sections
MORE

കേരളീയ തനിമയിൽ തിളങ്ങി മിസ് ടീൻ എർത്ത് ഐശ്വര്യ; വസ്ത്രങ്ങളൊരുക്കി ഫാഷൻ ഡിസൈനർ ദീപ്തി

aswathi-deepthi
SHARE

മിസ് ടീൻ 2020 ബ്യൂട്ടി പേജന്റിലെ ഇന്റർനാഷനൽ കോസ്റ്റ്യൂം റൗണ്ടിൽ സർവൈശ്വര്യങ്ങളോടും കൂടിയാണ് മത്സരാർഥി ഐശ്വര്യ വിനു നായർ വേദിയിലെത്തിയത്. മ്യൂറലിൽ ചെയ്ത കഥകളി വേഷങ്ങളായ പച്ചയും മിനുക്കും സ്വർണക്കസവും സന്നിഹിതരായവരുടെയും വിധികർത്താക്കളുടെയും കണ്ണഞ്ചിപ്പിച്ചു. ഒടുവിൽ ‘മിസ് ടീൻ എർത്ത്’ പട്ടം ചൂടി കേരളത്തിനാകെ അഭിമാനമായി മടക്കം. ഐശ്വര്യയുടെ വസ്ത്രം രൂപകൽപന ചെയ്ത ഫാഷൻ ഡിസൈനർ ദീപ്തി സെബാസ്റ്റ്യന് ഇത് അഭിമാന മുഹൂർത്തം മാത്രമല്ല, 2 മാസം നീണ്ട കഠിനാധ്വാനത്തിന് അംഗീകാരം ലഭിച്ച ദിനം കൂടിയാണ്. കേരളീയ തനിമ വിളിച്ചോതുന്ന വസ്ത്രം രൂപകൽപന ചെയ്തെടുത്ത കഥ മനോരമയോടു പങ്കുവയ്ക്കുകയാണ് കൊച്ചിയിലെ റിവോൾട്ട് ഡിസൈനർ ബുട്ടീക് ഉടമ കൂടിയായ ദീപ്തി.

തീം സെലക്ഷൻ

‘കേരളത്തെ അവതരിപ്പിക്കുന്ന വസ്ത്രം’ എന്ന ആശയമാണ് ഐശ്വര്യയുടെ അമ്മ സീന ആർ.നായർ പറഞ്ഞത്. ഒപ്പം പ്രോപ്പർട്ടി കൂടി ഉപയോഗിക്കണം. കഥകളിയിലെ ആൺവേഷമായ പച്ചയും പെൺവേഷമായ മിനുക്കും ഒന്നിച്ചു നിൽക്കുന്ന മ്യൂറൽ ചിത്രം പാവാടയിൽ വരച്ച് ഡിസൈൻ ചെയ്യാനായിരുന്നു തീരുമാനം. റഫറൻസുകൾ പരിശോധിച്ചാണ് തീം സെലക്ട് ചെയ്തത്.

തറിയുടെ നാട്ടിലേക്ക്

ഡിസൈനും മറ്റും റെഡിയാക്കിയ ശേഷം വണ്ടി നേരേ പോയത് പാലക്കാട്ടുള്ള കുത്താംമ്പുള്ളിയിലേക്കായിരുന്നു. അവിടത്തെ പരമ്പരാഗത നെയ്ത്തു ശാലയിൽ പോയി തുണി നെയ്തെടുപ്പിച്ചു. പാവാടയും ബ്ലൗസും ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിൽ പാവാടയിൽ കഥകളിയിലെ നിറങ്ങളോട് ചേർന്നു നിൽക്കുന്ന കളർ ലൈനുകളും ചെയ്യിപ്പിച്ചു.

fashion

‘വസ്ത്രത്തിന്റെ രൂപകൽപനയിൽ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. അതുകൊണ്ടുതന്നെ അത് ഭംഗിയാക്കുക എന്നത് വലിയ ഉത്തരവാദിത്തം ആയിരുന്നു. ഫുൾ പെർഫെക്ഷനിൽ പൂർത്തിയാക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിനാവശ്യമായ സാധനങ്ങളെല്ലാം ഞാൻ തന്നെ പോയാണ് തിരഞ്ഞെടുത്തത്.’ ദീപ്തി പറഞ്ഞു.

മിന്നിത്തിളങ്ങി മ്യൂറൽ

വസ്ത്രത്തിലെ ഏറ്റവും ആകർഷകമായ ഭാഗം പാവാടയിൽ ചെയ്തിരിക്കുന്ന മ്യൂറൽ പെയിന്റിങ്ങാണ്. പച്ചയും മിനുക്കുമാണ് ഇതിൽ വരച്ചിരിക്കുന്നത്. കൊറോണക്കാലം ആയതിനാൽ പലരും വര ഏറ്റെടുക്കാൻ വിസമ്മതിച്ചു. ചിലർ ചെയ്തത് ഇഷ്ടപ്പെടാത്തതിനാൽ മാറ്റി. ഒടുവിൽ മനസ്സിനിണങ്ങിയ രീതിയിൽ സുഹൃത്തും അധ്യാപികയുമായ സുജയാണ് ചിത്രം പൂർത്തീകരിച്ചത്.

പാവാടയിലെ മ്യൂറൽ പെയിന്റിങ്ങിൽ ചെയ്ത ബീഡ്സ് വർക്ക് വസ്ത്രത്തിന്റെ മാറ്റ് കൂട്ടാൻ സഹായിച്ചു. ഒരുപാട് ആലോചനകൾക്കു ശേഷമാണ് ഡിസൈൻ തീരുമാനിച്ചത്. മുംബൈയിൽ നിന്നാണ് സാധനങ്ങൾ എത്തിച്ചത്. മ്യൂറൽ പെയ്ന്റിങ് എടുത്തു നിൽക്കാനാണ് ആഭരണങ്ങളിൽ ബീഡ്സ് വർക്ക് ചെയ്തത്.

fashion

‘അധ്യാപന മേഖല വിട്ട് ഫാഷൻ ഡിസൈനിങ്ങിലേക്ക് ദീപ്തി എത്തിയത് തികഞ്ഞ അർപ്പണ മനോഭാവത്തോടെയാണ്. അവരുടെ വർക്കുകളിലും അത് പ്രകടമാണ്. ഈ ആത്മസമർപ്പണമാണ് ദീപ്തിയിലേക്ക് എത്താൻ ഞങ്ങളെ സഹായിച്ചതും. വിചാരിക്കുന്നതിലും പതിന്മടങ്ങ് പെർഫെക്‌ഷനിൽ ഇത് പൂർത്തിയാക്കുമെന്ന് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ നിർദേശങ്ങളോ അഭിപ്രായങ്ങളോ കൊടുത്തിരുന്നില്ല. എന്നാൽ കേരളത്തിൽ നിന്ന് സാധനം ഡൽഹിയിലെത്തുമ്പോൾ എങ്ങനെയായിരിക്കും എന്ന് ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ കുറിയർ ലഭിച്ചപ്പോൾ ഞങ്ങൾ അമ്പരന്നു പോയി. അളവുകൾ എല്ലാം കിറുകൃത്യം. മാറ്റങ്ങളൊന്നും വരുത്താനില്ല.’ ഐശ്വര്യയുടെ അമ്മ സീന ആർ.നായർ പറഞ്ഞു.

‘ഈ വർഷത്തെ ക്രിസ്മസും ന്യൂ ഇയറുമൊക്കെ ആഘോഷിച്ചത് വസ്ത്രത്തിന്റെ പണിപ്പുരയിലാണ്. ഏറ്റെടുത്ത അന്നു മുതൽ മനസ്സുനിറയെ ഈ കോൺസപ്റ്റ് ആയിരുന്നു. അതിനെ എങ്ങനെ കൂടുതൽ ഭംഗിയാക്കാം എന്ന ചിന്തയിൽ മറ്റെല്ലാം മറന്നു.’ ദീപ്തി പറയുന്നു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിൻ ചന്ദ്രനാണ് ഭർത്താവ്. മക്കൾ അഭയൻ, ആദിത്യൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA