sections
MORE

അമ്മ - മഹത്വം പറഞ്ഞു മാറ്റി നിർത്തണ്ട, ബഹുമാനിച്ച് കൂടെ നിർത്തുക!

Mother-love
SHARE

എത്ര സൗമ്യമാണ് ആ വിളി, പരമാവധി എളുപ്പവുമാണ്. പല്ലുകളൊന്നും ഉറച്ചിട്ടില്ലെങ്കിലും വെറുതെ ചുണ്ടുകൾ കൂട്ടി മുട്ടിയാൽ മതി. അതുകൊണ്ടു തന്നെയല്ലേ ഏറ്റവുമെളുപ്പത്തിൽ വിളിക്കാനായി 'അമ്മ എന്ന പേര് തന്നെ പ്രസവിച്ച സ്ത്രീയ്ക്ക് നൽകപ്പെട്ടിരിക്കുന്നത്. എന്താണ് ആ പേര് നൽകുന്ന ഓർമ എന്ന് ചോദിച്ചാൽ ഓരോ മനുഷ്യനും നൽകുന്ന ഉത്തരങ്ങൾ എത്ര വ്യത്യസ്തമായിരിക്കും, അതിന്റെ എണ്ണം അനന്തവുമായിരിക്കും. ഗൃഹാതുരതയുടെ പേരാണ് പ്രായമുള്ളവർക്ക് അമ്മയെന്നാൽ സ്നേഹത്തിന്റെയും ചിലർക്ക് ഭയത്തിന്റെയും ഒക്കെ പേരാണ് അത്.

നിലോവ്ന എന്ന അമ്മയെ ഓർമ്മയുണ്ടോ? മാക്സിം ഗോർക്കിയുടെ "'അമ്മ"യിലെ ദുരിതങ്ങളുടെ മുഖം. പക്ഷേ എന്തുകൊണ്ടാണ് ആ നോവലിന് പേര് "അമ്മ" എന്നായത്? പിതാവിന്റെ ഉപദ്രവങ്ങൾ കൊണ്ടും അധ്വാനം കൊണ്ടും ക്ഷീണിതയായ ആ സ്ത്രീ മകന് പകർന്നു കൊടുത്ത മഹത്തായ ആശയങ്ങളിൽ നിന്ന് വിപ്ലവത്തിന്റെ ചൂട് കിട്ടിയ ആളാണ് പാവേൽ. അയാളുടെ പ്രസംഗം കേൾക്കാൻ കവലയിൽ എത്തുന്ന വൃദ്ധയായ സ്ത്രീ രൂപത്തെ മറക്കാൻ കഴിയുമോ? ഒരുപാട് പേർക്ക് ചിലപ്പോൾ ബന്ധിപ്പിക്കാൻ പറ്റുന്നൊരു സ്ത്രീയാണത്. നഷ്ടപ്പെട്ടു പോയ സ്വന്തം സ്വപ്നങ്ങൾ മക്കളിലൂടെയെങ്കിലും വെളിപ്പെടാൻ ആഗ്രഹിക്കുന്ന ഒരുപാട് അമ്മക്കഥകളുണ്ട്.

ഞാൻ നൃത്തം പഠിച്ചത് അമ്മ കാരണമാണ്. ആദ്യമൊന്നും ഇഷ്ടമായിരുന്നില്ല, അന്നൊക്കെ എന്നും അമ്മ കാണാതെ ക്ലാസിനു പോകാതെ വേറെ വഴിയൊക്കെ നടന്നിട്ടു സമയമാകുമ്പോൾ വീട്ടിൽ വരും, എന്നാലും അമ്മ കയ്യോടെ പിടിക്കും. പക്ഷെ കുറച്ചുകൂടി വലുതായപ്പോ എനിക്ക് മനസ്സിലായി അവർക്ക് നടക്കാൻ കഴിയാതെ പോയ അത്ര വലിയൊരു സ്വപ്നം ആ നിർബന്ധിക്കലിൽ ഉണ്ടായിരുന്നെന്ന്. ഇപ്പോൾ ഞാൻ അതിൽ ഗവേഷണം നടത്തുകയാണ്, വിവാഹം കഴിക്കാൻ പോകുന്ന ആൾക്കും നൃത്തം ഇഷ്ടമാണ്. –ഇങ്ങനെ പറഞ്ഞിട്ടുള്ള മക്കൾ ഒരുപാടാണ്.

എന്നാൽ ഇത്തരം ചിന്തകളിൽ നിന്നും പൂർണമായി മോചിപ്പിക്കപ്പെട്ട അമ്മമാരുടെ ഒരു തലമുറയാണ് ഇനി വരാനുള്ളത്.
"അമ്മയ്ക്ക് മാത്രമല്ലല്ലോ അച്ഛന്മാർ കൂടി ഏറ്റെടുക്കണം കുട്ടികളുടെ സംരക്ഷണം. അമ്മമാർക്ക് മാത്രമായി ഇവിടെ ഒരു ഉത്തരവാദിത്തവും മാറ്റി വയ്ക്കപ്പെട്ടിട്ടില്ല"
ഒന്നാലോചിച്ചാൽ ഈ വാദഗതി എത്ര കൃത്യമാണ് എന്ന് മനസ്സിലാവും. തുല്യമായി പങ്കിടുന്ന ഓഫീസ് ജോലിയും കുടുംബ പ്രാരാബ്ധങ്ങളും പങ്കിടുന്ന പങ്കാളികൾക്കിടയിൽ ജോലികൾ പങ്കിടുക കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ പങ്കിടുക എന്നതും കൂട്ടുത്തരവാദിത്തമായി പരിഗണിക്കപ്പെടേണ്ടതാണ്.

പലപ്പോഴും അമ്മമാർക്കൊപ്പം ചേർത്ത് വായിക്കപ്പെടുന്ന ഒരു അനുഭവമാണ് പോസ്റ്റ് പോർട്ടം ഡിപ്രെഷൻ.
"ഞാനൊക്കെ ആറു പ്രസവിച്ചതാ, എനിക്കിതൊന്നും ഉണ്ടായിട്ടില്ലല്ലോ, എല്ലാം നിനക്ക് തോന്നുന്നതാ"
ഉറങ്ങാതെ , ഉറങ്ങാൻ വിടാതെ എല്ലായ്പ്പോഴും വാശി കാണിച്ചു കിടക്കുന്ന കുഞ്ഞിനെ മുലപ്പാൽ പോലും കൊടുക്കാനാകാതെ അതിനെ പകയോടെ നോക്കുന്നത് പതിവായപ്പോൾ ഒരു കുട്ടിയുടെ അമ്മൂമ്മ ചോദിച്ച വാചകമാണിത്. എന്തുകൊണ്ടാവും പഴയ തലമുറയിൽ അത്രയധികമൊന്നും ഇത്തരം ട്രോമാറ്റിക്ക് അവസ്ഥകളൊന്നും പറഞ്ഞു കേൾക്കാതിരുന്നത്? പല കാരണങ്ങളുണ്ടാവാം, സ്ത്രീകളുടെ സഹനത്തിന്റെ തോത് വരെ അതിൽ കാരണങ്ങളായുണ്ടാവാം, ജീവിത സാഹചര്യങ്ങൾ, ഭക്ഷണ ക്രമീകരണം തുടങ്ങിയതെല്ലാം ബാധിക്കുന്നുമുണ്ട്, എന്നാൽ പോസ്റ്റ് പോർട്ടം ഡിപ്രെഷൻ എന്നത് വെറും തോന്നലല്ല, അതൊരു വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. മകളെ കനാലിൽ എറിഞ്ഞു കണി അമ്മയും, കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന സ്ത്രീയും എല്ലാം മാനസികമായ പരിഗണന അവർ അർഹിക്കുന്ന സമയത്ത് കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷെ അത്തരം വാർത്തകൾ ഉണ്ടാകാതെയിരുന്നേനെ.

കുട്ടികളെ നോക്കുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറിയ സമയത്തു നിന്ന് സംസാരിക്കുന്ന ഒരു സ്ത്രീയുടെ അനുഭവം പറയാം,
"ഞാനും ചേട്ടനും അദ്ദേഹത്തിന്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'അമ്മ പക്ഷെ ഒന്നും സഹായിക്കില്ല, ഗർഭിണി ആയപ്പോഴും എല്ലായിടത്തും തനിയെ പോകണം, വലിയ ജോലികൾ ചെയ്യണം. ഇടയ്ക്ക് വീട് മാറിയപ്പോൾ വലിയ ഭാരം വരെ തനിയെ ചുമക്കേണ്ട അവസ്ഥ വന്നു. അതും വീടിന്റെ മുഴുവൻ പണിയും കഴിഞ്ഞിരുന്നില്ല. സ്വന്തമായി വീടുണ്ടായി എന്ന് മാത്രം. ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളൂ എങ്കിൽ പ്രശ്നമില്ലായിരുന്നു, വയറ്റിൽ ഒരു കുഞ്ഞിനേയും കൊണ്ട് ഇത്രയധികം ഭാരങ്ങൾ സഹിക്കേണ്ടി വരുന്ന അവസ്ഥ ഭയാനകമാണ്. ഭർത്താവ് ജോലിയിൽ ആയിരിക്കും, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനും തോന്നില്ല. പ്രസവിച്ചു കഴിഞ്ഞാൽ സമാധാനം ആകുമെന്ന് കരുതി. പക്ഷെ അത് വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. മൂത്ത ഒരു മകനുണ്ട്, അവന്റെ കാര്യം നോക്കാൻ കൂടി പറ്റുന്നില്ല, ഇളയ കുഞ്ഞു ഭയങ്കര വാശിയാണ്, പാല് കുടിക്കില്ല, ഇപ്പോഴും കരച്ചിൽ. നിലത്ത് കിടക്കില്ല, എടുത്ത് നടക്കണം, ഒന്ന് കൈമാറാൻ 'അമ്മ പോലും സഹായിക്കില്ല. അതിനിടയിൽ അവനെയും കൊണ്ട് അടുക്കള പണിയും ചെയ്യണം, ഇടയ്ക്ക് മൂത്ത കുട്ടി എന്തെങ്കിലും ചോദിക്കുമ്പോൾ ആ ദേഷ്യം അവനിൽ തീർക്കും, പാവം, അവൻ കരയുന്നത് കാണുമ്പൊൾ സങ്കടവും വരാറുണ്ട്. എനിക്കെന്തോ മാറ്റം സംഭവിക്കുന്നുണ്ട്, ആത്മഹത്യ ചെയ്യണമെന്ന് വരെ തോന്നുന്നുണ്ട്. ഉറങ്ങാൻ പറ്റുന്നില്ല, ഭയങ്കര ഉത്കണ്ഠയാണ്."

എന്നാൽ എത്ര പറഞ്ഞാലും ഈ സ്ത്രീയുടെ അവസ്ഥ അവരുടെ ഭർത്താവിനോ മാതാവിനോ മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം പോസ്റ്റ്പോർട്ടം സിൻഡ്രോം, അല്ലെങ്കിൽ ഡിപ്രെഷൻ എന്നത് പലപ്പോഴും അവഗണിക്കുകയാണ് പതിവ്.

'അമ്മ എന്ന വാക്കിനു തീർച്ചയായും അവകാശങ്ങളുണ്ട്, അത് മഹത്വമെന്നു അവകാശപ്പെടാത്തവരാണ് പുതിയ തലമുറയിലെ സ്ത്രീകൾ. ആ ഒരു ചട്ടക്കൂടിൽ തങ്ങളെ ഒതുക്കി നിർത്തി ഇത്തരവാദിത്തങ്ങൾ ഒന്നാകെ തങ്ങളുടെ തലയിൽ കെട്ടിയേൽപിക്കാൻ അവർ അനുവദിക്കാറുമില്ല.
"മോൾക്കും എനിക്കും ഒരേപോലെയുള്ള വസ്ത്രങ്ങൾ ഞങ്ങൾ എടുക്കാറുണ്ട്, അത് ഇട്ടു അവൾക്കൊപ്പം നടക്കുമ്പോൾ ഏറ്റവുമടുത്ത സുഹൃത്ത് ഒപ്പം നടക്കുന്നത് പോലെ തോന്നും"
അതെ, അമ്മമാർ അകെ മാറി. പെൺമക്കളും ആണ്മക്കളും എന്ന ലിംഗ വ്യത്യാസം കാണിക്കാതെ മക്കളെ ഒരുപോലെ എല്ലാ ജോലികളും ശീലിപ്പിച്ച് വളർത്താൻ പലരും ശ്രമിക്കുന്നുണ്ട്.
"ആൺമക്കളെയും അടുക്കള ജോലികൾ ശീലിപ്പിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് അവർ എല്ലാം പഠിച്ചിരിക്കണം. ഒറ്റയ്ക്കാവുന്ന സാഹചര്യങ്ങൾ ഏറെയുണ്ടാകും, സ്വന്തമായി ഭക്ഷണമുണ്ടാക്കാൻ ആൺകുട്ടികൾ പേടിക്കേണ്ടത് ഏറെ വലിയ കാര്യമാണ്"
പുതിയ തലമുറയിലെ ഒരമ്മ പറയുന്നു.

മാറിയ തലമുറയാണ്. മാക്സിം ഗോർക്കിയുടെ അമ്മയെപ്പോലെ എല്ലാ ഉത്തരവാദിത്തങ്ങളും അവർ സ്വയം ഏറ്റെടുക്കുന്നില്ല. എന്നാൽ അതിൽ നിന്നും ഓടിയൊളിക്കുന്നുമില്ല. സ്ത്രീകളെയും ബഹുമാനിക്കാൻ പറഞ്ഞു കൊടുത്ത് തന്നെയാണ് അവർ ആൺമക്കളെ വളർത്തുന്നത്. ഒരുപക്ഷെ വളരെ കുറവായിരിക്കാം ഇത്തരം അമ്മമാർ, എങ്കിലും അവർ ഒരു പ്രതീക്ഷ തന്നെയാണല്ലോ, വരാൻ പോകുന്ന തലമുറയിൽ പ്രതീക്ഷ വയ്ക്കണമെന്ന പ്രതീക്ഷ. അതുകൊണ്ട് തന്നെ 'അമ്മ എന്ന വാക്കിനു മഹത്വമല്ല, ഇവർ ആഗ്രഹിക്കുന്നത്, തങ്ങളുടെ അവകാശങ്ങളും ബഹുമാനവുമാണ്. അത് അവർക്ക് കിട്ടേണ്ടതുമാണ്.

English Summary: Mother's Day Special Feature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA