിടൽ കാലത്ത് ദുർബലരായ മനുഷ്യർ നേരിട്ട അതിക്രമങ്ങൾ? ഭാര്യയെ സുഹൃത്തുക്കൾക്ക് പങ്കു വച്ച് കൊടുത്ത് സ്വന്തം മകനെക്കൂടി ആ കാഴ്ചയുടെ ഭാഗമാക്കുമ്പോൾ നാളെ ആ കുഞ്ഞിന്റെ വളർച്ചയുടെ വഴിയിൽ ഉണ്ടായേക്കാവുന്ന മാനസികമായ ട്രോമാ എത്രമാത്രമായിരിക്കാമെന്നു ആർക്കെങ്കിലും ഊഹമുണ്ടോ? ഉപദ്രവിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വല്ലാതെ കണ്ടു കൂടിയിട്ടുണ്ട്, വലുതായിക്കഴിഞ്ഞാലും അതിൽ പലരും ആ അനുഭവത്തിന്റെ ഷോക്കിൽ നിന്നും പുറത്ത് വരാറില്ല. അതിൽ ആൺകുട്ടികളും പെണ്‍കുട്ടികളുമുണ്ട്. അതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരിക്കില്ല സ്വന്തം അമ്മയെ അച്ഛൻ ഉൾപ്പടെയുള്ളവർ ബലാത്സംഗം ചെയ്തത് കണ്ടു നിൽക്കേണ്ടി വന്ന കുട്ടിയുടെ മാനസികനിലയും. അതിൽ നിന്നും ഏറിയും കുറഞ്ഞും തന്നെയാവും കൊട്ടാരക്കരയിലെ ഉത്രയുടെ കുഞ്ഞിന്റെ മാനസിക നിലയും. എല്ലായിടത്തും ഇരകളാക്കപ്പെടുന്നത് കുഞ്ഞുങ്ങളും സ്ത്രീകളും തന്നെയാണ്. അല്ലെങ്കിൽ തൂക്കിലിടപ്പെടുന്ന പൂച്ചകൾ, ഭക്ഷണത്തിൽ തോട്ട വച്ച് വായ പൊട്ടി ചത്തു പോകപ്പെടുന്ന ആനകൾ, അതുമല്ലെങ്കിൽ ടിക് ടോക്ക് ആനന്ദങ്ങൾക്കു വേണ്ടി വാലിൽ ചുഴറ്റി അറിയപ്പെടുന്ന തെരുവ് നായ്ക്കൾ, അതുമല്ലെങ്കിൽ അവനവന്റെ സന്തോഷങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വരുമ്പോൾ അപഹസിക്കപ്പെടുന്ന പെൺ പ്രൊഫൈലുകൾ. മറ്റേതു കാലത്തേക്കാളും ഈ ഇരയാക്കപ്പെടൽ ഏറ്റവുമധികം വർധിച്ചു വന്നൊരു കാലമായിരുന്നു ലോക്ഡൗൺ എന്നും പറയാം. കൂടുതലും ഇരയാക്കപ്പെട്ടത് സോഷ്യൽ മീഡിയയിലും വീടിനുള്ളിലും ആണെന്ന് മാത്രം. അവനവന്റെ പരിധിയ്ക്ക് കീഴിൽ നിന്ന ഒന്നിനെയും വെറുതെ വിടാതെയിരിക്കാൻ വേട്ടക്കാരന് നന്നായി അറിയാമല്ലോ.

ഇതിനൊക്കെ എന്താണ് പരിഹാരമെന്നു പറയാൻ അറിയുന്നില്ല. തിരുവനന്തപുരത്ത് അമ്മയെ ഉപദ്രവിച്ച കേസിൽ മകന്റെ വേദന കൂടി അമ്മയോടൊപ്പം അഡ്രസ്സ് ചെയ്യേണ്ടതാണെന്നു പറയാതെ വയ്യ. ട്രോമകളിൽ നിന്നും രക്ഷപെടാൻ ആ കുഞ്ഞിന് കഴിയട്ടെ എന്നാഗ്രഹിക്കുന്നു. ഭാവിയിൽ അവനെയെങ്കിലും നല്ലൊരു "ആൺ"-കുട്ടി ആയി അല്ലാതെ നല്ലൊരു മനുഷ്യക്കുട്ടി ആക്കി വളർത്താൻ കഴിയട്ടെ എന്നുമാഗ്രഹിക്കുന്നു. അല്ലെങ്കിൽ ഇനിയങ്ങോട്ടുള്ള കാലങ്ങളിൽ മാതാപിതാക്കൾ നല്ല ബുദ്ധി പറഞ്ഞു കൊടുക്കേണ്ടത് ആൺകുട്ടികൾക്കാണ് എന്നാണ് തോന്നുന്നത്. - നീ മറ്റൊരു വെട്ടത്തിൽ പോകേണ്ടവളാണ്, അടക്കവും ഒതുക്കവും വേണം, ക്ഷമയും സഹനവും വേണം- എന്നൊക്കെ ഒരു പെൺകുട്ടിയെ പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം ആൺകുട്ടികളെ ഒരു പെൺകുട്ടിയുടെ ഒപ്പം സ്നേഹത്തോടെയും ബഹുമാനത്തോടെയും സഹജീവിതത്തിനു പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. സ്നേഹവും ബഹുമാനവും മാത്രമാണ് കൊടുത്താൽ തിരികെ കിട്ടുന്ന രണ്ടു കാര്യങ്ങൾ. അവ കൊടുക്കാതെ തിരികെ ലഭിക്കുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com