ADVERTISEMENT

മലയാളികളുടെ കപടസദാചാരശീലങ്ങളുടെ പൂമുഖത്തേക്ക് നഗ്നമായ കാലുകൾ നീട്ടി വച്ച് മലയാളത്തിലെ യുവനായികമാർ വലിയൊരു പ്രഖ്യാപനം നടത്തിയത് ഈ കഴിഞ്ഞ ദിവസങ്ങളിലാണ്. ഗാനരംഗങ്ങളിൽ പാദസരമിട്ട് ഓടിനടക്കാൻ മാത്രമല്ല, അന്തസോടെ കാലിന്മേൽ കാൽ കയറ്റി വച്ചിരിക്കാനും സമൂഹത്തിനു മുൻപിൽ നട്ടെല്ലു നിവർത്തി നിൽക്കാനും ശരീരത്തെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാനും കെൽപ്പുള്ള സ്ത്രീകളാണ് മലയാളത്തിന്റെ വിനോദ വ്യവസായ മേഖലയിലുള്ളതെന്ന് തെളിയിക്കുന്നതായിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായ 'യെസ് വി ഹാവ് ലെഗ്സ്' എന്ന ക്യാംപയിൻ. ഉപ്പു മുതൽ കർപ്പൂരം വരെ വിൽക്കാനും മാർക്കറ്റ് ചെയ്യാനും സ്ത്രീശരീരത്തെ ഉപയോഗിക്കുന്ന വിനോദവ്യവസായ മേഖലയിൽ നിന്നു തന്നെയാണ് സ്വന്തം ശരീരത്തിന്റെ രാഷ്ട്രീയശരികളെ വിളംബരം ചെയ്യുന്ന, ഇത്രയും സ്വീകാര്യമായ ക്യാംപയിൻ ഉടലെടുത്തത്. പെൺശരീരത്തെ ഉപഭോഗവസ്തുവായി മാത്രം സ്ഥാപിച്ചെടുക്കുന്ന ആൺക്കാഴ്ചകളെ അപനിർമിക്കുന്നുണ്ട് ഈ പെൺകാലുകൾ! പിന്നിട്ട കാലങ്ങളിൽ വിർച്വൽ ലോകത്തിനകത്തും പുറത്തും നടന്ന സ്ത്രീപക്ഷ ചർച്ചകളുടെ ഒരു തുടർച്ചയാണ് ഈ ക്യാംപയിനും അതു തുറന്നു വിട്ട ചിന്തകളും.

ഈ നോട്ടവും പറച്ചിലും പുതിയതല്ല  

അനശ്വര രാജൻ ഷെയർ ചെയ്ത ഒരു ഫോട്ടോയുടെ കമന്റ് ബോക്സുകളിൽ നിറഞ്ഞ പ്രകോപനപരമായ സന്ദേശങ്ങളായിരുന്നു ഈ പ്രതികരണത്തിലേക്ക് നായികമാരെ കൊണ്ടെത്തിച്ചത്. വിവാദമായ വേഷത്തിൽ തന്നെ വീണ്ടുമൊരു ഫോട്ടോയും കുറിപ്പുമിട്ട് അനശ്വര രാജൻ അതിനു തുടക്കമിട്ടു. "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ,"- ഒരു കൗമാരക്കാരിയിൽ നിന്നു ലഭിക്കാവുന്ന ഏറ്റവും പക്വവും ശക്തവുമായ വാക്കുകൾ! തൊട്ടുപിന്നാലെ പിന്തുണയുമായി റിമ കല്ലിങ്കലിന്റെ ഫോട്ടോയും കുറിപ്പുമെത്തി. മലയാള സിനിമയിലെ യുവനായികമാർക്കൊപ്പം ഗായകരും മറ്റു സെലിബ്രിറ്റികളും ഈ ക്യാംപയനിൽ ഭാഗമായതോടെ വിഷയം സജീവ ചർച്ചയായി. 

ഓരോ ദിവസവും വിവിധ മേഖലയിലുള്ള സ്ത്രീകൾ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ, അവർ ലൈംലൈറ്റിൽ ഇല്ലാത്തതുകൊണ്ട് അതൊന്നും ആരും അറിയാറില്ലെന്നു മാത്രം. മറഞ്ഞിരിക്കാനുള്ള സ്വാതന്ത്ര്യം സോഷ്യൽ മീഡിയ തരുന്നതുകൊണ്ടു തന്നെ ഓൺലൈൻ ലോകത്തെ അസഭ്യവർഷത്തിന് വ്യാപ്തി ഏറെയാണ്. 'സമൂഹ മര്യാദ' പാലിച്ചുള്ള വസ്ത്രധാരണത്തോടെ ഫോട്ടോ പോസ്റ്റ് ചെയ്ത സ്ത്രീകൾക്കു പോലും അവരുടെ ഇൻബോക്സിൽ മോശമായ സന്ദേശങ്ങൾ ലഭിക്കുന്നത് വളരെ സാധാരണമാണെന്ന് ഗായിക ഗൗരി ലക്ഷ്മി. 'വസ്ത്രധാരണം എന്നത് മാത്രമാണ് കാരണമെന്നു പറയാൻ കഴിയില്ല. സോഷ്യൽ മീഡിയ തുടങ്ങിയ കാലം മുതൽ ഇത്തരം പ്രശ്നങ്ങൾ എല്ലാവരും നേരിടുന്നുണ്ട്. അതുകൊണ്ട് ആ വിഷയം എല്ലാ സ്ത്രീകൾക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അതു ധരിച്ച് സമാധാനപരമായി ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് എല്ലാവരും ഈ ക്യാംപയിൻ ഏറ്റെടുക്കുകയും ഹാഷ്ടാഗ്സ് വഴിയും ഫോട്ടോ ഇട്ടും അത് ഏറ്റു പിടിച്ചത് ആ ഒരു കാരണം കൊണ്ടാണ്,' ഗൗരി ലക്ഷ്മി ചൂണ്ടിക്കാട്ടി. 

മറുപടി അർഹിക്കാത്ത ചോദ്യങ്ങൾ

സദാചാരം പറയലും സ്ത്രീകളെ മര്യാദ പഠിപ്പിക്കാൻ വരലുമെല്ലാം വിർച്വൽ ലോകത്തു മാത്രം കാണുന്ന പ്രതിഭാസമല്ല. അതിലും പതിന്മടങ്ങാണ് പൊതുസമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന തുറിച്ചു നോക്കലുകളും പരിഹാസങ്ങളും തെറിവിളികളും. പണ്ടു നാട്ടിൻപുറത്തെ കവലകളിൽ നിന്നുള്ള കമന്റടികളാണെങ്കിൽ അതിന്റെ മറ്റൊരു രൂപമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത്. ഒന്നൊല്ല, ഒരു ടൺ അനുഭവങ്ങളുണ്ട് പറയാനുണ്ടെന്നാണ് ഗൗരി ലക്ഷ്മിയുടെ പ്രതികരണം. ഫെമിനിസ്റ്റ് ചിന്തകൾ പങ്കുവയ്ക്കുന്ന ഫോട്ടോസും വിഡിയോസും ഷെയർ ചെയ്യുമ്പോൾ പോലും ഉപദേശങ്ങളുമായി നിരവധി പേർ വരും. അവർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ പോലും കഴിയില്ല. കാരണം അവർ പറഞ്ഞതിൽ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാകില്ല. പെണ്ണുങ്ങൾ അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്തു തുടങ്ങിയെന്ന അവരുടെ ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി വെറുതെ വായിട്ടടിക്കും എന്നല്ലാതെ അതിൽ ഒരു ശതമാനം പോലും ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉണ്ടാകില്ല. വെറുതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നവരോട് നമ്മളെന്തു മറുപടി പറയാനാണ്? ഗൗരി ലക്ഷ്മി ചോദിക്കുന്നു.  

കാൽ കാണാനെത്തിയ ചിലർ

വിർച്വൽ ലോകത്ത് സദാചാര പ്രസംഗം നടത്തുന്ന 'ഓൺലൈൻ ആങ്ങളമാർ' ഈയടുത്ത കാലത്ത് കൂട്ടം ചേർന്നാണ് പലപ്പോഴും സൈബർ ആക്രമണം അഴിച്ചു വിടുന്നത്. 'കുട്ടിയോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ്' എന്ന ആമുഖത്തോടെ തുടങ്ങുന്നവർ മുതൽ പരസ്യമായി തെറിവിളി നടത്തുന്നവർ വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇവർക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ അതു തന്നെ അവസരമായി കണ്ട് കമന്റടിച്ചവരും ധാരാളം. ഇവർക്കും കിട്ടി താരസുന്ദരിമാരുടെ കയ്യിൽ നിന്ന് കുറിക്കു കൊള്ളുന്ന മറുപടി. 'ലെഗ് പീസ്' ചോദിച്ച വ്യക്തിക്ക് 'ഹാൻഡ് പീസ്' മതിയോ എന്നായിരുന്നു അന്നാ ബെന്നിന്റെ മറുചോദ്യം. അശ്വതി ശ്രീകാന്ത്, സാധിക വേണുഗോപാൽ തുടങ്ങിയവരും കാൽ കാണാനെത്തിയവർക്ക് നൽകിയ മറുപടികൾ വൈറലായിരുന്നു. വേറൊരു കൂട്ടരുണ്ട്... സ്ത്രീകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അതുമായി ബന്ധമില്ലാത്ത മറുചോദ്യങ്ങൾ ഉന്നയിക്കുന്ന 'മാന്യർ'. കാലു കാണിക്കുന്നവർ വേറൊരു പ്രശ്നത്തിൽ പ്രതികരിച്ചോ, അക്കാര്യത്തിൽ നിലപാടെടുത്തോ തുടങ്ങിയ താത്വിക അവലോകനങ്ങളുമായിട്ടാകും ഇക്കൂട്ടരുടെ രംഗപ്രവേശം. ഇവർ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളിൽ തൃപ്തികരമായ നിലപാട് സ്വീകരിച്ചാൽ മാത്രമേ സ്വന്തം ശരീരത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും പറയാൻ അവകാശമുള്ളൂ എന്ന തരത്തിലാണ് ഇവരുടെ ഇടപെടൽ. 

അവർ മാറില്ല, ഞങ്ങളും

ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്നതല്ല ഈ ഓൺലൈൻ ആങ്ങളമാർ. ഈയൊരു മാനസിക നിലയിലേക്ക് എത്തുന്നതിന് പിന്നിൽ ഒരു യാത്രയുണ്ട്. അവരുടെ കുടുംബം, വളരുന്ന സാഹചര്യം, സ്കൂൾ, സുഹൃത്തുക്കൾ.... സ്ത്രീകളെ അസഭ്യം പറയുന്നത് അലങ്കാരമായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിൽ നിന്നാണ് ഈ ഓൺലൈൻ ആങ്ങളമാരും രൂപപ്പെടുന്നത്. എന്തെങ്കിലും പറഞ്ഞാൽ മനസിലാക്കാനുള്ള വിവരമോ വിവേകമോ ഇവർക്കുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന നിലപാടാണ് ഗൗരി ലക്ഷ്മിയുടേത്. ഇത്തരം മാനസികാവസ്ഥയുള്ളവരോട് സഹതാപം മാത്രമേയുള്ളൂ. അവർ ഇങ്ങനെ തെറി വിളിച്ചതുകൊണ്ട് ഈ സ്ത്രീകൾ മാറില്ലെന്ന് ഒരു പോയിന്റ് കഴിയുമ്പോൾ അവർക്കു തന്നെ മനസിലാകണം. കാലഹരണപ്പെട്ട മൂല്യങ്ങളും സംസ്കാരവും കെട്ടിപ്പിടിച്ചിരിക്കുന്നവർ അങ്ങനെ തന്നെ തുടരട്ടെ. ഇവിടെ ആരും അവർ പറയുന്നത് കേൾക്കാൻ പോകുന്നില്ല. നമ്മുടെ പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഇനിയും ചെയ്തുകൊണ്ടേയിരിക്കും, ഗൗരി ലക്ഷ്മി കൂട്ടിച്ചേർത്തു. 

സമൂഹമാധ്യമങ്ങളിൽ അശ്ലീലം വിളമ്പുന്നവർ ഈ ക്യാംപയിനിലൂടെ നിശബ്ദരാകാനൊന്നും പോകുന്നില്ല. യഥാർഥത്തിൽ, ഈ ഓൺലൈൻ ആങ്ങളമാരെ നിശബ്ദരാക്കാനല്ല ഈ ക്യാംപയിനുകൾ. വിർച്വൽ ലോകം നൽകുന്ന സ്വാതന്ത്ര്യം മുതലെടുത്ത് ചിലർ നടത്തുന്ന സദാചാരപ്രസംഗവും തെറിവിളികളും കേട്ട് ഇനി മിണ്ടാതെ നിൽക്കില്ലെന്ന് നമ്മുടെ പെൺകുട്ടികളും സ്ത്രീകളും ഉറക്കെ പറഞ്ഞുതുടങ്ങിയിരിക്കുന്നു എന്നു ബോധ്യപ്പെടുത്താൻ അനാവൃതമാക്കപ്പെട്ട ഈ കാലുകൾ തന്നെ ധാരാളം! 

English Summary: Gowry Lakshmi About Yes We Have Legs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com