"Always be kinder than necessary."
സിനിമയിലെ അധ്യാപക കഥാപാത്രങ്ങളോട് എന്തുകൊണ്ടോ വലിയ ഇഷ്ടം തോന്നിയിട്ടില്ല. പക്ഷേ 'വണ്ടർ' എന്ന ഇംഗ്ലിഷ് സിനിമയിൽ മിസ്റ്റർ ടഷ്മാൻ എന്ന കൗതുകപ്പേരുകാരൻ അധ്യാപകനെ കണ്ടപ്പോൾ എനിക്ക് തോന്നി അദ്ദേഹം പ്രിൻസിപ്പലായ ബീച്ചർ പ്രെപ് സ്കൂളിൽ പോയി പഠിക്കണമെന്ന്. എത്ര മനോഹരമായ ആശയങ്ങളാണ് അദ്ദേഹത്തിന്റേത്. നോവലിസ്റ്റ് ജെ.എം. ബാരിയുടെ ഒരു ക്വോട്ട് കടമെടുത്ത് ടഷ്മാൻ പറഞ്ഞതാണ് മുകളിൽ കൊടുത്ത വാചകം. ബാരി അതു കുറെക്കൂടി വിശദമാക്കിയിട്ടുണ്ട്. 'നാം കണ്ടു മുട്ടുന്ന ഓരോരുത്തരും ഏതെങ്കിലും തരം യുദ്ധത്തിൽ പടവെട്ടുന്നവരാകും. അതുകൊണ്ട് ആവശ്യമായതിലും കൂടുതൽ കാരുണ്യം കാണിക്കൂ' എന്ന്...
എത്ര സത്യസന്ധമായ പ്രസ്താവനയാണല്ലേ... ഏറ്റവും സന്തോഷവതിയായി കാണാറുള്ള ഞാൻ തന്നെ എത്രയേറെ യുദ്ധങ്ങളിൽ പങ്കാളിയാണ്. ചിലയിടത്ത് ഞാൻ തേരാളിയെങ്കിൽ, മറ്റു ചിലയിടങ്ങളിൽ വില്ലാളിയാണ്. അതുമല്ലെങ്കിൽ തേർചക്രത്തിന്റെ ആണിപ്പഴുതിൽ വിരൽ കൊരുത്ത്, നോവുമ്പോഴും യുദ്ധത്തിന്റെ ഗതിമാറാതെ കാക്കുന്നവളാണ്. അങ്ങനെ എത്രയെത്ര പോരാട്ടങ്ങൾ. എല്ലാ ജീവിതങ്ങളുടെയും കഥകൾ ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്. നേർക്കുനേർ വന്ന സുഹൃത്ത് ചിരിക്കാതെ പോയാൽ നോവാറില്ലേ... പിന്നെയത് നീരസമായി മാറാറില്ലേ... പനിക്കിടക്കയിലുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചിരുത്തിയാകാം അവൾ വന്നിരിക്കുന്നത്. അതുമല്ലെങ്കിൽ മൂന്നു മാസമായി മുടങ്ങിയ ഹൗസിങ് ലോൺ ഇഎംഐ അവളെ ഭയപ്പെടുത്തുന്നുണ്ടാകാം. പുറമെ എല്ലാം ഭദ്രമെന്ന് തോന്നുന്ന അവരുടെ ദാമ്പത്യത്തിനുള്ളിൽ വൻ ലാവാശേഖരം ചുട്ടുപഴുക്കുന്നുണ്ടാകാം. ഇനി പറയൂ... അവളോട് നീരസം കൊണ്ടുനടക്കേണ്ടതുണ്ടോ..
ദാമ്പത്യത്തിലും ഈ അധിക കാരുണ്യം ആവശ്യമുണ്ട്. "എനിക്കെന്റെ ഉള്ളംകൈ പോലെ അറിയാം അവളെ / അവനെ " എന്ന് നമ്മളൊക്കെയും പറയാറുണ്ട്. പക്ഷേ നമ്മളറിയാത്ത എത്രയോ നിമ്നോന്നതങ്ങൾ അവരുടെ മനസ്സിന് ഉണ്ടാകും. ബാല്യത്തിലോ കൗമാരത്തിലോ നേരിട്ട പൊള്ളിക്കുന്ന അനുഭവങ്ങൾ. അതിന്റെ തീക്കാറ്റ് ഉള്ളിലടിക്കുമ്പോഴാകും ചില നേരങ്ങളിൽ അവർ പൊട്ടിത്തെറിച്ചു പോകുന്നത്. ചില സ്നേഹനിരാസങ്ങളുടെ, അവഹേളനങ്ങളുടെ ഓർമകളുയിർപ്പിക്കുന്ന ശീതക്കാറ്റ് അവരെ മരവിപ്പിക്കുമ്പോളാകും കണ്ണുകളിൽ നിസംഗതയുടെ ശൈത്യം നിറയുന്നത്. അതുകൊണ്ട് ഇന്നു മുതൽ, ഇപ്പോൾ മുതൽ നമുക്ക് അന്യന്റെ പാദുകം പങ്കിട്ടു നോക്കാം. അവൻ നടന്നുപോകുന്ന കൂർത്തുമൂർത്ത നിലങ്ങളിൽ മനസ്സ് കൊണ്ടെങ്കിലും കൂട്ടുപോകാം.
കൊച്ചിയിലെ ട്രാൻസ്ജൻഡറായ സജനയുടെ ദുരിത ജീവിതം എല്ലാവരും ആ വിഡിയോയിലൂടെ കണ്ടുവല്ലോ. എന്തിനാണ് അവരോട് ഇത്രയേറെ ക്രൂരത... അവർ കടന്നു വന്ന വഴികളെ കുറിച്ച്, അവർ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തെ കുറിച്ച് ഈ അവഹേളനക്കാർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ ഉയർത്തിക്കാട്ടിയാണ് അവരെ എല്ലാവരെയും അവഹേളിക്കുന്നത്. സജന ചോദിക്കും പോലെ അവർക്കും ജീവിക്കണ്ടേ...? പ്രസവിക്കാൻ കഴിയില്ലെങ്കിലും അവർ അമ്മമാരാണ്. ട്രാൻസ്ജൻഡറായതിന്റെ പേരിൽ വീട് വിട്ടിറങ്ങേണ്ടി വന്ന, അനാഥത്വം അനുഭവിക്കുന്ന എത്രയോ കുട്ടികളെയാണ് ഇവർ മാതൃസ്നേഹത്തോടെ ചേർത്തുനിർത്തുന്നത്, തണൽമരമാകുന്നത്. ആ കുട്ടികളെയും പട്ടിണിക്കിടാതെ കാക്കണ്ടേ... ഇവിടെയൊക്കെയാണ് ആ അൽപം കൂടുതൽ കാരുണ്യം നാം കാണിക്കേണ്ടത്. സജനയ്ക്ക്, അതുപോലുള്ള മറ്റനേകർക്ക് ഒരു ചെറുതാങ്ങായി മാറുക. പിന്നെ ഇത്തരം അനീതികൾ കണ്ടാൽ നിശബ്ദരാകാതിരിക്കുക. അനീതിക്കെതിരെ അൽപ്പം നിയമലംഘനം പോലുമാകാം എന്നും മിസ്റ്റർ ടഷ്മാൻ പറയുന്നുണ്ട്. ശരിയുടെ വഴിയോ കാരുണ്യത്തിന്റെ വഴിയോ എന്നൊരു തിരഞ്ഞെടുപ്പ് വേണ്ടിവന്നാൽ കാരുണ്യമാകട്ടെ ചോയ്സ് എന്ന് അദ്ദേഹം സംശയലേശമില്ലാതെ വ്യക്തമാക്കുന്നുണ്ട്.
'വണ്ടർ' സിനിമയിൽ ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ആ വെളിച്ചത്തിൽ നിന്ന് നോക്കുമ്പോൾ ആരുമാരും മോശക്കാരല്ല. ഓരോ സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന തികച്ചും ആപേക്ഷികമായ പ്രതികരണങ്ങൾ മാത്രമാണ് ഓരോ വ്യക്തിയുടെയും. അപ്പോഴും സൂക്ഷ്മമായി നോക്കിയാൽ കാണാം, മിക്കവരിലും നന്മയ്ക്കാകും മുൻതൂക്കം. ആ നന്മ തിരിച്ചറിയാൻ മുൻവിധികളില്ലാതെ തെളിമയോടെ നോക്കാൻ പഠിക്കണമെന്നേയുള്ളൂ...