ADVERTISEMENT

‘മഹത്തായ ഭാരതീയ അടുക്കള’ ഒരു കാരസ്കരം (കാഞ്ഞിരക്കുരു) തന്നെ, നിസ്സംശയം !! എവിടെയാണീ കഥ നടക്കുന്നതെന്ന് പുതു തലമുറ സംശയിച്ചേക്കാം. ഇതിൽ നടക്കുന്ന ഭൂരിഭാഗം സംഭവങ്ങൾക്കും ജാതി മത ഭേദങ്ങളില്ലെന്നും സർവകാലികം തന്നെയെന്നും പറയുവാൻ ഒട്ടനവധി അനുഭവസ്ഥർ ഉണ്ട്! എന്തൊക്കെ വിഷയങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിൽ പറഞ്ഞുപോയിട്ടുള്ളത്. വിവാഹത്തിന്റെ ആവശ്യം ഉണ്ടോ എന്ന് ഒരു പതിനായിരം വട്ടം നമ്മെ ചിന്തിപ്പിക്കുവാൻ പോന്ന കാര്യങ്ങൾ ഇതിൽ ദർശിക്കാം.

വിവാഹം അനിവാര്യമായി തോന്നുന്നവർക്കു പോലും അതിന്റ ചട്ടക്കൂടിലും വ്യവസ്ഥകളിലും ബഹുവിധ മാറ്റങ്ങൾ വേണമെന്നു തോന്നിയിട്ടുണ്ടാകും. കാരണം ചർച്ചകളിൽ കേൾക്കുന്നത് ‘ഇതു വേണം, പക്ഷേ’ എന്നു തുടങ്ങുന്ന വാചകങ്ങളാണ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം തോന്നിയ വിഷയം ‘ആണുങ്ങളെ തീറ്റിപ്പോറ്റൽ’ ആണ്. ചൂടുദോശ വിളമ്പാനായി അടുക്കളയിൽ നിന്ന് മേശപ്പുറത്തേക്കും തിരിച്ചും പായുന്ന നായികയും അവരുടെ അമ്മായിയമ്മയും സ്ത്രീജന്മങ്ങളുട ദുരവസ്ഥയുടെ നീറുന്ന നേർകാഴ്ചയാണ്. പലരും അവരുടെ പ്രാഥമികാവശ്യങ്ങൾ പോലും ബലമായി പിടിച്ചു വച്ചിട്ടാണ് കാര്യങ്ങൾ മറ്റുള്ളവർക്ക് അനുയോജ്യമായ സമയത്തു തീർക്കുന്നത്. എന്നു തീരും ഈ ഓട്ടപ്പാച്ചിൽ? 

പ്രാതൽ എന്ന മഹാകർമം നടക്കുന്ന നേരത്ത് ആ അമ്മ മകളായി കണക്കാക്കുന്ന മരുമകളോട് (അപൂർവമായേ സംഭവിക്കാറുള്ളൂ) കഴിക്കുവാൻ അച്ഛന്റെയും ഭർത്താവിന്റെയും കൂടെ ഇരിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. ആ സന്ദർഭത്തിൽ പുരുഷന്മാരുടെ മുഖഭാവം കണ്ടിട്ടോ എന്തോ, താൻ അമ്മയോടൊപ്പം കഴിക്കാം എന്ന് മരുമകൾ തന്നെ പറയുന്നു, മാറ്റം വന്നുകാണണം എന്നാഗ്രഹിക്കുന്ന ആ അമ്മയെ, ജോലിക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നിടത്തും കാണാം. ആൺമക്കൾക്കു ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഖം വാടുന്ന അമ്മമാരും വിശേഷപ്പെട്ട ഭക്ഷണം ആൺപ്രജകൾക്കായ് മാറ്റി വയ്ക്കുന്നവരും ഇന്നും ധാരാളമുണ്ട്. 

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കാഴ്ച പുരുഷന്റെ അഹം (ഈഗോ) എങ്ങനെ പ്രീണന മനോഭാവത്തിലൂടെ നിലനിർത്താം എന്നുള്ളതാണ്. അതിനായുള്ള ഒരു പരിശീലനം അഹോരാത്രം പെൺകുട്ടികൾക്കു നൽകണമെന്ന് ആർക്കൊക്കെയോ വാശിയുള്ള പോലെയാണ് ഇന്നും സമൂഹത്തിന്റെ പ്രോത്സാഹനം. അതാണ്, അതുതന്നെയാണ് സ്വാഭാവികം എന്ന ചിന്താധാര അത്തരക്കാരിൽ രൂഢമൂലമായിരിക്കുന്നു. അതിന്റെ വേരുകൾ പിഴുതെടുത്ത് ആ വിത്തുകൾ മുളയ്ക്കാത്ത രീതിയിലേക്ക് എന്ന് മാറാൻ കഴിയും? ജോലിക്കു പോകാൻ മരുമകളെ മാനസികമായി പ്രോത്സാഹിപ്പിക്കുമ്പോഴും ‘ഞാൻ പറഞ്ഞെന്നു പറയല്ലേ’ എന്ന മുൻകൂർ ജാമ്യം അതു തന്നെയാണ് സൂചിപ്പിക്കുന്നത്. 

മൂന്നു തരം സ്ത്രീ പ്രതിനിധികളെ നമുക്കിതിൽ കൃത്യമായി കാണാൻ കഴിയും! നായികയുടെ അമ്മയും ഭർതൃപിതാവിന്റെ സഹോദരിയും ഒരേ പാഠ്യപദ്ധതി പിന്തുടരുന്നവരാണ്. തങ്ങൾക്കു മുൻപ് നടന്നു പോയ സ്ത്രീകൾ ചെയ്യേണ്ടി വന്ന എല്ലാം തന്നെ കണ്ണടച്ചു പാലിക്കുന്നവർ. ‘മുൻപേ ഗമിക്കുന്ന ഗോവ് തന്റെ പിൻപേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്നത്‌ എത്ര അർഥവത്താണ്. രണ്ടാമത്തെ ആളാണ് നായികയുടെ ഭർതൃമാതാവ്. തീരെ ചിന്തിക്കാതെ വഴിനടക്കാൻ തനിക്കോ നിർബന്ധിതയാകേണ്ടി വന്നു. മരുമകൾക്കെങ്കിലും ഒരു മാറ്റം ജീവിതത്തിൽ ഉണ്ടായിക്കാണണം എന്നാഗ്രഹിച്ച, തലച്ചോറ് പണയം വയ്ക്കുവാൻ തീരുമാനിച്ചിട്ടില്ലാത്ത ഒരമ്മ. എന്നാൽ തുറന്നു സംസാരിക്കുവാനുള്ള ധൈര്യവും ചോർന്നു പോയി. മൂന്നാം പ്രതിനിധിയാണ് നായിക. ആദ്യം എല്ലാറ്റിനോടും പൊരുത്തപ്പെടുവാൻ ശ്രമിച്ചു. പിന്നെപ്പിന്നെ സ്വാഭിമാനത്തിൻ മേലുള്ള കടന്നാക്രമണം പൊറുക്കാൻ കഴിയുന്ന തെറ്റല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവൾ. ഈ മൂന്നു പേരും നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. ഇതിൽ ബഹുമാനം എന്നത് അങ്ങോട്ട് കൊടുക്കുകയും ഇങ്ങോട്ടു വേണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന തുല്യചിന്തയുടെ ഇത്തരം പ്രതീകങ്ങളാണ് മാറ്റത്തിന്റെ വിളക്കാകുന്നവർ.

ഒരു വീട്ടിലെ സർവജോലിയും ഒറ്റയ്ക്കു കൈകാര്യം ചെയ്യുന്നു എന്നത് കാര്യക്ഷമതയുടെ അടയാളമായി ഇന്നും കണക്കാക്കപ്പെടുന്നു. എന്തുകൊണ്ട്? ഇതോടൊപ്പം സ്ഥിരമായി കേൾക്കുന്ന മറ്റൊരു പരാതി, ഈ തലമുറയിലെ സ്ത്രീകൾക്ക് പഴയ തലമുറയിലെ സ്ത്രീകളുടെയത്രയും കാര്യക്ഷമത ഇല്ല പോലും! പഴയ കൂട്ടുകുടുംബവ്യവസ്ഥയിൽ കൈമാറി കാര്യങ്ങൾ ചെയ്യാൻ ഒട്ടനവധി കരങ്ങൾ ഉണ്ടായിരുന്നുവെന്നത് മറക്കരുത്. അണുകുടുംബത്തിലെ ഉദ്യോഗസ്‌ഥയെ ആണ് പലപ്പോഴും ഇത്തരം താരതമ്യങ്ങൾക്കു വിധേയയാക്കുന്നത്‌. തങ്ങൾ ‘അത്ര പോരേ’ എന്നുള്ള ഒരു സംശയം അതവരിൽ ജനിപ്പിക്കുന്നുണ്ട്. ചെയ്യുന്നതിനു നല്ലവാക്കുകളില്ല എന്നു മാത്രമല്ല, ആവശ്യങ്ങൾ ദിനംപ്രതി കൂടുകയും ചെയ്യുന്നു. മൾട്ടിടാസ്കിങ് എന്ന വാക്ക് മധുരം പുരട്ടി ഉപയോഗിക്കുന്നു. അങ്ങനെ അവളെയും ആ ചാക്രികചലനത്തിന്റ ഭാഗമാക്കുന്നു. ‘ആണുങ്ങൾ സൗകര്യം നോക്കുന്നതിന്റെ കാര്യത്തിൽ രാജാക്കന്മാരാണ്’ എന്ന ആഷിക് അബു ചിത്രത്തിലെ ഡയലോഗ് എത്ര ചിന്തനീയം അല്ലേ? ഒന്ന് ഉറക്കെ പറയണം, തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും എന്താണെന്ന്. സാധിക്കുമോ പലർക്കും? കോച്ചിങ് കിട്ടിയത് മറിച്ചല്ലേ? ‘ആരെയും എതിർത്തു പറയരുത് , പ്രത്യേകിച്ച് മുതിർന്നവരെ’. ഇത് കേട്ടുകേട്ട്, സ്വന്തം വീട്ടിനുള്ളിൽ നടക്കുന്ന ലൈംഗിക പീഡനങ്ങൾ പോലും തുറന്നു പറയുവാനായി കാലങ്ങൾക്കു ശേഷം ‘മീ ടൂ’ വേണ്ടി വന്നു എന്നത് എത്ര പരിതാപകരമാണ് ! ഒന്ന് ചിന്തിച്ചു നോക്കൂ.

വിവാഹ ജീവിതത്തിൽ ലൈംഗികതയ്ക്കു കൃത്യമായ സ്ഥാനമുണ്ട്. വിശപ്പും ദാഹവും ഉറക്കവും പോലെ അതും ഒരു ചോദന തന്നെ. എന്നാൽ അതിനെക്കുറിച്ചുള്ള ധാരണകൾ മനുഷ്യർ പഠിച്ചെടുക്കുന്നതാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നയാളുടെ സ്വഭാവം മോശമായി കാണുന്നത് എന്തടിസ്ഥാനത്തിലാണ്? വേദന എന്ന തന്റെ ശാരീരിക പ്രശ്നം തുറന്നു ചർച്ച ചെയ്യാൻ പോലും ഉള്ള ഒരു ആത്മബന്ധം അനുവദിച്ചു കിട്ടാത്ത ഒരിടത്താണ് അവൾ സ്വന്തം വീടും നാടും വിട്ടുവന്നു താമസിക്കേണ്ടി വരുന്നതെന്നത് പരിതാപകരം തന്നെ. ഇതൊക്ക എന്തിനുവേണ്ടിയെന്ന് ഒരുപാടു പേർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. 

ഉള്ളലിവുള്ള ഏതൊരു മനുഷ്യന്റെയും മനസ്സിൽ തട്ടുന്നതാണ് അടുക്കളയിലെ വാഷ് ബേസിനിൽ വേസ്റ്റ് കെട്ടിക്കിടക്കുന്ന രംഗം. തന്നെ ഒരു രീതിയിലും നേരിട്ടു ബാധിക്കാത്ത ഒരു കാര്യമായി കാണുന്നതു കൊണ്ടല്ലേ ഭർത്താവ് പ്ലംബറെ വിളിക്കുവാൻ മറക്കുന്നത്? മറിച്ച്, വീട്ടിലെ അംഗങ്ങൾ എല്ലാവരും ഇത് അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെങ്കിൽ അക്കാര്യത്തിൽ പെട്ടെന്നു പരിഹാരം ഉണ്ടാകുമായിരുന്നില്ലേ? സ്ത്രീയുടെ ആരോഗ്യവും വൃത്തിബോധവും ഒക്കെ കപ്പല് കേറ്റി വിട്ടിട്ടാണോ കല്യാണം കഴിക്കേണ്ടത് ? അവൾ പണിയെടുത്ത് നടുവൊടിയുമ്പോൾ വീട്ടിലെ പുരുഷന്മാരുടെ പത്രപാരായണവും യോഗാഭ്യാസവും ഒക്കെ മുറയ്ക്കു നടക്കുന്ന രംഗങ്ങൾ കുറിക്കുകൊള്ളുംവിധം തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. 

ആർത്തവം അനുഗ്രഹമായി അന്ന് സ്ത്രീകൾ കണ്ടുകാണും (ചിലപ്പോ ഇന്നും). ഏറ്റവും കുറഞ്ഞത് ഒരു നാലു ദിവസത്തെ വിശ്രമമെങ്കിലും അവർക്കു ലഭിക്കുമെന്ന് അവർ സ്വപ്നേപി നിനച്ചിരിക്കില്ല. എന്നാൽ അതും കുറ്റപ്പെടുത്തലുകളുടെ തീരാത്ത ദുരിതപർവമാണെന്നത് വളരെ സങ്കടകരം തന്നെ. ‘ആ ദിവസങ്ങൾ’ എന്നതിന് അവധി ദിവസങ്ങൾ എന്ന ലാഘവം തീരെയില്ല എന്ന സംഗതി സ്ത്രീകൾക്കു മാത്രമേ മനസ്സിലാകൂ എന്നത് ദൗർഭാഗ്യകരമാണ്. വേദനയും അസൗകര്യവും ആരോഗ്യപ്രശ്നങ്ങളും കെട്ടുപിണഞ്ഞു മനസ്സിനെ ഏറ്റവും കൂടുതൽ ആയാസപ്പെടുത്തുന്ന ഒരു സമയം കൂടിയാണിത്. ഇതൊക്കെ ആരോർക്കുന്നു!

ഈ ലേഖനത്തിന്റെ തുടക്കത്തിൽ കാഞ്ഞിരക്കുരുവിന്റെ ഉപമ ഉപയോഗിച്ചതു മറ്റൊന്നും കൊണ്ടല്ല. കാരസ്ക്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ എന്നാണല്ലോ. എത്ര കാലമായി ആളുകൾ ഇതേക്കുറിച്ചു പറയുന്നു? ചർച്ചകൾ കൊണ്ടിതു മാറുമോ? ചിത്രം കണ്ട് ഇക്കാര്യങ്ങൾ പറയുന്നത് വിലപിക്കാനല്ല, മറിച്ച് ‘വിവാഹം’ എന്ന ആജീവനാന്ത കാര്യപരിപാടിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വേണമെന്നും വ്യക്തിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാതെ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നതു കൊണ്ടു മാത്രമാണ്. മനുഷ്യർ ബന്ധങ്ങളും സ്നേഹവും മറന്ന് മലർന്നു കിടന്നു തുപ്പുന്ന, സ്നേഹരാഹിത്യത്തിന്റ കയ്പു നിറഞ്ഞ കുടുംബ കോടതികളെക്കാൾ നമുക്കാവശ്യം ജീവിതനൈപുണ്യങ്ങൾ (ലൈഫ് സ്‌കിൽസ്) പകർന്നു നൽകുന്ന, സന്തോഷം ജീവിതത്തിന്റ മുഖമുദ്ര എന്നത് ഊന്നി പഠിപ്പിക്കുന്ന വിദ്യാലയങ്ങളും സർവകലാശാലകളും തന്നെയല്ലേ.

‘കൂടിയല്ലാ പിറക്കുന്ന നേരത്തും

കൂടിയല്ലാ മരിക്കുന്ന നേരത്തും

മധ്യേയിങ്ങനെ കാണുന്ന നേരത്തു 

മത്സരിക്കുന്നതെന്തിനു നാം വൃഥാ’ 

- ജ്ഞാനപ്പാന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com