ADVERTISEMENT

ഏറെ നാൾ മിണ്ടാതെയിരുന്നാൽ സ്നേഹം നഷ്ടപ്പെട്ടതായി ഭാവിച്ച് അവനവനിലേക്ക് ചുരുങ്ങിയിരുന്നു പോയാൽ ഇല്ലാതായിപ്പോകുന്നതാണ് കരുതലുകളെന്നു പഠിപ്പിച്ചത് ലോക്ഡൗൺ കാലമല്ലേ? ഒരാളല്ല എല്ലാ മനുഷ്യരും കൂടുതൽ കൂടുതൽ ഒതുങ്ങിപ്പോകാൻ പഠിച്ചിരിക്കുന്നു, കുടുംബത്തിലെ ചൂടിൽ, സുരക്ഷിതത്വത്തിൽ ചിറകറ്റ പക്ഷിയായി ചേർന്ന് പോയിരിക്കുന്നു. സത്യമാണ്, വീടിനുള്ളിൽ ഇരിക്കാൻ നേരമില്ലാതിരുന്ന പലരും ഇന്ന് പതിയെ കൊറോണയെ മറന്നു സ്വപ്നങ്ങൾക്കും പുതിയ ഭാവിക്കും ചിറക് വിരിക്കുമ്പോൾ പിന്നിൽ നിന്നും കൂടെയുണ്ടായിരുന്നവരുടെ സ്നേഹം ചേർത്തു നിർത്തുന്നുണ്ട്.

"ചേച്ചി എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ? ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? അതോ എന്നെക്കുറിച്ച് മോശമായി ആരെങ്കിലും പറഞ്ഞോ?"

"താനെന്താ അങ്ങനെ ചോദിയ്ക്കാൻ?"

"ചേച്ചി ഇപ്പോൾ എന്തോ ഒരു അകൽച്ച കാണിക്കുന്നത് പോലെ തോന്നി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടാണെങ്കിൽ ഈ വർഷം തീരുന്നതിനു മുൻപ് തെറ്റിദ്ധാരണകളൊക്കെ മാറ്റാമെന്ന് കരുതി"

"അതാണോ, അത് നിന്റെ കുറ്റമല്ല, ഞാൻ സ്വയം ചുരുങ്ങിപ്പോയതാ. ലോക്ഡൗൺ വന്നതിനു ശേഷം ആരോടും മിണ്ടാതെ ആരെയും വിളിക്കാതെ ഒരുപാട് ഒതുങ്ങിപ്പോയി, ഇപ്പൊ തിരിച്ചെത്താൻ പറ്റുന്നില്ല"

"ദൂരെപ്പോയത് പോലെ എനിക്ക് സെൻസ് ചെയ്‌തെങ്കിലും ചേച്ചിക്ക് പ്രിയപ്പെട്ടവർക്കും അത് അനുഭവിക്കാൻ പറ്റുന്നുണ്ടാവില്ലേ? പഴയത് പോലെ എല്ലാവരോടും കൂട്ട് കൂടി മനസ്സിനെ ഫ്രീ ആക്കാൻ ശ്രമിച്ചൂടെ?"

"ശ്രമിക്കാം."

അതൊരു പെൺ സംഭാഷണമായിരുന്നു.

പക്ഷെ അകന്നു നിന്ന് നിശ്ശബ്ദരാക്കി നോക്കി നിന്ന പലരും തിരിച്ച് വരാനാകാത്ത ഏതോ തുരുത്തിലേയ്ക്ക് മടങ്ങിപ്പോയിരിക്കുന്നു. മൗനങ്ങൾക്ക് സ്നേഹത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ടോ? ബന്ധങ്ങൾക്കിടയിലെ വിടവ് കൂട്ടുന്ന എണ്ണ മാത്രമാണോ നിശബ്ദത?

"ഞാനെന്നും നിന്നെ ഓർത്തിരുന്നു, നിനക്കെന്താണ് സംഭവിച്ചതെന്ന് ഓർത്ത് ടെൻഷനടിച്ചിരുന്നു. നമ്മൾ പോയ യാത്രകളോർത്ത് സങ്കടപ്പെട്ടിരുന്നു. പക്ഷേ, അങ്ങനെ എത്ര കാലം പോകും, എല്ലാം പിന്നിലുപേക്ഷിക്കാൻ ഒരു ജോലി കണ്ടെത്തി, പിന്നെ വീട്ടിൽ മക്കളുണ്ട്, അവരുടെ പഠിത്തം, ഉത്തരവാദിത്തങ്ങൾ, ജോലി, ഇപ്പോൾ വേറെയൊന്നും ആലോചിക്കാൻ സമയമില്ലെടീ"

"എത്ര കാലം പിന്നിട്ടാലും എത്ര മിണ്ടാതെയിരുന്നാലും നീ എന്നെ ഓർക്കുന്നുണ്ടെന്നെനിക്കറിയാം. ഏത് കൊറോണ വന്നു പോയാലും എത്ര കാലം ലോക്ഡൗണിലെ മരവിപ്പിൽ ശരീരമിരുന്നാലും ഒരു വിളിപ്പുറത്ത് നീയുണ്ടെന്നും എന്റെ പിറന്നാളിന് വെറുതെയൊന്ന് കാണാനായി മാത്രം നീയോടി വരുമെന്നും എനിക്കറിയാം, അതൊക്കെയെ ഈ നിശബ്ദതയിൽ നിന്ന് ഞാൻ പഠിച്ചുള്ളൂ"

അതെ, അങ്ങനെയും ചിലരില്ലെന്നു പറയാൻ വയ്യ, ഒരിക്കൽ അത്രമേൽ സ്നേഹിച്ചിരുന്നതുകൊണ്ട് ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നവർ, മൗനവും ഇടവേളകളുമൊന്നും സ്നേഹത്തിന്റെ അടരുകൾ ദ്രവിപ്പിച്ചിട്ടില്ലാത്തവർ. ആ മൗനത്തിൽ നിന്നും ജീവിതത്തിന്റെ പുതിയ അർത്ഥങ്ങൾ കണ്ടെടുത്തത് വിരഹങ്ങളെ മറക്കാൻ ശീലിക്കുന്നവർ, പെൺകുട്ടികളാണോ അങ്ങനെ കൂടുതൽ?

എത്ര തരം മനുഷ്യരെയാണ് ഈ ഒരു വർഷം കാട്ടി തന്നതെന്നാണ് ഓർക്കുന്നത്! ഒരു സ്നേഹബന്ധങ്ങൾക്കും ആയുസ്സ് നിശ്ചയിക്കാൻ മനുഷ്യർ ആളല്ല, മരിക്കും വരെ ഒപ്പം ഞാനുണ്ട് എന്ന വാഗ്ദാനം പോലും ചിലപ്പോൾ എത്രമാത്രം മണ്ടത്തരങ്ങളാണ് എന്ന് മനസ്സിലാക്കുമ്പോൾ കൂടെയുണ്ടാകേണ്ടത് എന്തിനെയും ഏതിനെയും സ്വീകരിക്കാനുള്ള ഒരു ഹൃദയം മാത്രമാകുന്നു. ആരും, ഒന്നും വാഗ്ദാനം ചെയ്യപ്പെട്ടത് പോലെ ആയുസ്സെത്തും വരെ കൂടെയുണ്ടാവുന്നില്ല. ഒരിക്കലും ഇല്ലാതായിപ്പോകുന്നില്ല എന്ന് തോന്നുന്നത് ഒരു മറയാണ്, സത്യത്തിൽ നിന്ന് രക്ഷപ്പെടാൻ നാം തന്നെ നമുക്ക് മുന്നിൽ വിരിച്ചിട്ട ഒരു മറ. ചിലർ പാതിവഴിയിൽ നമ്മളിൽ നിന്നിറങ്ങിപ്പോകുന്നു, വഴിയിലെവിടെയെങ്കിലും വച്ച് കണ്ടാൽ അപരിചിതരെപ്പോലെ നോക്കി നിൽക്കുകയും ചിരിച്ചുവെന്നു വരുത്തുകയും ചെയ്യുന്നു.

"എനിക്കൊരിക്കലും പറ്റില്ലെടീ എന്നെപ്പോലെ അതെ വൈബ് ഉള്ള ഒരു സ്ത്രീയെ പെട്ടെന്നുപേക്ഷിക്കാനും മറ്റൊരാളെ കണ്ടെത്താനായും. പെൺകുട്ടികൾക്ക് പെൺകുട്ടികൾ തന്നെയാണ് ഇപ്പോഴും ഏറ്റവും രസമുള്ള കമ്പനി",

അങ്ങനെ പറഞ്ഞ അതെ പെൺകുട്ടിയെ ഒരു മൗനം അകറ്റിയ ശേഷം അപ്രതീക്ഷിതമായി ഒരു ബുക്ക് ഷോപ്പിലോ കോഫി പാർലറിലോ വച്ച് കാണേണ്ടി വരുമ്പോഴുള്ള അവസ്ഥ ഭീതിദമാണ്. ആരാണ് ആദ്യം രക്ഷപ്പെടുക എന്ന ചിന്ത, എന്നാൽ ഇതൊന്നുമറിയാതെ രണ്ടു പേരുടെയും ആയ സുഹൃത്തുക്കൾ പരസ്പരം ആദ്യം കാണുന്നവരെപ്പോലെ പരിചയപ്പെടുത്തുമ്പോൾ അതിനു മുൻപ് പരസ്പരം സംസാരിച്ച പാലപ്പൂവിന്റെ ഗന്ധവും ഒന്നിച്ച് കുടിച്ച കാപ്പിയുടെ സ്വാദുമൊക്കെ അനുഭവിക്കാൻ പറ്റും. പിന്നെയതൊക്കെ നെഞ്ചിൽ ഒരു നോവ് പോലെ കുത്തി വലിക്കും. ഇനി അവളെ ഒരിക്കലും കാണാതെയിരിക്കട്ടെ എന്നാഗ്രഹിക്കും!

സ്നേഹിച്ചു തീരാതെയിരിക്കാൻ ആഗ്രഹമുള്ളതുകൊണ്ട് മാത്രം നിശബ്ദത പാലിക്കേണ്ടി വരുന്നവരെക്കുറിച്ചറിയാമോ? "ഒരു നിമിഷം കൂടി കഴിഞ്ഞാൽ പ്രണയിച്ചു പോയേക്കുമെന്നൊരു തോന്നലുണ്ടാക്കും ചില മനുഷ്യർ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT