sections
MORE

പെണ്ണിന്റെ കാലു കണ്ടാൽ കരയുന്ന സദാചാര ആങ്ങളമാരെ, നിങ്ങളോടാണ്!

leg-1
Image Source: Social Media
SHARE

ഗൗതം മേനോന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്കറിയാം, എത്ര മനോഹരമായാണ് അയാൾ തന്റെ നായികമാരുടെ കാലുകൾ ഉപയോഗിച്ചിരിക്കുന്നതെന്ന്. പ്രണയത്തിൽ പാദങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഗവേഷണം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹമായിരിക്കാനാണ് സാധ്യത. എന്നാൽ കാലുകൾക്ക് പ്രണയത്തിൽ പ്രസക്തിയുള്ളതു പോലെ ഇവിടെ മലയാളത്തിലേക്ക് വന്നാൽ നമുക്ക് കാണേണ്ടത് ഒരു കാലത്ത് അതായത് ഒരു ഇരുപത് വർഷം മുൻപ് തരംഗമായിരുന്നു ഇക്കിളിപ്പെടുത്തുന്ന സിനിമകളാണ്. പെണ്ണിന്റെ കാലുകളെ ഏറ്റവുമധികം ഉപയോഗിച്ച ഒരു മാധ്യമമായിരുന്നു 'ചില തീയേറ്ററുകളിൽ' മാത്രം റിലീസാവുന്ന തരം സിനിമകൾ. ഷക്കീലയും മരിയയും രേഷ്മയുമൊക്കെ ഉള്ള വസ്ത്രം പരമാവധി ഉയർത്തി 'തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ' എന്ന് കുളിക്കടവിലും കിടപ്പു മുറിയിലുമൊക്കെ വച്ച് പറയുമ്പോൾ നമ്മൾ കരുത്തേണ്ടുന്ന ഒന്നുണ്ട്. തുടയും കാലും സ്ത്രീ കാണിക്കുന്നത് ലൈംഗികതയോടുള്ള ക്ഷണമാണെന്ന്. അത്തരം സിനിമകളിൽ നിന്നും പിടി വിട്ടു ഭരതന്റെ രതി നിർവേദത്തിലേക്ക് വന്നാലോ? ഏതാണ് കാണുന്നത്? യൗവ്വനത്തിലെത്തിയ രതി ചേച്ചി പാവാടയുയർത്തി പണിയെടുക്കുന്നത് അത് കാണുന്ന പപ്പുവിനെ പരവശനാക്കാകുന്നുണ്ട്. രതി ചേച്ചിയുടെ കാലുകളിൽ നിന്നു അവൻ അവരുടെ ശരീരത്തിന്റെ ഓരോ ഇടങ്ങളിലേക്കും മനസ്സ് കൊണ്ട് സഞ്ചരിച്ചു തുടങ്ങുന്നു. ഇങ്ങനെ ആർട്ടിസ്റ്റിക്കും അല്ലാത്തവരുമായ ഓരോ പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടുകളിലും സ്ത്രീയുടെ കാലുകളും തുടകളും ലൈംഗികതയുടെ പ്രാഥമിക കാഴ്ച പാദങ്ങളിൽ ഒന്നായി തീരുന്നു. അല്ലെങ്കിൽ അങ്ങനെ ആ സിനിമകളിൽ അഭിരമിച്ചു പോയ ഒരു തലമുറയിലെ പുരുഷന്മാരുടെ ചിന്തകളിൽ കാലുകളും തുടകളുമെന്നത് രാത്രിയ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റെ ക്ഷണത്തിന്റെ ഭാഗമാണ്.

"എറണാകുളത്ത് ലുലു മാളിൽ ഞാൻ പോകില്ല"

"അതെന്താ?"

"ഏജ്‌ജാതി പെങ്കുട്ട്യോളാണ്. എനിക്കവരെ കാണണ്ട"

"കണ്ടാലെന്താ?"

"ജീൻസും ലെഗ്ഗിൻസും ബനിയനുമൊക്കെ ഇട്ടു... "

"അതിനെന്താ അത് അവരുടെ ശരീരം, അവരുടെ വസ്ത്രം"

"ഇതൊക്കെ കാണുന്നവരുടെ ചിന്തകളെന്താണെന്നു അവർ ആലോചിക്കാറുണ്ടോ?"

"എന്താണ് അത് കാണുമ്പോൾ തോന്നുന്നത്?"

"ഭയങ്കര മാനസിക അസ്വസ്ഥതയാണ്"

"എന്ത് തരം അസ്വസ്ഥത?"

"അവർ ഏതു വസ്ത്രം ധരിച്ചും നടന്നോട്ടെ, അതവരുടെ സ്വാതന്ത്ര്യം തന്നെയാണ്, പക്ഷേ എനിക്കത് കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തൊന്നാറുണ്ട്, ശാരീരികവും മനസികവുമായത്"

"എന്നാ പിന്നെ പുറത്തിറങ്ങേണ്ടി വരില്ല"

"ഇല്ല, വൈറ്റിലയ്ക്ക് അപ്പുറം ഞാൻ എറണാകുളം കാണാറില്ല"

leg

ഒരുപാട് പേർ പറയാതെ പറയുന്ന സംഭാഷണങ്ങളാണിത്. എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കളിക്കാനും കാന്താരിയും ചർച്ചയാകുന്നു എന്ന ചോദ്യത്തിന്റെ ഒരു ചോദ്യോത്തര വേർഷൻ എന്നും പറയാം. ഇത്തരം പുരുഷന്മാർക്ക് ശരീരത്തോടൊട്ടി വസ്ത്രമിടുന്ന, ലെഗ്ഗിൻസ് ഇടുന്ന അല്ലെങ്കിൽ നഗ്നമായ കാലുകളും തുടകളുമുള്ള പെൺകുട്ടികളെ കാണുമ്പോൾ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ "ബുദ്ധിമുട്ടുകൾ" എന്തൊക്കെയാവും? മറ്റൊന്നുമല്ല സദാചാരവും സെക്‌ഷ്വൽ ഫ്രസ്‌ട്രേഷനും ഒന്നിച്ചു രൂപപ്പെടുത്തിയെടുത്ത നമ്മുടെ സമൂഹത്തിന്റെ ധാരണകളിന്മേലുള്ള ഉത്തരങ്ങളാണ് ഇത്തരം കലിപ്പന്മാർ. അത്തരം അവസ്ഥകളിൽ നിന്ന് സ്വയം ഒഴിവാകുകയല്ലാതെ ഇവർക്ക് മറ്റൊന്നും ചെയ്യാനില്ല.

ഇതൊക്കെ പുരുഷന്മാരുടെ കാരണങ്ങളും അമാനസികാവസ്ഥകളുമാണ്. എന്നാൽ ഇത്തരം മാനസിക അവസ്ഥകൾ അവർക്കുണ്ടെങ്കിൽ അതിന്റെ കാരണം അവർ വളർന്ന സാഹചര്യവും സാമൂഹിക സദാചാര മാനസിക അവസ്ഥയുമാണെങ്കിൽ അതിൽ ഞങ്ങൾ സ്ത്രീകൾ എന്ത് ചെയ്യണം? അനശ്വര രാജൻ എന്ന നടി ഷോർട്ട് ഇടുന്നതും അഹാന ഷർട്ട് മാത്രമിടുന്നതും സാനിയ ഇയ്യപ്പൻ ഷോട്ട്സ് ഇട്ടു ആധുനിക നൃത്തം ചെയ്യുന്നതും അവരുടേതായ ക്രിയേറ്റിവ് ഇടത്തിൽ നിന്നു കൊണ്ടാണ്, അവിടെ അവരുടെ മാത്രം സ്വാതന്ത്രമേ പ്രസക്തമാകുന്നുള്ളൂ. അവിടെ അവർക്ക് ക്ഷണിക്കേണ്ടത് തെറ്റുചെയ്യാൻ ആഗ്രഹമുള്ള ഗോപുമാരെ അല്ല, അത്തരക്കാരെ അവർ കാര്യമാക്കുന്നത് പോലുമില്ല. സ്വന്തം ശരീരത്തിന് എന്താണ് ഇണങ്ങുന്നത്? സ്വന്തം ശരീരത്തിൽ നഗ്നത എത്രത്തോളം എക്സ്പോസ് ചെയ്യാം എന്നതും അവരുടെ തീരുമാനം മാത്രമാണ്. അതിൽ ബുദ്ധിമുട്ടുള്ളവർ ആ വഴി പോകാതെ മാറി നിൽക്കുക എന്ന മര്യാദ കാണിക്കാം എന്നല്ലാതെ മറ്റൊരാളുടെ സ്വകാര്യ സ്പെയിസിൽ നിന്ന് കൊണ്ട് പഴയ തുണ്ടു പടം കണ്ടതിന്റെ ഓർമയിൽ കമന്റ് ചെയ്യാൻ ഉളുപ്പില്ലേ എന്നെ ചോദിക്കാനാകൂ.

അത്തരം സദാചാര ആങ്ങളമാരോട് ഇത് ഞങ്ങളുടെയും സ്പെയ്സ് ആണ് എന്ന രാഷ്ട്രീയത്തെക്കുറിച്ച് വാക്കുകൾ കൊണ്ടല്ലാതെ പറയാൻ വേണ്ടിയാണ് സോഷ്യൽ മീഡിയ ഇന്നലെ അനശ്വരയ്ക്ക് വേണ്ടി ലെഗ്ഗ് ചലഞ്ച് നടത്തിയത്. പ്രത്യേകിച്ച് അനശ്വരയുടെ സഹപ്രവർത്തകരായ അഹാനയുൾപ്പെടെയുള്ള താരങ്ങൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിട്ട്, കാലുകളും തുടകളും കാണിച്ച് 'സോഷ്യൽ മീഡിയ ആങ്ങളമാരെ' കൂടുതൽ പ്രകോപിപ്പിക്കാൻ തയാറായി. ഒരു കമന്റ് ഇപ്രകാരമായിരുന്നു "കളിക്കാൻ പ്രായമായല്ലോ" എന്ന്. കാലും തുടയും കാണിച്ചാൽ ഉടനെ ലൈംഗികതയ്ക്ക് തയാറായി എന്ന സൂചനകൾ ഈ സൊ കോൾഡ് ആങ്ങളമാർക്ക് കിട്ടിയത് പഴയ അഡൾട്സ് ഒൺലി ചിത്രങ്ങളിൽ നിന്നു തന്നെയാവണം. എന്നാൽ ലൈംഗികതയിലേക്ക് ആരെയും ക്ഷണിക്കുക എന്ന ഉദ്ദേശമല്ല സ്ത്രീകൾക്ക് അവരുടെ വസ്ത്രധാരണം. അത് അവരുടെ മാനസികമായ, ശാരീരികമായ, സാമൂഹികമായ തോന്നലും അവസ്ഥയുമാണ്, ചിലപ്പോഴൊക്കെ ഇത്തരം സദാചാര അവസ്ഥകളോടുള്ള സമരവുമാണ്.

എത്ര കാലങ്ങളായിട്ടുണ്ടാവും സ്ത്രീകൾ അവരുടെ ഇടങ്ങൾക്കായുള്ള സമരങ്ങൾ തുടങ്ങിയിട്ട്? വസ്ത്രം ധരിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് പലരും അനശ്വരയെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടിരുന്നു, അവരിങ്ങനെയാണ് പറയാൻ ആഗ്രഹിക്കുന്നത്, "ഒരു കാലത്ത് വസ്ത്രം ധരിക്കാനായിരുന്നു സമരമെങ്കിൽ ഇന്ന് വസ്ത്രം ധരിക്കാതെയിരിക്കാനാണ് ലെഗ്ഗ് ചലഞ്ച് പോലെയുള്ള സമരങ്ങൾ, കാലം പോയ പോക്കേ"

ഇതിലുള്ള ഒരു അടിസ്ഥാന പ്രശ്നം ഇവർ ആരും കാണുന്നില്ല എന്നെ പറയാനാകൂ. വസ്ത്രം ധരിക്കരുത് എന്ന് പറഞ്ഞ പുരുഷ മേൽക്കോയ്മയ്ക്ക് മുന്നിലാണ് നങ്ങേലിയുൾപ്പെടെയുള്ള നായികമാർ മുല മുറിച്ചും വസ്ത്രങ്ങളണിഞ്ഞും പ്രതിഷേധം നടത്തിയത്. ഈ സംഭവം അതേ പുരുഷ ധാർഷ്ട്യം പറയുന്നു. ഉദ്ദേശം നിങ്ങൾ ഞങ്ങളെ പ്രകോപിപ്പിക്കുന്നത് പോലെ വസ്ത്രങ്ങൾ ചെറുതാക്കി ധരിക്കരുത് എന്നാണ്. അവിടെയും ചോദ്യം ചെയ്യപ്പെടുന്നത് സ്ത്രീ തന്നെ, അതിൽ മാത്രം വ്യത്യാസമൊന്നുമില്ല. രണ്ടിടത്തും ചോദ്യം ചെയ്യപ്പെടുന്നത് വസ്ത്രം ധരിക്കാനും ധരിക്കാതെയിരിക്കാനും ഒക്കെയുള്ള പെണ്ണിന്റെ മാത്രം ശരീരത്തിന്റെ സ്വാതന്ത്ര്യമാണ്. അപ്പോൾപ്പിന്നെ അവിടെ അന്ന് വസ്ത്രം ധരിക്കാനും ഇന്ന് ധരിക്കാതെയിരിക്കാനും എന്ന് പറയുന്നതിൽ വ്യത്യാസമില്ല, അന്നത്തെ ശബ്ദവും ഇന്നത്തെ ശബ്ദവും തമ്മിൽ ഒരുപോലെ തന്നെയാണ് ഒരു സ്ത്രീയ്ക്ക് കേൾക്കാൻ കഴിയുന്നത് എന്നതാണ് സത്യം. ജനാധിപത്യ വ്യവസ്ഥിതിയിൽ സ്ത്രീകൾ രണ്ടാം കിട പൗരന്മാരല്ല. സർവ അവകാശവും സ്വാതന്ത്ര്യവുമുള്ള മനുഷ്യകുലത്തെ പെട്ടതാണ്. വസ്ത്ര സ്വാതന്ധ്ര്യവും അതിൽ പെടുന്നത് തന്നെ, അതിനെ ബഹുമാനിക്കണം എന്ന് മാത്രമേ പറയാനുള്ളൂ. അതില്ലാത്ത കാലത്തോളം ചലഞ്ചുകൾ ഇനിയും വന്നുവെന്നു തന്നെയിരിക്കും. നഗ്ന ശരീരങ്ങൾ കണ്ടു മാനസിക ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ അവരിൽ നിന്ന് അകലം പാലിക്കുക, സ്വയം നിയന്ത്രിക്കാൻ തയ്യാറായി അവരെയും മനുഷ്യരായി കാണാനുള്ള ധാർമിക ബോധം ശീലിക്കുക എന്നെ പറയാനുള്ളൂ. കാലം മാറുമ്പോൾ അതൊക്കെ ഉണ്ടായി വരേണ്ടതാണ് എന്ന് വിശ്വസിക്കുന്നു.

English Summary: Leg Challenge Campaign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA