sections
MORE

ഇത്തരമൊരു സ്ത്രീയെ ഏതു പുരുഷനാണ് ഉപേക്ഷിക്കാനാവുക? ധീരയാണ് അവൾ

487536312
പ്രതീകാത്മക ചിത്രം
SHARE

വൈധവ്യം അല്ലെങ്കിൽ വിവാഹമോചനം. ഈ അവസ്ഥയെ ധീരതയോടെ, ചിലപ്പോൾ അതിമനോഹരമായി തന്നെ നേരിടുന്ന ചിലരെ കണ്ടിട്ടുണ്ട്. എന്റെ സൗഹൃദപ്പട്ടികയിലുള്ള, വല്ലപ്പോഴും മാത്രം ഇൻബോക്സിൽ വരുന്ന ഒരു കൂട്ടുകാരിയുണ്ട്. എന്നെക്കാൾ പത്തു വയസ്സെങ്കിലും ഇളപ്പം. ഞാൻ കാണുന്ന കാലത്ത് അവൾ സ്വന്തം വീട്ടിൽ ഒരുപാട് വർഷം ചെലവഴിച്ച്, ടീനേജിലേക്ക് എത്തുന്ന മകളുമായി ഏതാണ്ടൊരു ഒറ്റപ്പെടലിന്റെ അവസ്ഥയിൽ കഴിയുകയായിരുന്നു. ഫാഷൻ ഡിസൈനിങ് ഒക്കെ പഠിച്ച കുട്ടിയാണ്. പക്ഷേ, പ്രവർത്തിക്കാൻ സാഹചര്യമില്ല. ഒരിക്കൽ ഇൻബോക്സിൽ വന്ന് അവൾ സ്വന്തം കഥ പറഞ്ഞു. ധൈര്യമായി പുറത്തേക്ക് ഇറങ്ങാൻ അവളോട് പറഞ്ഞു. കുറച്ചു കാലം കഴിഞ്ഞു കാണുന്നത് അതിമനോഹരിയായ ഒരു ചിത്രശലഭത്തെയാണ്. പഠിച്ച തൊഴിലിൽ മികവ് തേടി, തന്റേടത്തോടെ എഴുതാനും പറയാനും പഠിച്ച്, പ്രിയപ്പെട്ടവരുടെ ഓർമകളെ ചിറകുകളാക്കി അവൾ പറക്കുകയാണ്. വല്ലപ്പോഴുമേ ഇൻബോക്സിൽ സംസാരിക്കാറുള്ളൂ. പക്ഷേ അവളുടെ പോസ്റ്റുകൾ കാണുന്നതു പോലും ഇന്ന് ആനന്ദമാണ്. വിഷാദത്തിന്റെ പടുകുഴിയിൽ എത്രമാത്രം ആത്മവിശ്വാസം നിറച്ചാവണം അവൾ ഉയർന്നുവന്നത്...

ഈയടുത്താണ് ‘വൺസ് എഗെയ്ൻ’ എന്ന സിനിമ കണ്ടത്. അൻപതുകളിൽ നിൽക്കുന്ന രണ്ടു പേരുടെ പ്രണയം. ഒരാൾ വളരെ ചെറുപ്പത്തിലേ ഭർത്താവിനെ നഷ്ടമായവൾ, മറ്റെയാൾ വിവാഹമോചിതൻ. ചെറിയൊരു റസ്റ്ററന്റ് നടത്തി മക്കൾക്കു വേണ്ടി ജീവിച്ച താരയും ഒരുപാട് ആരാധകരാൽ ചുറ്റപ്പെട്ട സമ്പന്നനായ അമറും. രാത്രി വൈകിയ നേരങ്ങളിലെ ഫോൺ സംഭാഷണങ്ങളിൽ കൂടി തുടങ്ങിയ ചങ്ങാത്തം കരുണയും ശോകവും നിറഞ്ഞ ഏതോ രാഗത്തിലുള്ള പാട്ട് പോലെ നീങ്ങുകയാണ്. മുറുകിയ ചുണ്ടുകളോടെ ഉയർത്തിക്കെട്ടിവച്ച മുടിയോടെ റസ്റ്ററന്റിന്റെ അടുക്കളയിൽ ഓടിപ്പായുന്ന താരയല്ല, അമറിനെ കണ്ടുമുട്ടിയ ശേഷമുള്ള താര. അടുത്തിടെ കണ്ട ‘വരനെ ആവശ്യമുണ്ട്’ സിനിമയിൽ ശോഭനയ്ക്കു വരുന്ന മാറ്റം ഓർമയില്ലേ. അതിനൊക്കെ നൂറു മടങ്ങ് അപ്പുറമാണ് താരയുടെ മാറ്റം. പക്ഷേ, അതു വേഷത്തിലല്ല പ്രകടമാകുന്നത്, കണ്ണുകളുടെ തിളക്കത്തിലും അൽപം പിശുക്കോടെ വിരിയുന്ന ചിരിയിലുമാണ്. ഷെഫാലി ഷാ അവതരിപ്പിക്കുന്ന താരയുടെ മങ്ങിയ നിറത്തിലുള്ള, അലസമായ ആ കോട്ടൺ സാരികൾക്കു പോലും എന്തൊരു മനോഹാരിതയാണ്. മുൻപെങ്ങോ ഉപേക്ഷിച്ച നൃത്തത്തിന്റെ ഓർമ നഷ്ടമാകാത്ത കൈവിരലുകൾ പോലും മുദ്രകളായാണ് ചലിക്കുന്നത്. കാമുകനിൽ നിന്നുണ്ടാകുന്ന ഇടംകൺ അവഗണനയെ പോലും എത്ര ധീരമായാണ് അവൾ നേരിടുന്നത്. അത്തരമൊരു സ്ത്രീയെ ഏതു പുരുഷനാണ് ഉപേക്ഷിക്കാനാവുക...

ഇതു പ്രണയത്തിലായവളുടെ കഥ. ഇനി പ്രണയിച്ചില്ലെങ്കിലും അവനവന്റെ സന്തോഷത്തിന്റെ വഴികൾ കണ്ടെത്താവുന്നതല്ലേ. കാലിക പ്രസക്തമായ നാലു വിഷയങ്ങൾ കൈകാര്യം ചെയ്യു ‘ഐ ആം’ എന്ന ഹിന്ദി ചിത്രത്തിലെ ആദ്യ ഭാഗത്തിൽ നന്ദിത ദാസ് അവതരിപ്പിക്കുന്ന കഥാപാത്രം അത്തരത്തിൽ ഒരുവളാണ്. ഒരു കുഞ്ഞിനു വേണ്ടി ദാഹിക്കുന്ന അവൾ ഒരു ഘട്ടത്തിൽ കണ്ടെത്തുന്നു, ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീയുണ്ടെന്ന്. അയാൾ അവർക്കൊപ്പം ഇറങ്ങിപ്പോവുന്നതോടെ പുരുഷന്മാരിൽ അവൾക്ക് വിശ്വാസം നഷ്ടമാകുന്നു. എന്നിട്ടും കുഞ്ഞിനു വേണ്ടിയുള്ള മോഹം മാറ്റിവയ്ക്കാനാകുന്നില്ല. അങ്ങനെ അവൾ കൃത്രിമ ബീജസങ്കലന മാർഗത്തിലേക്ക് തിരിയുന്നു. കൂട്ടുകാരിയും അവളുടെ തന്നെ അന്തസംഘർഷങ്ങളും പിന്നാക്കം വലിക്കുന്നുവെങ്കിലും ഒടുവിൽ തന്റെ സ്വപ്നത്തിലേക്ക് അവൾ ആദ്യ ചുവടു വച്ചു. അതിനു ശേഷം എത്രയോ സന്തോഷവതിയായാണവൾ ജീവിതത്തിലേക്ക് മടങ്ങുന്നത്.

അതേ... ഇതെല്ലാം ചോയ്സുകളാണ്. സന്തോഷത്തിലേക്കുള്ള ചോയ്സുകൾ. ജീവിതത്തിൽ സംഭവിച്ചു പോയ ദുരന്തത്തെ ഓർത്ത് കരഞ്ഞു കൊണ്ടിരിക്കുന്നവരെ കണ്ടിട്ടുണ്ട്. അവർ എക്കാലവും കരയും. ചുറ്റുമുള്ളവരിൽ മുഴുവൻ വിഷാദം പരത്തുകയും ചെയ്യും. പകരം ആ സങ്കടം ഉള്ളിൽ സൂക്ഷിച്ചുകൊണ്ടു തന്നെ സന്തോഷങ്ങൾ കണ്ടെത്താവുന്നതല്ലേ... ഏതെങ്കിലും തരത്തിലുള്ള പാഷനുകൾ, ഹോബികൾ, ഇഷ്ടങ്ങൾ എല്ലാവർക്കും ഉണ്ടാകുമല്ലോ. എത്ര സങ്കടത്തിൽ നിൽക്കുമ്പോഴും അതിലൊന്നെങ്കിലും വീണ്ടെടുത്തു കൂടേ... ഏതിരുട്ടിലും വിശ്വസിക്കാവുന്ന പ്രിയപ്പെട്ട ഒരാളെങ്കിലും എല്ലാവർക്കും ഉണ്ടാവില്ലേ. ആ ആളോടൊത്ത് സമയം ചെലവഴിക്കുമ്പോളെങ്കിലും സന്തോഷമായി ഇരിക്കാമല്ലോ... അവിടെനിന്നു കിട്ടുന്ന സ്നേഹകിരണം ചുറ്റുമുള്ളവരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യാം. ജീവിതത്തിൽ നേടിയെടുക്കാൻ കഴിയാതെ പോയ സ്വപ്നങ്ങളുണ്ടാകില്ലേ. അവ സാക്ഷാത്കരിക്കാൻ ശ്രമിക്കാം. അതിനു പകരം എന്തിനാണ് ഇരുണ്ട കാലങ്ങളെ വീണ്ടും വീണ്ടും തിരികെ വിളിക്കുന്നത്, അതെക്കുറിച്ച് പേർത്തും പേർത്തും പറയുന്നത്. അവനവന്റെ മനസ്സിൽ മാത്രമല്ല, മറ്റുള്ളവരിലേക്കും ഇരുണ്ട ചിന്തകൾ കടത്തിവിടാനേ ഇത് ഉപകരിക്കൂ. കുറച്ചു കാലം കഴിയുമ്പോൾ ചുറ്റിനും നിൽക്കുന്നവർ പതിയെ അകന്നുപോകുകയാകും ഫലം. സൂര്യനും ചന്ദ്രനും താരകളും തഴച്ച പച്ചപ്പും പാടും കിളികളും ഓമന മൃഗങ്ങളും കാരുണ്യം, സ്നേഹം, പ്രണയം, സന്തോഷം ഒക്കെ പങ്കുവയ്ക്കുന്ന മനുഷ്യരും ഈ ലോകത്തല്ലാതെ മറ്റൊരിടത്തും ഉണ്ടാവുമെന്നു തോന്നുന്നില്ല. അതിനാൽ ഇവിടെ കിട്ടിയ ഇത്തിരി കാലം സന്തോഷത്തിന്റെ പക്ഷത്തേക്കു കൂറുമാറിക്കൂടേ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA