ADVERTISEMENT

ഉന്നത പദവികളില്‍ ആദ്യം എത്തുന്ന വനിതകളെ വാഴ്ത്തുന്നതു കുറച്ചുനാളായുള്ള പതിവാണെങ്കിലും അതു കൊണ്ടു മാത്രം സ്ത്രീ പുരുഷ സമത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവില്ലെന്ന അഭിപ്രായങ്ങളും ഉയരുന്നു. ബ്രിട്ടനിലെ ആദ്യത്തെ മെട്രൊപൊളിറ്റന്‍ പൊലീസ് കമ്മിഷണറായി ക്രെസിഡ ഡിക്ക് നിയമിതയാകുന്നു. ലിബറല്‍ ഡെമോക്രാറ്റുകളുടെ ആദ്യത്തെ വനിതാ നേതാവായി ജോ സ്വിന്‍സന്‍ തിരഞ്ഞെടുക്കപ്പെടുന്നു. റോയല്‍ ബാങ്ക് സ്കോട്‍ലന്‍ഡിന്റെ ആദ്യ വനിതാ സിഇഒ ആയി അലിസന്‍ റോസ്. ഓരോ നിയമനവും സ്ത്രീ മുന്നേറ്റത്തിന്റെ വിജയഗാഥകളായാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. 

എന്നാല്‍ ഈ പതിവു കൊണ്ടു മാത്രം സ്ത്രീ മുന്നേറ്റം സാക്ഷാത്കരിക്കപ്പെടാനാവില്ലെന്ന തിരിച്ചറിവും ബ്രിട്ടനില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. 1918 ലാണ് ആദ്യത്തെ വനിതാ എംപിയെ ബ്രിട്ടന്‍ തിര‍ഞ്ഞെടുത്തത്. ഒരു നൂറ്റാണ്ടിനുശേഷവും  വനിതാ എംപിമാര്‍ കൊല്ലപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. ലൈംഗിക പീഡനം നേരിടുന്നവരുണ്ട്. ഔദ്യോഗിക പദവികള്‍ വലിച്ചെറിയേണ്ടി വരുന്നവരുണ്ട്. സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിന് ഇരയാകുന്നവരുണ്ട്. മെറ്റേണിറ്റി ലീവ് എടുത്തതിന്റെ പേരില്‍ ജോലി നഷ്ടമാവുന്നവരുണ്ട്. റോള്‍ മോഡലുകള്‍ എല്ലാ രംഗത്തും വേണം. അവര്‍ക്കെതിരെയല്ല പുതിയ ചിന്താഗതി വ്യാപകമാകുന്നത്. പകരം ഒന്നോ രണ്ടോ ഉന്നത പദവികളില്‍ മാത്രമായി നിര്‍ത്താതെ സ്ത്രീകളുടെ മുന്നേറ്റം യാഥാര്‍ഥ്യമാകേണ്ടതിനെക്കുറിച്ചാണ്. 

ഒരു ഓഫിസില്‍ ഒരു സ്ത്രീ വന്നതുകൊണ്ടുമാത്രം മാറ്റം ഒറ്റയടിക്കു വരില്ല എന്നതാണ് സത്യം. എത്ര കഴിവുറ്റ ഉദ്യോഗസ്ഥയാണെങ്കിലും. എത്ര വലിയ നേട്ടങ്ങള്‍ കരിയറില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാലും. വൈവിധ്യത്തിന്റെ നേട്ടങ്ങള്‍ കൊയ്യണമെങ്കില്‍ ഒന്നിലധികം സ്ത്രീകള്‍ എല്ലാ രംഗത്തും വേണം. അതു ട്രെന്‍ഡ് ആയിത്തന്നെ മാറണം. ലണ്ടനിലെ പ്രശസ്തമായ 350 പബ്ലിക് ലിമിറ്റഡ് കമ്പനികളെക്കുറിച്ചുള്ള ഒരു പഠനം ഈയടുത്ത കാലത്തു പുറത്തുവന്നു. കമ്പനികളുടെ ഡയറക്ടര്‍മാരില്‍ മൂന്നുപേരില്‍ ഒരാളെങ്കിലും വനിതയാണെങ്കില്‍ ആ കമ്പനി സൃഷ്ടിക്കുന്ന ലാഭം മികച്ചതാണെന്നാണ് പഠനം പറയുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു വനിതയെങ്കില്‍പ്പോലും മാറ്റം പ്രകടമാണെന്നും  പഠനം പറയുന്നു. 2020 ആകുമ്പേഴേക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ 33 ശതമാനം വനിതകള്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു 2016 ലെ ലക്ഷ്യം. എന്നാല്‍ ഇപ്പോഴും ലക്ഷ്യത്തിന്റെ അടുത്തുപോലും എത്തിയിട്ടില്ല. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഉന്നതപദവിയിലെ ഒന്നോ രണ്ടോ സ്ത്രീകള്‍ മാറ്റം കൊണ്ടുവരില്ല എന്ന ചിന്താഗതി പ്രാമുഖ്യം നേടുന്നത്. 

നിലവിലിരിക്കുന്ന സ്ഥാപന സമ്പ്രദായങ്ങള്‍ സ്ത്രീകളല്ല കൊണ്ടുവന്നത്. അത് ഇപ്പോഴത്തെ നിലയിലാക്കുന്നതിലും സ്ത്രീകളല്ല പുരുഷന്‍മാരാണ് കാലാകാലങ്ങളില്‍ നിയമങ്ങളും നിയമഭേദഗതികളും കൊണ്ടുവന്നത്. അത്തരമൊരു സമ്പ്രദായം ഒരിക്കലും സ്ത്രീകള്‍ക്ക് അനുകൂലമായിരിക്കില്ല എന്നതാണ് വലിയൊരു സത്യം. 30 ശതമാനത്തിലധികം സ്ത്രീകളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന നിയമം വന്നിട്ടുപോലും ഫലമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഉന്നതപദവിയില്‍ ഒരു സ്ത്രീ എത്തുമ്പോള്‍ അവര്‍ ഏതു പശ്ചാത്തലത്തില്‍നിന്നാണ് എത്തിയത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ ഏതൊക്കെ മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നും. പുതിയ തലമുറയ്ക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ അവര്‍ക്കു കഴിയുന്നു എന്നും. ഒരു സ്ഥാനം നേടുന്നതില്‍ മാത്രം ലക്ഷ്യം ഒതുക്കപ്പെടുകയാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി തന്നെ തുടരും. അതായത് സ്ത്രീ-പുരുഷ സമത്വം എന്നത് വിദൂരസ്വപ്നമായിത്തന്നെ തുടരും. ഒരു എണ്ണകമ്പനിയുടെ തലപ്പത്ത് വനിത എത്തി എന്നതുകൊണ്ടുമാത്രം എണ്ണ സംസ്കരണത്തിന്റെ രീതികള്‍ മാറുന്നില്ല എന്നതാണ് ഇതിനെക്കുറിച്ച് ചിലര്‍ സരസമായി പറയുന്നത്.

English Summary: Public Opinion towards Women's workplace politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com