sections
MORE

‘കുഞ്ഞുമ‌ക്കളെപ്പോലും വെറുതെ വിടാത്ത സൈബർ ചെന്നായ്ക്കളേ...അവൾ തന്റേടിയെന്നോർക്കുക’

women-tv
SHARE

‘സ്ത്രീയുടെ കാൽപാദങ്ങളിലേക്കു നോക്കുകയാണെങ്കിൽ കുറച്ചുകൂടി കുറ്റബോധത്തോടെയും ആദരവോടെയും പുരുഷന്മാർക്ക് അവരെ കാണാൻ കഴിയും...’’ഫാ. ബോബി ജോസ് കട്ടിക്കാട് 

ബോബി അച്ചൻ പറഞ്ഞത്ര വിശാല മനസ്കത പ്രതീക്ഷിക്കുന്നില്ല. അവളുടെ കണ്ണുകളിലേക്കു നോക്കാനുള്ള തന്റേടം ഉണ്ടായാൽ മതി. പിന്നീട് അവളെ പുലയാട്ട് വിളിക്കാൻ നാവു പൊങ്ങില്ല, മനുഷ്യത്വമുള്ളവർക്ക്. ലോകത്തെ ഏറ്റവും സമ്പന്നയായ, അധികാരമുള്ള സ്ത്രീയുടെ പോലും ജീവിതം എക്കാലവും സുഖകരമായിരിക്കില്ല. അവൾ താണ്ടിയ ദൂരങ്ങൾ, അവൾ കടന്നുപോന്ന നോവുകൾ, ഒറ്റയ്ക്കു പേറിയ ഭാരങ്ങൾ ഇതെല്ലാം ആ കണ്ണുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഒരിക്കൽ അതിലേക്കു നോക്കിപ്പോയാ‍ൽ പിന്നെ നിങ്ങൾക്ക് അവളെ അവമതിക്കാനാകില്ല. പക്ഷേ, അതിന് മാനസികമായ ഔന്നത്യം ഉണ്ടാകണം. ആത്മവിശ്വാസം ഉണ്ടാകണം. 

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങൾ ഒരു പ്രത്യേക ജനുസ്സിന്റെ വിളയാട്ടുരംഗമായി മാറിയിരിക്കുകയാണ്. തനിക്ക് ഇഷ്ടമില്ലാത്തതു പറയുന്ന, ചെയ്യുന്ന ആരെയും വ്യക്തിഹത്യ നടത്തി വായടപ്പിക്കാമെന്നു കരുതുന്ന ദുർബലമനസ്കരും അതേ സമയം ക്രിമിനലുകളുമായ ഒരുപറ്റം. അവർ ചിലപ്പോൾ ഒറ്റയാന്മാരാണെങ്കിൽ മറ്റു ചിലപ്പോൾ ചെന്നായ്ക്കൂട്ടങ്ങളാണ്. രണ്ടായാലും ഒന്നുറപ്പിക്കാം; ആത്മവിശ്വാസമോ, മനുഷ്യത്വമോ അവരിൽ ഉണ്ടാകില്ല. അതിലൊക്കെയുപരി അവർ ഒരു സ്ത്രീയെ നന്നായി അറിഞ്ഞിട്ടുണ്ടാകില്ല. അല്ലെങ്കിൽ ഒരു സ്ത്രീയും അവരെ ഉള്ളുതൊട്ട് സ്നേഹിച്ചിട്ടുണ്ടാകില്ല.

ഒരിക്കൽ ഞാൻ ആർത്തവത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതുകയുണ്ടായി. ആരെയെങ്കിലും വെല്ലുവിളിക്കാനോ, ഖണ്ഡിക്കാനോ എഴുതിയതല്ല. എത്രയേറെ സ്വാഭാവികമായ ഒരു ശാരീരിക പ്രത്യേകതയാണതെന്നു കുട്ടികളെ മനസ്സിലാക്കിക്കൊടുക്കണമെന്ന് ഉദ്ദേശിച്ചെഴുതിയ ഒന്ന്. മകൾക്ക് ആർത്തവ വേദനയുടെ സമയത്ത് ഞാൻ അരികിൽ ഇല്ലെങ്കിൽ എന്റെ പത്തു വയസ്സുകാരൻ മകൻ ചേച്ചിക്ക് ചൂടുവയ്ക്കാനായി ബീൻ ബാഗ് ചൂടാക്കി നൽകുമെന്ന് അതിൽ എഴുതിയിരുന്നു. ആർത്തവം എന്ന വാക്ക് പോലും അശ്ലീലമെന്നു കരുതുന്ന ചിലർ (സ്ത്രീകളുമുണ്ട് അതിൽ!!!) അതിനിടയിൽ വന്നു ചൊരിഞ്ഞ അസഭ്യങ്ങൾ... 

ഒരമ്മയും കുഞ്ഞുങ്ങളെ കുറിച്ചു കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു അവർ എഴുതിവിട്ടത്. ആദ്യമൊന്നു വേദനിച്ചെങ്കിലും പിന്നീട് പരമ പുച്ഛമാണ് തോന്നിയത്. ആ ജൈവ പ്രക്രിയയുടെ അനന്തരഫലമായി ഉണ്ടായവരാണല്ലോ മനസ്സിലെ മാലിന്യം പുറത്തേക്കെറിഞ്ഞത്. സാരമില്ല, എന്റെ ദേഹത്തതു വീണിട്ടില്ല. വീണാലും കുളിച്ചാൽ തീരുന്ന നാറ്റമേ എനിക്കുള്ളൂ. അവർക്കോ, മരണം വരെ കൂടുതൽ കൂടുതൽ ചീഞ്ഞളിയുന്ന മനസ്സുമായി ജീവിക്കണമല്ലോ. പീനസം വന്ന മൂക്കിലെന്ന പോലെ ഈ മാലിന്യത്തിന്റെ മണം അവർ എക്കാലവും പേറേണ്ടി വരുന്നതോർക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്.

സ്ത്രീകൾക്ക് സ്വന്തമായി രാഷ്ട്രീയ അഭിപ്രായമുണ്ടായാൽ, അവരത് തുറന്നു പറഞ്ഞാൽ, ജോലിയുടെ ഭാഗമായിട്ടെങ്കിലും അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്താലൊക്കെ ചെന്നായ്ക്കൂട്ടം ഇറങ്ങുകയായി. പിന്നെ സ്മാർത്തവിചാരമാണ്. അവളുടെ ഉടുപ്പും നടപ്പും പോലും ചോദ്യം ചെയ്യപ്പെടും. അന്നു വരെ അവൾ കണ്ടതോ, മിണ്ടിയതോ ആയ ഓരോ പുരുഷന്റെയും പേരിനോട് അവളുടെ പേരും കൂട്ടിക്കെട്ടും. അതും പോരാഞ്ഞ്, ‘കിലുക്കം’ സിനിമയിലെ മനോദൗർബല്യമുള്ള നായികയെ അനുസ്മരിപ്പിക്കും വിധം, അവളുടെ ‘അച്ഛനേം അപ്പൂപ്പനേം അമ്മൂമ്മേനേം ഒക്കെ ചീത്ത പറയും.’ അവളുടെ കുഞ്ഞുമ‌ക്കളെ പോലും വെറുതേ വിടില്ല. 

പണ്ട് കടമ്മനിട്ട എഴുതിയ ‘മുറുക്കിത്തുപ്പിയും ചുമ്മാ ചിരിച്ചും കൊണ്ടിടം കണ്ണാൽ കടാക്ഷിക്കും കരനാഥന്മാരെ’യാണ് (കുറത്തി കവിത) ഇവർ അനുസ്മരിപ്പിക്കുന്നത്. കൊടിയ സ്ത്രീവിരുദ്ധതയാണ് മുഖമുദ്ര. കാലം മാറിയതോ, ലോകം മാറിയതോ അറിഞ്ഞിട്ടുണ്ടാകില്ല. അവർ വരച്ചിട്ട ചതുരക്കളങ്ങളിൽ പാദമൂന്നി, ഭൂമിക്കു നോവാതെ നടന്നിരുന്നവളുടെ വംശം കുറ്റിയറ്റു കഴിഞ്ഞു. നഷ്ടമായ രാത്രിയാകാശങ്ങൾ പോലും അവൾ തിരികെപ്പിടിച്ചു തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് സ്വയം പടച്ചുവിടുന്ന, അല്ലെങ്കിൽ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിൽ ഒളിഞ്ഞുനോക്കി കണ്ടെത്തുന്ന കഥകളും പാടി നിങ്ങൾ നടന്നോളൂ. ചിലപ്പോൾ അൽപ്പമൊന്നു നൊന്തേക്കാമെങ്കിലും അവളുടെ മുടിനാരിനു പോലും കേടുവിരില്ല. ക്രമേണ നിങ്ങൾ സ്വയം നശിക്കുകയേ ഉള്ളൂ.

എന്റെ പെണ്ണുങ്ങളേ ... നമ്മളിലൊരാൾക്ക് ഇത്തരമൊരു വേട്ടയാടൽ നേരിടേണ്ടി വന്നാൽ മത, ജാതി, രാഷ്ട്രീയ ചിന്തകൾ മാറ്റിവച്ച് നമുക്ക് ഒന്നിച്ചു കൂടേ... ഇത്തരക്കാരെ നമുക്ക് ഒറ്റക്കെട്ടായി നേരിട്ടുകൂടേ... ‘കല്ലുപാകിയ കോട്ട പോലെയുണർന്നു ഞങ്ങളു നേരിടും..’ എന്ന വീര്യത്തോടെ വെന്തമണ്ണിൻ വീറോടെ നമ്മൾ ഇരച്ചു ചെന്നാൽ ഒതുങ്ങാത്ത ആണഹന്തകളൊന്നുമില്ല. അതല്ല, ഇന്നു നിങ്ങൾ കുറ്റകരമായ നിശബ്ദത പാലിച്ചാൽ, നാളെയീ വൃത്തികെട്ട നാവുകൾ നിങ്ങൾക്കു നേരെയാകും ഉയരുക... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA