ADVERTISEMENT

അമ്മമാരെക്കുറിച്ച് പറയാനില്ലാത്ത മനുഷ്യരുണ്ടോ? എന്തും എവിടെയും താങ്ങായും കരുത്തായി നിൽക്കുന്ന അമ്മമാർ. ജീവിതത്തെ നേരിടാൻ പഠിപ്പിച്ച ജീവിതത്തെ മാറ്റിമറിച്ച അമ്മമാർ. പ്രത്യേകിച്ച് സ്വപ്നങ്ങളും ആ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും ഓടി നടന്ന ചില മനുഷ്യർക്ക് അവരുടെ ജീവിതത്തിൽ അമ്മമാർ  എങ്ങെയൊക്കെയാവും ഇടപെട്ടിട്ടുണ്ടാവുക എന്നറിയുന്നത് രസകരമാണ്. ചിലപ്പോഴൊക്കെ യാഥാർഥ്യമറിയുന്നത് വേദനയുമാകും. ചിലരുടെ 'അമ്മ വാക്കുകളാണിവിടെ. തങ്ങളിൽ, സ്വയം വാർത്തെടുക്കാൻ 'അമ്മ ഇടപെട്ട വിധം അവർ പറയുന്നു,

അമ്മ ജോലിക്ക് പോയിരുന്നെങ്കിൽ ഞാനൊരുപക്ഷേ കലാകാരി ആകുമായിരുന്നില്ല - രശ്മി സോമൻ (നടി)

Reshmi-Soman-amma

പപ്പാ സൗദിയിലായിരുന്നു പണ്ട്, അമ്മയും ഞാനുമായിരുന്നു അന്ന് ഒന്നിച്ച്. ഞാൻ കലാകാരിയാകണമെന്നു ആഗ്രഹം കൊണ്ട് എല്ലായിടത്തേയ്ക്കും അമ്മയാണ് എന്റെയൊപ്പം വരുക, സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോഴും അമ്മയാണ് കൂടെയുണ്ടായിരുന്നത്. നമ്മളിപ്പോൾ ഒറ്റയ്ക്ക് നടക്കുമ്പോഴാണ്, അന്ന് 'അമ്മ ഒറ്റയ്ക്ക് നമ്മളെ കൊണ്ട് നടന്നിരുന്നതൊക്കെ ഓർമ്മ വരുക. കാണുമ്പൊൾ സൗമ്യമായാണ് പെരുമാറുന്നതെങ്കിലും ആള് നല്ല ബോൾഡ് ആണ്. ഞാൻ മാനസിക ബലം കുറവുള്ള ആളാണ്, നമുക്കൊരു വിഷമം വന്നാൽ നീ ബോൾഡ് ആയിരിക്കണം എന്ന് പറഞ്ഞു ധൈര്യം തരുന്നത് അമ്മയാണ്. ആ ഒരു കാര്യത്തിൽ അമ്മയോട് എനിക്ക് ഭയങ്കര ആരാധനയാണ്. എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ പിടിച്ചു നിൽക്കും ജീവിതത്തിൽ, ഒരുപക്ഷെ എനിക്കത് പറ്റാത്തത് കൊണ്ടാവും അമ്മയുടെ ഈ സ്വഭാവത്തിൽ എനിക്കിത്ര ആരാധന. 'അമ്മ മാത്രമല്ല പപ്പയും വിഷമങ്ങളിൽ കൂടെ നിൽക്കുന്ന ആളാണ്.

Reshmi-SOman

തെറ്റുകളെ അതെ പോലെ അനുകൂലിക്കുന്ന ഒരാളല്ല 'അമ്മ. എനിക്ക് വന്ന തെറ്റുകൾ ഉറക്കെ പറയുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്റെ ചുറ്റുമുള്ള ഒരുപാടുപേരുടെ അമ്മമാർ മക്കളെ അന്ധമായി സപ്പോർട്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ 'അമ്മ തെറ്റുകളൊക്കെ ചൂണ്ടി കാണിക്കുകയാണ് പതിവ്. 'അമ്മ വലിയ പോസിറ്റീവ് ആണ്, നമ്മുടെ കഴിവുകൾ, ഇഷ്ടങ്ങൾ എല്ലാം ശ്രദ്ധിക്കുകയും അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യുകയും എന്നെ ഓർമ്മിപ്പിക്കുകയുമൊക്കെ ചെയ്യാറുമുണ്ട്. ഷൂട്ടിങ്ങിനൊക്കെ എന്റെ ഒപ്പം വരുമ്പോൾ അവിടെ കൂടെ ഉള്ളവരെ 'അമ്മ കരുതാറുണ്ട്. ഒപ്പമുള്ള പെൺകുട്ടികളുടെ വസ്ത്രമൊക്കെ മോശമായി ഇരിക്കുകയാണെങ്കിൽ 'അമ്മ ധൈര്യമായി അവരോടു പറയും. നമുക്ക് ടെൻഷൻ വരും, അവർക്ക് എന്തെങ്കിലും തോന്നുമോ എന്നൊക്കെ, പക്ഷെ 'അമ്മ അവരെ വേദനിപ്പിക്കാതെയാണ് സംസാരിക്കുക, ആവശ്യമെങ്കിൽ സഹായങ്ങളൊക്കെ ചെയ്യുകയും ചെയ്യും. അത് മാത്രമല്ല ആർക്കെങ്കിലും എന്തെങ്കിലും നല്ലത് കണ്ടാൽ 'അമ്മ അവരെ അഭിനന്ദിക്കും, ആ സ്വഭാവം അമ്മയിൽ നിന്ന് ഞാൻ കടം കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്.  അമ്മയുടെ നല്ലൊരു സ്വഭാവമായി തോന്നിയിട്ടുണ്ട്.

ചെറിയ കാര്യങ്ങൾക്ക് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. പക്ഷെ 'അമ്മ ഇപ്പോഴും അത് കാണുമ്പൊൾ എന്നെ ഓർമ്മിപ്പിക്കാറുണ്ട്. ഒരിക്കലും വാക്കുകൾ മോശമായി ഉപയോഗിക്കാൻ 'അമ്മ സമ്മതിക്കില്ല. എല്ലാവരോടും ബഹുമാനം പുലർത്തി വേണം സംസാരിക്കാൻ എന്ന് പറയാറുണ്ട്. സിവിൽ എൻജിനീയർ ആണ് 'അമ്മ, പക്ഷെ ജോലിക്കൊന്നും പോവാൻ പറ്റിയില്ല. ഒരുപക്ഷെ 'അമ്മ ജോലിക്ക് പോയിരുന്നെങ്കിൽ ഞാനൊരുപക്ഷേ ഒരു കലാകാരി ഒന്നും ആകുമായിരുന്നില്ല. അമ്മയുടെ ത്യാഗമാണ് എനിക്ക് കിട്ടിയ അവസരങ്ങൾ....

ഇനിയൊരു ജന്മമുണ്ടെങ്കിൽ... -ലക്ഷ്മി പ്രിയ (നടി, എഴുത്തുകാരി)

Lakshmi-priya

എനിക്കേറ്റവും ഇഷ്ടമുള്ള വാക്കാണ് 'അമ്മ. എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത പോലെ ഇഷ്ടമുള്ളത്. എന്റെ പുസ്തകത്തിൽ പോലും ഏറ്റവും കൂടുതൽ തവണ ആവർത്തിക്കപ്പെട്ട വാക്കാണ് അത്. പക്ഷേ, അമ്മയുടെ സ്നേഹവും ശ്രദ്ധയും ഒന്നും കിട്ടാതെ വളർന്ന ഒരാളാണ് ഞാൻ. എങ്കിലും ഞാൻ ഇപ്പോഴും അത് പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും എനിക്ക് അങ്ങനെയൊരു കരുതൽ ആവശ്യമായി വന്നപ്പോൾ പല അമ്മമാരുടെ സ്നേഹം കിട്ടിയിട്ടുണ്ട്. പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സർജറി വേണ്ടി വന്നു, അന്ന് പോസ്റ്റ് ഓപ്പറേറ്റിവ് വാർഡിൽ ഉണ്ടായിരുന്ന ഓരോ ബെഡിലേയും അമ്മമാർ എന്റെ ആവശ്യം കണ്ടറിഞ്ഞു വന്നു  സഹായിച്ചിട്ടുണ്ട്. ശാരീരിക ആവശ്യങ്ങളിൽ പോലും അവരിൽ പലരും അന്ന് സഹായിച്ചു. അതൊക്കെ എങ്ങനെ മറക്കാൻ പറ്റും, ഞാനന്ന് ഉറക്കെ കരഞ്ഞിട്ടുണ്ട്.

എന്റെ 'അമ്മ എന്ന് പറയാൻ പറ്റുന്നത് എന്നെ നൃത്തം പഠിപ്പിച്ച വള്ളിയമ്മ ടീച്ചറാണ്. ഒരുപാട് കാര്യങ്ങൾ ടീച്ചർ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ജീവിതം പോലും ഒരുപക്ഷെ മാറി മറിഞ്ഞത് ഇതുപോലെയുള്ള അമ്മമാരുടെ സ്നേഹവും ചേർത്ത് പിടിക്കലും ഒക്കെക്കൊണ്ടാണ്. പ്രത്യേകിച്ച് വള്ളിയമ്മ. എന്റെ മകൾക്കും അമ്മയാണ് നൃത്തം പറഞ്ഞു കൊടുക്കുന്നത്. ആത്മീയമായി ഉയർന്നു കഴിഞ്ഞപ്പോൾ പിന്നെ എല്ലാം സർവ്വേശ്വരിയായി. മൂകാംബിക പോകുമ്പോൾ ഉള്ളിൽ 'അമ്മ എന്നൊരു അനുഭൂതിയുണ്ട്. ഒട്ടും അഹങ്കാരമോ ഈഗോയോ ഒന്നുമില്ലാതെ 'അമ്മ ചേർത്ത് പിടിക്കുന്നത് പോലെ അനുഭവിച്ചിട്ടുണ്ട്.  അമൃതാനന്ദമയി അമ്മയുടെ ശിഷ്യയാണ് ഞാൻ. അമ്മെ എന്ന് തന്നെയാണ് വിളിക്കുന്നത്. ഭൂമിയിലെ ആദ്യത്തെ ഗുരു അമ്മയാണ്, അമൃതാനന്ദമയി അമ്മയിൽ എല്ലാ ഭാവങ്ങളും ഉണ്ടെന്നു തോന്നിയിട്ടുണ്ട്. എന്റെ പുസ്തകത്തിൽ എഴുതിയവസാനിപ്പിച്ചത് പോലെ, അടുത്ത ജന്മത്തിൽ ഒരുപാട് സ്നേഹിക്കുന്ന ഒരമ്മയുടെ മകളായി ജനിക്കണം. അമ്മയുടെ വില നന്നായി അറിയുന്ന ഒരാളാണ് ഞാൻ. ഞാൻ ആ കാത്തിരിപ്പിലാണ്. എന്റെ മനസ്സിലുള്ള ആ 'അമ്മ ഭാവം എന്റെ മകളോട് ഞാൻ പ്രകടിപ്പിക്കാറുണ്ട്. അതല്ലേ എനിക്ക് ചെയ്യാനാകൂ.

അമ്മയുടെ ഫാൻ ഗേൾ - നിഷാ മാത്യു (നടി)

Nishamathew

ഏറ്റവും സ്വാധീനം ചെലുത്തിയ ആൾ അമ്മയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട് ജീവിതത്തിൽ 'അമ്മ അതൊക്കെ നേരിട്ടത് കാണുമ്പൊൾ നമുക്കും കൂടി ആ എനർജി കിട്ടും. വളരെ സ്ട്രോങ്ങ് ആയിട്ടാണ് അമ്മയെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. 'അമ്മ പത്താം ക്‌ളാസ് വരെയേ പഠിച്ചിട്ടുള്ളൂ, പക്ഷെ അപാര വായനാശീലം ഉള്ള ആളാണ്. 'അമ്മ പറയാറുണ്ട്, "നിന്നെ ഗർഭിണിയായിരിക്കുന്ന കാലത്താണ് ഞാനേറ്റവും കൂടുതൽ പുസ്തകം വായിച്ചിട്ടുള്ളത്" എന്ന്. പരിസരങ്ങളെക്കുറിച്ചുള്ള, സമൂഹത്തെക്കുറിച്ചൊക്കെയുള്ള ബോധമുണ്ട് അമ്മയ്ക്ക്. സാഹചര്യങ്ങളെ , ആൾക്കാരെ ഒക്കെ നന്നായി 'അമ്മ കൈകാര്യം ചെയ്യും. ഇതൊക്കെ കണ്ടു അമ്മയുടെ ഫാനായി പോയ ഒരാളാണ് ഞാൻ. കുറവുകൾ ഇല്ലെന്നല്ല, മനുഷ്യരല്ലേ കുറവുകളുണ്ടാകും, പക്ഷെ അതിനെയൊക്കെ കവർ ചെയ്തുകൊണ്ടാണ് 'അമ്മ മുന്നോട്ടു പോയിട്ടുള്ളത്. ഞാൻ എന്റെ മക്കളിൽ ആഗ്രഹിക്കുന്നത്, അത് നമ്മൾ ആദ്യം ആവണം എന്ന് പഠിപ്പിച്ചത് അമ്മയാണ്. അതായത് നമ്മൾ മക്കളോട് ഒരു കാര്യം ഉപദേശിക്കുന്നതിനു മുൻപ് നമ്മൾ ആദ്യം അങ്ങനെ ആയിക്കാണിക്കണം. ഒരു കുടുംബത്തിന്റെ നെടുംതൂൺ സ്ത്രീയായി മാറുമ്പോൾ ഒരു അകമേയുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രമേ അതിനെ കൈകാര്യം ചെയ്യാനാകൂ. സ്വതന്ത്ര ചിന്തയുള്ള ആളാകാൻ പറയാൻ എളുപ്പമാണ്, പക്ഷെ പലപ്പോഴും 'അമ്മ ജീവിതം കൊണ്ട് കാണിച്ചു തന്നതുകൊണ്ടാണ് ഞങ്ങൾ മക്കൾക്കും ഇപ്പോൾ എനിക്ക് എന്റെ മക്കൾക്കും അതൊക്കെ മനസ്സിലാക്കി കൊടുക്കാനാവുന്നത്. അതെ ഞാനിപ്പോഴും അമ്മയുടെ ബിഗ് ഫാനാണ്.

താരതമ്യങ്ങളില്ലാത്ത മനുഷ്യർ  -ബിപിൻ ചന്ദ്രൻ (എഴുത്തുകാരൻ, തിരക്കഥാകൃത്ത്, നടൻ)

Vipin-chandran

സ്വന്തം ശരീരം തന്നു നമ്മളെ വളർത്തിയെടുത്ത ഒരു സ്ത്രീ. എത്ര വലുതാണ് ആ ചിന്ത. അതുകൊണ്ട് തന്നെയാണ് ആ ബോണ്ടിങ് ഏറ്റവും ശക്തമായിരിക്കുന്നതും. ഒൻപത് മാസങ്ങൾ അമ്മയുടെ ശരീരത്തിന്റെ ഭാഗമായി ഗർഭപാത്രത്തിനുള്ളിൽ ജീവിക്കുന്നു, അതും ജീവിക്കാനാവശ്യമായതെല്ലാം അവരിൽ നിന്നുമെടുത്ത് കൊണ്ട്, എന്നാൽ അതെ സമയം തന്നെ അമ്മയെ മക്കൾ കൊന്നു കളഞ്ഞു എന്ന് തുടങ്ങിയ വാർത്തകളും നമ്മൾ വായിക്കാറുണ്ട്. അങ്ങനെയാണ് ചില ബന്ധങ്ങൾ വളരെ വിചിത്രമായി സഞ്ചരിക്കും. ഓരോ പ്രദേശങ്ങളുടെയും പ്രത്യേകതകൾ 'അമ്മ- മക്കൾ ബന്ധത്തിലുണ്ടാവും.  കൽപ്പറ്റ നാരായണൻ മാഷ് എഴുതിയ ഒരു കവിതയുണ്ട്, അമ്മയെക്കുറിച്ച്, അല്ല, 'അമ്മ മരിച്ചു പോയതിനെക്കുറിച്ച്. ഇനി എവിടെയെങ്കിലും പോയി വരുന്നത് വരെ ചോറിൽ വെള്ളം വീഴുന്ന ആ വീട് ഇനിയില്ല, ഉറങ്ങാതെ കാത്തിരിക്കുന്ന ഒരാൾ ഇനിയില്ല.അതൊരു സ്വാതന്ത്ര്യവുമാണ്, പക്ഷെ അതിലെ വേദനയും ഒറ്റപ്പെടലും നമുക്ക് അനുഭവിക്കാൻ കഴിയും. അതുപോലെ സാവിത്രി രാജീവന്റെ "അമ്മയെ കുളിപ്പിക്കുമ്പോൾ" എന്ന കവിത, 'അമ്മ നമ്മളെ കുളിപ്പിക്കുന്നു, വയസ്സാവുമ്പോൾ നമുക്കത് തിരിച്ച് ചെയ്യാൻ കഴിയുന്നൊരു അനുഭവം.

അമ്മമാർ എല്ലാം ഒരേപോലെയൊന്നുമല്ല. താരതമ്യങ്ങൾ ഒരിക്കലും ഇവിടെ നടപ്പില്ല. പക്ഷേ അതെപ്പോഴും നമ്മൾ മക്കൾ ചെയ്യാറുണ്ട്. ചങ്ങാതിമാരുടെ വീടുകളിൽ ചെന്ന് അവരുടെ അമ്മമാരുമായി നമ്മുടെ അമ്മയെ നമ്മൾ താരതമ്യം ചെയ്യും. പക്ഷേ, പൊക്കിൾക്കൊടി എന്ന ബന്ധം തകർത്തിട്ടാണല്ലോ നമ്മൾ ജനിച്ചു വീഴുന്നത്. സ്വതന്ത്ര ജീവിതത്തിലേയ്ക്ക് വന്നു കയറുമ്പോൾ അമ്മയിൽ നിന്ന് വേർപെടുന്ന ഒരു നിമിഷമുണ്ട്, അവിടം മുതലാണ് മനുഷ്യൻ ജീവിക്കാൻ തുടങ്ങുന്നത് എന്നതാണ് സത്യം. അച്ഛന്റെ മരണത്തോടെയാണ് ഒരാൾ മുതിരുന്നത് എന്ന് പറയാറുണ്ട്, എന്നാൽ അമ്മയുടെ മരണത്തോടെ നമ്മൾ അനാഥരാകും. പിന്നെ സ്വയം നമ്മൾ നമുക്ക് അത്താണിയായി മാറേണ്ട അവസ്ഥയാണത്. വലിയ നേതാക്കന്മാരെ ഒക്കെ കണ്ടിട്ടില്ലേ, ഏറ്റവും ധാർഷ്ട്യത്തോടെ പെരുമാറുന്ന മനുഷ്യർ പോലും അമ്മമാരുടെ മുന്നിൽ പണ്ട് ഗർഭപാത്രത്തിൽ കിടന്നതു പോലെ നട്ടെല്ല് വളഞ്ഞു നിന്നെന്നു വരം, പക്ഷേ 'അമ്മ മരിച്ചു പോകുന്നതിടെ അവർ പഴയതിലും കരുത്തനായി തീരും. പിന്നെ ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കേണ്ടാത്ത ആളായി മാറും. സത്യത്തിൽ അതൊരു അനാഥത്വം കൂടിയാണ്.

ആൺകുട്ടികളും അമ്മമാരും തമ്മിലാണ് അടുപ്പം കൂടുതലും. നിയമം ഒന്നുമല്ലെങ്കിലും നമ്മുടെയൊക്കെ ഒരു പഴയ പൊതു സാഹചര്യത്തിൽ അമ്മമാർക്കും ആണ്മക്കളോടു ഒരു അടുപ്പം കൂടുതലുണ്ട്. ഒരുപക്ഷേ ഭാവിയിൽ പെൺകുട്ടികളാകാം അവർക്ക് സഹായമായിരിക്കുക. അമ്മമാർക്ക് ഒരു കുട്ടിയോട് മറ്റെല്ലാവരോടും ഉള്ളതിനേക്കാൾ അടുപ്പം കൂടുതൽ ഉണ്ടാവും. എന്റെ വീട്ടിൽ എന്നെക്കാൾ അമ്മയ്ക്ക് അടുപ്പം ചേട്ടനോടാണ്. ചേട്ടൻ ഇപ്പോൾ അമേരിക്കയിലാണ്, വരവ് വല്ലപ്പോഴുമാണെങ്കിലും എന്നും അമ്മയെ വിളിക്കും, കാര്യങ്ങൾ അന്വേഷിക്കും. പക്ഷേ ഞാൻ പണ്ടേ അമ്മയിൽ നിന്നും ഒക്കെ ഡിറ്റാച്ഡ് ആയി നിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അടുത്ത് നിൽക്കുന്ന ആൾ എന്നതിനേക്കാൾ ദൂരത്ത് നിൽക്കുന്ന ആളുടെ ബന്ധവും ശക്തമായിരിക്കാം. ഇതിന്റെയൊന്നും നമുക്ക് നിയമങ്ങൾ കൊണ്ട് നിർവചിക്കാനൊന്നും നടപ്പില്ല. ജീവിതം പോലെ തന്നെ വിചിത്രമായ ഒരു സംഗതിയാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധം.

Akhil

എന്റെ ധൈര്യമായിരുന്നു ആ നിമിഷം -അഖിൽ പി ധർമ്മജൻ (എഴുത്തുകാരൻ)

എന്റെ ആദ്യത്തെ പുസ്തകം ഓജോബോർഡ് പുറത്തിറക്കാൻ കുറെ പണം ആവശ്യമുണ്ടായിരുന്നു. ആ സമയത്ത് എല്ലാവരും പറഞ്ഞത് പുസ്തകം വീട്ടിൽ പൊടി പിടിച്ചിരിക്കും, അത് വിറ്റു പോവില്ല എന്നൊക്കെയാണ് ,എല്ലാവരും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ അമ്മയാണ് അന്ന് കൂടെ നിന്നത്. കയ്യിൽ നിന്നു വളയൂരി തന്നിട്ട് പറഞ്ഞു, നീയിത് കൊണ്ട് പോയി എന്താണെന്ന് വച്ചാൽ ചെയ്തിട്ട് നിന്റെ പുസ്തകം ഇറക്ക്, എന്ന്. ശ്രമിച്ചിട്ട് വിജയിച്ചില്ലെങ്കിൽ പൊക്കോട്ടെ, എന്തായാലും ശ്രമിച്ചു എന്ന് പറയാമല്ലോ. എല്ലാവരും നമ്മുടെ ചുറ്റും നിന്ന് കുറ്റപ്പെടുത്തലാണ്. പക്ഷെ 'അമ്മ തന്ന ആ ധൈര്യത്തിലാണ് ആദ്യത്തെ പുസ്തകമിറങ്ങുന്നത്. അമ്മയുടെ വള തിരിച്ചെടുത്തു കൊടുക്കണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹവും. അങ്ങനെ ആദ്യത്തെ പുസ്തകം വിറ്റു കിട്ടിയ പണം കൊണ്ട് പണയം വച്ച അമ്മയുടെ വളയും എടുത്തു, അമ്മയ്ക്കായി പുതിയൊരു വളയും എടുത്ത് കൊടുത്തു. അതാണ് ഏറ്റവും വലിയ സന്തോഷം. അമ്മയെ അങ്ങനെ അല്ലാതെ പിന്നെയെങ്ങനെയാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ജീവിതത്തിൽ അടയാളപ്പെടുത്തുക!

മക്കൾക്കുവേണ്ടിയൊരു 'അമ്മ -ആര്യൻ കൃഷ്ണ മേനോൻ (നടൻ, സംവിധായകൻ )

അമ്മയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഒരുപാട് സുഖമായി ജീവിച്ചിരുന്ന ആളായിരുന്നു, പിന്നീട് വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു ബിസിനസ് ഒക്കെ പ്രശ്നമായി ജീവിതം തന്നെ മാറിപ്പോയിരുന്നു. മാസം 700 രൂപ ശമ്പളത്തിലാണ് 'അമ്മ അംഗൻവാടിയിൽ ടീച്ചറായി ജോലി തുടങ്ങുന്നതും ഞങ്ങളെ വളർത്തുന്നതും. ഞങ്ങൾക്ക് മാത്രമായി ഭക്ഷണം തന്നു 'അമ്മ ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് പോകുന്ന കാഴ്ച ഇപ്പോഴും കണ്ണിലുണ്ട്, പക്ഷേ അന്നൊക്കെ അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല, അല്ലെകിൽ അത് ശ്രദ്ധിച്ചില്ല. 'അമ്മ മാത്രം ഇങ്ങനെയൊക്കെ ഞങ്ങൾക്ക് വേണ്ടി ത്യാഗം സഹിച്ചത് ഇപ്പൊ ഓർക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ട്, എന്തുകൊണ്ട് ഞങ്ങൾ അമ്മയെ അതിനു അനുവദിച്ചു എന്ന് തോന്നും. അമ്മയ്ക്ക് അതൊരു ലഹരി പോലെയായിരുന്നു. ഞങ്ങൾ മൂന്ന് ആൺകുട്ടികൾ എന്നാൽ അമ്മയ്ക്ക് അങ്ങനെ തന്നെയാണ്, ലഹരി. എന്റെ ഓർമ്മയിലൊന്നും 'അമ്മ സ്വർണം ഇട്ടു കണ്ടിട്ടില്ല, ജോലിയിൽ നിന്ന് കൂട്ടി വച്ച് ഒരിക്കൽ രണ്ട് മുത്തുകളുള്ള ഒരു മാല വാങ്ങി, പിന്നെ ഓരോ തവണയും കുരുമുളകുകൾ പോലെ മുത്തുകളുടെ എണ്ണം കൂട്ടും പിന്നെയും ആവശ്യങ്ങൾ വരുമ്പോൾ, ഫീസ് കൊടുക്കാൻ സമയമാകുമ്പോൾ അതിന്റെ എണ്ണം കുറയും. 'അമ്മ ഒരിക്കലും ഇത്ര സെല്ഫ് ലെസ്സ് ആവരുതായിരുന്നു എന്നാണു ഇപ്പൊ എനിക്ക് പറയാൻ തോന്നുന്നത്. അമ്മമാരുടെ കഷ്ടപ്പാടിനെ ഗ്ലോറിഫൈ ചെയ്യുമ്പോൾ അത് ഒരു ശീലമായി മാറിപ്പോകും. പക്ഷെ ഒരു അമ്മയും അത് അംഗീകരിക്കില്ല, അവരുടെ മനസ് അങ്ങനെ തന്നെ ആണ്,എനിക്കതുവരെയും ആ മനസ്സ് പിടികിട്ടീട്ടില്ല.

എന്റേതായുള്ള രീതിയിൽ ജീവിക്കാനുള്ള അവസ്ഥ ഞങ്ങൾക്കുണ്ട്, എനിക്ക് മാത്രമല്ല അനിയന്മാർക്കുമുണ്ട്. ഞങ്ങൾ സ്വന്തമായി ജീവിക്കാൻ പര്യാപതരായിട്ട് പോലും ഞങ്ങളിൽ ചുറ്റിപ്പറ്റിയാണ് അമ്മയുടെ ജീവിതം. ഞാൻ പറയാറുണ്ട്, ഇനിയും ഞങ്ങൾക്ക് വേണ്ടിയല്ലാതെ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ എന്തെങ്കിലും വാങ്ങിക്കൂ, യാത്ര പോകൂ എന്നൊക്കെ, പക്ഷെ ചെയ്യില്ല, നമുക്ക് ചുറ്റുമല്ലാതെ അമ്മയ്ക്ക് ജീവിതമില്ലാത്തതു പോലെയാണ്. ഇനിയും ത്യാഗങ്ങൾ ചെയ്യാൻ അവരെ നിർബന്ധിക്കാതെ ഒരുപാട് സന്തോഷം നല്കാൻ പറ്റുന്ന ഒരു ദിനമായിരിക്കട്ടെ മാതൃദിനം എന്നാണ് ആഗ്രഹം.

Thampy-Antony

തമ്പി ആന്റണി ( നടൻ, നിർമ്മാതാവ്, എഴുത്തുകാരൻ)

അമ്മയുടെ ഒരു കുട്ടി അമ്മയുടെ ശീലങ്ങളാണ് ആദ്യം അനുകരിക്കുന്നത്. എന്റെ അമ്മയൊരു ദാനശീലയായിരുന്നു. വിശക്കുന്നവർക്ക് വീട്ടിൽ വിളിച്ചു കയറ്റി ഭക്ഷണം കൊടുക്കാറുണ്ട്. അതൊക്കെ കണ്ടാണ് ഞങ്ങൾ വളർന്നത്. നമ്മളെല്ലാവരോടും ആ ഒരു അനുഭാവം കാണിക്കാറുണ്ട്. സ്ഥിരം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടായിരുന്നു. അതൊന്നും ഒരിക്കലും മറക്കാനാവില്ല. നീതിമാന്റെ മക്കൾ അപ്പം യാചിക്കില്ല എന്ന് പറയുന്നത് പോലെ എന്റെ 'അമ്മ ഒരു നീതിയുള്ള വ്യക്തിയായിരുന്നു എന്നാണു മനസ്സിലാക്കുന്നത്. അതിന്റെ നന്മ ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട്, അതാണ് ഞങ്ങളെ വളർത്തിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com