sections
MORE

ഇരുട്ടിനെ ഭയപ്പെടേണ്ട,സ്വയം വെളിച്ചമാകൂ

Jose-Alukkas
SHARE

കാലങ്ങളോളം സ്വന്തം ഇഷ്ടങ്ങളുടേയോ സ്വപ്നങ്ങളുടേയോ  ചിറകുകള്‍ ഒതുക്കേണ്ടി വരുന്നവരായിരുന്നു സ്ത്രീകള്‍. തലമുറകളോളം എഴുതപ്പെടാതെ പോയ ഒരു  ചരിത്രമുണ്ട് സ്ത്രീകള്‍ക്ക്. എന്നാല്‍ ഇന്ന് സ്വന്തം ശക്തി തിരിച്ചറിഞ്ഞ സ്ത്രീകള്‍ മുന്നോട്ടു നടന്നുതുടങ്ങിയിരിയ്ക്കുന്നു.എല്ലാ മേഖലകളിലും മുന്‍ നിരയില്‍ സ്ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്.അവരുടെ ശബ്ദത്തിന് ലോകം കാതോര്‍ക്കുകയാണ്. ചരിത്രമെഴുതുന്ന കൈകള്‍ അവരുടേത് കൂടിയായിക്കഴിഞ്ഞു.തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രാവിമാനറൂട്ടില്‍ ചരിത്രമെഴുതിയ ക്യാപ്റ്റന്‍ സോയ അഗര്‍വാളും ട്വിറ്ററിന്‍റെ ബുദ്ധികേന്ദ്രമായ വിജയ ഗഡ്ഡേയും ഈ നിരയിലെ ഏറ്റവും തിളക്കമുള്ള പുതിയ കണ്ണികളാണ്. 

അനിവാര്യമായ ഈ മാറ്റത്തിന്‍റെ സാമൂഹ്യപശ്ചാത്തലത്തിലാണ് ജോസ് ആലുക്കാസിന്‍റെ പുതിയ വീഡിയോ പ്രസക്തമാകുന്നത്.കാലഘട്ടത്തിന്‍റെ ഈ വഴിത്തിരിവില്‍  അവള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന ബോധ്യമാണ്,ഐക്യദാര്‍ഢ്യമാണ് ഈ ആശയത്തില്‍ പ്രതിഫലിയ്ക്കുന്നത്.സ്ത്രീകള്‍ എല്ലാ മേഖലകളിലും തങ്ങളുടെ ഇടം കണ്ടെത്തുമ്പോള്‍ ആ പെണ്‍കരുത്തിനെ ചേര്‍ത്തുവച്ച് കൊണ്ട് പുതിയകാലത്തെ  അടയാളപ്പെടുത്തുകയാണ് ഇവിടെ. പല സ്ഥലങ്ങളില്‍,പല സാഹചര്യങ്ങളില്‍ ജീവിയ്ക്കുന്ന എന്നാല്‍  ഒരേ പോലെയുള്ള പ്രതിസന്ധികളെ അഭിമുഖീകരിയ്ക്കുകയും ഒരേ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്ന  അഞ്ചു സ്ത്രീകളുടെ അനുഭവങ്ങളിലൂടെയാണ് വീഡിയോ മുന്നോട്ടുപോകുന്നത്.നമുക്ക് ചുറ്റുമുള്ള സാധാരണ സ്ത്രീകളുടെ ദൈനംദിന അനുഭവങ്ങളെയാണ്‌ ഇതില്‍ അഭിസംബോധന ചെയ്തിരിയ്ക്കുന്നത്.അഞ്ചുപേരും വ്യത്യസ്ഥരാണെങ്കിലും ഒരു സ്ത്രീയായി ജനിച്ചതിന്‍റെ പേരില്‍  നേരിടേണ്ടി വരുന്ന നേരനുഭവങ്ങളാണ് ഇവരെ അഞ്ചുപേരെയും അതിജീവനത്തിന്‍റെ ഒരേ പോരാട്ടത്തിലേയ്ക്ക് കണ്ണിചേര്‍ക്കുന്നത്. 

കൂട്ടുകാരോടൊപ്പം ട്യൂഷന് പോകാനിറങ്ങുന്ന കൗമാരക്കാരിയായ  മകള്‍ക്ക് ഷാള്‍ എറിഞ്ഞുകൊടുത്ത് ശരീരം മൂടാന്‍ പറയുന്ന അമ്മയില്‍ നിന്നാണ് ആദ്യത്തെ കഥ തുടങ്ങുന്നത്.ആളുകളെക്കൊണ്ട് പറയിപ്പിയ്ക്കരൂത് എന്ന് താക്കീത് നല്‍കുന്ന അമ്മ സ്വന്തം ശരീരം മൂടി വയ്ക്കപ്പെടണ്ടതാണെന്ന അപകര്‍ഷതാബോധം വളരെ ചെറുപ്പം മുതല്‍ തന്നെ തന്‍റെ മകളിലേയ്ക്ക്  അടിച്ചേല്‍പ്പിയ്ക്കുകയാണ്.അങ്ങനെ അരുതുകളുടെ പതിവ് ആ വീട്ടില്‍ നിന്നുതന്നെ,കുടുംബത്തില്‍ നിന്നുതന്നെ  തുടങ്ങിവയ്ക്കുകയാണ്.. 

പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെ സമയം കൊണ്ട് കെട്ടിയിടുന്നതാരാണ്? സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങരുതെന്ന്,ഇരുട്ടുന്നതിന്‌ മുന്‍പ് അകത്തു കയറണമെന്ന് അവളുടെ സന്തോഷങ്ങളെ കൊട്ടിയടയ്ക്കുന്നത് ആരാണ്? സൂര്യനസ്തമിച്ചുകഴിഞ്ഞാല്‍ വീട്ടിലും ഹോസ്റ്റലിലും താമസസ്ഥലങ്ങളിലും അവള്‍ക്കുള്ള നിയന്ത്രണമണി മുഴങ്ങും. രാത്രികളുടെ സൗന്ദര്യവും സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക്  നിഷിദ്ധമാകുന്ന സാമൂഹ്യസാഹചര്യത്തില്‍ നിന്നുകൊണ്ടാണ് രണ്ടാമത്തെ കഥ പറയുന്നത്. 

ശബ്ദം പുറത്ത് കേള്‍ക്കരുത്,ഒച്ച അടക്ക്..നിന്‍റെ അഭിപ്രായം ഇവിടെ ആവശ്യമില്ല.ഇങ്ങനെ വീടിനകത്തും പുറത്തും അവളുടെ ശബ്ദം,അഭിപ്രായങ്ങള്‍ ഒക്കെ  മ്യൂട്ട് ചെയ്യപ്പെടുന്നുണ്ട്.അവളുടെ അഭിപ്രായങ്ങള്‍ അവളുടെ തന്നെ ഉള്ളിലുള്ള മുഴക്കങ്ങളായി ഒടുങ്ങാറാണ് പതിവ്.തുറന്നുപറച്ചിലുകള്‍ പലതിനേയും അലോസരപ്പെടുത്തും എന്നുള്ളത് കൊണ്ട് തന്നെ അടക്കിവയ്ക്കപ്പെടുന്ന ശബ്ദമാണ് മൂന്നാമത്തെ കഥയില്‍ ചോദ്യമാകുനത്. 

പെണ്‍കുട്ടികള്‍ക്ക് മൈതാനങ്ങള്‍ വേണ്ട..ക്ലാസ് മുറികള്‍ മതി.സ്ത്രീശരീരത്തിന്‍റെ മാര്‍ദ്ദവം സ്പോര്‍ട്സിന് പറഞ്ഞിട്ടുള്ളതല്ല.ഗ്രൗണ്ടില്‍ അവളുടെ ഊര്‍ജ്ജവും കുതിപ്പും ആവശ്യമില്ല,അത് വീടകങ്ങളില്‍ മാത്രം മതി.ഇന്‍ഹിബിഷന്‍സ് ഇല്ലാതെ തുറന്നുപായുന്ന പെണ്‍കരുത്ത് ആരെയൊക്കെയാണ് അസ്വസ്ഥരാക്കുന്നത്? ഈ സമസ്യയാണ് നാലാമത്തേത്. 

മേല്‍പ്പറഞ്ഞ നാല് സ്ത്രീകളുടെ അനുഭവങ്ങളുടെ ആകെത്തുകയാണ് അഞ്ചാമത്തേത്.അത് അവതരിപ്പിയ്ക്കുന്നത് ജോസ് ആലുക്കാസിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ പ്രശസ്ത നടി തൃഷയാണ്.തന്‍റെ തന്നെ  കരിയറിലെ ആദ്യാനുഭവങ്ങളുടെ ചുവട് പിടിച്ചാണ് തൃഷ അതവതരിപ്പിയ്ക്കുന്നത്.മോഡലിംഗ് വെറും സമയം പോക്കാണ് എന്ന്  മുന്‍വിധിയോടെ  എഴുതിത്തള്ളിയപ്പോള്‍ മുഖം വാടിയ  പെണ്‍കുട്ടിയില്‍ നിന്നും തെന്നിന്ത്യന്‍ താരറാണിയിലേയ്ക്കുള്ള തൃഷയുടെ യാത്ര എളുപ്പമായിരുന്നില്ല.മേല്‍പ്പറഞ്ഞ നാലുസ്ത്രീകളും അനുഭവിച്ച അതേ അനുഭവങ്ങളിലൂടെ തൃഷയെന്ന സ്ത്രീയും കടന്നുപോയിട്ടുണ്ട്.അല്ലെങ്കില്‍ ഓരോ സ്ത്രീയും കടന്നു പോകുന്നുണ്ട്. 

അവിടെനിന്നും, ഇരുട്ടിനെ ഭയപ്പെടാതെ സ്വയം വെളിച്ചമാവുക എന്ന തിരിച്ചറിവിലേയ്ക്ക് മാറുകയാണ്.ഇരുട്ടില്‍ നിന്നും എല്ലാത്തരം അരുതുകളെയും അപകര്‍ഷതകളെയും വകഞ്ഞുമാറ്റി അംഗീകാരങ്ങളുടെ ആരവങ്ങളിലേയ്ക്ക് വിജയത്തിന്റെ കരഘോഷങ്ങളിലേയ്ക്ക് അവള്‍ നടന്നുവരുമ്പോള്‍ അവളുടെ മുഖത്തുള്ളത് ആത്മാഭിമാനമുള്ള പെണ്ണിന്‍റെ സ്വര്‍ണ്ണത്തിളക്കമാണ്.പ്രതിസന്ധികളുടെ തീയിലുരുകി അനുഭവങ്ങളുടെ കനലിലെരിഞ്ഞ്  തെളിഞ്ഞുവന്ന ആ ചിരിയ്ക്ക് പത്തരമാറ്റ് തിളക്കമാണ്.അതിരുകളില്ലാത്ത അവളുടെ സ്വാതന്ത്ര്യത്തിന്‍റെ  ആത്മാവിഷ്ക്കാരത്തിന്‍റെ ആ  വെളിച്ചവും തെളിച്ചവും  കണ്ട് ലോകം കയ്യടിയ്ക്കും. 

മുന്‍പെങ്ങുമില്ലാത്ത വിധം ലോകം  സ്ത്രീമുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാകുന്ന കാലഘട്ടമാണ്.എല്ലായിടത്തും ആ മാറ്റം അലയടിയ്ക്കുന്നുണ്ട്.ഈ സമയത്ത് അവളോടൊപ്പം നില്‍ക്കലാണ് കാലത്തിന്‍റെ നീതിയെന്ന് തെളിയിച്ച് കൊണ്ട് സുപ്രധാനമായ ഒരു സുപ്രീം കോടതി പരാമര്‍ശം വരെയുണ്ടായി.വീടിനകത്തുള്ള ഒരു സ്ത്രീയുടെ അദ്ധ്വാനത്തിന് ഡിഗ്നിറ്റി നല്‍കുന്ന ആ പരാമര്‍ശത്തില്‍  പുരുഷന്‍റെ ജോലിസ്ഥലത്തെ അദ്ധ്വാനത്തിന് തുല്യമായാണ് ഒരു വീട്ടമ്മയുടെ അദ്ധ്വാനത്തെ ചേര്‍ത്തുവച്ചത്.വീട്ടുജോലിയ്ക്ക് ശമ്പളം നല്‍കേണ്ടതാണ് എന്ന് പരമോന്നതനീതിപീഠം പ്രസ്താവിയ്ക്കുമ്പോള്‍ അത് വീട്ടമ്മയായ ഭാര്യയ്ക്ക്  ജോലിയൊന്നുമില്ല  എന്ന് പുച്ഛത്തോടെ പറയുന്നവര്‍ക്കുള്ള ഒരു താക്കീതാണ്. 

കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോള്‍ ശൈലജ ടീച്ചര്‍ എന്ന പെണ്‍കരുത്തിന്‍റെ കൈപിടിച്ചാണ് കേരളം അതിജീവനപാത താണ്ടുന്നത്. ഇതേ പാതയില്‍  ജസീന്ത ആര്‍ഡെന്‍റെ ന്യൂസിലാന്റ്  കോവിഡ് വിമുക്തമായി.പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെ സാരഥ്യം വഹിയ്ക്കുന്നത് പത്തുവര്‍ഷത്തോളം അതേ ഓഫീസില്‍ ക്ലീനിംഗ് സ്റ്റാഫ് ആയിരുന്ന എ ആനന്ദവല്ലിയാണ്.ആ ജീവിതം  ഒരുപാട് സ്ത്രീകള്‍ക്കുള്ള പ്രചോദനമാണ്. 

തന്‍റെ മൂന്നുമക്കളും സിവില്‍ സര്‍വ്വീസ് നേടണം എന്ന ഒരു അച്ഛന്‍റെ സ്വപ്നത്തിന്‍റെ തുടര്‍ച്ചയാണ് പഞ്ചാബിലെ  ചൌധരി സഹോദരിമാരുടെ ജീവിതം.അവര്‍ പെണ്‍കുട്ടികളാണ് എന്നത് മക്കളെക്കുറിച്ച് സ്വപ്നം കാണുന്നതില്‍ ആ അച്ഛന് തടസ്സമായിരുന്നില്ല.അതിന്‍റെ ഫലമാണ് ഒരേ കുടുംബത്തില്‍ നിന്ന് സമൂഹത്തിന് മുതല്‍ക്കൂട്ടായ മിടുമിടുക്കികളായ മൂന്ന് ചീഫ് സെക്രട്ടറിമാര്‍. 

സ്ത്രീകളുടെ  മനക്കരുത്തിന്‍റെയും ഭരണനൈപുണ്യത്തിന്‍റെയും ദൃഷ്ടാന്തമാവുകയാണ് അമേരിക്കയില്‍ കമലാ ഹാരിസ് എന്ന ഇന്ത്യന്‍ വംശജ.. കാലം മാറുന്നത്,ലോകം മാറുന്നത്  ഈ സ്ത്രീകളുടെ വിജയത്തിളക്കത്തിലാണ്.കണ്ടില്ലെന്ന് നടിയ്ക്കുന്നത് സ്വയം ഇരുട്ടിലിരിയ്ക്കുന്നതിന് തുല്യമാണ്.

Follow us:

Facebook: https://www.facebook.com/josalukkasjewellery

Instagram : https://www.instagram.com/josalukkas/

Twitter      : https://twitter.com/josalukkas_

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA