sections
MORE

മുണ്ട് ഇനി കലയുടെ കലണ്ടർ; അതിജീവനത്തിന്റെയും

 Kerala Eco-Innovator Lakshmi Menon Makes eco-friendly Kalandar
SHARE

വിറ്റഴിയാതെ കെട്ടിക്കിടന്ന കൈത്തറി മുണ്ടുകൾ പച്ചിലകളും പൂവുകളും ചാലിച്ച നിറക്കൂട്ടിൽ മുങ്ങി നിവർന്നപ്പോൾ തിരിച്ചറിയാനാവാത്ത വിധം സൗന്ദര്യം. ആ തുണിത്തുണ്ടുകളിൽ നിന്നു പ്രകൃതി സൗഹൃദ കലണ്ടറുകൾ. പ്രളയച്ചേറിൽ നിന്ന് ഉയിർ കൊണ്ട ‘ചേക്കുട്ടി’യുടെ ശിൽപി, ലക്ഷ്മി മേനോന്റെ പുതിയ ആശയമാണു കൈത്തറി വ്യവസായത്തെ തകരാതെ കാക്കാനുള്ള ഈ കാൽവയ്പും.

2018 ലെ മഹാപ്രളയത്തിൽ മുങ്ങിപ്പോയ ചേന്ദമംഗലം കൈത്തറിക്കും കേരളത്തിനാകെയും അതിജീവനത്തിന്റെ ശക്തമായ സന്ദേശമായിരുന്നു ചേറിന്റെ കറ പുരണ്ടു നശിച്ച തുണിയിൽ നിന്ന് ഉടലെടുത്ത ചേക്കുട്ടി പാവകൾ. കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ കണ്ണൂർ കൈത്തറിക്കു വേണ്ടിയുള്ളതാണു ‘മുണ്ടിൽ നിന്നു കലണ്ടർ’ സംരംഭം.

'KALANDAR' എന്നാണു ലക്ഷ്മി വിശേഷിപ്പിക്കുന്നത്. കാരണം ഇതു വെറും കലണ്ടർ അല്ല; കലാരൂപം കൂടിയാണ്. യൂറോപ്യൻ പേസ്റ്റൽ കളറുകളിലാണ് ഓരോ പേജും. തീയതികൾ കടലാസിൽ അച്ചടിച്ചതു തുന്നിപ്പിടിപ്പിച്ചു കഴിഞ്ഞാലും സ്ഥലം ബാക്കി. അത് ആ മാസത്തിലേക്കു വേണ്ട കുറിപ്പുകൾ കുത്തിക്കുറിക്കാനോ ഡയറിയായോ ഉപയോഗിക്കാം. ഒന്നും എഴുതുന്നില്ലെങ്കിൽ ആവശ്യത്തിനു ശേഷം കടലാസു കഷണം മാറ്റി ഈ തുണി ഭാവനാപൂർണമായി പുനരുപയോഗിക്കാം. വസ്ത്രങ്ങളിൽ യോക്ക് ആയി പിടിപ്പിക്കാം, ഇല്ലെങ്കിൽ ചിത്രപ്പണി ചെയ്തു ഫ്രെയിമിട്ടു ചുവരിൽ തൂക്കാം. പൂർണമായും പുനരുപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ കലണ്ടർ.

വിശേഷം തീരുന്നില്ല; ഓരോ പേജിലും ആ തുണിയെ ചായം പിടിപ്പിച്ച ചെടിയേതെന്നും അതിന്റെ പ്രത്യേകതയെന്തെന്നുമുള്ള വിവരണമുണ്ട്. 

ശുഭകരവും ആരോഗ്യകരവുമെന്ന തുടക്കമെന്ന നിലയിൽ ജനുവരി തുളസിച്ചെടിയുടേതാണ്. നിറം പച്ച. വിഷുക്കണിക്കൊന്നയുടെ ഏപ്രിലിലെ പേജ് മഞ്ഞളിന്റെ മഞ്ഞയണിഞ്ഞു. അങ്ങനെയങ്ങനെ...ചുവരിൽ തൂക്കിയിടാൻ കലണ്ടറിനു ചണത്തിന്റെ ചരടാണ്.  

ഷൊർണൂരിലെ ‘ഫാർമേഴ്സ് ഷെയർ’ എന്ന പ്രകൃതിസൗഹൃദ സ്വയംപര്യാപ്ത കൂട്ടായ്മയാണു കണ്ണൂർ കൈത്തറി മുണ്ടിനെ കലണ്ടർ രൂപത്തിലേക്കു മാറ്റാൻ ലക്ഷ്മിയെ സഹായിച്ചത്. 12 പേജുള്ള ഒരു കലണ്ടറിനു വേണ്ടത് 1 മീറ്റർ തുണി. ഇരുന്നൂറോളം കലണ്ടർ അച്ചടിച്ചു കഴിഞ്ഞു; കൂടുതൽ ഓർഡർ വന്നു കൊണ്ടിരിക്കുന്നു.

കാറോട്ട മത്സരം നടത്തുന്നവരുടെ വലിയൊരു കൂട്ടായ്മയ്ക്കു വേണ്ടിയും കൈത്തറി മുണ്ട് ഉപയോഗിച്ചു കലണ്ടർ ചെയ്തു കൊണ്ടിരിക്കുകയാണു ലക്ഷ്മി. വലിയ ടയറിന്റെ ട്രെഡ് മാർക്ക് ആണ് ഈ കലണ്ടറുകളുടെ ഡിസൈൻ. ടയറിൽ ചായം പുരട്ടി അതു തുണികളിൽ പതിപ്പിച്ചാണു ഡിസൈൻ ഉണ്ടാക്കിയത്. വിൽക്കാതെ കെട്ടിക്കിടക്കുന്ന കുറേ മുണ്ടുകൾ ഇങ്ങനെ അലങ്കാരമാകും, കുറെ പേർക്കു തൊഴിലും നൽകും.

∙ചെറൂള പാറ്റീസ്, പൂവാംകുരുന്നില റാവിയോളി...

Poovam kurunnila Ravioli

കോവിഡ് തീവ്രവ്യാപന കാലത്തു പ്രതിരോധശേഷി വർധിപ്പിക്കാനും പ്രകൃതിയിലേക്കൊരു മടങ്ങിപ്പോക്ക് എന്ന നിലയിലും ‘കളയല്ല!  കളയല്ലേ . . .’ എന്നൊരു പ്രചാരണത്തിനു ലക്ഷ്മി തുടക്കമിട്ടിരുന്നു. ഏറെ ഔഷധഗുണമുള്ള കേരളത്തിന്റെ സ്വന്തം ദശപുഷ്പങ്ങളെയാണ് ആദ്യം ഇതിനായി സ്വീകരിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്കു കൂടി ആസ്വാദ്യകരമായ രുചിയിലും രൂപവൈവിധ്യങ്ങളിലും ഈ ഔഷധ സസ്യങ്ങളെ തീൻ മേശയിലെത്തിക്കുക എന്ന വേറിട്ട ആശയമാണ് ലക്ഷ്മി സമൂഹമാധ്യമങ്ങൾ വഴി മുന്നോട്ടു വച്ചത്. അങ്ങനെ പീറ്റ്സയും പാസ്തയും പാറ്റീസും സാൻവിജും സൂപ്പും പുഡിങ്ങുമെല്ലാം ദശപുഷ്പം ചൂടിയെത്തി. കുറുന്തോട്ടി മിൽക്ക് ഷെയ്ക്ക് ആയി. കീഴാർനെല്ലി കിടിലൻ സൂപ്പ് ആയി.. കറുക ലൈം കോർഡിയൽ ആയി.. തഴുതാമ ബ്രെഡ് സ്പ്രെഡും ടോസ്റ്റുകളുമായി. പുളിയാറില ചേർന്നു റവ കേസരി കൂടുതൽ ‘ഹെൽത്തി’ ആയി.

ലക്ഷ്മിയുടെ പാചക പരീക്ഷണങ്ങൾ ഹിറ്റായപ്പോൾ ദശപുഷ്പത്തിന് ആവശ്യക്കാർ കൂടി. പാചകക്കുറിപ്പുകൾ സഹിതം ദശപുഷ്പം കെട്ടാക്കി വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു വാഴനാരിട്ടു കെട്ടി ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു. ‘Farm’acy for wellness –തന്റെ ആശയത്തെപ്പറ്റി ലക്ഷ്മി പറയുന്നു. ‘Pharmacy’– രോഗം വന്ന ശേഷമുള്ള ചികിത്സയുടെ വഴിയാണെങ്കിൽ Farmacy – രോഗം വരാതിരിക്കാനുള്ള ചികിത്സയാണ്. കേരളം കാണാനെത്തുന്ന വിദേശ സ‍ഞ്ചാരികൾക്കിടയിൽ ഇത്തരം ഔഷധ ഭക്ഷണങ്ങൾക്കു വലിയ വിപണി കണ്ടെത്താനാകുമെന്നു ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. കേരളീയ പാചകം അവരെ പരിചയപ്പെടുത്തുന്നതു പോലെ, കേരളത്തിന്റെ ഔഷധ സസ്യങ്ങളെ അവരുടെ പാചകത്തിന്റെ ഭാഗമാക്കണം. 

Poovam kurunnila Ravioli

സായിപ്പിന്റെ ബ്രൊക്കോളി വലിയ കേമമെന്നു കൊണ്ടാടുമ്പോൾ, നമ്മുടെ സ്വന്തം തഴുതാമയെ മറക്കരുത്. ഏതാണു കൂടുതൽ ആരോഗ്യകരമെന്നു ബുദ്ധിപൂർവം ചിന്തിക്കുക. മുറ്റത്തും പറമ്പിലും റോഡരികിൽ നിന്നുമെല്ലാം ‘കള’യെന്നു പുച്ഛിച്ചു മലയാളി കിളച്ചും പറിച്ചു കളയുന്ന ഓരോ ചെടിയും പാഴ്ചെടിയല്ലെന്നും എത്രമാത്രം ഔഷധഗുണമുള്ളതാണെന്നും മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു ‘കളയല്ല!! കളയല്ലേ ... ’ ക്യാംപെയ്ൻ. ഇനിയും എത്രയോ ഔഷധച്ചെടികളെ ഇതിന്റെ ഭാഗമാക്കാനാകും. കേരളമാകെ ഏറ്റെടുക്കാനായി ലക്ഷ്മി ഈ ആശയം മുന്നോട്ടുവയ്ക്കുന്നു.

∙ അമേരിക്കയിൽ നിന്ന് അരയൻകാവിലേക്ക്

അമേരിക്കയിൽ ഫാഷൻ ഡിസൈൻ, ജ്വല്ലറി ഡിസൈൻ, ഇന്റീരിയർ ഡിസൈൻ രംഗങ്ങളിൽ കഴിവു തെളിയിച്ച ശേഷമാണു ലക്ഷ്മി സാമൂഹിക മാറ്റത്തിനുതകുന്ന സംരംഭങ്ങൾ എന്ന ആശയവുമായി നാട്ടിൽ മടങ്ങിയെത്തുന്നത്. റബർ ബോർഡിൽ കമ്മിഷണറായിരുന്ന പിതാവ് പരേതനായ പി.കെ.നാരായണന്റെ ജന്മനാടായ എറണാകുളം തൃപ്പൂണിത്തുറ കാഞ്ഞിരമറ്റത്തിനു സമീപം അരയൻകാവിലാണു ലക്ഷ്മി ‘പ്യുവർ ലിവിങ്’ എന്ന സംരംഭത്തിന് 2015–ൽ തുടക്കമിട്ടത്. വിത്തുകൾ നിറച്ച കടലാസ് പേനകളായിരുന്നു ശ്രദ്ധേയമായ തുടക്കം. ഗൂഗിളും വിപ്രോയും പോലുള്ള കമ്പനികൾ ഓർഡർ നൽകിയതോടെ വിദേശത്തും ഇതു ശ്രദ്ധേയമായി. വിദ്യാർഥികളിൽ നിന്നു ശേഖരിച്ച ഉപയോഗശൂന്യമായ 7.5 ലക്ഷം പ്ലാസ്റ്റിക് പേനകൾ കൊണ്ടു കൊച്ചി ബെനാലെയിൽ ഇൻസ്റ്റലേഷനും ഒരുക്കി. 

∙ അമ്മൂമ്മത്തിരിയും ചേക്കുട്ടിയും

വയോജന കേന്ദ്രങ്ങളിലെ അമ്മൂമ്മമാർക്കു സ്വയം തൊഴി‍ലിലൂടെ വരുമാനം ലക്ഷ്യമിട്ട് ലക്ഷ്മി ‘അമ്മൂമ്മത്തിരി’ അവതരിപ്പിച്ചു. നിലവിളക്കിൽ ഉപയോഗിക്കുന്ന തിരികൾ അമ്മൂമ്മമാർ തെറുത്തു കെട്ടുകളാക്കും. ഇത് അമ്മൂമ്മത്തിരി ബ്രാൻഡിൽ ലക്ഷ്മി വിപണിയിലെത്തിച്ചു. പിന്നെയാണു പ്രളയവും ചേക്കുട്ടിയുടെ പിറവിയും.

∙ ശയ്യ

കഴിഞ്ഞ വർഷം, കോവിഡ് സെന്ററുകൾക്കു വേണ്ടി കഴുകിയുണക്കി, വീണ്ടും ഉപയോഗിക്കാവുന്ന മെത്തകൾ– ശയ്യ–നിർമിച്ചു നൽകിയും ലക്ഷ്മി വാർത്തയിൽ ഇടംപിടിച്ചു. പിപിഇ കിറ്റ് നിർമിച്ച ശേഷം ബാക്കിയാവുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ചായിരുന്നു ‘ശയ്യ’ നിർമാണം. വലിയ നിർമാണ വൈദഗ്ധ്യം ആവശ്യമില്ലാത്തതിനാൽ കുറച്ചു സാധാരണ സ്ത്രീകൾക്ക് ഇതു വരുമാനമാർഗമായി, മാലിന്യ പുനരുപയോഗത്തിന്റെ മാതൃകയുമായി. ഏതാണ്ട് 3600 കിലോഗ്രാം പിപിഇ വേസ്റ്റ് ഉപയോഗിച്ചു 1000 ശയ്യകൾ ഉണ്ടാക്കിയെന്നു ലക്ഷ്മി പറയുന്നു. ഈ ആശയം മറ്റു സംസ്ഥാനങ്ങളുമായും പങ്കുവച്ചു.  പ്രകൃതിയിൽ ഒന്നും പാഴ്‌വസ്തുവല്ലെന്നു പഠിപ്പിച്ചത് അമ്മൂമ്മ ഭവാനി അമ്മയാണ്. അരയൻകാവിലെ വീട്ടിൽ ലക്ഷ്മിയുടെ എല്ലാ സംരംഭത്തിനും പിൻതുണയുമായി അമ്മ ശ്രീദേവിയും അമ്മൂമ്മ ഭവാനി അമ്മയുമുണ്ട്. ബിസിനസ് സംരംഭങ്ങൾക്കു പങ്കാളിയായി ഏക സഹോദരൻ വാസുദേവ് അമേരിക്കയിലും. 

English Summary: Heartbeat of Handloom; Kerala Eco-Innovator Lakshmi Menon Makes eco-friendly Kalandar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA