sections
MORE

ദശലക്ഷം ഡോളർ നൽകി പീഡനക്കേസ് ഒതുക്കാൻ വെയ്ൻസ്റ്റിൻ; സ്ത്രീകളോടുള്ള അനീതിയെന്ന് കോടതി

Harvey Weinstein
ഹാർവെ വെയ്ൻസ്റ്റിൻ
SHARE

ലൈംഗിക പീഡന ആരോപണക്കേസില്‍ ഹോളിവുഡ് മുന്‍ നിര്‍മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റൈയിന് വീണ്ടും തിരിച്ചടി. വെയ്ന്‍സ്റ്റെയിന്‍ തുടര്‍ച്ചയായി പീഡിപിച്ചു എന്നാരോപിച്ച ഒരു യുവതിക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് കോടതിയില്‍ പരാജയപ്പെട്ടത്. തൊഴില്‍ സ്ഥലത്തും വീട്ടിലും തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചു എന്നാണ് യുവതി ആരോപിച്ചിരുന്നത്. 18.9 ദശലക്ഷം ഡോളര്‍ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു ശ്രമം. 

ഒത്തുതീര്‍പ്പിനുള്ള ശ്രമം പീഡിപ്പിക്കപ്പെട്ട സ്ത്രീയോടുള്ള തികഞ്ഞ അന്യായമാണെന്നു ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക്ട് ജഡ്ജി അല്‍വിന്‍ ഹെല്ലെര്‍സ്റ്റെയിന്‍ ആണ് കേസ് തീര്‍ക്കാനുള്ള ശ്രമം തടഞ്ഞത്. ഇങ്ങനെ കേസ് ഒത്തുതീര്‍ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയും മറ്റു സ്ത്രീകളും തമ്മില്‍ എന്താണു വ്യത്യാസമെന്നും ജഡ്ജി ചോദിച്ചു. 

നിരന്തരമായ കോടതിനടപടികളില്‍ വശം കെട്ട വയോധികനും രോഗിയുമായ വെയ്ന്‍സ്റ്റെയിനിനെ സഹായിക്കാന്‍ നടക്കുന്ന നീക്കത്തെയും ജഡ്ജി വിമര്‍ശിച്ചു. മുന്‍ നിര്‍മാതാവിന്റെ കോടതി നടപടികളില്‍ സഹായിക്കാന്‍ പ്രതിരോധ ഫണ്ട് ഉണ്ടാക്കാന്‍ നീക്കമുണ്ടായിരുന്നു. ഈ നീക്കത്തെയാണ് ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചത്. ഇത്തരം ശ്രമങ്ങള്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളോടുള്ള പൂര്‍ണായ അനീതിയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 

മുന്‍ നിര്‍മാതാവിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളെല്ലാം അപകടമേഖലയില്‍ ആണെന്ന് അവര്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷക എലിസബത്ത് ഫാഗന്‍ ചൂണ്ടിക്കാട്ടി. എന്തായാലും പുതിയ നീക്കം കോടതിയില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് വെയ്ന്‍സ്റ്റെയിനിന്റെ അഭിഭാഷകര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടി്ല്ല. 

ഭീഷണികളും മറ്റും അതിജീവച്ചാണ് ഒരു കൂട്ടം സ്ത്രീകള്‍ വൈകിയാണെങ്കിലും ഹോളിവുഡില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെട്ട, സ്വാധീനശേഷിയുണ്ടായിരുന്ന നിര്‍മാതാവിനെതിരെ കേസുമായി മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ കോടതി തള്ളിക്കളഞ്ഞ ഒത്തുതീര്‍പ്പുശ്രമം വിജയിച്ചിരുന്നെങ്കില്‍ പരാതിപ്പെട്ട സ്ത്രീകള്‍ക്ക് തുച്ഛമായ തുക മാത്രം ലഭിച്ച് കേസുകള്‍ ഇല്ലാതായേനേ. 

ഇപ്പോള്‍ 68 വയസ്സുള്ള വെയ്ന്‍സ്റ്റെയിന്‍ കഴിഞ്ഞ ഫെബ്രുവരി 24 ന് കോടതി പീഡനക്കേസില്‍ വിധിച്ച 23 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കെതിരെ യാണ് അപ്പീല്‍ സമര്‍പ്പിച്ച് പോരാടുന്നത്. മുന്‍ പ്രൊഡക്‍ഷന്‍ അസിസ്റ്റന്റിനെയും അവസരം ചോദിച്ചെത്തിയ നടിയെയും പീഡിപ്പിച്ചെന്ന ആരോപണമാണ് ഈ കേസില്‍ അദ്ദേഹം നേരിടുന്നത്. ലൊസാഞ്ചല്‍സില്‍ അദ്ദേഹത്തിനെതിരെ സമാനമായ മറ്റ് കേസുകളും നിലവിലുണ്ട്. 

വെയ്ന്‍സ്റ്റെയിനെതിരെ പീഡന ആരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്തുവന്നതിനെത്തുടര്‍ന്നാണ് ലോകവ്യാപകമായി ‘ മീ ടൂ’  എന്ന സ്ത്രീകളുടെ വിമോചനപ്പോരാട്ടം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി അധികാരവും സ്വാധീനവും മറയാക്കി പീഡിപ്പിച്ച പുരുഷന്‍മാര്‍ക്കെതിരെ ഇന്ത്യയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ രംഗത്തു വന്നിരുന്നു. പല രാജ്യങ്ങളിലും കോടതി നടപടികള്‍ ഇപ്പോഴും തുടരുകയാണ്. പലര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ നഷ്ടമായി. അപമാനിക്കപ്പെട്ട്, ദയനീയ സ്ഥിതിയില്‍ കോടതികള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് പലരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA