ADVERTISEMENT

"നിങ്ങളൊക്കെ എങ്ങനെയാണ് ഇത്രയെളുപ്പത്തിൽ സങ്കടങ്ങളെ തരണം ചെയ്യുന്നത്?" ഒരു ആൺ സുഹൃത്തിന്റെ ചോദ്യമാണ്. ചോദ്യം പൊതുവിൽ സ്ത്രീകളോടാണ് എന്നത് അടുത്ത പ്രസ്താവന മനസ്സിലാക്കി തന്നു."പെട്ടെന്ന് ഓവർകം ചെയ്യാൻ പറ്റുന്നതുകൊണ്ടല്ലേ പുരുഷന്മാരെ പ്രണയിച്ച് ചതിക്കാൻ നിങ്ങളെക്കൊണ്ട് എളുപ്പത്തിൽ പറ്റുന്നത്?"എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് ആലോചിച്ചു. സത്യമാണ്, നിരന്തരം സ്ത്രീകൾ മാത്രം സംസാരിക്കുന്ന മൂന്നു ഗ്രൂപ്പുകളിൽ അംഗമാണ്. അവരുടെ വിഷാദങ്ങളും ബുദ്ധിമുട്ടുകളും അതിജീവന കഥയും കേൾക്കാറുണ്ട്, പകയും ദേഷ്യവും കണ്ടിട്ടുണ്ട്, അതുകൊണ്ട് ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ഇതാണ്, അത്രയെളുപ്പമല്ല സങ്കടങ്ങളെ മറികടക്കാൻ, പക്ഷെ അതിജീവിച്ച മതിയാകൂ എന്ന സാഹചര്യത്തിൽ സ്വാഭാവികമായി അതിനുള്ള ധൈര്യം സ്വയമേവ പുരുഷനേക്കാൾ മുൻപേ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. പക്ഷേ രണ്ടാമത്തെ കൂട്ടി ചേർക്കൽ എത്രത്തോളം സത്യമാണ്?

ഒരു സ്ത്രീയെ കാണുന്ന അതെ കണ്ണുകൾ കൊണ്ട് മറ്റൊരു സ്ത്രീയെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒരുവൾ ചിന്തിക്കുന്ന അതെ ഹൃദയം കൊണ്ടല്ല മറ്റൊരുവൾ ചിന്തിക്കുന്നത്. കാരണങ്ങൾ പലതുണ്ടാകാം, എന്നാൽ ചതിക്കുക അല്ലെങ്കിൽ പ്രണയത്തിൽ വഞ്ചിക്കുക എന്നത് സ്ത്രീകളുടെയോ പുരുഷന്മാരുടെയോ അങ്ങനെ ഒരാളുടെ മാത്രം കുത്തകയല്ല. സാഹചര്യങ്ങളും സന്ദർഭങ്ങളും ഒത്തു വരുമ്പോൾ , താങ്ങാനാകാത്ത നിമിഷങ്ങളുണ്ടാകുമ്പോൾ ഒഴിഞ്ഞു മാറൽ ആവശ്യമായി വന്നേക്കാം. എന്നാൽ അതിൽ നിന്ന് രക്ഷപെടാൻ സ്വാഭാവികമായി സ്ത്രീകൾക്ക് എളുപ്പത്തിൽ കഴിയുന്നത് അവളുടെ ആന്തരികമായ സ്വഭാവത്തിന്റെ ഭാഗമായി തന്നെയാണ്.

മകന്റെ സർജറിയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ ആണ് കുട്ടിയുടെ അച്ഛനും അമ്മയും. ശസ്ത്രക്രിയ കഴിഞ്ഞു വല്ലാത്തൊരു മുഖമുള്ള അവസ്ഥയിൽ മകനെ മാതാപിതാക്കളെ കാണിച്ചപ്പോൾ അച്ഛൻ ആ നിമിഷം തല കറങ്ങി താഴെ വീണു. പക്ഷെ 'അമ്മ അവന്റെ മുഖം നോക്കി തെല്ലു നേരം നിന്നു, പിന്നെ താഴെ വീണു പോയ ഭർത്താവിനെ താങ്ങിയെടുക്കാൻ കൂടെ നിന്നവരെ സഹായിച്ചു, അയാളെ അടുത്ത കസേരയിൽ ഇരുത്തി തോളിൽ ചേർത്ത് പിടിച്ചു. സഹനമല്ല അത്, ധൈര്യമാണ്.

സങ്കടങ്ങളിൽ നിന്നു നിങ്ങളെങ്ങനെയാണ് പുറത്ത് വരുന്നത്? കുറച്ചു സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ചേർക്കാം

1 . പെട്ടെന്ന് വിഷാദവും ദേഷ്യവും ഉണ്ടാകാറുണ്ട്, അതും പ്രീ മെൻസ്ട്രൽ സമയത്ത്. ഭർത്താവിനോടും മക്കളോടുമൊക്കെ അകാരണമായ ദേഷ്യം, സാധനങ്ങൾ വലിച്ചെറിയൽ തുടങ്ങിയ കലാപരിപാടികളുമുണ്ട്. ഭർത്താവിന്റെ കുടുംബ വീട്ടിലായിരുന്നപ്പോൾ ആ പ്രശ്നം മുറിക്കുള്ളിൽ മാത്രമായി അടക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു, എന്നാലും ചിലപ്പോഴൊക്കെ കൈ വിട്ടു പോകും, അമ്മയോട് പോലും ദേഷ്യപ്പെടും. പക്ഷേ, അതിന്റെ കാര്യം മനസ്സിലായത് പ്രീ മെൻസ്ട്രഷൻ എന്താണെന്നും അതിന്റെ വിഷാദങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തപ്പോഴാണ്. ഞങ്ങളുടെ ഗ്രൂപ്പിൽ വന്ന ആ പോസ്റ്റ് ഞാൻ ഭർത്താവിനെയും കാണിച്ചു. അതിനു ശേഷം കുറെയൊക്കെ അദ്ദേഹവും എനിക്ക് സപ്പോർട്ട് തരാൻ ശ്രമിക്കാറുണ്ട്. ഞങ്ങൾ മാത്രമായി ഒരു വീട്ടിലായപ്പോൾ പിന്നെ സ്വാതന്ത്ര്യമായി. അദ്ദേഹം നന്നായി മനസ്സിലാക്കി പെരുമാറുന്നത് കൊണ്ട് ആ സമയമാവുമ്പോൾ ഞാൻ സ്വയം കരുതാൻ ശ്രമിക്കും. അതിനു മുൻപ് തന്നെ ആ വിഷാദത്തെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ മുന്നിൽ തയ്യാറാക്കി വയ്ക്കും. ആ സമയത്ത് മാത്രം നന്നായി മധുരം കഴിക്കും, എനിക്കിഷ്ടപ്പെട്ട മാർവെൽ സിനിമകൾ കാണും, ഐ ലവ് സൂപ്പർ ഹീറോസ്. കുട്ടികൾ എനിക്ക് വേണ്ടി ലവ് മോം കാർഡ്‌സ് ഉണ്ടാക്കും, അത് കാണുമ്പൊൾ അവരോടു ഭയങ്കര സ്നേഹം തോന്നും. അതുകൊണ്ട് ഇപ്പോൾ ആ സമയത്തും എനിക്ക് അവരെ തിരികെ കിട്ടി, എന്നെയും കിട്ടി.

2 . എനിക്ക് ഭയങ്കര വിശ്വാസമായിരുന്നു അയാളെ. ഒരിക്കലും വിചാരിച്ചതേയില്ല, ചതിക്കുമെന്ന്. എന്നെക്കുറിച്ച് മറ്റൊരാളോട് വളരെ മോശമായി സംസാരിച്ചുവെന്ന് അറിഞ്ഞപ്പോഴാണ് അയാളുടെ സ്വഭാവം മനസ്സിലായത്. പക്ഷോ, ചോദിക്കാൻ ചെന്നപ്പോൾ അത് വീണ്ടും ബന്ധം വഷളാക്കി. മോശമായി എനിക്ക് അയാളോട് സംസാരിക്കേണ്ടി വന്നു. അയാൾ താമസിക്കുന്ന വീട്ടിൽ നിന്നും ആ ലിവിങ് ടുഗെദർ അവസാനിപ്പിച്ച് ഞാനിറങ്ങി ഹോസ്റ്റലിൽ ജോയിൻ ചെയ്തു. അതിനു ശേഷം ഞാൻ മനുഷ്യരിൽ നിന്നും ഡിറ്റാച്ഡ് ആയാണ് ജീവിക്കുന്നത്. ഒരാളെയും സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയാത്ത അവസ്ഥ. എല്ലാവരിൽ നിന്നും ഓടിയൊളിക്കാൻ തോന്നും. പിന്നെ പിന്നെ ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങി. ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടി കണ്ടെത്തിയ മാർഗ്ഗമാണ്. പക്ഷേ, അതെന്നെ മാറ്റി മറിച്ചു. സ്വയം സ്നേഹിക്കുക, സ്വയം സമയം കണ്ടെത്തുക, ഇതൊക്കെ മനസ്സിലാക്കി അനുസരിച്ച് തുടങ്ങിയ ശേഷം ഞാൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞാൽ തീരില്ല. അനുഭവിച്ചു തന്നെ അറിയണം.

3 . "നീയെന്തിനാണ് അയാൾക്ക് നമ്പർ കൊടുത്തത് അതുകൊണ്ടല്ലേ വിളിച്ചത്?" "അയാളെപ്പോലെയൊരാൾ നമ്പർ ചോദിച്ചാൽ കൊടുത്തതിൽ എന്താണ് തെറ്റ്? എന്നോട് മോശമായൊന്നും അദ്ദേഹം പറഞ്ഞില്ലല്ലോ. എന്നെ സൂക്ഷിക്കാൻ എനിക്കറിയാം". "എന്നാൽ നീ തന്നെ സൂക്ഷിച്ചോ, നമുക്ക് ഇവിടെ നിർത്താം"

- എന്തിനാണ് ഈയൊരു ചെറിയ കാര്യത്തിൽ അയാൾ അങ്ങനെ പറഞ്ഞതെന്നെനിക്ക് അറിയില്ല. എന്റെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിൽ സംസാരിക്കാനാണ് അദ്ദേഹം വിളിച്ചത്, നമ്പർ കൊടുത്തതിൽ ഇന്നും ഞാൻ പശ്ചാത്തപിക്കുന്നില്ല. മോശമായി ഇന്നോളം സംസാരിച്ചിട്ടുമില്ല. പക്ഷെ അവനെന്തിനാണ് അങ്ങനെ സംസാരിച്ചത്? ഒരു കാരണത്തിൽ ഉപേക്ഷിച്ച് പോകാം എന്നൊക്കെ. അത് കേട്ട നിമിഷത്തിൽ തന്നെ ഒരു പൊട്ടിത്തെറി ഉണ്ടായത് പോലെ തോന്നി. പിന്നെ എല്ലാം പെട്ടെന്ന് ശാന്തമായി. ഉപേക്ഷിക്കാൻ ഇത്രയെളുപ്പമായിരിക്കുമെന്നു ഞാൻ കരുതിയില്ല. അതുകഴിഞ്ഞ് അടുത്ത ദിവസം വന്നു അവൻ പറഞ്ഞത് ഞാനത് അപ്പോൾ തമാശ പറഞ്ഞതാണ് എന്നാണ്. എങ്ങനെയാണു ഉപേക്ഷിക്കാൻ പോകുന്നു എന്നൊരാൾക്ക് തമാശ പറയാൻ കഴിയുന്നത്? പക്ഷേ, ആദ്യം കേൾക്കുമ്പോൾ നമ്മളൊന്ന് പൊട്ടി ചിതറി പോകും, പിന്നെ പതുക്കെ നമ്മൾ നമ്മളെ അടക്കി വയ്ക്കും, പിന്നെ എന്തൊക്കെ പറഞ്ഞാലും ചിതറാൻ ആകാത്തത് പോലെ നമ്മൾ സ്വയം ഒട്ടിച്ചേരും. അങ്ങനെയാണ് എനിക്കപ്പോൾ എന്നെ തോന്നിയത്. പിന്നീട് അവനെ പഴയത് പോലെ പ്രണയിക്കാൻ എനിക്കായിട്ടില്ല.

4 . പ്രണയിച്ചത് തെറ്റ് തന്നെയാണ്. ഭർത്താവ് എന്നോട് മോശമായിട്ട് പെരുമാറിയിട്ടൊന്നുമില്ല. പക്ഷേ, എന്റെ ചില കഴിവുകൾ അദ്ദേഹം തിരിച്ചറിഞ്ഞിട്ടു പോലുമില്ല. എന്നാൽ അത് കണ്ടെത്തിയത് പുള്ളിയായിരുന്നു. പ്രണയമൊന്നുമല്ല, നല്ല രസമുള്ള സൗഹൃദം. എനിക്ക് തോന്നിയിട്ടുണ്ട്, രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത "രാമന്റെ ഏദൻ തോട്ടം" എന്റെ കഥയാണെന്ന്. അതിലെ നായിക ഞാനാണ്. പക്ഷേ, രാമനും ഞാനും തമ്മിലുള്ള ബന്ധം സിനിമയിലേക്കാൾ കുറച്ചുകൂടി മുന്നോട്ടു പോയിട്ടുണ്ട്. അപ്പോഴാണ് എനിക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. പൈൻ ആശുപത്രിയിലായി ജീവിതം, രാമൻ മനസ്സ് കൊണ്ട് ഒപ്പമുണ്ടായിരുന്നു. പക്ഷേ, ഭർത്താവ് എല്ലാം താങ്ങാൻ പറ്റാതെ പതുകെ ഉപേക്ഷിച്ചു പോയി. ആദ്യം തോന്നി, ഞാനത് അർഹിക്കുന്നു എന്ന്. പക്ഷേ, ഞാൻ അദ്ദേഹത്തെയും സ്നേഹിച്ചിരുന്നു. ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു. ഉപേക്ഷിക്കാൻ കാരണം പോലും അദ്ദേഹം പറഞ്ഞില്ല. ഇപ്പോൾ കാൻസർ കുറെയൊക്കെ ഭേദപ്പെട്ടിരിക്കുന്നു. അമ്മയുടെയും അച്ഛന്റെയും ഒപ്പമാണ്. ജോലിക്ക് പോയി തുടങ്ങി. രാമൻ ഇപ്പോഴും സപ്പോർട്ടായി കൂടെയുണ്ട്, പക്ഷെ അയാളല്ല, ഞാൻ തന്നെയാണ് എന്നെ തിരിച്ചെടുത്തത്. ഭർത്താവ് കളഞ്ഞിട്ട് പോയതിൽ നിന്നും, തീവ്രമായ അസുഖത്തിൽ നിന്നുമൊക്കെ ഞാൻ സ്വയം പുറത്ത് വന്നതാണ്. അദ്ദേഹം മറ്റൊരിടത്ത് ഇരുന്നു എന്നെ പ്രോത്സാഹിപ്പിച്ചു. ഇനി ഞങ്ങൾ തമ്മിൽ ഒരു ബന്ധവും വേണ്ടെന്നു ഞാൻ തീരുമാനിച്ചു. കൂടെ മകളുണ്ട്. ജോലിയുണ്ട്, രഞ്ജിത്ത് ശങ്കറിന്റെ സിനിമ സത്യമാകുന്നത് ഇപ്പോഴാണ് എന്റെ ജീവിതത്തിൽ. എന്നെങ്കിലും ചിലപ്പോൾ തീരുമാനം മാറ്റിയേക്കാം അറിയില്ല. നോക്കാം.

ഇനിയും എത്ര കഥകളാണ് സ്ത്രീകൾക്ക് പറയാനുള്ളത്! സങ്കടങ്ങളിൽ നിന്നും പുറത്ത് വന്ന പെണ്ണുങ്ങൾ കണ്ടെത്തുന്ന ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാൽ, അവനവൻ എന്ന വലിയ വൃത്തത്തിനപ്പുറം മറ്റാരുമില്ല എന്നതാണ്. സങ്കടവും വിഷാദവും മാറി കടന്നു പുറത്ത് വരണമെങ്കിൽ സ്വയം കരുതണമെന്നും ശ്രമിക്കണമെന്നുള്ള തിരിച്ചറിവാണത്. ഒരിക്കൽ ആ വൃത്തത്തിന്റെ വലിപ്പം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, സ്വയം സ്നേഹിയ്ക്കാൻ പഠിച്ചു കഴിഞ്ഞാൽ പിന്നെ ആർക്കും അവളെ ആ വൃത്തത്തിനുള്ളിൽ നിന്നും പുറത്തെടുത്ത് പൊട്ടിച്ചെറിയാനാകില്ല.

സത്യം! പെൺകുട്ടികൾ ആ വൃത്തത്തെക്കുറിച്ച് മനസ്സിലാക്കുന്നുണ്ട്, ഒരുപാട് പേര്‍ സ്വയം സ്നേഹിക്കാൻ തീരുമാനിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം സ്പെയ്സ് കണ്ടെത്താനും അതിനു വേണ്ടി സമയം ചിലവഴിക്കാനും ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും പുരുഷന്മാർക്കും അതനുസരിച്ച് അവൾക്കൊപ്പം നിന്നെ പറ്റൂ. സ്ത്രീ എന്നാൽ മറ്റൊരു വ്യക്തി തന്നെയാണെന്നും, അവൾക്കും ഹൃദയവും വ്യക്തിത്വവും ഉണ്ടെന്നും മനസ്സിലാക്കി ഒന്നിച്ചു നടക്കുന്നവരാകുമ്പോൾ ആ വൃത്തത്തിലേയ്ക്ക് അവൾ പതുക്കെ അവളുടെ പ്രിയപ്പെട്ടവരെയും കൈ പിടിച്ചു കയറ്റിയേക്കും. തന്നെ ഉടച്ചെറിഞ്ഞു കളയിലെന്നു അത്രയ്ക്ക് ഉറപ്പുള്ള ഒരാളെ. അല്ലാതെ സ്നേഹിച്ചു ഉപേക്ഷിച്ചു പോകുന്നവരെ മറക്കാൻ എളുപ്പമുണ്ടായിട്ടല്ല, സ്വയം പിഞ്ഞി കീറി പോകാതിരിക്കാനുള്ള അവളുടെ വഴി മാത്രമാണ് ആ ചുരുങ്ങിപ്പോകൽ. മറ്റൊന്നുമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT