ചിതയില്‍ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ചെമ്പകവല്ലി; സ്ത്രീ ശാക്തീകരണ സന്ദേശവുമായി ഞാൻ....ഉടൽ...മനസ്സ്....

chembakavally
SHARE

ഹിഡുംബിയിൽ നിന്നു ചെമ്പകവല്ലിയിലെത്തുമ്പോൾ കലാനിലയത്തിന്റെ വേദിയിൽ സ്ത്രീശാക്തീകരണത്തിന്റെ രണ്ടാം വിളംബരമാണ് ഉയരുന്നത്. കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ്‘ഞാൻ....ഉടൽ.....മനസ്സ്’ എന്ന ഏകപാത്രനാടകം ഉയർത്തുന്നതു ഭാരതത്തിൽ സ്ത്രീകളുടെ അടിമത്തം നൂറ്റാണ്ടിനിപ്പുറവും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യമാണ്.

മഹാകവി വള്ളത്തോളിന്റെ കൊച്ചുസീത എന്ന കവിതയ്ക്കു വർത്തമാനകാല വ്യാഖ്യാനമൊരുക്കുകയാണ് ഈ നാടകം. ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങളിലൂടെയാണ് ഇന്ത്യൻ പെൺജീവിതത്തിന്റെ നേർക്കാഴ്ച അവതരിപ്പിക്കുന്നത്. കൊച്ചുസീതയിലെ ചെമ്പകവല്ലി എന്ന നായികയെ  കഥകളി എന്ന കലാരൂപത്തിൽ അവതരിപ്പിക്കാനെത്തുന്ന ഗായത്രി എന്ന നർത്തകിയുടെ പകർന്നാട്ടമാണു ‘ഞാൻ.... ഉടൽ.....മനസ്സ്’ എന്ന ഏകപാത്ര നാടകം. കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപദ്മനാഭന്റെ മകൾ ഗായത്രിയാണു നാടകത്തിൽ വേഷമിടുന്നത്. ഇതിഹാസകാലം മുതൽ വർത്തമാന കാലം വരെ നീളുന്ന പെൺജീവിതത്തിന്റെ സഹനവും കണ്ണീരും കരുത്തും അടയാളപ്പെടുത്തുന്നതാണ് 'ഞാൻ... ഉടൽ....മനസ്സ്... കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകത്തിലും ഗായത്രിയായിരുന്നു വേഷമിട്ടത്.

കൊച്ചുസീതയുടെ നാടകഭാഷ്യം ഒരുക്കുന്നത് സുരേഷ് ബാബു ശ്രീസ്ഥയാണ്. മനോജ് നാരായണനാണ് സംവിധാനം. ക്രിയേറ്റീവ് ഹെഡ് അനന്തപദ്മനാഭൻ. കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവാണ് സംഗീതവും ആലാപനവും. നൃത്തം കലാമണ്ഡലം കൃഷ്ണകുമാർ. കവിത എം.എം. സചീന്ദ്രൻ.

കൊച്ചുസീതയിലേക്ക്

ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപാണ് ഒരു ദേവദാസി പെൺകുട്ടിയുടെ ആത്മഹത്യാ വാർത്തയിൽ നിന്നു മഹാകവി വള്ളത്തോൾ നാരായണ മേനോൻ കൊച്ചുസീത എന്ന കവിത രചിക്കുന്നത്. ദേവദാസിയായ ചെമ്പകവല്ലിയെന്ന ബാലികയുടെ അമ്മ കുഞ്ഞിലെ മരിച്ചു പോയി. മുത്തശ്ശിയുടെ സംരക്ഷണയിലാണവൾ വളരുന്നത്. അവളെ സുന്ദരിയാക്കി വളർത്തുന്ന മുത്തശ്ശിയുടെ ലക്ഷ്യം മികച്ച ദേവദാസിയാക്കുക എന്നതാണ്. എന്നാൽ, അവളുടെ മനസ്സിൽ നിറയുന്നതു രാമായണത്തിലെ സീതയാണ്. സീതയുടെ പാതിവ്രത്യശീലം ജീവിതത്തിൽ പകർത്താനാണ് അവൾക്കു താൽപര്യം. അമ്മൂമ്മയാകട്ടെ അവളെ നൃത്തം ചെയ്യാനും പുരുഷമനസ്സുകളെ തന്റെ ഇംഗിതത്തിനൊത്തു തുള്ളിക്കാനും പ്രേരിപ്പിക്കുന്നു. സീതയുടേതു പോലുള്ള ജീവിതമാണവൾക്കു പഥ്യമെന്നറിഞ്ഞ മുത്തശ്ശി അവളെ കുറ്റപ്പെടുത്തുന്നു, വരുതിയിലാക്കാൻ ശ്രമിക്കുന്നു. പരപുരുഷന്മാരെ പ്രാപിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, സീതയെപ്പോലുള്ള സ്ത്രീ രത്നങ്ങളുടെ പാദം പിന്തുടരാൻ കഴിയില്ലെന്നുറപ്പായ ചെമ്പകവല്ലി ജീവൻ ത്യജിക്കുന്നു. തന്നെ വരിഞ്ഞുമുറുക്കിയ ആചാരത്തിന്റെ കെട്ടുകൾ പൊട്ടിച്ചെറിയാനാകാതെ സ്വയം മരണത്തിനു വഴങ്ങുകയാണവൾ.

chembakavally2

21ാം നൂറ്റാണ്ടിലും

ഇന്നും ചെമ്പകവല്ലിമാർക്കു സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശം നമ്മുടെ സമൂഹം അനുവദിക്കുന്നില്ലെന്ന സന്ദേശമാണു നാടകം ഉയർത്തിക്കാട്ടുന്നത്. വള്ളത്തോളിന്റെ കവിതയ്ക്ക് അരങ്ങിന്റെ സമർപ്പണം എന്ന നിലയിലാണ് ഈ നാടകം ഒരുക്കിയതെന്നു രചന നിർവഹിച്ച സുരേഷ് ശ്രീസ്ഥ അഭിപ്രായപ്പെട്ടു. സീതയും സാവിത്രിയും മീരയുമെല്ലാമായി ഈ കഥാപാത്രം രംഗത്തെത്തുന്നു. ഇവരുടെ അവതരണം വിവിധ ഭാരതീയ നൃത്തരൂപങ്ങളിലൂടെയാണ്. ഒടുവിൽ നിസ്സഹായയായി ജീവനൊടുക്കുന്ന ചെമ്പകവല്ലി തന്റെ ചിതയിൽ നിന്നു പുറത്തു വന്നു പറയുന്നു, ‘ഇങ്ങനെ ഹോമിക്കാനുള്ളതല്ല ഭാരതത്തിലെ പെൺകുട്ടികളുടെ ജീവിതം.’ അരുതായ്മകളോടു പടവെട്ടി പിടിച്ചുനിൽക്കണമെന്ന സന്ദേശവും സ്ത്രീ കരുത്തിന്റെ പ്രതീകമാകണമെന്ന മുദ്രാവാക്യവും കലാനിലയത്തിന്റെ പുതിയ നാടകം പെൺമനസ്സിനു മുന്നിൽ തുറന്നു വയ്ക്കുന്നു. കെപിഎസിക്കും മറ്റുമായി നാടകരചന നിർവഹിച്ചിട്ടുള്ള സുരേഷ് ഇതിനു മുൻപും വയലാറിന്റെ ആയിഷ പോലുള്ള കവിതകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചിട്ടുണ്ട്.

കഥകളി സംഗീതം

കഥകളി സംഗീതത്തിലെ മധുര ശബ്ദത്തിനുടമയായ കോട്ടയ്ക്കൽ മധുവാണ് നാടകത്തിന്റെ സംഗീതസംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. പണ്ട് പരമശിവ വിലാസം നാടക കമ്പനിയായിരുന്നു. ഇന്നത്തെ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം. പിന്നീടാണു കഥകളിയിലേക്കു ചുവടു മാറുന്നത്. ആ നാടകത്തിന്റെ ഓർമയ്ക്കായി അടുത്ത കാലത്ത് ചില സംഗീതനാടക ശിൽപങ്ങൾ ആര്യവൈദ്യശാല അവതരിപ്പിച്ചിരുന്നു. അങ്ങനെ ചില നാടകങ്ങളിൽ പാടിയ അനുഭവമുണ്ടെന്നു കോട്ടയ്ക്കൽ മധു പറഞ്ഞു. കലാനിലയത്തിന്റെ തന്നെ രക്തരക്ഷസ്സിനും കടമറ്റത്തു കത്തനാർക്കും വേണ്ടി ചില പദങ്ങൾ പാടിയിട്ടുണ്ട്. കൊച്ചുസീതയിലെ ഏതാനും വരികൾ കഥകളി സംഗീതത്തിന്റെ ആലാപനരീതിയിലേക്കു മാറ്റി ‘ഞാൻ... ഉടൽ....മനസ്സ്’ എന്ന നാടകത്തിൽ പാടിയിട്ടുണ്ട്. ചെണ്ടയും മദ്ദളവുമാണ് ഉപയോഗിച്ചിരുന്നത്. ഒരു പദം മാത്രമാണു കഥകളിപ്പദത്തിന്റെ ശൈലിയിൽ ചെയ്തത്. ബാക്കി ശാസ്ത്രീയസംഗീത രീതിയിലും. 

ഹിഡുംബിയിൽ നിന്ന് കൊച്ചുസീതയിലേക്ക്

കണ്ണഞ്ചിപ്പിക്കുന്ന മാസ്മരലോകം അരങ്ങിലെത്തിച്ചു കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്ന കലാനിലയം സ്ഥിരം നാടകവേദി പുതിയ ആസ്വാദനശീലത്തിന്റെ പരീക്ഷണശാലയാകുകയാണ്, സ്ത്രീശാക്തീകരണത്തിലൂന്നി ഹിഡുംബി എന്ന നാടകം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. ഇപ്പോഴിതാ ‘ഞാൻ.... ഉടൽ...മനസ്സ്’ എന്ന വള്ളത്തോളിന്റെ കാവ്യോപഹാരവും. രണ്ടിലും കേന്ദ്ര കഥാപാത്രമായെത്തുന്നതു കലാനിലയം കൃഷ്ണൻ നായരുടെ കൊച്ചുമകൾ ഗായത്രി. ചെമ്പകവല്ലിയുടെ മുത്തശ്ശി രംഗത്തു വരുന്നില്ല. സങ്കൽപ കഥാപാത്രം മാത്രം. ചെമ്പകവല്ലി അവളുടെ മനസ്സിലെ നായികമാരായി കാണുന്ന സീത, ദമയന്തി, ശകുന്തള, ശീലാവതി, മീര എന്നീ ഭാരതീയ സ്ത്രീകളുടെ സവിശേഷതകൾ അവളെ ആകർഷിക്കുന്നു. അവരെല്ലാമായി ജീവിക്കാനാണ് അവളുടെ താൽപര്യം. അതിൽത്തന്നെ സീതയോടാണ് ഏറെ പ്രിയം. ചെമ്പകവല്ലി മരിക്കുന്നിടത്തു നിന്നു വീണ്ടും ഗായത്രി എന്ന കഥാപാത്രത്തിലേക്കു പ്രവേശിക്കുന്നു. 

chembakavally1

അന്നത്തെ കാലത്ത് മറ്റു നിവൃത്തിയില്ലാതെയാണു ചെമ്പകവല്ലി ആത്മഹത്യ ചെയ്യുന്നത്. എന്നാൽ, ഇക്കാലത്തും ആ അവസ്ഥയ്ക്കു മാറ്റമുണ്ടോ? രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഉയരുന്ന വിവിധ ഭാഷകളിലുള്ള കരച്ചിൽ ശബ്ദം കേട്ടിട്ടു കഥാപാത്രം പറയുന്നു ആത്മഹത്യയല്ല പരിഹാരം. അതിനെ അതിജീവിക്കാൻ കരുത്തു നേടണം. 

ഹിഡുംബിക്ക് തനിക്ക് ആരിൽ നിന്നും സഹായം ലഭിക്കുന്നില്ലെന്ന പരിഭവമാണ്. കരുത്തനായ ഭർത്താവ്, സഹോദരൻ, മകൻ...  എല്ലാവരുമുണ്ടായിട്ടും ആരും സഹായിക്കാനുണ്ടായില്ല എന്നതായിരുന്നു ഹിഡുംബിയുടെ ദുഃഖം. ചെമ്പകവല്ലിയെ സഹായിക്കാൻ ആരുമില്ല. തന്നെ സ്വയം രൂപീകരിക്കാനായി അവൾക്കു കഴിയുന്നുമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA