ADVERTISEMENT

ഒരു സിനിമയിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും ചർച്ച ചെയ്യപ്പെട്ട മറ്റൊന്നുണ്ടാകുമോ എന്ന് സംശയമാണ്. ‘ദ ഗ്രെറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ വിവാദമാക്കപ്പെട്ടതും ചർച്ചയ്‌ക്കെടുത്തതും അത് അധികമാരും പറയാൻ സാധ്യതയില്ലാത്ത ഒരു വിഷയമായതുകൊണ്ടാണ്.

"അമ്മയ്ക്ക് അടുക്കളയുടെ മണമാണ്. ചിലപ്പോൾ സാമ്പാറിന്റെ ചിലപ്പോൾ ഉള്ളിയും നെയ്യുമിട്ട മൂപ്പിച്ച ചോറിന്റെ..."അമ്മമാരെ വാഴ്ത്തിപ്പാടാൻ ഏറ്റവുമെളുപ്പം അവരുടെ അടുക്കള മണത്തിന്റെ വിശുദ്ധിയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടാണ്. അവരാണല്ലോ എല്ലാനേരവും അടുക്കള ജോലികളിൽ വ്യാപൃതമാകുകയും മണത്തെ സ്വന്തം ശരീരത്തോടെ ചേർത്ത് വയ്ക്കുകയും ചെയ്യുന്നവർ. ഈ മഹത്തായ ഭാരതീയ അടുക്കളകളെയാണ് സംവിധായകൻ ജിയോ ബേബി തകർത്തെറിഞ്ഞത്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് അടുക്കളയിൽ വിനീത വിധേയയായി നിൽക്കുന്ന സ്ത്രീകൾ എന്ന ഭാവനയെക്കൂടെയാണ് ഈ സിനിമ ചോദ്യം ചെയ്തത്. തീർച്ചയായും ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമയാണ്.

വളരെ സ്വാഭാവികമായി സ്വർണവും സ്ത്രീധനമായി കാറും നൽകിയുള്ള ഒരു കല്യാണം. അടുക്കളയോട് വളരെ അത്യാവശ്യത്തിനു മാത്രം അടുപ്പമുള്ള പെൺകുട്ടി, അവളുടെ സ്വപ്നം നല്ലൊരു നൃത്ത അദ്ധ്യാപിക ആവുകയെന്നുള്ളതാണ്. എന്നാൽ വിവാഹം കഴിഞ്ഞ നാൾ മുതൽ അവളുടെ ലോകം ആ വീട്ടിലെ അടുക്കള മാത്രമാകുന്ന അവസ്ഥ എത്ര പേർക്ക് ചിന്തിക്കാനാകും? ഇത് ഇന്നത്തെ കാലത്തേ കഥ തന്നെയാണോ? ഇക്കാലത്ത് ഏതു പെൺകുട്ടിയാണ് ആർത്തവ സമയത്ത് വേറെ മുറിയിൽ കിടക്കേണ്ടി വരുന്നത്, എന്നൊക്കെയുള്ള ചോദ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നായി ഉയരുന്നുണ്ട്. ആ ചോദ്യങ്ങൾ തന്നെയാണ് ഈ സിനിമയെ ചിന്തിപ്പിക്കുന്നത്. കാരണം ആർത്തവ സമയങ്ങളിലെ മാറിയിരിക്കലുകൾ ഇപ്പോഴും നിലനിൽക്കുന്ന വീടുകൾ ഉണ്ട് എന്നത് ഏറ്റവും ക്രൂരമായ ഒരു സത്യമാണ്.

"വിവാഹം കഴിഞ്ഞു രണ്ടാമത്തെ ദിവസം പീരീഡ്സ് വന്നു. എന്റെ വീട്ടിൽ അത്തരത്തിൽ മാറിയിരിക്കലൊന്നുമില്ലായിരുന്നു. പക്ഷേ, ഭർത്താവിന്റെ വീട്ടിൽ വന്നപ്പോൾ ഇനി കുറച്ചു ദിവസം അടുക്കളയിൽ കയറേണ്ട എന്ന് പറഞ്ഞു. എന്നാൽ അടുപ്പിൽ വച്ച് കരിയാക്കിയ കലങ്ങൾ ഉൾപ്പെടെ പുറത്തെ ടാപ്പിന്റെ ചുവട്ടിലേക്ക് കൊണ്ട് വച്ച് തരും. കഴുകി കമിഴ്ത്തി വയ്ക്കണം, വെള്ളം തളിച്ച് അത് അകത്തേയ്‌ക്കെടുക്കും. എന്തെങ്കിലും കയ്യിലേക്ക് തരുമ്പോൾ അമ്പലത്തിൽ നിന്നും പ്രസാദം തരുന്നത് പോലെ മുകളിൽ നിന്നും താഴേയ്ക്ക് ഇടും. ചോറ് പാത്രത്തിൽ വിളമ്പി ഭിക്ഷക്കാർക്ക് വയ്ക്കുന്നത് പോലെ ദൂരെ നിന്ന് അരികിലേക്ക് നീക്കി വയ്ക്കും. ആദ്യമൊക്കെ വിഷമം തോന്നി. പക്ഷെ അഭിപ്രായം പറയാൻ എനിക്കവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ ആചാരങ്ങൾ ശീലമായി." ഇത് വെറുമൊരു കഥയായി കാണേണ്ടതില്ല. മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലെ ഒരു സീനുമല്ല. പക്ഷേ, അതൊന്നും യാഥാർഥ്യമല്ല എന്ന് പറഞ്ഞവർക്ക് തെളിവിനായി നിരത്താവുന്ന ഒരു അനുഭവം മാത്രമാണ്.

സിനിമയിലെ കഥാപാത്രത്തിനു പേരില്ല, അല്ലെങ്കിലും എന്തിനാണ് അത്തരമൊരു സ്ത്രീയ്ക്ക് പേരെന്ന് സംവിധായകൻ കരുതിയിട്ടുണ്ടാവും, ജനറലൈസ് ചെയ്യുന്നില്ലെങ്കിലും പല നാടുകളിലുമുള്ള പല പെൺകുട്ടികളുടെയും പേരുകൾ അവൾക്ക് അനുയോജ്യമാണ്. അവരുടെ ഒക്കെ മുഖങ്ങളും അവൾക്ക് ചേരും. ആദ്യ രാത്രി മുതൽ നേരിട്ട് രതിയിലേയ്ക്ക് കടക്കുന്ന ഭർത്താവിനോട് സഹി കേട്ട്,

"എനിക്ക് വേദനിക്കുന്നുണ്ട്, കുറച്ച ഫോർപ്ളേ കൂടിയുണ്ടെങ്കിൽ.."എന്ന് അവൾ പറയുമ്പോൾ "ഫോർപ്ളേ ചെയ്യാൻ തോന്നണ്ടേ"എന്ന അയാളുടെ ഉത്തരം അവളെ എത്രമാത്രം മുറിവേൽപ്പിച്ചു എന്നതിന് പല സ്ത്രീകളും അവനവന്റെ ഹൃദയത്തിലേക്ക് നോക്കിയിട്ടുണ്ടാവണം. ഫോർപ്ളേകൾ നിലച്ചു പോയ പരാക്രമങ്ങളുടെ കിടപ്പറകളിലൂടെയാണല്ലോ മിക്ക സ്ത്രീകളും രാത്രികൾ തള്ളി നീക്കുന്നതും. അതും ജനറലൈസ് ചെയ്യപ്പെടുകയല്ല, എന്നാൽ ആവശ്യങ്ങളും ആവേശങ്ങളും കഴിഞ്ഞാൽ തിരിഞ്ഞു കിടക്കുന്ന ഭർത്താക്കന്മാരിൽ എത്ര പേർക്കറിയാം തന്റെ ഭാര്യയുടെ ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണെന്ന്. കഴിഞ്ഞ ദിവസം ഒരു ഷോർട്ട് ഫിലിമിൽ നായികാ ചോദിച്ച ആ ചോദ്യത്തിൽ പകച്ചു പോയ ഭർത്താവിന്റെ മുഖം കാണുന്നുണ്ട്. പല ഭർത്താക്കന്മാർക്കും അവരെ കണ്ണാടികളിൽ നോക്കുമ്പോൾ. വിവാഹം എന്നത് അനുവാദമില്ലാതെ റേപ്പ് നടത്താനുള്ള ഒരു സമ്മത പത്രം കൂടിയാണല്ലോ എന്ന് എത്ര സ്ത്രീകളാണ് കരഞ്ഞു കൊണ്ട് പറയുന്നത്!

പല്ലു തേയ്ക്കാൻ ബ്രഷ് എടുത്ത് കൊണ്ട് കൊടുക്കേണ്ടവർ,ഭർത്താവിന്റെ അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ കഴുകി കൊടുക്കേണ്ടവർ, പുരുഷന്മാർക്ക് സ്വന്തമായ വീടുകളിൽ അവർ ചവച്ചു തുപ്പിയിടുന്ന എച്ചിലുകൾ കോരി കളയേണ്ടവർ,അവരുടെ എച്ചിൽ പാത്രത്തിൽ കഴിക്കേണ്ടവർ,വാഷിങ് മെഷീൻ ഉണ്ടായിട്ടും , മിക്സി ഉണ്ടായിട്ടും ആ പഴയ കാലത്തേ ജീവിത രീതികളിൽ മാത്രം തുടരാൻ താൽപര്യമുള്ളവർ, ഇങ്ങനെയാണ് സ്ത്രീകളെ ചില വീടുകളിൽ പുരുഷന്മാർ അടിമപ്പെടുത്തുന്നത്. ഇതൊന്നും ഒരു ബാധ്യതയല്ലെന്നും ഞങ്ങളിതൊക്കെ ചെയ്യേണ്ടതാണെന്നും കരുതുന്ന സ്ത്രീകളുള്ള കാലത്തോളം ഇപ്പറഞ്ഞ അടിവസ്ത്രം പോലും സ്വന്തമായി കഴുകിയിടാൻ പുരുഷന്മാർ ശ്രമിക്കാൻ സാധ്യതയില്ല. ഈയടുത്ത് മാത്രം ഒരു ചാനലിൽ തുടങ്ങിയ ഒരു സീരിയൽ കാണാനിടയായി, മഹത്തായ ഭാരതീയ അടുക്കളയിലേയ്ക്ക് ഒരു മികച്ച വാഗ്ദാനമായ ഒരു 'അമ്മ, അവർ ഒരു മകളുമാണ്. അച്ഛന്റെയും (ഭർത്താവിന്റെ അച്ഛൻ ആകണം), മകന്റെയും സർവ കാര്യങ്ങളും ഒരുതരം ഭീതിയോടെ ചെയ്യുന്ന  സ്ത്രീ. അബദ്ധത്തിൽ ഒരിക്കൽ അവരില്ലാത്തപ്പോള്‍ ഭക്ഷണം ചൂടാക്കി കഴിക്കാൻ എടുത്തു ഗ്യാസ് ഓൺ ആക്കാൻ പോലും അറിയാത്ത മകന്റെ കൈ പൊള്ളുന്നുണ്ട്. ഇതെന്തു തരം വിദ്യാഭ്യാസമാണ് വീടുകളിൽ ആൺകുട്ടികൾക്ക് നൽകുന്നത് എന്ന ചോദ്യമാണ് മനസ്സിലുണ്ടാവുക! ഇത്തരം ബന്ധങ്ങളിൽ നിന്നുമാണ് പേരുകളില്ലാത്ത കഥാപാത്രങ്ങൾ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിലേക്കും ചേക്കേറിയത്.

റീമ കല്ലിങ്കൽ പറഞ്ഞ മീൻ വറുത്തതിന്റെ വിപ്ലവം ഇപ്പോഴും പലർക്കും മനസ്സിലായിട്ടില്ല. പെൺകുട്ടികൾക്കും അമ്മമാർക്കും ഒക്കെ ഒരുപോലെ നിഷേധിക്കപ്പെട്ട മീൻ കഷ്ണത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. അത് കിട്ടാതെ ആത്മഹത്യാ ചെയ്ത ഉത്തരേന്ത്യക്കാരി സ്ത്രീയെക്കുറിച്ച് വന്ന വാർത്തയ്ക്ക് താഴെ പരിഹസിച്ച എത്രയോ മനുഷ്യരെക്കണ്ടു. ഒരു മീൻ കഷ്ണത്തിന്റെ പേരിലായിരുന്നില്ല ആ ആത്മഹത്യ, അവഗണനയുടെ പേരിലായിരുന്നു. ആത്മഹത്യ ചെയ്യാൻ വയ്യാതിരുന്നതുകൊണ്ടാണ് സിനിമയിൽ നായിക എല്ലാം കളഞ്ഞിട്ട് ഇറങ്ങി നടക്കുന്നത്.

സിനിമ കണ്ട പല പുരുഷന്മാരും ആത്മ വിചാരം ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളിൽ ആവശ്യത്തിലധികം നടത്തുന്നുണ്ട്. അടുക്കളയിലേയ്ക്ക് ആദ്യമായി കയറി നോക്കാൻ ശ്രമിച്ചവർ വരെയുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. പക്ഷെ എത്ര നാളത്തേയ്ക്ക് എന്നതൊരു ചോദ്യമാണ്. ഒരു സിനിമയ്ക്ക് അല്ലെങ്കിൽ പുസ്തകത്തിന് താൽക്കാലികമായൊരു ഊർജ്ജം എല്ലാത്തിനെയും മുന്നോട് നയിക്കാൻ നൽകാനാകും, എന്നാൽ കാലാന്തരത്തിൽ കയ്പ്പ് ശമിപ്പതുണ്ടോ എന്ന് പറയുന്നത് പോലെ കാര്യങ്ങൾ പഴയതു പോലെയായി മാറിയേക്കും. എങ്കിലും പല പുരുഷന്മാരും അവരുടെ ജീവിതം ഈ ചിത്രത്തിന്റെ നിരൂപണമായി തുറന്നിട്ടിരിക്കുന്നു കണ്ടു. ഭാര്യമാർക്കൊപ്പം അടുക്കള പങ്കിടുന്ന ഭർത്താക്കന്മാർ,തുണിയലക്കുന്ന ഭക്ഷണം പാചകം ചെയ്യുന്ന

കുട്ടികളെ നോക്കുന്ന ഉത്തരവാദിത്തങ്ങൾ പങ്കു വയ്ക്കുന്ന മനുഷ്യർ.  അതൊന്നും ഔദാര്യമല്ല, അവനവന്റെ ജീവിതം പരസ്പരം ഉത്തരവാദിത്തങ്ങൾ പങ്കു വച്ച് ജീവിക്കേണ്ടതാണ് എന്ന ബോധ്യമുള്ള പുരുഷന്മാർ ആ പങ്കു പറ്റലിന്റെ ആനന്ദമറിയുന്നു. അല്ലാത്തവർക്ക് എത്ര കാലം ജീവിച്ചാലും കുറ്റപ്പെടുത്തലുകൾ നൽകാനും കാർ നേടാനും സ്വർണം സ്വന്തമാക്കാനും കിടപ്പറയിൽ സ്വന്തം സുഖം മാത്രം കണ്ടെത്താനുമുള്ള വെറും ഒരു ഉപകരണം മാത്രമായി മാറിപ്പോകും ഭാര്യ. ഇറങ്ങിപ്പോകാനും ചെന്ന് കയറാനും സ്വന്തമായി സ്വാതന്ത്ര്യമുള്ള വീടുകളില്ലാത്തവർക്ക് അതിജീവനം ഭാരമേറിപ്പോകും. അത് തന്നെയാണല്ലോ പുരുഷന്റെ പിടിവള്ളിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com