sections
MORE

"അവൾക്കിട്ട് ഒരു പണികൊടുത്തു", വൃത്തികെട്ട ആ ആണഹന്തക്കു മുന്നിൽ പതറരുത്...!

strog-shadow
SHARE

"എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാകണം."

"പാപത്തിന്റെ ശമ്പളം മരണമാണ്. അവൾ ചെയ്ത തെറ്റിന്റെ ശിക്ഷ കിട്ടി."

"മുള്ള് ഇലയിൽ വീണാലും..."

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലായിടത്തും മുഴങ്ങിക്കേൾക്കുന്ന വിധിയെഴുത്താണിത്. സ്നേഹമെന്ന മനോഹര വികാരത്തെ വിശ്വസിച്ചു പോയ ഒരുവളെയാണ് സ്ത്രീകൾ അടക്കമുള്ളവർ വിചാരണ ചെയ്യുന്നത്. വിശ്വാസം തകർന്നപ്പോൾ ഇനി ജീവിക്കേണ്ട എന്നൊരു തീരുമാനം എടുത്തത് മാത്രമാണ് അവൾ ചെയ്ത തെറ്റ്. 

അവൾക്ക് നേരെ വിരൽ ചൂണ്ടുന്ന സമൂഹമാണ് ഇവിടെ മുഖ്യപ്രതി. സ്ത്രീകൾക്ക് മാത്രമായി ഉണ്ടാക്കിയ ചില വേലിക്കെട്ടുകൾ, സദാചാര സംഹിതകൾ. കന്യകാത്വം, പാതിവ്രത്യം പോലെ പുല്ലിംഗമില്ലാത്ത കുറെ അസംബന്ധങ്ങൾ. ഇതിനൊക്കെ എന്നാണ് ഒരവസാനമുണ്ടാകുക...

ഇത്രനാൾ നമ്മൾ പെൺകുട്ടികളെ കുറെ പാഠങ്ങൾ പഠിപ്പിച്ചു. ഇനി കുറച്ചു പാഠങ്ങൾ നമുക്ക് ആൺമക്കളെ കൂടി പഠിപ്പിച്ചു തുടങ്ങാം. "നിന്നെപ്പോലെ തന്നെ തുല്യ അവകാശങ്ങളും അഭിമാനബോധവും ഉള്ളവളാണ് അവളുമെന്ന്" ആൺമക്കളോട് പറയാനാകണം ഓരോ അച്ഛനമ്മമാർക്കും. പ്രണയിക്കുന്നത്, വിവാഹം ചെയ്യുന്നത് നല്ലൊരു പങ്കാളിക്ക് വേണ്ടിയാകണമെന്ന് അവനോടു പറയണം. അല്ലാതെ മകന്റെയും തന്റെ കുടുംബത്തിന്റെയും സാമ്പത്തിക അടിത്തറ സുഭദ്രമാക്കാനാകരുത് മകനൊരു പങ്കാളിയെ കണ്ടെത്തുന്നത്. അടിമക്കച്ചവടത്തിൽ പോലും വാങ്ങുന്നവൻ വില നൽകണം. ഇവിടെയിതാ എടുത്താൽ പൊന്താത്ത സ്ത്രീധനവും നൽകി മകളെ അടിമവേലയ്ക്ക് വിടാൻ തയാറാകുകയാണ് ചില അച്ഛനമ്മമാർ. അപ്പോൾ അടിമയെക്കാളും താഴെയാണ് പെണ്ണിന്റെ സ്ഥാനമെന്ന്!!

ഏതാനും വർഷം മുൻപ് കോട്ടയത്തുനിന്ന് മനുഷ്യനന്മയുടെ ഒരു കഥ കേട്ടു. പഠനം തീരും മുൻപ് തന്റെ സഹപാഠിയെ വിവാഹം ചെയ്ത യുവാവ് ഏതാനും വർഷം കഴിഞ്ഞു ജോലി കിട്ടി ജീവിതം പച്ചപിടിച്ചപ്പോൾ ആദ്യത്തെ പെൺകുട്ടിയെ തള്ളിപ്പറഞ്ഞ് മറ്റൊരുവളെ സ്വീകരിച്ചു. പക്ഷേ അവന്റെ അച്ഛനമ്മമാർ അവൾക്കൊപ്പം നിന്നു. സ്വന്തം വീടുപേക്ഷിച്ചു വന്ന അവളെ മകളായി തന്നെ സ്വീകരിച്ച്, മകൻ അവളെ വേണ്ടെന്ന് വച്ച ശേഷം അനുയോജ്യനായ ഒരു പയ്യനെ കണ്ടെത്തി വിവാഹം ചെയ്തു നൽകി. അത്രയും ഹൃദയവിശാലത കാണിച്ചില്ലെങ്കിൽ കൂടി മകൻ കാണിക്കുന്ന കൊള്ളരുതായ്കയ്ക്ക് പച്ചക്കൊടി വീശാനെങ്കിലും കൂട്ടുനിൽക്കരുത് മാതാപിതാക്കൾ. അങ്ങനെ ചെയ്യുന്നവർ ഒന്നോർത്തോളുക. കാവ്യനീതി എന്നൊന്നുണ്ട്. നാളെ മകന്റെ ജീവിതം ദുരിതക്കടലിൽ മുങ്ങുന്ന കാഴ്ച നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.

പണത്തിനോട് മോഹം മൂത്ത് പ്രണയിനിയെ തള്ളിപ്പറഞ്ഞ് സമ്പന്നയായ വധുവിനെ തേടിയ ഒരാളെ അടുത്തു പരിചയമുണ്ട്. ആദ്യമൊക്കെ ഒരുപാട് നൊന്തെങ്കിലും ആ പെൺകുട്ടി പതറിയില്ല. അവൾ ആഗ്രഹിച്ച കരിയർ നേടിയെടുത്തു, സ്വപ്നം പോലൊരു കുടുംബജീവിതവും. വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടിയപ്പോൾ തെല്ലും നഷ്ടബോധമില്ലാതെ അവൾ അയാളോട് നന്ദി പറഞ്ഞു, അയാൾക്കൊപ്പമായിരുന്നെങ്കിൽ നേടാതെ പോകുമായിരുന്ന ഓരോ സൗഭാഗ്യങ്ങളുടെയും പേരിൽ. പ്രിയപ്പെട്ട ആൺകുട്ടികളേ... ഇന്ന് നിങ്ങൾ തൂക്കിനോക്കുന്ന പൊന്നോ പണമോ അല്ല മനോഹരമായ ജീവിതത്തിനുള്ള ഉറപ്പ്. നല്ലൊരു പങ്കാളിയോടൊപ്പമുള്ള സ്നേഹാർദ്രമായ ജീവിതത്തിൽ നിങ്ങൾക്കായി പ്രകൃതി ഒരുപാട് നിധികൾ ഒരുക്കിവച്ചിട്ടുണ്ടാകും.

പെൺകുട്ടികളുടെ അച്ഛനമ്മമാരോട് ഒരു വാക്ക്. മകൾക്ക് ഒരു വിവാഹാലോചന വന്നാൽ നിങ്ങളുടെ ഒരായുസ്സിന്റെ മുഴുവൻ സമ്പാദ്യവും ഊറ്റിനൽകേണ്ടതില്ല. പെൺകുട്ടികളെയും പഠിപ്പിക്കുക, ഒരു ജോലി നേടാൻ പ്രാപ്തയാക്കുക. അതാണ് അവൾക്കുള്ള ധനം. അതിനപ്പുറം വിലപേശുന്നവൻ മകളുടെ പ്രണയി ആണെങ്കിൽ പോലും അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുക. മകൾക്ക് ഒരു ചതിവ് പറ്റിയെന്നു തിരിച്ചറിഞ്ഞാൽ കുറ്റപ്പെടുത്താതിരിക്കുക. പകരം അതിലെ ശരിയും തെറ്റും പറഞ്ഞു കൊടുത്തു കൂടെനിൽക്കുക. 

ഇനി, എന്റെ പ്രിയപ്പെട്ട പെൺകുട്ടികളേ... വെറും ശരീരം മാത്രമല്ല നിങ്ങൾ. പുരുഷനില്ലാത്ത ഒരു കന്യകാത്വനിയമങ്ങളും നിങ്ങൾക്കുമില്ല. പ്രണയിച്ചവനൊപ്പം ഏതെങ്കിലും ഒരു നിമിഷത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു പോയെങ്കിൽ അവനില്ലാത്ത കുറ്റബോധം നിനക്കെന്തിന്. "അവൾക്കിട്ട് ഒരു പണികൊടുത്തു" എന്ന് പറയുന്ന വൃത്തികെട്ട ആണഹന്തയ്ക്ക് ചൂട്ടുപിടിക്കുന്നവരുടെ വിധിയെഴുത്തിനു മുന്നിൽ പരിഭ്രമിക്കേണ്ട. പകരം നിന്നെ വേണ്ടെന്ന് പറഞ്ഞവനെ മനസ്സിൽ നിന്ന് കഴുകിയിറക്കുക. എന്നിട്ട് സ്വന്തം ജീവിതം ഭംഗിയായി പ്ലാൻ ചെയ്യുക. പരിശ്രമിച്ചാൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള ആ ദീർഘങ്ങളാം കരങ്ങൾ ഈശ്വരൻ നൽകിയത് പുരുഷനു മാത്രമല്ല, സ്ത്രീക്കും കൂടിയാണ്. അതുകൊണ്ട്, പടിയിറങ്ങിപ്പോയവന് പിന്നിൽ ആ പടിവാതിൽ വലിച്ചടച്ചേക്കൂ.

ഇനിയവൻ തിരികെ വന്നാൽ പറയേണ്ട മറുപടി ഇതാണ്: നിന്നോടൊത്ത് താണ്ടിയ ദൂരമത്രയും ഞാൻ തിരികെ നടന്നിരിക്കുന്നു, നീയെന്ന ഉത്തോലകം ഇല്ലാതെ തന്നെ വൻപാറക്കെട്ടുകൾ തള്ളിനീക്കിയിരിക്കുന്നു... ഇനി നമ്മൾ രണ്ടപരിചിതർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA