ADVERTISEMENT

1992 നു ശേഷം ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ കൈവിട്ട് ഡെമോക്രാറ്റുകളെ തുണയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. റിപ്പബ്ലിക്കൻ കോട്ടയിലെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ മാറ്റത്തിന് ചുക്കാൻ പിടിച്ചത് ഒരു വനിതയാണ്. ഡെമോക്രാറ്റുകളിലെ ഏറെ ജനശ്രദ്ധ ആകർഷിച്ച സ്റ്റേയ്സി എബ്രാംസ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജ.

2002 ൽ അറ്റ്ലാന്റ സിറ്റിയുടെ ഡപ്യൂട്ടി അറ്റോർണിയായി നിയമിതയായതോടെ ആയിരുന്നു സ്റ്റേയ്സി എബ്രാംസിന്റെ രഷ്ട്രീയ രംഗപ്രവേശം. 2018ലെ ഗവർണർ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തോടനുബന്ധിച്ച് സ്റ്റേയ്സിയുടെ പേര് രാഷ്ട്രീയ ചർച്ചകളിൽ സജീവമായിരുന്നു.അതിനുശേഷം കഴിഞ്ഞ രണ്ടു വർഷമായി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ജോർജിയയെ നീലയണിയിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി സ്റ്റേയ്സി നിലകൊണ്ടത് തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്യമായി പ്രതിഫലിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയം ഉറപ്പു വരുത്തുന്നതിനു വേണ്ടി കൃത്യമായ നീക്കങ്ങൾ സ്റ്റേയ്സിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. 

ജോർജിയയിലെ വെളുത്ത വർഗക്കാർ അല്ലാത്തവർക്കും പാവപ്പെട്ടവർക്കും യുവജനങ്ങൾക്കും വോട്ടിങ് എന്നത് ഏറെ ബുദ്ധിമുട്ടുള്ള പ്രക്രിയയായി നിലനിൽക്കുന്നതിനെതിരെ ശക്തമായ പോരാട്ടമാണ് ഇവർ നടത്തിയത്. ഇത്തരക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഫെയർ ഫൈറ്റ് ആക്ഷൻ എന്ന ഒരു സംഘടനയ്ക്ക് തന്നെ ഇവർ രൂപം നൽകിയിരുന്നു. വോട്ടെണ്ണലിനിടെ വെള്ളിയാഴ്ച ജോർജിയയിൽ  മൂന്നു പതിറ്റാണ്ട് നീണ്ട ചരിത്രത്തിന് വിപരീതമായി ജോർജ് ബൈഡൻ ആയിരം വോട്ടുകൾക്ക് മുന്നിൽ എത്തിയതോടെ സ്റ്റേയ്സി എന്ന പെൺകരുത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ ഒന്നടങ്കം അംഗീകരിച്ചു.

 തലസ്ഥാനനഗരമായ അറ്റ്ലാന്റയുടെ സമീപപ്രദേശങ്ങളിലെ കറുത്തവർഗക്കാരായ വോട്ടർമാർ വലിയതോതിൽ സമ്മതിദാനാവകാശം വിനിയോഗിച്ചതാണ് തിരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 

ജനങ്ങളുടെ ഇടയിൽ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് എന്നതിലുപരി നിയമ ബിരുദധാരിയും സാഹിത്യകാരിയും കൂടിയാണ് 47 കാരിയായ സ്റ്റേയ്സി. സെലീന മോണ്ട്ഗോമറി എന്ന തൂലികാനാമത്തിലാണ്   സാഹിത്യലോകത്ത് സ്റ്റേയ്സി അറിയപ്പെടുന്നത്.  തന്റെ സാഹിത്യ രചനകൾക്ക് നിരവധി  അവാർഡുകളും ഇവർ നേടിയിട്ടുണ്ട്. നിയമ ബിരുദം നേടിയതിനുശേഷം ടാക്സ് അറ്റോർണിയായും സേവനം അനുഷ്ഠിച്ചിരുന്നു. 

ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ ഏറ്റവുമധികം തിരിയുന്നതും സ്റ്റേയ്സിലേക്ക് തന്നെയാണ്. അമേരിക്കയുടെ രാഷ്ട്രീയ ഭാവിക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന നേതാവ് എന്ന നിലയിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ഇതിനോടകം  അവർക്ക് സാധിച്ചിട്ടുണ്ട്. അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ആകാനുള്ള സാധ്യത പോലും ശക്തയായ ഈ വനിതയ്ക്ക്  ഉണ്ടെന്നാണ് വിലയിരുത്തലുകൾ. കറുത്തവർഗക്കാർക്ക് എതിരെയുള്ള ചൂഷണങ്ങളും അടിച്ചമർത്തലുകളും ഏറെ ചർച്ചയാകുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ അമേരിക്കൻ വംശജയായ സ്റ്റേയ്സിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രാധാന്യം ഏറെയാണ്.

English Summary: Stacey Abrams Wins Praise Helping Drive Bidens Gains Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT