ADVERTISEMENT

‘പറ്റുന്നില്ല... ഇനി മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല... എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുട്ടികൾ...’ യൗവനം കടന്നു തുടങ്ങിയ അവർ ഇടയ്ക്കിടെ മുറിയുന്ന വാക്കുകളോടെ തന്റെ ജീവിതാവസ്ഥ തുറന്നു പറയുകയായിരുന്നു. ദാമ്പത്യ പ്രശ്നങ്ങളാണ് അവളെ ആ തീവ്രവിഷാദാവസ്ഥയിലെത്തിച്ചത്. ആരോടും ഒന്നും പറയാതെ, ഒറ്റയ്ക്ക് ആകാശം താങ്ങുന്ന അറ്റ്ലസിനെ പോലെ അവൾ എല്ലാം ഉള്ളിലടക്കി. ആദ്യമൊക്കെ ചെറിയ ഉൾവലിയലായിരുന്നു. പിന്നെ വസ്ത്രധാരണത്തിൽ പ്രകടമായ അലസതയും ജോലിയിൽ വീഴ്ചകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നെ സംസാരം നന്നേ കുറഞ്ഞു. പറയുന്നതു തന്നെ ആത്മഹത്യയെ കുറിച്ചായി. ആ ഘട്ടത്തിലാണ് ഞാൻ അവളോട് സംസാരിച്ചത്. നമുക്ക് ഒരു സൈക്കോളജിസ്റ്റിനെ കണ്ടാലോ എന്ന ചോദ്യത്തിന് മടി കൂടാതെ സമ്മതിച്ചു. അങ്ങനെയാണ് സൈക്കോളജിസ്റ്റിനെ സമീപിച്ചത്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ ശാരീരികാരോഗ്യ സ്ഥിതി വിലയിരുത്തി. ഗർഭപാത്രം ഒരു വർഷം മുൻപ് നീക്കം ചെയ്തിരുന്നു എന്നു കേട്ടപ്പോൾ അവർ ഹോർമോൺ വ്യതിയാനത്തെ കുറിച്ചു പറഞ്ഞുതന്നു. നല്ലൊരു സൈക്യാട്രിസ്റ്റിനെ വിളിച്ചു പരിചയപ്പെടുത്തിയും തന്നു. കൃത്യമായി മരുന്നുകളും തുടർന്ന് കൗൺസലിങ്ങും കൂടിയായപ്പോൾ അവൾ ജീവിതത്തിലേക്കു മടങ്ങിവന്നു. 

പിന്നെയും അലട്ടാൻ വന്ന ഭർത്താവിനോട് ശാന്തവും ശക്തവുമായ ഭാഷയിൽ തന്റെ നിലപാട് വ്യക്തമാക്കി. അവളുടെ നിശ്ചയദാർഢ്യം കണ്ട് അമ്പരന്നു പോയ അയാൾ പത്തി താഴ്ത്തി അനുരഞ്ജനത്തിനു തയാറായി. ഇപ്പോൾ വളരെ സന്തോഷവതിയായി ജീവിക്കുന്നുണ്ട് കക്ഷി. ‘അന്ന് സൈക്കോളജിസ്റ്റിനെ കാണാ‍ൻ തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഒരു മാസത്തിനകം ഞാൻ ആത്മഹത്യ ചെയ്തേനെ’ – അക്കാലത്തെ കുറിച്ച് അവൾ പറയാറുണ്ട്.  ചെറിയൊരു പ്രശ്നമുണ്ടായതിന്റെ പേരിൽ അവളെ ഭ്രാന്തിന്റെ ചികിത്സയ്ക്കു കൊണ്ടുപോയി എന്ന് പറഞ്ഞു കുറ്റപ്പെടുത്തിയവരുമുണ്ട്. അവരോട് തെല്ലുമില്ല നീരസം. പോയ നൂറ്റാണ്ടിൽ നിന്ന് ഇങ്ങോട്ടേക്കു വണ്ടി കിട്ടാതെ പോയ ചിലരാണേ... അവരവിടെ തന്നെ നിന്നു മുറുമുറുത്തോട്ടെ.

***

‌വിഷാദം – കവികളൊക്കെ അതിമനോഹരമായി വർണിച്ച അവസ്ഥയാണത്. പക്ഷേ, പേരു പോലെ അത്ര മനോഹരമല്ല അനുഭവം. അവസാനത്തെ തൂവലും നഷ്ടമായ പക്ഷിയുടെ അവസ്ഥയാണ് പലപ്പോഴും വിഷാദരോഗിയുടേത്. അഴലിന്റെ ആഴത്തിൽ നിന്നു പറന്നുയരാനുള്ള എല്ലാ വഴിയും അടഞ്ഞുപോകുകയാണ്. ചിലർ സ്വന്തമായി കണ്ടെത്തുന്ന മാർഗങ്ങളിലൂടെ – ക്രിയാത്മകമാകുക, വിശ്വസിക്കാവുന്നവരോട് മനസ്സ് തുറക്കുക, പ്രിയപ്പെട്ടവരുടെ തോളിൽ ചാരി മുന്നോട്ടുപോവുക, നിലവിലെ സാഹചര്യങ്ങളിൽ നിന്ന് ഒന്നു മാറിനിൽക്കുക അങ്ങനെയങ്ങനെ– പലപ്പോഴും വിഷാദാവസ്ഥയെ മറികടക്കും. പക്ഷേ, ചിലർക്ക് അത്രയ്ക്ക് എളുപ്പമല്ല കാര്യങ്ങൾ. അവർക്ക് വിദഗ്ധ സഹായം കൂടിയേ തീരൂ. എന്നാൽ ഇത്തരക്കാരെ സഹായിക്കാൻ പലപ്പോഴും കുടുംബം പോലും കൂടെയുണ്ടാകില്ല. വിഷാദത്തിനു ചികിത്സ തേടുകയെന്നാൽ വലിയൊരു മാനക്കേടെന്നു വിശ്വസിക്കുന്നവരുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത്തരമൊരു അവസ്ഥയുണ്ടായാൽ കുറ്റപ്പെടുത്തിയും ശാസിച്ചും മൂടിവയ്ക്കാനേ അവർ ശ്രമിക്കൂ. ഒടുവിൽ തങ്ങളുടെ പിടിവിട്ട് വിഷാദരോഗി ഏറ്റവും മോശമായ അവസ്ഥയിലേക്കോ മരണത്തിലേക്കോ പോകുമ്പോൾ മാത്രമേ ഇവർക്കു തിരിച്ചറിവുണ്ടാകൂ...

മുൻപത്തെക്കാൾ വിഷാദരോഗികളുടെ എണ്ണം കൂടിവരിയാണ്. പക്ഷേ, അത് അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന അവബോധവും വർധിച്ചിട്ടുണ്ട്. മാറിയ ജീവിതസാഹചര്യങ്ങളാണ് വിഷാദരോഗം  ഏറാൻ കാരണം. തിരിച്ചറിവാകുന്ന കാലം മുതൽ പ്രതീക്ഷകളുടെ ഭാരം പേറാൻ വിധിക്കപ്പെട്ട ഒരു തലമുറയാണ് ഇന്നത്തെ യുവാക്കൾ. പഠനകാലം മുഴുവൻ അച്ഛനമ്മമാർ അവരിൽ അർപ്പിക്കുന്ന പ്രതീക്ഷകൾ. പഠിച്ച് ഒരു ജോലി കിട്ടിയാലോ... അവിടെയും ടാർഗറ്റുകളും എക്സ്ട്രാ മൈലുകളും. സ്ത്രീകൾക്കാകട്ടെ, പലപ്പോഴും ഓഫിസിനൊപ്പം വീട്ടുകാര്യങ്ങൾ ഒറ്റയ്ക്കു നോക്കിനടത്തേണ്ടി വരും. പങ്കാളിയിൽ നിന്ന് ലഭിക്കുന്ന ഒരുകൈ സഹായം പോലും ആഘോഷിക്കപ്പെടുന്നിടത്താണ് 90 ശതമാനത്തിലേറെ ഉത്തരവാദിത്തങ്ങളും അവൾ ഒറ്റയ്ക്ക് പേറേണ്ടി വരുന്നത്. സിനിമയോ, മോഡലിങ്ങോ മറ്റു 

കലാരംഗങ്ങളിലോ ഒക്കെയാണെങ്കിൽ പ്രതീക്ഷിക്കുന്ന വിജയം പലരെയും തേടിയെത്താറില്ല. ഇതു നിരാശയ്ക്ക് വളമാകുന്നു. മൊബൈൽ ഫോൺ അടക്കമുള്ള സാങ്കേതിക പുരോഗതി മൂലം പ്രണയിക്കാൻ അവസരങ്ങളേറിയതോടെ പ്രണയവും പ്രണയനഷ്ടവും അതിലെ വഞ്ചനകളുമെല്ലാം കൂടുതലായി.  പ്രണയിച്ച (?) ശേഷം സാമ്പത്തിക നേട്ടമുണ്ടാക്കുകയോ, ശാരീരികബന്ധം സ്ഥാപിക്കുകയോ ഒക്കെ ചെയ്തിട്ട് എന്തെങ്കിലും ഒരു കാരണമുണ്ടാക്കി പിരിഞ്ഞുപോകുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട്. അവർക്ക് ഇതൊരു നേരമ്പോക്കോ, ജീവിതമാർഗമോ ഒക്കെയാകും. പക്ഷേ, യഥാർഥത്തിൽ പ്രണയിച്ച ശേഷം വഞ്ചിക്കപ്പെടുന്നയാൾക്ക് അതൊരു മുറികൂടാ നോവായി അവശേഷിക്കും. വിവാഹിതരാണെങ്കിൽ വിഷയം മറ്റാരും അറിയാതെ സൂക്ഷിക്കുക എന്ന കൊടിയ തലവേദന കൂടി ആകുന്നതോടെ പലരും വിഷാദത്തിലേക്ക് മുങ്ങാംകുഴിയിടുകയാണ്. എന്നാൽ തക്കസമയത്ത് ഇടപെടാൻ കഴിയുന്ന ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഇലയ്ക്കു കേടില്ലാതെ, വേണമെങ്കിൽ മുള്ളിന്റെ മുനയൊടിച്ചു തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. അതിനു ശേഷം നോവാറാതെ ജീവിക്കുന്നവർക്ക് ചെറിയൊരു കൈത്താങ്ങ് കൊടുക്കുക. ‘ഏതു രാവിലും ഞാൻ ഇവിടെ നിനക്കായി ഉണർന്നിരിക്കാ’മെന്ന ഒരുറപ്പും.

വിഷാദികളുടെ പ്രശ്നങ്ങൾക്ക് കൂട്ടുനടത്തക്കാരാകുന്നത് നല്ല കാര്യമാണെങ്കിലും അത് അത്ര എളുപ്പമല്ല. എംപതി (തന്മയീഭാവം) കൂടുതലുള്ളവരാണെങ്കിൽ പതിവായി വിഷമങ്ങൾ കേട്ടുകേട്ട് നമ്മുടെ മനോനിലയിലും മാറ്റങ്ങൾ വരാം. അതുകൊണ്ട്, മാനസികമായി അൽപം അകലം സൂക്ഷിച്ചുവേണം ഇത്തരം കഥകൾ കേൾക്കാൻ. മാത്രമല്ല, അവരെ ചേർത്തുപിടിക്കുന്നുവെങ്കിൽ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാതിരിക്കുക. നമ്മുടെ കൈപ്പിടിയിൽ നിൽക്കുന്നില്ലെന്നു കണ്ടാൽ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി കൗൺസലിങ്ങിന് എത്തിക്കേണ്ടതും നമ്മുെട കടമയാണ്. അല്ലെങ്കിൽ നീട്ടിയ കൈ പിൻവലിക്കുന്നിടത്തു വച്ച് അവർ കയറിവന്നതിന്റെ ഇരട്ടി ആഴത്തിേലക്കു വീണുപോയേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com