sections
MORE

അവളെ വിഴുങ്ങാൻ രാക്ഷസനെ പോലെ കാത്തിരിക്കുന്ന അടുക്കള; പെൺവിവാഹപ്രായം 21 ആകുമ്പോൾ...!

1200-wedding-marriage
SHARE

ഇന്നുവരെ കണ്ടതിൽ ഏറ്റവും അസ്വസ്ഥമാക്കിയ ഒരു ചിത്രമുണ്ട്, കപേർനിയം (Capernaum). സെയ്ൻ എന്ന ലബനീസ് ബാലന്റെ കഥയാണിത്. ജനിപ്പിച്ച കുറ്റത്തിന് അച്ഛനെയും അമ്മയെയും കോടതി കയറ്റിയവൻ. അത്രയേറെ ദുരിതജീവിതമാണ് അവൻ നയിക്കേണ്ടി വരുന്നത്. അതിനിടയിലും അവനൊരു പോരാട്ടം നയിക്കുന്നുണ്ട്. തന്റെ സഹോദരി സഹറിനെ ബാല്യവിവാഹത്തിൽ നിന്നു രക്ഷിക്കാൻ അവൻ നടത്തുന്ന ശ്രമങ്ങൾ. അവൾക്ക് ആദ്യ ആർത്തവമായ കാര്യം അച്ഛനമ്മമാർ അറിയാതിരിക്കാൻ അവൻ ശ്രമിക്കുന്നു. അതറിഞ്ഞു പോയാൽ അവളുടെ വിവാഹം അവർ നടത്തും. അവൻ എത്രയൊക്കെ ശ്രമിച്ചിട്ടും ആ വിവരം പുറത്തായപ്പോൾ അവളെയുമൊത്ത് വീടുവിട്ടുപോകാൻ അവൻ പദ്ധതിയിടുന്നു. പക്ഷേ, അവന് ആ വിവാഹം തടയാനായില്ല. അവൾ കൈമാറ്റം ചെയ്യപ്പെടുകയാണ്. വിൽക്കാൻ കൊണ്ടുപോകുന്ന കാലിക്കുഞ്ഞിനെയെന്ന പോലെ പിടിച്ചുകെട്ടിയാണ് അവളെ കൊണ്ടുപോകുന്നത്. വിവാഹം, ലൈംഗികത ഇതെക്കുറിച്ചൊക്കെയുള്ള അടിസ്ഥാന അറിവുകൾ പോലുമില്ലാതെ അവൾ വധുവാകുന്നു. അതോടെ സെയ്ൻ നാടുവിടുന്നു. ഏതാനും മാസങ്ങൾക്കു ശേഷം തിരിച്ചെത്തിയ അവൻ അറിയുന്നത് സഹർ മരിച്ച വിവരമാണ്. വിവാഹം കഴിഞ്ഞു മൂന്നാം മാസം ഗർഭവതിയായ അവൾ അനിയന്ത്രിതമായ ബ്ലീഡിങ് വന്നു മരിക്കുന്നു. അതോടെ സഹറിന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച് സെയ്ൻ ജയിലിലെത്തുകയാണ്. അവിടെ നിന്നാണ് അവൻ അച്ഛനമ്മമാരെ കോടതി കയറ്റുന്നത്. യഥാർഥത്തിൽ അവൻ വിരൽ ചൂണ്ടുന്നത് സമൂഹത്തിനു നേർക്കാണ്. 

ഇടയ്ക്കിടെ പത്രത്തിന്റെ ഇടുക്കി എഡിഷനിൽ ബാല്യവിവാഹം മുടങ്ങിയ വാർത്ത വരുമ്പോളെല്ലാം ഞാൻ സഹറിനെ ഓർക്കും. രക്ഷപ്പെട്ടവർ വാർത്തയാകുമ്പോ‍ൾ അതിന് ഇരയാകുന്നവരോ? അവർ ചിലപ്പോൾ അകാല ഗർഭം പേറി പ്രസവത്തിലോ അല്ലെങ്കിൽ തകർന്നുപോയ ആരോഗ്യം മൂലം ഏറെക്കഴിയും മുൻപ് മരണത്തിനു കീഴടങ്ങുന്നു. 

ഏതാനും വർഷം മുൻപ് കതിർമണ്ഡപത്തിൽ വച്ച് കാമുകനെ കണ്ട പെൺകുട്ടി വിവാഹത്തിനു വിസമ്മതിച്ച സംഭവമുണ്ടായി. പതിനെട്ടോ  പത്തൊൻപതോ വയസ്സേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. അന്ന് ഒട്ടേറെ പേർ അവളെ പരിഹസിച്ചും കുറ്റപ്പെടുത്തിയും രംഗത്തുവന്നു. പക്ഷേ, എനിക്ക് ആ കുഞ്ഞിനോട് സഹതാപമേ തോന്നിയുള്ളൂ. അതേ പ്രായത്തിലുള്ള ഒരു പെൺകുട്ടി എന്റെ കുടുംബത്തിലുമുണ്ട്. അവളെ ഏതു ബിരുദ കോഴ്സിനു വിടണമെന്നു ഞങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് ഇവിടെ മറ്റൊരു പെൺകുട്ടി വിവാഹവേദിയിലെത്തിയത്. എന്തിന്റെ പേരിലാണെങ്കിലും ആ വിവാഹം മുടങ്ങിയത് നന്നായി എന്നേ ഞാൻ പറയൂ. കാരണം, കേരളീയ സാഹചര്യങ്ങളിൽ വിവാഹശേഷം 90% പെൺകുട്ടികളെയും കാത്തിരിക്കുന്നത് ഉത്തരവാദിത്തങ്ങളുടെ നീലക്കൊടുവേലിയിട്ട ജീവിതമാണ്. തീർത്താലും തീർത്താലും തീരാത്ത പണിത്തിരക്കുകൾ. അവളെ വിഴുങ്ങുന്നതിനായി രാക്ഷസനെ പോലെ വായ്പിളർന്നിരിക്കുന്ന അടുക്കള. അതിനിടയിലാണ് മുഴുമിക്കാനാകത്ത വിഭ്യാഭ്യാസവും കരിഞ്ഞുപോയ കരിയർ സ്വപ്നങ്ങളും അവളെ നിരാശയുടെ പടുകുഴിയിൽ വീഴ്ത്തുക. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഈ പെൺകുട്ടികളെയൊന്നും ഓർക്കാതെ വയ്യ.

തികഞ്ഞ അടുക്കളമടിച്ചിയായി ജീവിച്ചവളാണ് ഞാൻ. എന്റെ അമ്മയ്ക്ക് അതിൽ പരാതികളും ഉണ്ടായിരുന്നില്ല. പകരം, ഭംഗിയായി പഠിച്ച് കരിയർ പ്ലാൻ ചെയ്യണമെന്ന നിർബന്ധബുദ്ധി അമ്മ എപ്പോഴും കാണിക്കുകയും ചെയ്തു. എല്ലാ പെൺമക്കളും സ്വന്തം കാലിൽ നിൽക്കുന്നതു കണ്ട ശേഷമാണ് അമ്മ മരിച്ചത്. ഇന്നും ജീവിതത്തിലെ അപകടസന്ധികളിൽ തുണയാകുന്നത് ഉദ്യോഗം തന്നെയാണെന്ന് നെഞ്ചിൽ കൈവച്ചു പറയാൻ കഴിയും. സാമ്പത്തിക സ്വാതന്ത്ര്യവും അതു മൂലം കുടുംബത്തിനുള്ളിൽ ലഭിക്കുന്ന തുല്യ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ വിദ്യാഭ്യാസത്തിന്റെ, ഉദ്യോഗത്തിന്റെ ഉപോത്പന്നങ്ങളാണ്. ഇതൊന്നുമില്ലാതെയും ഇതേ സന്തോഷങ്ങൾ ലഭിക്കുന്നവരുണ്ടാകാം. പക്ഷേ ആയിരത്തിലൊന്നേ ഉണ്ടാകൂ. ബിരുദ പഠനമെങ്കിലും പൂർത്തിയാക്കിയ ശേഷം വിവാഹം ചെയ്യുന്നത് പെൺകുട്ടികളെ സംബന്ധിച്ച് ഒരുറപ്പാണ്. നല്ലൊരു ജോലിക്കുള്ള അടിസ്ഥാനയോഗ്യതയായി എന്ന ഉറപ്പ്. നാളെ ജീവിത സാഹചര്യം മാറിമറഞ്ഞാലും സ്വന്തം കാലിൽ നിൽക്കാമെന്ന ഉറപ്പ്. 

ഇതിനൊരു മറുവശവുമുണ്ട്. കപേർനിയം സിനിമയിൽ കോടതിയിൽ സെയ്ന്റെ അച്ഛനമ്മമാർ കണ്ണീരോടെ വിവരിക്കുന്ന ഒരു കാര്യം. ജനിച്ചതിനോ ജീവിച്ചതിനോ തെളിവുകളില്ലാത്ത (രേഖകളില്ലാത്ത) ഒരു ജനതയ്ക്ക് തങ്ങളുടെ കുഞ്ഞുങ്ങൾ ജീവിച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഒരു കുഞ്ഞിനെങ്കിലും വയർ നിറയെ ഭക്ഷണം കഴിക്കാനായാൽ, കിടക്കാനൊരു മെത്ത കിട്ടിയാൽ ഒക്കെ അത്രയുമായി എന്നു കരുതുന്ന പാർശ്വവത്കരിക്കപ്പെട്ട ജനത. അതേ, ദാരിദ്ര്യവും പലപ്പോഴും ബാല്യവിവാഹങ്ങളുടെ കാരണങ്ങളിലുണ്ട്. സമൂഹമാണ് അവിടെ പ്രതിയാകുന്നത്. മാത്രമല്ല, ഈ നിയമം നടപ്പാക്കിയാൽ പല പിന്നാക്ക വിഭാഗങ്ങളിലെയും ജീവിതക്രമം തന്നെ തകിടം മറിയും. വിവാഹപ്രായം 18 വയസ്സായതിന്റെ പേരിൽ പോക്സോ കേസിൽ കുടുങ്ങിയ ഒട്ടേറെ പുരുഷന്മാർ നമ്മുടെ ആദിവാസി ഊരുകളിലുണ്ട്. അവർ ഒരു തെറ്റും ചെയ്തവരല്ല. തങ്ങളുടെ ആചാരമനുസരിച്ചുള്ള കൗമാര വിവാഹം നടത്തിയതേ ഉള്ളൂ. ഇത്തരം നിയമങ്ങൾ നടപ്പാക്കുമ്പോൾ ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ കൃത്യമായ ബോധവത്കരണം നടത്തേണ്ടതുണ്ട്.

പരിഷ്കൃത രാജ്യങ്ങളെല്ലാം തന്നെ വിവാഹപ്രായം 18 വയസ്സായി നിജപ്പടുത്തിയവരാണ്. എങ്കിലും ഇവിടങ്ങളിലെല്ലാം സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 25 വയസ്സിനു മുകളിലാണ്. ആ രാജ്യങ്ങളിലെ ജനതയുടെ ആരോഗ്യ സുസ്ഥിതിയിൽ ഇതൊരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ടു തന്നെ വിവാഹപ്രായം ഉയർത്തിയാലും ഇല്ലെങ്കിലും എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബിരുദമെന്ന അടിസ്ഥാനയോഗ്യത നേടുന്നതിന് അവസരമൊരുക്കുക തന്നെ വേണം. അല്ലെങ്കിൽ നാളെയൊരിക്കൽ അവളുടെ  കണ്ണീരിനു മുന്നിൽ കുറ്റബോധത്തോടെ തലതാഴ്ത്തി നിൽക്കേണ്ടി വരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA