sections
MORE

മറ്റുള്ളവരുടെ കുപ്പായം ഞങ്ങളിനി അണിയില്ല; ചമയങ്ങളില്ലാതെ ചുട്ടമറുപടി

Women-Feature-Lakshmibai
SHARE

സൗന്ദര്യം ചർച്ചയാകുമ്പോൾ സ്ത്രീ വെറും ശരീരമായി മാത്രം മാറുന്നുണ്ടോ? ശ്രദ്ധേയരായ സ്ത്രീകളിൽ പലർക്കും സമീപകാലത്തുണ്ടായ അനുഭവങ്ങൾ കണ്ടിട്ട് തോന്നുന്നതാണ്. സമൂഹമാധ്യമങ്ങളിലും അല്ലാതെയും അടുത്തയിടെയായി നടിമാർ അവഹേളിക്കപ്പെട്ടു. സമീറ റെഡ്ഡി മുതൽ സയനോര വരെ മോശം അഭിപ്രായങ്ങളിൽ പ്രതിഷേധിക്കയും പ്രതികരിക്കയും ചെയ്തു.

ചമയങ്ങളില്ലാതെ ചുട്ട മറുപടി

മേക്കപ്പ് ഇല്ലാത്ത സ്വന്തം ചിത്രം പ്രചരിപ്പിച്ച് അവഹേളിക്കുന്നതിന് നടി സമീറ റെഡ്ഡി ഒരു ഹ്രസ്വവിഡിയോയിൽ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെട്ട് മറുപടി പറഞ്ഞു. ബോളിവുഡ് നടി സോനം കപൂറും അവരുടെ നോ മേക്കപ്പ് ലുക്ക് വിഡിയോ പ്രസിദ്ധീകരിക്കുകയും വെള്ളിത്തിരയിൽ കാണുന്ന സൗന്ദര്യം കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണെന്ന് പറയുകയും ചെയ്തിരുന്നു. ഒരു പ്രശസ്ത സിനിമാനടി അവതരിപ്പിക്കുന്ന കുക്കറി ഷോയിൽ അതിഥിയായെത്തിയ ചലച്ചിത്രനടി നിമിഷ സജയൻ സിനിമയ്ക്കു പുറത്ത് മേക്കപ്പിടാറില്ലെന്നും കഥാപാത്രത്തിനും സിനിമയ്ക്കും പുറത്ത് തനിക്കൊരു സ്വകാര്യജീവിതം ഉണ്ടെന്നും പറഞ്ഞത് പൊതുസമൂഹം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. മോഡലായ അഡ്വ. കുക്കൂ ദേവകി യാഥാസ്ഥിതിക നർത്തകി സങ്കൽപത്തെ തച്ചുടയ്ക്കുന്ന രീതിയിൽ നർത്തകിവേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം നല്ല മാറ്റമാണ്. 

സൗന്ദര്യത്തിെൻറ ഫ്യൂഡൽ അളവുകോൽ

സൗന്ദര്യം ഒരു സങ്കൽപമാണോ? ആണെങ്കിൽ എന്താണ് ആ സങ്കൽപത്തെ നയിക്കുന്നത്? സ്ത്രീശരീരത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ സൗന്ദര്യസങ്കൽപങ്ങൾ അന്നും ഇന്നും യാഥാസ്ഥിതികമാണ്. അവയിൽ ഫ്യൂഡൽ മനോഭാവങ്ങളുടെ പ്രതിഫലനമുണ്ട്. ഭാരതീയ സാഹിത്യത്തിലും കലകളിലും സ്ത്രീസൗന്ദര്യത്തിന്റെ അഴകളവുകൾ നിർവചിക്കാൻ പല കാൽപനിക മാനദണ്ഡങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം ആഭിജാത്യസ്ത്രീസങ്കൽപത്തിൽ നിർമിച്ചവയാണ്. കാളിദാസ കൽപനകൾക്കനുകൂലമായ സ്ത്രീസൗന്ദര്യ ഭാവനകളുടെ ഉദാഹരണങ്ങൾ മലയാള ചലച്ചിത്രഗാനങ്ങളിൽ മുതൽ നാടൻപാട്ടുകളുടെ ശീലുകളിൽ വരെയെത്തി.  

നിർവചനം പുരുഷൻ നൽകിയത്

പുരുഷസങ്കൽപങ്ങൾക്കനുസൃതമായാണ് സ്ത്രീസൗന്ദര്യം എന്നും നിർവചിക്കപ്പെട്ടത്. പിന്നീട ജനപ്രിയ സംസ്കാരത്തിൽ മാധ്യമങ്ങളുടെയും സിനിമയുടെയുമൊക്കെ സ്വാധീനത്തിൽ പൊതുസമൂഹത്തിന്റെ സൗന്ദര്യസങ്കൽപങ്ങളിൽ കലർപ്പുകൾ വന്നു. സങ്കരസംസ്കാരത്തിന്റെ ഫലമായി പുതിയ സ്ത്രീസൗന്ദര്യമാതൃകകൾ നിർമിക്കപ്പെട്ടു. വരേണ്യ ശാരീരികസങ്കൽപങ്ങളെ അടിച്ചേൽപ്പിക്കുന്നതിൽ വാണിജ്യസിനിമകൾക്കുള്ള പങ്ക് വലുതാണ്. അതികഠിനമായ ഗ്രൂമിങ് സെഷനുകളിലൂടെ സിനിമാനടിമാർ ആർജിച്ചെടുക്കുന്ന കൃത്രിമ രൂപലാവണ്യം ചില പ്രത്യേക സിനിമകൾക്കു വേണ്ടിയുള്ളതാണ്. അതിനപ്പുറം നിത്യജീവിതത്തിൽ അവർപോലും അത്തരം രൂപം നിലനിർത്താൻ ശ്രമിക്കാറില്ല. 

കറുപ്പ് സൗന്ദര്യമാക്കിയ പറങ്കിമല

ഒരു കാലത്ത് വെളുത്ത് അഴകളവുകൾ തികഞ്ഞ സ്ത്രീകൾക്കു മാത്രമായിരുന്നു സിനിമയിൽ അവസരങ്ങൾ. ‘പറങ്കിമല’യിലെ നായിക സൂര്യയിലൂടെ ഭരതൻ കറുപ്പിന്റെ സൗന്ദര്യത്തെ മലയാളികൾക്കു പരിചയപ്പെടുത്തി. പക്ഷേ ഏറെനാളത്തേക്ക് അതിന് തുടർച്ചകൾ ഉണ്ടായിവന്നില്ല. ‘പ്രേമ’ത്തിലെ മുഖക്കുരുവുള്ള നായികയും ‘കമ്മട്ടിപ്പാട’ത്തിലെ കറുത്ത നായികയും സ്ത്രീസൗന്ദര്യസങ്കൽപത്തെ ചെറുതായെങ്കിലും പൊളിച്ചുപണിയുന്നു. രാച്ചിയമ്മയായി അഭിനയിക്കാൻ വെളുത്തനിറമുള്ള പാർവതിയെ കറുപ്പിച്ചതിലും പ്രതിഷേധം ഉണ്ടായിരുന്നു. വെളുത്ത മുഖത്ത് കറുത്ത ചായംതേച്ച് കാളിയായി വന്ന അനാർക്കലി മരക്കാർ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മാപ്പ് പറഞ്ഞു. നിറത്തിന്റെ പേരിൽ പല വേദികളിൽനിന്നും മാറ്റിനിർത്തിയ അനുഭവത്തെക്കുറിച്ച് ഗായിക സയനോരയും ഈ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. 

സ്ത്രീയുടെ മനഃശാസ്ത്രം അവഗണനയിൽ

പഴയകാല നടിമാരുടെ ഇപ്പോഴുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ അവരുടെ തടിച്ചതും പ്രായംചെന്നതുമായ ശരീരത്തെ കളിയാക്കുന്ന നിരവധി കമന്റുകൾ ശ്രദ്ധിച്ചിട്ടുണ്ട്. ‘പണ്ട് എങ്ങനെയിരുന്ന സ്ത്രീയാണ്’ എന്നു തുടങ്ങുന്ന ബോഡി ഷെയ്മിങ് കമന്റുകൾ പലതും സകല പരിധിയും ലംഘിക്കുന്നു. എന്നാൽ പഴയകാല നടന്മാരുടെ കാര്യത്തിൽ ഈ പ്രവണത ഒട്ടുമേ കണ്ടിട്ടില്ല. സ്ത്രീ പുരുഷനായി വേഷം കെട്ടി അഭിനയിച്ച സിനിമയിലും അറിഞ്ഞോ അറിയാതെയോ അവളിൽ ഡോമിനേറ്റ് ചെയ്യുന്ന സ്ത്രീത്വത്തെ ചിത്രീകരിക്കാനാൻ സംവിധായകൻ കണ്ടെത്തുന്ന ഏറ്റവും എളുപ്പമുള്ള മാർഗം അവൾ ലേഡീസ് ഫാൻസി സ്റ്റോറിലേക്കു നോക്കി നിൽക്കുന്നതോ ആരും കാണാതെ കണ്ണ് എഴുതുന്നതോ ആഭരണങ്ങൾ അണിയുന്നതോ ആയിരിക്കും. സ്ത്രീയുടെ സ്വഭാവ സവിശേഷതകളും മാനറിസങ്ങളും മനഃശാസ്ത്രപരമായി എവിടെയും ഉപയോഗിച്ചു കണ്ടിട്ടില്ല. 

കളിയാക്കലുകളിൽ സുഖം തേടുന്നവർ

രൂപത്തിന്റെ പേരിൽ നവദമ്പതികളെ കളിയാക്കുന്ന പ്രവണത ഫെയ്സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി കാണാം. മേഡേൺ ലുക്കുള്ള പുരുഷനെ വിവാഹം ചെയ്യുന്ന ശാലീന സുന്ദരിയും കാഴ്ചയിൽ പ്രായം കുറവെന്നു തോന്നിക്കുന്ന പുരുഷനെ വിവാഹം ചെയ്യുന്ന പെൺകുട്ടിയും കണക്കറ്റ പരിഹാസങ്ങൾക്കു വിധേയരാകുന്നുണ്ട്. ചെമ്പൻ വിനോദും അനൂപ് ചന്ദ്രനും വിവാഹിതനായപ്പോൾ അവരെ വ്യക്തിപരമായി പരിഹസിക്കുന്ന ചില ക്രൂരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ബോഡിഷെയ്മിങ്, ജാതി-വർണ-ലിംഗ വിവേചനം പോലുള്ള വിഷയങ്ങളെ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്ന പല സിനിമകളും ചാനൽ കോമഡി ഷോകളും പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കി. ടിക്ടോക് വിഡിയോകളെ പരിഹസിക്കുന്ന കാരിമിനാറ്റി ഉൾപ്പെടെ പല യൂട്യൂബ് റോസ്റ്റിങ് ചാനലുകളിലും പരിധിയില്ലാത്തവിധം ബോഡിഷെയ്മിങ് നടത്തുന്നുണ്ട്. ഈ വിഡിയോകൾക്ക് ലഭിക്കുന്ന വലിയ പ്രചാരം, മറ്റുള്ളവരെ കളിയാക്കുന്നതിൽ സമൂഹത്തിൽ വലിയൊരു വിഭാഗം വലിയ മാനസിക സുഖം അനുഭവിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.     

സ്വശരീരം പ്രതിഷേധമാക്കുമ്പോൾ

സ്വന്തം ശരീരമുപയോഗിച്ച് പരമ്പരാഗത സ്ത്രീസങ്കൽപങ്ങളെ തകർക്കാനുള്ള ആർജവം കാണിക്കുന്ന സ്ത്രീകളെ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. അലസമായ വസ്ത്രധാരണത്തിലൂടെയും ആൺവേഷം കെട്ടിയും സ്ത്രീശരീരത്തെ പൊതിഞ്ഞുസൂക്ഷിക്കാനുള്ളതാണെന്ന സമൂഹവിചാരത്തെ കളിയാക്കിയും ഇവർ സ്വന്തം നിലപാട് വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ അസ്വസ്ഥരായ ചെറുവിഭാഗം പുരുഷന്മാരും സ്ത്രീകളും കുലീനത, അച്ചടക്കം, ശാലീനത എന്നീ സ്ത്രീഗുണങ്ങൾ അവരിലില്ലെന്ന് ആരോപിക്കുന്നു. എന്നാലും ഇവരുടെ ശരീരഭാഷ നാട്യങ്ങളേതുമില്ലാത്തതാണ്. ശരീരം തടിച്ചിരിക്കുന്നതിനെയും മെലിഞ്ഞിരിക്കുന്നതിനെയും ആണാകുന്നതിനെയും പെണ്ണായിരിക്കുന്നതിനെയും ഒരുപോലെ ഉൾക്കൊള്ളാൻ അവർക്കാകുന്നു. 

മറ്റുള്ളവർക്കു തുന്നിയ കുപ്പായം ഊരിക്കളയൂ

ജാതി-മത-ലിംഗ-ദേശ ഭേദങ്ങളുടെ ചിന്തകളിൽനിന്നു സ്ത്രീശരീരത്തെ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. കേരളത്തിലെ പൊതുസമൂഹത്തിനത് സ്വീകാര്യമാകുന്നില്ലെന്നത് ദുഃഖകരം. പെൺകുട്ടികളെ അവരുടെ നൈസർഗികസൗന്ദര്യത്തെപ്പറ്റി ജാഗരൂകരാക്കാനുള്ള പരിശ്രമങ്ങൾ വേണം. ഇങ്ങനെ പെൺകുട്ടികളുടെ ബൗദ്ധികനിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമ്പോഴും സൗന്ദര്യത്തിന്റെ ഈ ശരീരരാഷ്ട്രീയം സാധാരണക്കാരായ പെൺകുട്ടികൾ പൂർണമായും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. അതിന്യൂനപക്ഷത്തിന്റെ ശാരീരിക സവിശേഷതകളെ ബഹുഭൂരിപക്ഷത്തിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ സ്ത്രീകൾ തിരിച്ചറിയണം. ഈ സാഹചര്യത്തിൽ ശരീരത്തിന് മറ്റെന്തിനേക്കാളും അമിതപ്രാധാന്യം നൽകപ്പെടുന്ന ഉപഭോഗസംസ്കാരത്തിൽനിന്നു പുറത്തുവരാൻ സ്ത്രീകൾതന്നെ അറിഞ്ഞു ശ്രമിക്കണം. സ്വന്തം ശരീര സൗന്ദര്യത്തെ ഞങ്ങൾ സ്വയം നിർവചിച്ചുകൊള്ളാമെന്നും മറ്റുള്ളവർക്കുവേണ്ടി തുന്നിയ കുപ്പായങ്ങൾ ഇനി ഞങ്ങളെ അണിയിക്കാൻ നിൽക്കേണ്ടതില്ല എന്നും സ്ത്രീകളും പെൺകുട്ടികളും സമൂഹത്തോടു വിളിച്ചുപറയുന്ന ഒരു ദിവസത്തിനുവേണ്ടിയാണ് കാത്തിരിപ്പ്.

(തലശേരി ബ്രണൻ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA