ADVERTISEMENT

"കേൾപ്പുഞാൻ അന്തർ-

നാദമൊന്നെന്നിൽ, ഈ നാടകം,

തീർച്ചയാണവസാനം

രക്തത്തിലാണെന്നായി",

രാവിലെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചങ്ങമ്പുഴയെ ഓർമിപ്പിച്ച രമണൻ വഴിയാണ് തുടങ്ങിയത്. പാത്രത്തിൽ അദ്ദേഹം ജാതിയെക്കുറിച്ച്, ദുരഭിമാനക്കൊലയെക്കുറിച്ച് എഴുതിയതിന്റെ ഭാഗമാണ് രമണനിലെ ഈ വരികളും. കാല്പനികനെന്നു നാം കരുതിപ്പോന്നിരുന്ന ചങ്ങമ്പുഴയുടെ തൂലികയിൽ നിന്നും പിറന്ന കാല്പനികമല്ലാത്ത തീർത്തും യാഥാർഥ്യമായ വരികൾ. ഏതു കാലത്ത് തുടങ്ങിയതാണ് പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലകൾ? ചങ്ങമ്പുഴയുടെ അടുത്ത സുഹൃത്തും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയാണ്‌ രമണൻ എഴുതാൻ അദ്ദേഹത്തെ പ്രീണിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇടയനായ രമണനെ പ്രണയിച്ച ഉന്നത കുലജാതയായി ചന്ദ്രിക, അനുരൂപമായ മറ്റൊരു വരനെ കിട്ടിയപ്പോൾ സ്വാഭാവികമായും അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിന് വഴങ്ങി അയാളെ വിവാഹം കഴിക്കുന്നതോടെ ആത്മഹത്യ ചെയ്യുന്ന രമണൻ ആണ് കഥാനായകൻ. ദുരഭിമാനം തന്നെ വില്ലനായ ഒരു കഥ. ഇടപ്പള്ളി രാഘവൻ പിള്ളയുടെയും ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നില്ല, സാമ്പത്തികമായി മികച്ച നായികാ തനിക്ക് ചേർന്ന ഒരാളെ വിവാഹം കഴിക്കുമ്പോൾ ഒഴിവാകേണ്ടി വന്നത് ദരിദ്രനായ ഇടപ്പള്ളിക്ക്. ദുരഭിമാനം ഇങ്ങനെ പല വിധത്തിലുമുണ്ട്. അതിൽ ജാതിയും സമ്പത്തും ജോലിയും എല്ലാം പ്രധാനമാണ്.

അടുത്തിറങ്ങിയ ‘പാവൈ കതൈകളി’ലെ ആദ്യത്തെ കൊച്ചു സിനിമ വെട്രിമാരൻ സംവിധാനം ചെയ്ത ‘ഊര് ഇരവ്’ പറയുന്നതും ഇതേ കഥയാണ്. വർഷങ്ങൾക്കു മുൻപ് താഴ്ന്ന ജാതിയിൽപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിപ്പോയ മകളെ അന്വേഷിച്ച് ചെല്ലുന്ന അച്ഛൻ. അവളിപ്പോൾ ഗർഭിണിയാണ്. നാളുകളായി ഒരു ബന്ധവുമിലല്ലാതെയിരുന്ന മകളുടെയടുത്ത് സ്നേഹം കൊണ്ട് അച്ഛൻ പഴയത് ഓരോന്ന് ഓർമ്മിപ്പിക്കുന്നു, എന്നാൽ അപ്പോഴും മരുമകൻ നൽകുന്ന ഒരു ഗ്ലാസ് വെള്ളം പോലും നേരിട്ട് കൈകൊണ്ട് വാങ്ങാൻ അയാൾ തയ്യാറാകുന്നില്ല.ഒടുവിൽ തനിക്കൊപ്പം സീമന്തത്തിനു വീട്ടിലേയ്ക്ക് വരുന്ന മകളോട് അയാൾ ചെയ്യുന്ന ക്രൂരത ഒരിക്കലും ഒരു അച്ഛനും മകളോട് ചെയ്യാൻ പാടില്ലാത്തതാണ്. തന്റെ മരുമകനോട് ജാതിവെറി പൂണ്ട ഒരു പിതാവ് ഇതിലും വലുതായി എങ്ങനെയാണ് പ്രതികാരം ചെയ്യുക?

ഇതൊക്കെ കഥകളും പഴയ കാലങ്ങളുമാണല്ലോ എന്ന് തെറ്റിദ്ധാരണ ഇനിയുമാർക്കുമുണ്ടാകില്ല. കാരണം ജാതിഭ്രാന്തു മൂത്ത രണ്ടു പേരാണ് ഇക്കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ കൂടി വിധവയാക്കിയത്. മറ്റൊരു ജാതിയിൽപ്പെട്ട ഒരുവനോടൊപ്പം ഒളിച്ചോടിപ്പോയ മക്കളോടുള്ള പക അച്ഛനും അമ്മാവനും തീർത്തത് അവളുടെ ഭർത്താവിനെ കൊലപ്പെടുത്തിയിട്ട്. മൂന്ന് മാസമായതേയുണ്ടായിരുന്നുള്ളൂ ഹരിതയുടെയും അനീഷിന്റെയും വിവാഹം കഴിഞ്ഞിട്ട്. തേങ്കുറിശ്ശിയിലെ വീട്ടിൽ അവർ സന്തോഷത്തിലായിരുന്നു. ജാതിയൊന്നും ബന്ധത്തിലും പ്രണയത്തിലും ഇടപെട്ടതേയില്ല. എന്നാൽ ഹരിതയുടെ അച്ഛനും അമ്മാവനും എല്ലാം കഴിഞ്ഞെന്നു വിചാരിക്കാൻ ഒരുക്കമായിരുന്നില്ല. മകൾ ഒറ്റപ്പെടാൻ വേണ്ടി, പോയ "അഭിമാനം" തിരികെ പിടിക്കാൻ വേണ്ടി അവർ അനീഷിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തി. മണിക്കൂറുകൾ രക്തം വാർന്നൊഴുകിയാണ് അനീഷ് മരിച്ചത്.  മരിച്ചതിനു ശേഷവും പക തീരാതെ അവർ ചെയ്ത തെറ്റിനെ ന്യായീകരിച്ചുകൊണ്ടേയിരുന്നു.

അനീഷിന്റെ കൊലപാതകം ഒരു ആവർത്തനമാണ്, കെവിന്റെ കൊലപാതകത്തിന്റെ ഒരു ടിറ്റോ പതിപ്പ്. രണ്ടിടത്തും അനാഥരാക്കപ്പെട്ടത് രണ്ടു പെൺകുട്ടികളാണ്. ആൺകുട്ടികൾക്ക് എന്തുമാകാം എന്നതൊരു ആനുകൂല്യമാണ്, എന്നാൽ വീടിന്റെ അഭിമാനം സംരക്ഷിക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികൾ അടങ്ങിയൊതുങ്ങി മാതാപിതാക്കൾ പറഞ്ഞ ആൺകുട്ടികളെ വിവാഹം കഴിച്ച് നിശബ്ദയായി ജീവിച്ചോണം. ഇനി അഥവാ ആരെയെങ്കിലും പ്രണയിച്ചാൽ അത് തങ്ങളുടെ കുടുംബത്തിൽ "കയറ്റാൻ" കൊള്ളാവുന്ന ഒരുത്തനായിരിക്കണം. അല്ലെങ്കിൽ അഭിമാനം തകർന്നു അത് ദുരഭിമാനത്തിന്റെ പ്രശ്നമായി മാറും.

ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും, ദളിതർ, സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജൻഡർ വിഭാഗങ്ങൾ, തുടങ്ങിയവർ സമൂഹത്തിന്റെ സകല "ദുരഭിമാന"ങ്ങളുടെയും ഇരകളാണ്. ‘പാവൈ കതൈകൾ’ പോലും പറയുന്ന നാല് ചിത്രങ്ങളും ഈ നാല് വിഭാഗങ്ങളുമായി ബന്ധപ്പെട്ട അപമാനങ്ങളുടെയും ദുരഭിമാനത്തിന്റെയും കഥകളാണ്. പക്ഷേ കഥകൾ മാത്രമല്ല ജീവിതത്തിലും കണ്മുന്നിൽ ഇതൊക്കെ നടക്കുന്നു എന്നുള്ളതാണ് ഏറ്റവും അപമാനകരമായ സംഗതി. അത്തരം വാർത്തകളിലിലെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാം ഈ വിഷയത്തിലെ പല വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ ആശയങ്ങൾ. മാതാപിതാക്കൾ പറയുന്നതിനനുസരിച്ച് മുന്നോട്ടു പോയില്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കുമെന്ന വാചകങ്ങൾ നൽകുന്ന ഒരു ഓർമ്മപ്പെടുത്തലുണ്ട്, അനീഷിനും കെവിനും സംഭവിച്ചത് ഇനിയും എവിടെ വേണമെങ്കിലും നടക്കാൻ സാധ്യതയുള്ള ഒരു അനുഭവമാകുന്നു.

തമിഴ്നാട് അന്നും ഇന്നും ജാതീയത കൂടുതലുള്ള ഇടമാണ്. ജാതിക്കോമരങ്ങൾ കാളി തുള്ളി നിൽക്കുന്ന ഇടം. പല കാര്യങ്ങളിലും തമിഴ് നാട്ടുകാരെ പരിഹസിക്കുന്ന മലയാളിയും ഏതാണ്ട് അതിൽ നിന്നും വലിയ മാറ്റമൊന്നുമില്ലാത്തവരാണെന്നു തെളിയിക്കുന്നുണ്ട് അനീഷിന്റെ കൊലപാതകം. ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്ന മറ്റൊന്ന് മൂന്ന് മാസം മുൻപ് വിവാഹം കഴിഞ്ഞു ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന്റെ അറസ്റ്റാണ്. പ്രായം കൂടിയ സ്ത്രീയെ മൂന്ന് മാസം മുൻപാണ് അരുൺ വിവാഹം കഴിച്ചത്, പക്ഷേ അന്ന് മുതൽ ഇവർ തമ്മിൽ വാഴക്കായിരുന്നുവെന്നു സ്ത്രീയുടെ ആയ പൊലീസിന് മൊഴി കൊടുത്തിരുന്നു. ഒടുവിൽ ഷോക്കടിപ്പിച്ചാണ് അയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ഈ വാർത്തയ്ക്ക് താഴെ വന്ന കമന്റുകൾ വായിക്കുമ്പോഴറിയാം, ദുരഭിമാനത്തിന്റെ വക്താക്കളെ. പ്രായപൂർത്തിയായ (പ്രായം എന്നത് ഒരു നമ്പർ മാത്രമാണ്) ഒരു സ്ത്രീയ്ക്കും പുരുഷനും അവരുടെ ഇഷ്ടപ്രകാരം ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്നിരിക്കെ, സ്ത്രീയ്ക്ക് പ്രായം കൂടുതലായതിനാൽ അവരുടെ വിവാഹത്തെ "'അമ്മ മകനെ വിവാഹം കഴിച്ചു" ഇത്യാദി രീതിയിൽ അപഹസിക്കുന്നത് എന്ത് കാട്ടു നീതിയാണ്! പ്രായം കൂടിയതുകൊണ്ട് മാത്രം ആ സ്ത്രീയിൽ നിന്നും ഇല്ലാതായിപ്പോകുന്നതല്ല അവരുടെ ആത്മാഭിമാനം. പക്ഷേ, സ്നേഹത്തിനും പ്രണയത്തിനും വേണ്ടി ലോകത്ത് കൊലപാതകങ്ങൾ ഉൾപ്പടെ നടക്കുന്നു, പക്ഷേ, ഒരു വിവാഹം നടക്കുമ്പോൾ അതിൽ ഒരു സ്ത്രീയുടെ ഭാഗത്തു മാത്രം തെറ്റ് കണ്ടെത്തുന്നത് എന്ത് നീതിയാണ്? എന്ത് തന്നെയായാലും കൊല്ലപ്പെടുന്നതും ഒറ്റയാക്കപ്പെടുന്നതും സ്ത്രീയാണ്. അപമാനിക്കപ്പെടുന്നതും കരയുന്നതും അവളാണ്. കൊലപ്പെടുത്തിയത് പുരുഷനാണെങ്കിലും അപഹസിക്കപ്പെടുന്നത് സ്ത്രീയാണ്. ഏതു കാലത്തും അത് തുടർന്നേക്കും. ഏത് കാലത്താവും ദുരഭിമാനക്കൊലകളും ആർത്തിപുരണ്ട പണത്തിനും സ്വർണത്തിനും വേണ്ടി മാത്രമുള്ള വിവാഹങ്ങളും അവസാനിക്കുക ആവോ! ഏത് കാലത്തിലാണ് എല്ലാ തെറ്റിൽ നിന്നും പുരുഷനെപ്പോലെ സ്ത്രീകളും രക്ഷപ്പെടുക ആവോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com