ADVERTISEMENT

വിവാഹപ്രായം പതിനെട്ടു വയസ്സാണ് ഇപ്പോഴും ഇന്ത്യയിൽ. അത് ഓരോ രാജ്യത്തും വ്യത്യാസവുമുണ്ട്. പ്രായം ഉയർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു ദിവസങ്ങളായി ഇവിടെ ഉയരുമ്പോൾ തന്നെ അത് വിവാദവും ആയി മാറുന്നു. എന്നാൽ ഇതുവരെ അതൊരു നിയമമായി ഇന്ത്യയിൽ വന്നിട്ടുമില്ല. പക്ഷെ അതിനെക്കുറിച്ചുള്ള ചർച്ചകളും പഠനവും അവലോകങ്ങളും നടന്നു വരുന്നു. 

പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്ന് ആക്കുമ്പോൾ എന്തൊക്കെയാണ് മാറ്റങ്ങൾ ഉണ്ടാവുക? ഇതുമായി ബന്ധപ്പെട്ടു ഒരുപാട് ചോദ്യങ്ങളുണ്ടാവുന്നുണ്ട്. അതിൽ മിക്ക ചോദ്യങ്ങളും സദാചാരത്തിലും ‘സോകോൾഡ്’ സംസ്കാരത്തിലും ഊന്നിയുള്ളതാണ് എന്നതാണ് സത്യം. പെൺകുട്ടികളുടെ ലൈംഗികത, നഷ്ടപ്പെട്ടു പോകുന്ന ജീവിതം എന്നിവയിലൊക്കെ ഏറ്റവും കൂടുതൽ മാനസിക പ്രയാസം അവൾക്കല്ല മറിച്ച് അവൾക്ക് ചുറ്റും നിൽക്കുന്ന മനുഷ്യർക്ക് ആണെന്നുള്ള കാര്യം സത്യമാണെന്നു തെളിയിക്കുന്നതാണ് ഇതിന്റെ പേരിലുണ്ടായ സംസാരങ്ങളൊക്കെയും. 

"സത്യത്തിൽ ഒറ്റയ്ക്ക് ജീവിക്കാനാണ് തോന്നുന്നത്, ആരെയും ഒന്നും ബോധിപ്പിക്കണ്ട, വച്ച് വിളമ്പണ്ട, ഒറ്റയ്ക്ക് നിന്നാൽ ഗുണങ്ങൾ കൂടുതലാണ്, ഇഷ്ടമുള്ള വസ്ത്രമിടാം, ഭക്ഷണം ആവശ്യത്തിന് ഉണ്ടാക്കിയാൽ മതി, ഇഷ്ടമുള്ള സമയത്ത് ഉണരാം, ഉറങ്ങാം, പക്ഷെ ഇത്രയുമൊക്കെ സ്വാതന്ത്ര്യം ഒരു പെൺകുട്ടിക്ക് കിട്ടണമെങ്കിൽ അവളുടെ പ്രായം ഒരു മുപ്പത് വയസ്സെങ്കിലും എത്തണം, മാത്രമല്ല അവൾ സ്വന്തം കാലിൽ നിൽക്കാവുന്ന അവസ്ഥയിലുമായിരിക്കണം", ഒരു സ്ത്രീ സുഹൃത്ത് പറഞ്ഞ വാക്കുകളാണിത്. സ്ത്രീകൾക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ട്, പതിനെട്ടു വയസ് വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായമാകുമ്പോൾ അത് ഒരു തരമാക്കി മാറ്റുന്ന ഒരുപാട് പേര് രാജ്യത്ത് ഉണ്ടെന്നുള്ളതാണ് സത്യം. അവർക്കു വേണ്ടി മാത്രം നിർബന്ധപൂർവം മാറ്റേണ്ട ഒന്നാണ് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം. പൊതുവിൽ പെൺകുട്ടികൾ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ തയാറാകുന്നുണ്ട് എന്നത് ഏറെ നല്ല കാര്യമാണെന്ന് പൊതുവിൽ അഭിപ്രായമുയരുന്നുണ്ട്. ജോലി ലഭിച്ച ശേഷം മാത്രം വിവാഹം എന്ന തീരുമാനത്തിന് അനുകൂലമായി നിൽക്കാൻ ധൈര്യമുള്ള മാതാപിതാക്കളും ഉണ്ടെന്നത് കൊണ്ട് മാറ്റങ്ങൾ അനിവാര്യവുമാണ്‌. 

വിവാഹപ്രായം എന്നത് "ഏജ് ഈസ് ജസ്റ്റ് നമ്പേഴ്സ് " എന്ന രസകരമായ പ്രസ്താവനയോട് ചേർത്ത് വയ്ക്കുന്ന ഒരുപാട് പേരുണ്ട്. കരിയർ, ഇഷ്ടങ്ങൾ, പ്രണയം, ലൈംഗികത, ഇവയ്ക്കൊക്കെ അപ്പുറം ഒന്നിച്ച് ഒരാൾക്കൊപ്പം ജീവിക്കാൻ പാകതയെത്തുമ്പോൾ മാത്രം വേണ്ട ഒന്നാണ് വിവാഹം എന്ന ബോധമുള്ള ചിലർ, അതും പെൺകുട്ടികൾ. പ്രായം പറന്നു പോകുന്നതുകൊണ്ട് അവർക്കാണ്, ചുറ്റുമുള്ള മനുഷ്യർക്കാണ് അസ്വസ്ഥത എന്ന് തിരിച്ചറിയുന്നവർ, അതൊന്നും അവരെ ബാധിക്കുന്നതേയില്ല. എന്നിട്ടും പതിനെട്ടു വയസ്സ് ഇരുപത്തിയൊന്ന് ആക്കുന്നു എന്ന് കേട്ടപ്പോൾത്തന്നെ കേരളത്തിൽ പോലും പല ഭാഗങ്ങളിൽ നിന്നും അപസ്വരങ്ങൾ കേട്ട് തുടങ്ങി. ഈ വിഷയത്തിൽ പ്രമുഖർ സംസാരിക്കുന്നു. അവരുടെ അഭിപ്രായങ്ങൾ അത്രത്തോളം പ്രധാനവുമാണ്. 

വിവാഹപ്രായത്തെക്കുറിച്ച് ജോയ് മാത്യു 

"പതിനെട്ടു വയസ്സായ ആൾക്ക് വോട്ടവകാശം ഉണ്ടെങ്കിൽ തീർച്ചയായും അയാൾക്ക് എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. അത് പതിനെട്ടു വയസ്സിലോ ഇരുപത്തിയൊന്നിലോ, ഇരുപത്തിയഞ്ചിലോ നാല്‍പതിലോ കല്യാണം വേണോ എപ്പോൾ ആണെങ്കിലും അവർക്ക് തീരുമാനിക്കാനുള്ള അവകാശം ലഭിക്കുകയാണ്. അല്ലാതെ പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഉടനെ തന്നെ വിവാഹം കഴിപ്പിച്ചയക്കുക എന്നല്ല അതിന്റെ അർഥം. മാത്രമല്ല ഇപ്പോൾ പെൺകുട്ടികൾ സ്വയം തീരുമാനിക്കുന്നുണ്ട്, തങ്ങൾക്ക് വിവാഹം കഴിക്കാനുള്ള പ്രായം, പലരും പഠനം , കരിയർ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നവരുമാണ്, പിന്നെ ചില ഗ്രാമപ്രദേശങ്ങളിലോ, മതപരമായ അവസ്ഥയിലോ ഒക്കെയാണ് ഇത്തരത്തിൽ ഉണ്ടാവുക. അത്തരം അന്ധവിശ്വാസികൾ ചിലപ്പോൾ പതിനെട്ടിലോ അതിലും നേരത്തെയോ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്, അത് ശ്രദ്ധിക്കേണ്ടതില്ല. പക്ഷെ പതിനെട്ടു വയസ്സിൽ വോട്ടവകാശമുണ്ടെങ്കിൽ താൻ എത്ര വയസ്സിൽ കല്യാണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്, ഇതിനെതിരേ എന്തിനാണ് മറ്റൊരാൾ ഇടപെടുന്നത്, രക്ഷിതാക്കൾ ആണെങ്കിലും നാട്ടുകാർ ആണെങ്കിലും പുരോഹിതന്മാർ ആണെങ്കിലും അതിൽ ഇടപെടേണ്ട കാര്യമില്ല. പെൺകുട്ടികളിൽ നിന്നും ഒരു അഭിപ്രായ രൂപീകരണമുണ്ടാകട്ടെ, അല്ലാതെ ആണുങ്ങളിൽ നിന്നല്ല അഭിപ്രായം എടുക്കേണ്ടത്!"

സിനിമാ താരമായ നിഷാ മാത്യു സംസാരിക്കുന്നു

"ഇരുപത്തിയൊന്ന് വയസ്സാക്കുക എന്നതിനോട് എനിക്ക് യോജിപ്പാണ്. പണ്ട് പതിനെട്ടു എന്നത് തീരുമാനിക്കുമ്പോൾ അന്നത്തെ സാമൂഹിക അവസ്ഥയിൽ അത് സ്വീകാര്യമായിരുന്നു. ഇപ്പോൾ ഇരുപത്തിയൊന്നാക്കുമ്പോൾ ഇപ്പോഴത്തെ പെൺകുട്ടികളുടെ സാമൂഹികാവസ്ഥയിൽ ഇതാണ് നല്ലത്. എന്റെ മൂത്ത മകൾക്ക് ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സുണ്ട്, പക്ഷെ എനിക്കറിയാം അവളിതുവരെ ഒരു വിവാഹത്തിന് മാനസികമായി തയ്യാറായിട്ടില്ല. അത് ഇപ്പോഴത്തെ അവരുടെ ജീവിത സാഹചര്യങ്ങളും കാരണമാണ്. വിവാഹം കഴിക്കാൻ ശരീരം മാത്രമല്ല മനസും അതിനു തയ്യാറെടുക്കണം എന്നാണു എനിക്ക് തോന്നുന്നത്. ഇപ്പോഴത്തെ കുട്ടികൾ തങ്ങൾക്ക് വിവാഹം വേണമെന്ന് തോന്നുമ്പോൾ മാത്രം അതിനു തയ്യാറാണ് എന്ന് പറയാനുള്ള ധൈര്യമുള്ളവരാണ്. ടീനേജ് എന്നത് കുട്ടികൾ എന്‍ജോയ് ചെയ്യേണ്ട സമയമാണ്. പതിനെട്ടു വയസ്സിൽ അവർ പഠിക്കുകയും കാരിയാറിനെക്കുറിച്ച് ആലോചിക്കുകയും ഒക്കെ ചെയ്യട്ടെ, ഇരുപത്തിയൊന്ന് വയസ്സിൽ പോലും വിവാഹം എന്നത് ഒരു നിർബന്ധമല്ല, അവർക്ക് വേണമെന്ന് തോന്നുന്ന ഒരു സമയം വരട്ടെ അപ്പോൾ മാത്രം അതിനെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് എന്റെ അഭിപ്രായം. 

സംവിധായകൻ എംസി ജോസഫ് കല്യാണ പ്രായത്തെക്കുറിച്ച് സംസാരിക്കുന്നു,

"മനസ്സിന്റെ പക്വതകളിൽ പതിനെട്ടും ഇരുപത്തിയൊന്നു തീർച്ചയായും വ്യത്യാസമുണ്ട്. പക്ഷെ ഈ പ്രായം എന്നത് എന്ത് തീരുമാനിക്കാനുള്ള പാകതയാണ് എന്നതാണ് പ്രശ്നം. പതിനെട്ട് എന്നാൽ കുറെ കാര്യങ്ങൾക്കുള്ള തടസ്സം നമ്മുടെ മുന്നിൽ നിന്ന് നഷ്ടപ്പെടുകയാണ്, ലൈസൻസ് കിട്ടും, വിവാഹം കഴിക്കാനുള്ള പ്രായം, വോട്ട് ചെയ്യാം, പല രാജ്യങ്ങളിലും മാതാപിതാക്കളിൽ നിന്നും മാറി ജീവിക്കാനുള്ള സ്വാതന്ത്ര്യം അവിടെയുള്ള കുട്ടികൾക്ക് ഈ പ്രായപൂർത്തിയാകൽ  നൽകുന്നുണ്ട്. മറ്റൊരാൾ നമ്മുടെ കാര്യത്തിൽ ഇടപെടാതെ സ്വന്തം കാര്യം സ്വയം തീരുമാനിക്കാനുള്ള പാകത വരലാണ് മേജർ ആവുക എന്നതിന്റെ അർഥം. അതുകൊണ്ട് വിവാഹത്തിന് മാത്രമായി മറ്റൊരു പ്രായം അല്ലെങ്കിൽ ചില കാര്യങ്ങൾക്ക് മാത്രമായി പ്രായം സ്റ്റാർ ഇട്ടു മാറ്റി നിർത്തുക എന്നത് ആവശ്യമുണ്ടോ എന്നതൊരു ചോദ്യമാണ്. 

പതിനെട്ടു വയസ്സിൽ വിവാഹം കഴിപ്പിക്കണം എന്ന പ്രസ്താവനയുടെ യഥാർത്ഥ അർഥം പതിനെട്ടു കഴിഞ്ഞ ഉടനെ വിവാഹം കഴിപ്പിക്കണം എന്നല്ല എന്നാണു ഞാൻ കരുതുന്നത്. പതിനെട്ടു കഴിഞ്ഞാൽ അത് എപ്പോൾ വേണമെങ്കിലും ആവാം എന്നതാണ്. അതായത് വോട്ട് ചെയ്യുന്ന പോലെ, ലൈസൻസ് എടുക്കുന്ന പോലെ മേജർ ആവുന്ന അവസ്ഥയാണത്. പക്ഷെ പതിനെട്ടു വയസ്സ് ആകാൻ നോക്കിയിരിക്കുന്ന പെൺകുട്ടികളെ അപ്പോൾത്തന്നെ വിവാഹം കഴിപ്പിക്കാതെയിരിക്കാൻ വേണ്ടിയുള്ള ഒരു നിയമ സംവിധാനമായിട്ടാണെങ്കിൽ അത് അനുകൂലിക്കേണ്ടി വരും. കാരണം പ്രായപൂർത്തിയായ ഉടനെ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാൻ കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട്, അങ്ങനെയുള്ളിടത്ത് ഇരുപത്തിയൊന്ന് വയസ്സാക്കുക എന്നാൽ അത് പെൺകുട്ടികൾക്ക് നൽകുന്നൊരു അനുഗ്രഹമാണ്. അങ്ങനെ ചെയ്യാൻ പാടില്ല എന്ന് നമ്മൾ മുദ്രാവാക്യം മുഴക്കുമെങ്കിലും ഇന്ത്യയിലെ പല നാടുകളിലും പെൺകുട്ടികളെ പ്രായപൂർത്തിയെത്തുന്നതും നോക്കി വിവാഹം കഴിപ്പിക്കാൻ കാത്തിരിക്കുന്ന മാതാപിതാക്കളുണ്ട്, അങ്ങനെയുള്ളിടത്ത് പതിനെട്ടു വയസ്സായാൽ ഉടനെ വിവാഹം കഴിപ്പിക്കണം എന്ന ദുർവ്യാഖ്യാനത്തെ മാറ്റാൻ ഈ പുതിയ നിയമം കൊണ്ട് സാധിച്ചേക്കും. 

നിയമം കൊണ്ട് ബലപ്രയോഗത്തിലൂടെ പരിരക്ഷിക്കുക എന്നൊരു കാര്യം ഉണ്ടെങ്കിൽ പോലും മനുഷ്യരെ ഇക്കാര്യത്തിൽ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പെൺകുട്ടികൾ വിവാഹത്തിനായി വേണ്ടി മാത്രം വളർത്തി വലുതാക്കേണ്ട ഒരു വിഭാഗമല്ല, അവരുടെ കരിയറിലും ജീവിതത്തിലും അവരുടേതായ സ്വാതന്ത്ര്യവും അവകാശവും അവർക്ക് നൽകണം, അവർക്കും ഇഷ്ടങ്ങളും സ്വന്തമായി വ്യക്തിത്വമുണ്ട്. അവർ പ്രവർത്തിക്കുന്ന മേഖലയിൽ വ്യക്തി മുദ്ര പഠിപ്പിക്കാനുള്ള ഒരു സ്പെയ്സ് അവർക്ക് കൊടുക്കണം. അത് നിയമം കൊണ്ടല്ല നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി തന്നെ അവർക്ക് അതിനുള്ള അവകാശമുണ്ട്. അതൊരു തിരിച്ചറിവാണ്. വിവാഹം എന്നൊരു ഇന്സ്ടിട്യൂഷനിൽ അവരെ ലോക്ക് ചെയ്യാതെ അവരുടെ ഇഷ്ടം അനുസരിച്ച് , അവരുടെ പക്വതയെത്തുന്ന പ്രായത്തിൽ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകേണ്ടതുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. പക്ഷെ ഇതൊന്നും നടക്കാത്ത ഒരു സമയത്ത് നിയമത്തിന്റെ പരിരക്ഷയെങ്കിലും അവർക്ക് ഉണ്ടാവണം. സ്വന്തമായി സ്വപ്നങ്ങളെ പിന്തുടരാനും നേടാനും ഒക്കെയുള്ള അവകാശം അവർക്കും ഉള്ളതുകൊണ്ട് അതിനെ തടസ്സമായി കണ്ടു പ്രായം തികഞ്ഞു എന്നതുകൊണ്ട് നിർബന്ധപൂർവ്വം  വിവാഹം കഴിപ്പിച്ചയക്കുന്ന രീതിയിൽ നിന്ന് മാറി അവർക്ക് സ്വയം വിവാഹം എന്ന ഇന്‍സ്റ്റിട്യൂഷനിലേയ്ക്ക് തയ്യാറാക്കാനുള്ള സമയം നൽകുക. നമ്മുടെ ചിന്താഗതി മാറുക എന്നതാണ് ഏറ്റവും പ്രധാനം."

മേക്കോവർ ആർട്ടിസ്റ്റും അഭിനേതാവായുമായ സബിത സാവരിയ പറയുന്നു,

"എന്റെ അഭിപ്രായത്തിൽ കുറഞ്ഞത് ഒരു ഇരുപത്തിയഞ്ച് വയസെങ്കിലും പെണ്കുട്ടികൾക്കായിട്ട് മതി വിവാഹം. നമ്മുടെ ഒക്കെ രീതി അനുസരിച്ച് ആ പ്രായം വരെ ഒരു പെൺകുട്ടി ജീവിച്ചു വന്ന സാഹചര്യത്തിൽ നിന്നും പൂർണമായി മാറി മറ്റൊരു രീതിയിലേക്കാണ് അവൾ പറിച്ചു നടപ്പെടുന്നത് വിവാഹം വഴി. മാത്രമല്ല അത് വരെ പരിചയമില്ലാത്ത  ഒരു വ്യക്തിയ്‌ക്കൊപ്പം ആണ് താമസിക്കേണ്ടത്. അങ്ങനെ ഒരു ജീവിതം ആരംഭിക്കുമ്പോൾ ഇരുവർക്കും പരസ്പരം മനസ്സിലാക്കാനും നല്ലതും ചീത്തയും ഉൾക്കൊള്ളാനുമുള്ള പക്വത അവർക്കുണ്ടാകണം. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി കിട്ടാനുള്ള സമയം വേണം. എസ്എസ്എൽസി പാസ്സ് ആവുന്ന സമയമാണ് പതിനാറ്, പ്ലസ്‌ടു കഴിയുമ്പോൾ പതിനെട്ടാകും. ആ പ്രായത്തിൽ അവരുടെ കരിയർ എന്താവണം എന്ന് അറിയാൻ പോലുമുള്ള പക്വത അവർക്കുണ്ടാവില്ല. ഡിഗ്രി കഴിയുമ്പോഴേക്കുമാണ് ഇരുപത്തിയൊന്ന് വയസ്സാവുക, അപ്പോഴും ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ അവർ കണ്ടു തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും പതിനെട്ടിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇരുപത്തിയൊന്ന് തന്നെയാണ് ഭേദമെന്നാണ് തോന്നുന്നത്. "

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com