sections
MORE

‘കഞ്ഞി തരാമെന്നു പറഞ്ഞാ അവരെന്നെ കൊണ്ടു പോയത്’; അമ്മയല്ലേ, എന്തിനായിരുന്നു ഈ വൈകൃതം?

rape
SHARE

എവിടെയാണ് ദൈവമേ ഞങ്ങൾ സ്വസ്ഥമായി ജീവിക്കേണ്ടത്? എഴുപത്തിയഞ്ച് വയസ്സുള്ള സ്ത്രീ വരെ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന നാട്ടിൽ എത്രമാത്രം ഇൻസെക്യൂരിറ്റി ആണ് ഒരു സ്ത്രീ അനുഭവിക്കുന്നത് എന്നോർത്തിട്ടുണ്ടോ? ഡൽഹിയിൽ പാതിരാത്രിയിൽ ഒരു പെൺകുട്ടി ഉപദ്രവിക്കപ്പെട്ടപ്പോൾ എല്ലാവരും പറഞ്ഞത് അവൾ ഒരാവശ്യവുമില്ലാതെ ഇറങ്ങി നടന്നതുകൊണ്ടാണ് എന്നാണ്. എന്തിനാണ് ‘അസമയത്ത്’ ബോയ്ഫ്രണ്ടിനൊപ്പം അവൾ ചുറ്റി നടക്കുന്നത്! എന്നാൽ കഴിഞ്ഞ ദിവസം കോലഞ്ചേരിയിലാണ് പ്രായമേറെയുള്ള ഒരു സ്ത്രീ പട്ടാപ്പകൽ അതിക്രൂരമായി അപമാനിക്കപ്പെട്ടത്. അവിടെയെന്താവും സംഭവിച്ചിട്ടുണ്ടാവുക? അവരുടെ വസ്ത്രമാണോ അതോ അസമയത്തുള്ള അവരുടെ സ്വന്തം നാട്ടിലെ ‘കറങ്ങി നടപ്പോ?’

‘പൊകയിലയും കഞ്ഞിയും തരാമെന്നു പറഞ്ഞാ അവരെന്നെ കൂട്ടിക്കൊണ്ടു പോയത്’, എന്നാണ് ആശുപത്രിയിലേക്കു പോകും വഴി, രക്തത്തിൽ കുളിച്ച ആ അമ്മ സ്വന്തം മകനോട് പറഞ്ഞത്. അതും പരിചയമുള്ള ഒരു സ്ത്രീയാണ് ആ അമ്മയെ വിളിച്ചുകൊണ്ടു പോയതും. സ്വന്തം നാട്ടിൽ അറിയുന്ന ഒരു സ്ത്രീ പുകയില നൽകാമെന്ന് പറയുന്നത് എങ്ങനെ അശ്ലീലമാകും? സ്ഥിരമായി മുറുക്കുന്നവർക്ക് പ്രത്യേകിച്ച് പ്രായമായവർക്ക് അതിന്റെ ബുദ്ധിമുട്ടുകൾ നന്നായി അറിയാം. കിട്ടുന്നിടത്ത് നിന്ന് അവരത് നേടിയെടുക്കും. ഈ പ്രായത്തിൽ ഇനി തനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നിരിക്കണമല്ലോ! അങ്ങനെയൊന്നും അവർ ഓർത്തിട്ടേയുണ്ടാകില്ല, മാത്രമല്ല പരിചയമുള്ള സ്ത്രീയാണ് വിളിക്കുന്നത്. അമ്മയ്ക്ക് ഓർമ്മക്കുറവ് ഉണ്ടെന്നു മകൻ പറയുന്നുണ്ട്. എന്നാൽ അതൊന്നും ഈ വിഷയത്തിൽ നീതികരിക്കാനുള്ള വാക്കുകളാവുന്നില്ല.

ഉപദ്രവിച്ചത് കൂടാതെ ജനനേന്ദ്രിയത്തിൽ മൂർച്ചയുള്ള വസ്തു കൊണ്ട് ഉപദ്രവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പരിചയമുള്ള രണ്ടു പുരുഷന്മാർക്ക് വേണ്ടിയാണ് ആ അമ്മയെ കൊണ്ടുവന്നതെന്ന് കുറ്റാരോപിതയായ സ്ത്രീ പറയുന്നു. കോവിഡ് കാലമാണെങ്കിലും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കിറങ്ങുമ്പോൾ കാണാം വീടിനുള്ളിൽ ഇരുന്നു മടുത്ത് പുറത്തേക്കിറങ്ങുന്ന പ്രായമുള്ള അമ്മമാരെ. മാസ്ക് എല്ലാവർക്കുമുണ്ടാകും, പക്ഷെ കടയിൽ വന്ന് എന്തെങ്കിലുമൊക്കെ വാങ്ങാനും ആരെയെങ്കിലും കണ്ടു നാട്ടുവർത്തമാനം പറയാനുമാണ് ആ ഇറങ്ങി നടത്തം. വീടിനു മുകളിൽ താമസിക്കുന്ന എൺപത് വയസ്സോളമുള്ള കൂനുള്ള, അമ്മ എന്നും പശുവിനു പുല്ലു പറിക്കാനെന്ന വ്യാജേന പുറത്തിറങ്ങുന്നതും മനുഷ്യരെ കാണാനും സംസാരിക്കാനുമൊക്കെ വേണ്ടിയാണ്. ജോലിയെടുത്ത് പുറത്തിറങ്ങി നടന്നു ശീലിച്ചവർക്ക് അതില്ലാതെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണ് ലോക്ഡൗൺ നൽകിയിരിക്കുന്നത്. അസുഖം അത്രയൊന്നും ബാധിക്കപ്പെടാതെയിരിക്കുന്ന ഇടമായതു കൊണ്ടുതന്നെ അവർ അത്യാവശ്യം മുൻകരുതൽ എടുത്ത് പുറത്തിറങ്ങുന്നു. അങ്ങനെയിറങ്ങുന്ന ഒരമ്മയാണ് ശരീരം നിറയെ രക്തമൊലിപ്പിച്ച് ആരൊക്കെയോ ചേർന്ന് ഉപദ്രവിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ അവർക്ക് നമ്മളൊക്കെയും അറിയുന്ന എത്രയോ അമ്മമാരുടെ മുഖങ്ങളുണ്ട്!

ഉപദ്രവിക്കപ്പെട്ടതു പോലെ വളരെ ക്രൂരമായി കാണേണ്ട ഒന്നാണ് ബലാത്സംഗ വാർത്ത വന്ന ഓൺലൈൻ ലിങ്കിന്റെ താഴെ വന്ന ഒരു കമന്റ്. എഴുപത്തിയഞ്ച് വയസ്സുള്ള ആ ‘അമ്മ ഒരു ചരക്കായിരിക്കും’ എന്നാണ് ഒരാൾ കമന്റ് ഇട്ടത്. പലപ്പോഴും സുഹൃത്തുക്കളായ പുരുഷന്മാർ പറയുന്നത് കേട്ടിട്ടുണ്ട് ചില ആണുങ്ങളുടെ രതി വൈകൃതങ്ങളെക്കുറിച്ച്. അമ്മയ്ക്കോ പെങ്ങൾക്കോ മക്കൾക്കോ പോലും അതിൽനിന്നു മോചനമുണ്ടാകില്ല. ആരുടെ നേരെയും അവരുടെ കാമക്കണ്ണുകൾ പായുന്നുണ്ട്. അത്തരത്തിൽപ്പെട്ട ഒരുവൻ തന്നെയാവണം പ്രായമുള്ള ഒരു സ്ത്രീയെ-ഒരുപക്ഷേ അയാളുടെ മുത്തശ്ശിയുടെ പ്രായമുള്ള സ്ത്രീയെ- ചരക്ക് ആയിരിക്കണം എന്നു വിളിക്കാൻ ധൈര്യം കാണിച്ചത്. ആ സ്ത്രീയെ ഉപദ്രവിച്ചവരും അത്തരത്തിൽ കമന്റ് ഇട്ടവരും തമ്മിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നുന്നില്ല.

ഇത്തരം മനുഷ്യരുടെ ഒരു കൂട് എല്ലായ്പ്പോഴും എല്ലായിടത്തും ഉണ്ടെന്നു മനസ്സിലാക്കിക്കൊണ്ട്തന്നെ എത്രമാത്രം സുരക്ഷിതത്വമില്ലായ്മയിലാണ് ഓരോ സ്ത്രീയും ജീവിക്കുന്നത്! അതിനു ജനിച്ച് ആറു മാസം പ്രായമായതെന്നോ 80 വയസ്സായതെന്നോ ഒന്നുമില്ല. സ്ത്രീ ആയിരുന്നാൽ മതി, അല്ലെങ്കിൽ കുട്ടികൾ (ആൺകുട്ടികൾ ആണെങ്കിലും) ആയാൽ മതി. ദുർബലരെയും നിസ്സഹായരെയും ഉപദ്രവിക്കാനും അതിനു ശേഷം ഭീഷണിപ്പെടുത്താനും എളുപ്പമാണ് എന്ന തത്വമാണ് കുഞ്ഞുങ്ങളിൽപ്പോലും ഇത്തരത്തിൽ രതി വൈകൃതം ആഘോഷിക്കാൻ പുരുഷന്മാരെ പ്രേരിപ്പിക്കുന്ന ഘടകം. നിയമം ഒട്ടും ശക്തമല്ലാതെയിരിക്കുമ്പോൾ എവിടെയാണ് തങ്ങൾക്ക് സുരക്ഷിതത്വം ലഭിക്കുക എന്ന് ഓരോ സ്ത്രീകളും ഭയപ്പെടുന്നുണ്ട്. പുറത്തിറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകളും. വർഷങ്ങൾക്ക് മുൻപ്തന്നെ സ്വയം അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സ്ത്രീകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരാട്ടെ പോലെയുള്ള സ്വയം രക്ഷാ മാർഗങ്ങൾ സ്ത്രീകൾ പഠിക്കാൻ ആരംഭിച്ചിട്ടുണ്ട്. അവനവനെ രക്ഷിക്കാൻ മറ്റാരും വരുമെന്ന തെറ്റിദ്ധാരണ ഇപ്പോൾ സ്ത്രീകൾക്കില്ല, സ്വന്തം രക്ഷ സ്വന്തം ആവശ്യമെന്ന തിരിച്ചറിവിൽ അവർ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ അത് ഒരു വിഭാഗം സ്ത്രീകളുടെ മാത്രം കാര്യമാണ്, അത്തരത്തിൽ ധൈര്യപ്പെടുത്തലുകളോ വാർത്തകളോ അറിയാത്ത ഒരു സ്ത്രീ എല്ലായ്പ്പോഴും ഭയത്തോടെ മാത്രം ജീവിച്ചു കൊണ്ടേയിരിക്കുന്നു. അതിൽ നിന്നും എന്നെങ്കിലും മോചനമുണ്ടാകുമെങ്കിൽ അതവൾ സ്വയം അവളുടെ ചിന്തകൾ മാറ്റുന്നതിന് ശേഷം മാത്രമാകും. കോലഞ്ചേരിയിൽ നടന്നത് പക്ഷെ ഇത്തരത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്. 

ഏറെ വിശ്വസിക്കുന്ന, നാട്ടിന്‍പുറത്തുള്ള ഒരു സ്ത്രീതന്നെ മറ്റൊരു സ്ത്രീയെ ഉപദ്രവിക്കാൻ കൂട്ട് നിൽക്കുമ്പോൾ വിശ്വാസങ്ങൾക്കും സൗഹൃദത്തിനുമുള്ള പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എത്രയടുത്ത സുഹൃത്താണെങ്കിലും ചതിക്കാൻ കാത്തിരിക്കുന്ന മനുഷ്യർ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ നാട്ടിൻപുറത്തുള്ള അമ്മമാർക്കു പോലും സുരക്ഷിതത്വം അവകാശപ്പെടാൻ കഴിയാത്ത ഒരിടത്ത് ജീവിക്കുന്നത് അക്ഷരാർഥത്തിൽ ഒരുതരം അരക്ഷിതാവസ്ഥ ഉള്ളിലുണ്ടാക്കുന്നുണ്ട് എന്നതു നേര് തന്നെയാണ്. സ്‌കൂളിലേക്ക് പറഞ്ഞു വിടുന്ന മക്കൾ, വയസ്സായി വീട്ടിൽ ഒറ്റപ്പെടുന്ന അമ്മമാർ... ആരാണ് സുരക്ഷിതർ? കുറ്റവാളികളെ പരിപാലിച്ച് കൊഴുത്തു വളർത്തുന്ന നിയമത്തിലെ പഴുതുകൾ നിലനിൽക്കുന്ന കാലത്തോളം ആ സുരക്ഷിതത്വമില്ലായ്മ വളർന്നു കൊണ്ടേയിരിക്കും...

English Summary: Crime Against Old Women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA