ADVERTISEMENT

ഇലക്ഷൻ ഡ്യൂട്ടിയുണ്ടെന്ന് കോളേജ് ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ ഞാൻ എറണാകുളത്തെ വീട്ടിലായിരുന്നു. വാർത്ത അറിഞ്ഞ അച്ഛൻ വളരെ ആഹ്ലാദത്തോടെ പറഞ്ഞു, ‘നീ ഡ്യൂട്ടി ചെയ്യണം, ഇതൊന്നും എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല.’ സമയദോഷത്തെ പ്രാകി കിട്ടിയ ഡ്യൂട്ടി എങ്ങനെയും ഒഴിവാക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റുകളും മുടന്തൻ ന്യായങ്ങളുമായി കളക്ട്രേറ്റ് കയറിയിറങ്ങുന്ന അധ്യാപകരെ മാത്രമേ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടുള്ളൂ. ഇതൊരു മഹാഭാഗ്യമാണെന്ന് പറയുന്ന അച്ഛനോട് ഞാൻ പറഞ്ഞു, ‘എനിക്ക് പ്രിസൈഡിങ് ഓഫീസറായി ജോലി ചെയ്യേണ്ടത് എവിടെയാണെന്നറിഞ്ഞാണ് അച്ഛനീ പറയുന്നത്? കണ്ണൂരാണ്.’ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള ജില്ല. രാവിലെ പത്രം വായിച്ച ഓർമയിൽ ഞാൻ ചിന്താവിഷ്ടയായി നിന്നു. ‘നിനക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ വേറേ ആർക്ക് ചെയ്യാൻ പറ്റും.’ അച്ഛന്റെ അചഞ്ചലമായ വിശ്വാസം കണ്ടപ്പോൾ എനിക്കും ഒരാവേശം തോന്നാതെയില്ല. എന്നാലും സ്ഥലം കണ്ണൂരാണെങ്കിൽ എന്തും പ്രതീക്ഷിക്കണമത്രേ! പക്ഷേ കണ്ണൂരിലെ കഴിഞ്ഞ രണ്ടരവർഷത്തെ എന്റെ ശാന്തസുന്ദരമായ ജീവിതം അതിന് വിപരീതമായ അനുഭവമായിരുന്നു.

സുഹൃത്തുക്കൾ സഹതപിച്ചു, ആശ്വസിപ്പിച്ചു

ഡ്യൂട്ടിയുണ്ടെന്നറിഞ്ഞു വിളിച്ച അടുത്ത സുഹൃത്തുക്കളിൽ പലരും ആദ്യം സഹതപിച്ചു, പിന്നെ ആശ്വസിപ്പിച്ചു. ഞാൻ അതിർത്തിയിൽ യുദ്ധം ചെയ്യാൻ പോകുകയാണെന്ന മട്ടിലുള്ള അവരുടെ സംഭാഷണങ്ങൾ ഞാൻ നിസ്സംഗതയോടെ മാത്രം കേട്ടിരുന്നു. വേറെ ചിലരാകട്ടെ അവരുടെ മുൻകാല പരിചയത്തിൽ ചെറിയൊരു ഇലക്‌ഷൻ ക്ലാസ് തന്നെ എടുത്തു. അവരുടെ വർത്തമാനത്തിൽ ഇടക്കിടെ കേട്ട മോക് പോൾ, ചാലഞ്ച് വോട്ട്, ടെൻറ്റേഡ് വോട്ട്, സ്റ്റാറ്റുറ്ററി-നോൺ സ്റ്റാറ്റുറ്ററി ഫോമുകൾ, അഞ്ചു തരം പാക്കറ്റുകൾ ഇങ്ങനെ പലതും എനിക്ക് മനസ്സിലായില്ല എന്ന് മാത്രമല്ല, ഇലക്‌ഷൻ ഡ്യൂട്ടി യുജിസി നെറ്റ് പരീക്ഷയേക്കാൾ കഠിനമാണെന്ന തോന്നലാണ് അത് എനിക്ക് നൽകിയത്. മുപ്പതുവയസ്സിനിടയിൽ ഏറിയാൽ മൂന്നോ നാലോ പ്രാവശ്യം മാത്രമേ ഞാൻ വോട്ട് ചെയ്തിട്ടുളളൂ. ഒരു പോളിങ് സ്റ്റേഷൻ പോലും നേരേചൊവ്വെ കാണാത്ത ഞാനാണ് ഒരാഴ്ച കഴിഞ്ഞാൽ പ്രിസൈഡിങ് ഓഫീസറുടെ കസേരയിൽ ഇരിക്കാൻ പോകുന്നതെന്ന് ഓർത്തപ്പോൾ ഒരുൾക്കിടിലം ഉണ്ടായി. എന്നാലും അച്ഛന് ഇത്ര ആഗ്രഹമാണെങ്കിൽ ഡ്യൂട്ടി എടുക്കുകതന്നെ. ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ സർക്കാർ പറയുന്ന ഒരു വിഭാഗത്തിലും ഞാൻ ഉൾപ്പെടുന്നില്ല, അല്ലെങ്കിൽ ഇനി കോവിഡ് വരണം, അതേ മാർഗമുള്ളൂ. അതിനേക്കാൾ ഭേദം ഡ്യൂട്ടി തന്നെ.

ഇലക്ഷൻ ഓർഡർ കൈപ്പറ്റാൻ വിമാനയാത്ര

ഡിസംബർ രണ്ടിന് തലശ്ശേരി ബ്ലോക്കാഫീസിൽ ഇലക്ഷൻ ക്ലാസ്. രണ്ടിന് പത്തുമണിക്കു മുമ്പായി പോസ്റ്റിങ് ഓർഡർ പ്രിസൈഡിംഗ് ഓഫീസർ നേരിട്ട് കൈപ്പറ്റിയില്ല എങ്കിൽ അറസ്റ്റ് ചെയ്യാൻപോലും വകുപ്പുണ്ടത്രേ. ആകാശമാർഗമല്ലാതെ പത്തുമണിക്ക് മുമ്പ് കണ്ണൂരെത്താൻ ഒരു വഴിയുമില്ല. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പ്രിസൈഡിങ് ഓഫീസർ വിമാനം പിടിച്ച് ഇലക്‌ഷൻ ഓർഡർ കൈപ്പറ്റാൻ ഓഫീസിലെത്തുന്നത്. എന്തായാലും കാറിലെ ക്ഷീണിപ്പിക്കുന്ന ആറു മണിക്കൂർ യാത്രയേക്കാൾ ലാഭം വിമാനയാത്ര തന്നെയാണ്. അഞ്ചരക്കണ്ടിയിലാണ് എന്റെ ആദ്യത്തെ ഇലക്‌ഷൻ ഡ്യൂട്ടി നിർദ്ദേശിച്ചിട്ടുള്ളത്. എയർപോർട്ടിൽനിന്നും മടക്കയാത്ര അഞ്ചരക്കണ്ടിവഴിയാണ്. വീട്ടിലേക്കു തിരിച്ചപ്പോൾ രാത്രിയേറെ വൈകിയിരുന്നു. എന്നാലും അഞ്ചരക്കണ്ടിയിലെത്തിയപ്പോൾ ഒരു ഞാൻ ഉറക്കം തൂങ്ങുന്ന കണ്ണുകൾ പരമാവധി തുറന്നു പിടിച്ചു. കാതു കൂർപ്പിച്ചു. സ്ഥലമെല്ലാം ഇപ്പോഴേ നോക്കിവയ്ക്കുന്നത് നല്ലതാണ്. ഒരു സിഐഡിയെപ്പോലെ ജാഗരൂകയായി. ചില സ്ഥലത്ത് ഇരുട്ടിൽ അനക്കങ്ങൾ കണ്ടു ശ്രദ്ധിച്ചു. പാർട്ടി പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്ന തിരക്കിലാണ്. മങ്ങികത്തുന്ന മഞ്ഞ ബൾബുകൾക്കു കീഴെ കുത്തിയിരുന്ന് ചിലർ എന്തൊക്കെയോ സംസാരിക്കുന്നു. ഭാഗ്യം, എല്ലാം ശാന്തം, സമാധാനപരം. ഞാൻ ദീർഘമായി നെടുവീർപ്പിട്ടു. ആരോ നേരത്തെ പറഞ്ഞിരുന്നു, പത്തുവർഷങ്ങൾക്ക് മുൻപൊരു ഇലക്‌ഷനിൽ ഇവിടെ ബോംബേറ് നടത്തിട്ടുണ്ടത്രേ. രാത്രിയുടെ തണുത്ത നിശബ്ദതയിൽ ഉറക്കമിളച്ച് പോസ്റ്ററൊട്ടിക്കുന്ന ആ ചെറുപ്പക്കാരുടെ ആത്മാർത്ഥയിൽ ഞാൻ അഞ്ചരക്കണ്ടിക്കാരെ വിലയിരുത്തി. ഇല്ല, ഇവർക്ക് ഒരിക്കലും പ്രശ്നക്കാരാൻ കഴിയില്ല. അച്ചടക്കമുള്ള പോളിങ് ഏജന്റുമാരും സത്യസന്ധരായ വോട്ടർമാരുമാണ് ഒരു പോളിങ് സ്റ്റേഷന്റെ ഐശ്വര്യം എന്നല്ലേ പ്രമാണം.

ഇലക്ഷൻ ക്ലാസ്സുകൾ

ആദ്യമായി ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നവരുടെ പരമാവധി സംശയങ്ങൾ തീരുന്ന തരത്തിലാണ് ഇലക്‌ഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ചിട്ടുള്ളത്. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സിനു ശേഷം ഞാൻ ഫസ്റ്റ് പോളിങ് ഓഫീസറായ ഷാജ് മോൻ സാറിനെ പരിചയപ്പെട്ടു. സാറും ആദ്യത്തെ ഡ്യൂട്ടിയാണത്രേ. ഞാൻ ഈ ഡ്യൂട്ടി സധൈര്യം ഏറ്റെടുത്തതിൽ അദ്ദേഹം എന്നെ അഭിനന്ദിച്ചു. ഇപ്രാവശ്യം പതിവിനു വിപരീതമായി അധികവും സ്ത്രീകളെയാണ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുളളത്. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ അത് ഒരു പടിയെങ്കിലും മുന്നോട്ടു കൊണ്ടുപോകുമെന്നതിൽ സംശയമില്ല. പരിചയപ്പെടലിനുശേഷം എല്ലാം വരുന്നപോലെ കാണാമെന്ന് പറഞ്ഞു അന്നേക്ക് ഞങ്ങൾ പിരിഞ്ഞു. ക്ലാസിൽ നിന്നും വീട്ടിലെത്തിയ ഞാൻ ആദ്യമായി ഒരു തീരുമാനമെടുത്തു. നന്നായി പഠിച്ചുപോയാൽ പിന്നെ ഒന്നും പേടിക്കാനില്ല. ഇരുനൂറുപേജിന്റെ വരിയിടാത്ത ഒരു നോട്ട്ബുക്കിൽ ഇലക്ഷൻ പാഠങ്ങൾ എഴുതി തയാറാക്കി. പി.എസ്.സി പരീക്ഷയ്ക്കുശേഷം ഇതുപോലെ നോട്ടുണ്ടാക്കി പഠിച്ചിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. പ്രിസൈഡിങ് ഓഫീസർക്കുള്ള ഹാൻഡ് ബുക്ക് തുറന്നുവച്ചു, ഓരോ പേജും ഓരോ വരിയും ശ്രദ്ധാപൂർവം വായിച്ചു. അപ്പോൾതന്നെ കുറിപ്പുകളുണ്ടാക്കിവച്ചു. പ്രധാനപ്പെട്ട കാര്യങ്ങൾ ചുവപ്പുമഷികൊണ്ട് അടിവരയിട്ടു വച്ചു. പുസ്തകത്തിൽ പറയാത്ത, ഞാൻ ആലോചിച്ചും മറ്റുള്ളവർ പറഞ്ഞതുമായ ചില പ്രായോഗിക പാഠങ്ങൾ പ്രത്യേകം കോളത്തിനുള്ളിൽ എഴുതി. സംശയങ്ങൾ അക്കമിട്ട് എഴുതിവച്ചു. പിന്നെ ബന്ധപ്പെട്ടവരോട് ചോദിച്ച് മനസ്സിലാക്കാം. ഡി.പി.ഇ.പി പാഠ്യപദ്ധതിയിൽ പഠിച്ചതിന്റെ പ്രയോജനം ഇതുപോലെയുള്ള സന്ദർഭങ്ങളിലാണ് മനസ്സിലാകുന്നത്. മത്സരപരീക്ഷയ്ക്കു പഠിക്കുന്ന അതേ ആവേശത്തോടെ സമയം കിട്ടിയപ്പോഴെല്ലാം ഹാൻഡ് ബുക്ക് വായിച്ചു. യൂട്യൂബിൽ മോക് പോൾ, വോട്ടിങ് മെഷീൻ സീലിംഗ് എന്നീ വിഡിയോകൾ ആവർത്തിച്ചു കണ്ടു. ഇലക്‌ഷൻ ഡ്യൂട്ടി ഒരു ടീംവർക്കാണല്ലോ. പിറ്റേന്ന്തന്നെ ടീമംഗങ്ങളെ വിളിച്ചു പരിചയപ്പെട്ടു. എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിൽ സംസാരിച്ചു. സന്തോഷമായി. ടീമംഗങ്ങളുമായി നിരന്തരം സമ്പർക്കത്തിലിരുന്നില്ലെങ്കിൽ എന്നെപ്പോലെ അന്തർമുഖത്വമുള്ളവർക്ക് ഡ്യൂട്ടി നരകതുല്യമായിരിക്കും. അതിലേക്കാദ്യപടിയായി ഇലക്‌ഷൻ 2020 എന്ന ഒരു വാട്ട്സ് ആപ് ഗ്രൂപ്പുണ്ടാക്കി ടീം മെമ്പേഴ്സിനെ അതിൽ ആഡ് ചെയ്തു. ഞാൻ വായിച്ച പല കുറിപ്പുകളും അവരുമായി പങ്കുവച്ചു.

ഓഫീസർമാർ ശാന്തശീലരും സൗമ്യരുമായിരിക്കണം

ഇലക്‌ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഗൗരവവും സുതാര്യതയും അതിലുപരി കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിനുവരുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയും മനസ്സിലാക്കണമെങ്കിൽ ഒരിക്കലെങ്കിലും ഇലക്ഷൻ ഡ്യൂട്ടി നിർവഹിക്കണം. മാസങ്ങൾക്കു മുമ്പ് തുടങ്ങുന്ന പ്രവർത്തനങ്ങളുടെ ഏതാണ്ട് അവസാന ഘട്ടത്തിൽ മാത്രമാണ് പോളിംഗ് ടീം അതിന്റെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്നത്. ഇലക്ഷൻ ക്ലാസ്സിൽ ഒരു പഴയ പത്താം ക്ലാസുകാരിയുടെ ശ്രദ്ധയോടെ ഇരുന്നപ്പോൾ എനിക്ക് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യതയിലും നിക്ഷ്പക്ഷതയിലും അത് വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്യ്രത്തിലും മുമ്പെങ്ങും തോന്നാത്തവിധം ബഹുമാനവും ഗർവ്വും തോന്നി. ഒരു ഭാരതീയനായതിൽ വലിയ അഭിമാനം തോന്നി. പ്രിസൈഡിംഗ് ഓഫീസറുടെ കൈപ്പുസ്തകം ജനാധിപത്യബോധത്തോടൊപ്പം ഉയർന്ന സ്വാതന്ത്രബോധവും ഉന്നതമായ സാംസ്കാരികബോധവും മാനുഷികമൂല്യവും നല്ല ഭാഷാബോധവും നൽകുന്നു. പോളിങ് ഡ്യൂട്ടിയിലുള്ള ഓഫീസർമാർ ശാന്തശീലരും സൗമ്യരുമായിരിക്കണം എന്ന ആമുഖത്തിലെ വരിയാണ് എനിക്ക് ആ പുസ്തകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പാഠം. നല്ല മലയാളം പഠിക്കാൻ ഈ പുസ്തകം സഹായിക്കുമെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി തീരെയില്ല. ‘വോട്ടറെ അനുധാവനം ചെയ്യുന്ന സഹായി’ എന്നിങ്ങനെ ചില ഭാഷ പ്രയോഗങ്ങൾ എനിക്ക് നന്നായി ബോധിച്ചു. ചില യന്ത്രങ്ങളുടെ കൂടെ കിട്ടുന്ന യൂസേഴ്സ് മാനുവൽ യൂസ് ലെസ് ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും അതിൽ യന്ത്രത്തിൻറെ പ്രവർത്തനം വിശദീകരിച്ചിട്ടുണ്ടാവുക. എന്നാൽ ഇലക്ഷൻ കമ്മീഷൻറെ ഈ കൈ പ്പുസ്തകം അത്തരം മാനുവൽ നിർമാതാക്കൾക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്. വായിക്കുന്നവർക്ക് ഇലക്‌ഷൻ പ്രക്രിയ മനസ്സിലാകണം എന്ന് നിർബന്ധബുദ്ധിയുള്ള ആരോ ഒരാളാണിതിന്റെ ശിൽപി. അദ്ദേഹത്തിന് നന്ദി, അഭിനന്ദനങ്ങൾ.

സഹായി ആയി വാട്സാപ് ഗ്രൂപ്പുകൾ

സർക്കാർ സംവിധാനങ്ങൾ പൊതുവേ സാങ്കേതികവിദ്യ വളരെ വൈകിമാത്രം പ്രാബല്യത്തിൽവരുന്ന ഇടമാണ്. ഇലക്‌ഷൻ കമ്മീഷൻ  തിരഞ്ഞെടുപ്പ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കാൻ നൂനത സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. പോൾ മാനേജർ എന്നൊരു മൊബൈൽ ആപ്ലിക്കേഷൻ അതിന് ഉദാഹരണമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ ഈ ആപ് പ്രയോഗത്തിലുണ്ടെങ്കിലും ഇപ്രാവശ്യം കുറേക്കുടി യൂസർഫ്രണ്ട്്ലി ആയി ആപ് മുഖംമിനുക്കി. അതിലെ 21 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രമേ ഡ്യൂട്ടി ഔദ്യോഗികമായി പൂർത്തിയാക്കുവാൻ സാധിക്കൂ. ഇലക്‌ഷൻ ഡ്യൂട്ടിക്കു പോകുന്നവർക്ക് അടിസ്ഥാനപരമായ സാങ്കേതികപരിജ്ഞാനം ആവശ്യമുണ്ട്. കമ്പ്യൂട്ടറും സ്മാർട്ട് ഫോണുമായി ഇനിയും വലിയ അടുപ്പമില്ലാത്ത ധാരാളം സർക്കാർ ഉദ്യോഗസ്ഥരുണ്ട് എന്ന വാസ്തവത്തെ മുൻനിർത്തി ആലോചിക്കുമ്പോൾ ഈ സംവിധാനങ്ങൾ എത്രത്തോളം നമ്മളെ കാലത്തിനനുസരിച്ച് ജീവിക്കാൻ ഒരു ചെറിയ ജാലകം തുറന്നുതരുന്നു എന്ന് മനസിലാകും. തിരഞ്ഞെടുപ്പ് പ്രക്രിയയെ ഏറ്റവും സുഗമമാക്കുന്നതിന് വാട്സ് ആപ് ഗ്രൂപ്പുകൾ വളരെ സഹായിക്കുന്നുണ്ട്. ഇലക്‌ഷൻ ഡ്യൂട്ടിക്കു നിയമിതരായ ഉദ്യോഗസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കാൻ രൂപീകരിച്ച പ്രിസൈഡിംഗ് ഓഫീസേഴ്സ് ഗ്രൂപ്പിൽ ഒന്നിൽ ഞാനും അംഗമായിരുന്നു. ഇലക്‌ഷൻ ഡ്യൂട്ടിയെടുത്ത് അനുഭവസമ്പന്നരായ ചില അധ്യാപകരാണ് ആ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലയിൽനിന്നുമുള്ള പ്രിസൈഡിംഗ് ഓഫീസർമാർ അതിൽ അംഗങ്ങളായിരുന്നു. വോട്ടിങ് പ്രക്രിയയുമായി ബന്ധപ്പെട്ട ഏതു സംശയവും എത്ര രാത്രിയായാലും വിശദീകരിച്ചുകൊടുക്കാൻ അവർ സന്നദ്ധരാണ്. ഒരേ സംശയങ്ങൾ പല തവണ ആവർത്തിച്ചാലും അൽപവും മടിയോ ദേഷ്യമോ ഇല്ലാതെ അതിന് വിശദമായി ഉത്തരം പറഞ്ഞുനൽകുന്ന ഇതുപോലെയുള്ള ഉദ്യോഗസ്ഥരുടെ ആത്മാർത്ഥത കൊണ്ടുകൂടിയാണ് ഓരോ ഇലക്ഷനും വലിയ വിജയമാകുന്നത്. അറിയാത്ത വിദ്യ പഠിക്കാൻ താൽപര്യം കാണിച്ച ഉദ്യോഗസ്ഥർ കുറച്ചു നാളെങ്കിലും പഴയ വിദ്യാർത്ഥികാലത്തേക്ക് തിരിച്ച് പോകും. അതിനു സന്നദ്ധത കാണിക്കാത്തവർ പോളിങ് സ്റ്റേഷനിലിരുന്ന് വിയർക്കുമെന്നതിൽ സംശയമില്ല.

അഞ്ചരക്കണ്ടി പാളയം വാർഡ്

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ പാളയം വാർഡിൽ പലേരി എൽ.പി. സ്കൂളായിരുന്നു എന്റെ പോളിങ് സ്റ്റേഷൻ. സ്വച്ഛ സുന്ദരമായ ഗ്രാമത്തിന് ഒത്ത നടുവിൽ നാലു ദിക്കുകളും വൻമരങ്ങൾ അതിരിടുന്ന, ചെത്തുകല്ലുകൾ പാകി ജനലും വാതിലുമില്ലാത്ത ഒരു പുരാതന സ്കൂൾ കെട്ടിടം. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ചിത്രം അങ്ങനെ ഒന്നായിരുന്നു. ആദ്യം അതുകണ്ടൊന്നു ഞെട്ടിയെങ്കിലും കുറേനാൾ മുമ്പ് കെട്ടിടം പുതുക്കിപ്പണിതതാണെന്നും അതിന് അടച്ചുറപ്പുള്ള വാതിലും ജനലുകളുമുണ്ടെന്ന് സ്കൂളിന്റെ പേരിലുള്ള ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുളള ചില ചിത്രങ്ങളിൽനിന്നും അറിയാൻ സാധിച്ചു. അത്രയും ആശ്വാസം. തലേന്ന് ബ്രണ്ണൻ കോളേജിൽനിന്നും പോളിങ് സാമഗ്രികൾ കൈപ്പറ്റി.

ടീമംഗങ്ങൾ എല്ലാവരും കൃത്യ സമയത്തുതന്നെ ഹാജരായി. തലശ്ശേരി ഗ്രാമീൺ ബാങ്കിലെ കാഷ്യർ രമ്യച്ചേച്ചി, വടക്കുമ്പാടം സ്കൂളിലെ വനിത ടീച്ചർ, അംഗനവാടി വർക്കർ ലീന ചേച്ചി എന്നിവരായിരുന്നു മറ്റു ടീമംഗങ്ങൾ. അൽപവും ഈഗോ പ്രശ്നമില്ലാതെ എല്ലാവരും ആദ്യാവസാനം ഒപ്പം നിന്നു. നല്ലവരായ നാട്ടുകാർ ഭക്ഷണത്തിനും താമസത്തിനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ സമയോചിതമായ പ്രവർത്തനംകൊണ്ടും മര്യാദയും വിവേകവുമുള്ള പോളിങ് ഏജന്റുമാരും സർവോപരി പ്രബുദ്ധരായ വോട്ടർമാരും ആത്മാർത്ഥതയുള്ള പോളിങ് ഓഫീസർമാരും കാരണം രാവിലെ മുതൽ പോളിങ് അവസാനിക്കുന്നതുവരെ ഒരു തപോഭൂമിയുടെ ശാന്തതയും പവിത്രതയും പോളിങ് സ്റ്റേഷനിൽ അനുഭവപ്പെട്ടു. ജോലികൾ പകുതിയും തലേദിവസം പൂർത്താക്കിയതുകാരണം പോളിങ് ക്ലോസ് ചെയ്ത് ഒരു മണിക്കൂറിനകം സ്റ്റേഷൻ വിടാനായി.

പ്രതീക്ഷയും വിലയിരുത്തലും തെറ്റിയില്ല

അഞ്ചരക്കണ്ടിയെപ്പറ്റിയുള്ള എന്റെ പ്രതീക്ഷയും വിലയിരുത്തലും തെറ്റിയില്ല. എല്ലാവർക്കും ഉള്ളിൽ നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ ഇറങ്ങി. ബസ് കാത്തുനിൽക്കുന്ന പ്രധാന റോഡിലെത്താൻ അൽപം നടക്കണം. ഇരുവശത്തും തൊട്ടാവാടികൾ കിളിർത്തുനിൽക്കുന്ന വഴിച്ചാലിലൂടെ സന്ധ്യനേരത്ത് ആരോ തെളിയിച്ച മൊബൈൽ ടോർച്ചിന്റെ നേർത്ത വെളിച്ചത്തിൽ പോളിങ് സാമഗ്രികളുമായി തിരികെ നടന്നപ്പോൾ ഞാൻ ആലോചിച്ചു, ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ഇലക‌്ഷൻ ഡ്യൂട്ടി ചെയ്യാൻ അവസരമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നമ്മുടെ നാടിനോടും ഭരണഘടനയോടും ജനാധിപത്യസംവിധാനത്തോടും ഇത്ര അധികം ബഹുമാനവും ആദരവും മറ്റൊരു പ്രവർത്തിയിലൂടെയും ലഭിക്കുന്നതല്ല. ഇനി കേരളത്തിലെവിടെയാലും ഡ്യൂട്ടി വന്നാൽ ഞാനത് നിറഞ്ഞ സന്തോഷത്തോടെ ഏറ്റവും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കും. അച്ഛനുവേണ്ടിയല്ല. എനിക്കുവേണ്ടി. അത്രമേൽ ആത്മസംതൃപ്തിയോടെ മടങ്ങാൻ എനിക്കവസരം നൽകിയ അഞ്ചരക്കണ്ടി നിവാസികളേ നിങ്ങൾക്ക് ഒരിക്കൽകൂടി എന്റെ ഹൃദയാഭിവാദനങ്ങൾ.

(തലശേരി ബ്രണ്ണൻ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com