ADVERTISEMENT

‘‘കളിയും ചിരിയും പാട്ടും പരിപാടികളുമായി വീട് നിറഞ്ഞു. ഒരേ മുറിയിലെ കട്ടിലുകൾക്കിടയിലെ അകലം കുറഞ്ഞു. മനസ്സുകൾ അടുത്തു. അവർ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായത് അവർ പോലും അറിഞ്ഞില്ല. ചെറിയ പിടിവാശിയുണ്ടായിരുന്ന അനിയത്തിയിൽ വന്ന മാറ്റങ്ങൾ ഞങ്ങളെ അദ്ഭുതപ്പെടുത്തി. അറിയാത്ത ഏതോ കുടുംബത്തിൽ രണ്ടുപേർ ജന്മം നൽ‍കിയവർക്ക് എന്റെ മാതാപിതാക്കൾ അച്ഛനും അമ്മയും ആയി. പതിനൊന്നാം വയസ്സിൽ അനിയത്തിയെ ലഭിച്ചെങ്കിൽ 22–ാം വയസ്സിൽ കാലമെനിക്കു നൽകിയത് രണ്ട് അനിയത്തിക്കുട്ടികളെയാണ്’’. ആഹ്ളാദത്തിന്റെ ഉയരങ്ങളേറി തൃശൂർ സ്വദേശിനി ലക്ഷ്മി സുരേഷ് എന്ന മെഡിക്കൽ വിദ്യാർഥിനി സമൂഹ മാധ്യമത്തിലൂടെ ലോകത്തോടായി നടത്തിയ പ്രഖ്യാപനത്തിൽ നിന്നെടുത്ത വരികളാണ് ഇത്.

നിർവചനങ്ങൾക്കു പിടിതരാനാവാത്ത ഒരു വൈറസിന്റെ സാന്നിധ്യമുണ്ട് ഈ മെഡിക്കൽ വിദ്യാർഥിനിയുടെ കുറിപ്പിൽ. അറിഞ്ഞവർക്കിടയിലേക്ക് അതിവേഗം പകരുന്ന ഒന്ന്…

മണ്ണുത്തി ചിറയ്ക്കു സമീപം യൂണിവേഴ്സിറ്റി നഗറിലെ ’ശാന്തംസുഭദ്രം’ വീട്ടിലെ ലക്ഷ്മി, അനുജത്തി, അച്ഛൻ അമ്മ, അവരുടെ അമ്മമാർ എന്നിങ്ങനെ ആറുപേർ സസുഖം വാണിരുന്ന കാലം. അത്ര വലിയ വീടല്ല. രണ്ടുപെൺകുട്ടികൾ വളർന്നു വരികയല്ലേ, ഇവിടെ സ്ഥലം കുറവല്ലേ എന്ന് കാണുന്നവർ സംശയിക്കുമായിരുന്നു. ഇതിനിടയിൽ അവിടെ ആ വൈറസ് ബാധയുണ്ടായി. 

ചേച്ചിയെക്കാൾ 11 വയസ്സിനു താഴെയുള്ള അനുജത്തിക്ക് കളിക്കാനൊരു കൂട്ടില്ലെന്ന പരിഭവം. അവൾ അത് എപ്പോഴും പ്രകടിപ്പിക്കാൻ തുടങ്ങി. കൊച്ചുകുട്ടിയുടെ പരാതി എല്ലാവരിലേക്കും പെട്ടെന്നുതന്നെ പടർന്നു. കുഞ്ഞിനൊരു കളിക്കൂട്ടുകാരിക്കായുള്ള തിരച്ചിൽ അവരെ ഒരു ചിൽഡ്രൻസ് ഹോമിൽ എത്തിച്ചു. ഒട്ടെറെക്കുട്ടികൾക്കിടയിൽ നിന്ന് പറ്റിയ ഒരാളെ കണ്ടെത്തി. ചെറിയൊരു പ്രശ്നം. അവിടെ അവളുടെ ചേച്ചിയുമുണ്ട്. അനുജത്തി എങ്ങനെ പിരിഞ്ഞുവരും?. തീരെ പിരിഞ്ഞിരിക്കാൻ പറ്റാത്ത സഹോദരിമാർക്കറിയാം അതിന്റെ വിഷമം. 

വൈറസ് വീണ്ടും പ്രവർത്തിച്ചു.ഒരാളെ കൊണ്ടുവരാൻ പോയ കുടുംബം രണ്ടുപേരുമായി വീട്ടിലേക്ക് മടങ്ങി. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന വീട്ടിലേക്ക് രണ്ട് അതിഥികളെക്കൂടികൊണ്ടുവരുക, രണ്ടു പെൺകുട്ടികളുള്ള കുടുംബം രണ്ടുപേരുടെ കൂടി ഉത്തരവാദിത്തം ഏറ്റെടക്കുക! വേണമെങ്കിൽ ഒന്നമ്പരക്കാൻ കാരണങ്ങൾ ഏറെയാണ്. പറഞ്ഞല്ലോ. നിർവചനങ്ങൾക്കു പിടിത്തരാത്ത തരം വൈറസാണത്. 

വനിതാശിശുക്ഷേ വകുപ്പിന്റെ ഫോസ്റ്റർ കെയർ പദ്ധതി പ്രകാരമാണ് ലക്ഷ്മിയുടെ കുടുംബത്തിലേക്ക് രണ്ടു പെൺകുട്ടികൾ എത്തിയത്.  ‘‘ ജന്മം നൽകിയ മാതാപിതാക്കൾക്ക് കുട്ടിയെ വേണ്ടവിധത്തിൽ സംരക്ഷിക്കുവാൻആവാത്ത സാഹചര്യത്തിൽ കുട്ടിയെ അകന്ന ബന്ധമുള്ളതോ ബന്ധമില്ലാത്തതോ ആയകുടുംബത്തിൽ താൽക്കാലികമായി താമസിപ്പിക്കാനുള്ള സംവിധാനമാണ് ഫോസ്റ്റർ 

കെയർ. കുട്ടികളുടെ മേലുള്ള അവകാശമോ ചുമതലകളോ നഷ്ടപ്പെടുന്നില്ല എന്നതാണ് ഈസംവിധാനത്തിന്റെ പ്രത്യേകത. കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോൾ കുട്ടിയെസ്വന്തം കുടുംബത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിയും’’ ഇതാണ് ഫോസ്റ്റർ കെയർ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. 

കുടുംബം എന്ന സങ്കൽപ്പം മുന്നോട്ടുവയ്ക്കുന്ന സൗഭാഗ്യങ്ങൾക്ക് പുറത്തായിപ്പോയവർക്ക് കുറച്ചുകാലത്തേക്കെങ്കിലും അതു പകർന്നു കൊടുക്കാൻ പദ്ധതിക്കു കഴിയുന്നു. തൽക്കാലത്തക്കു വന്നു കയറുന്ന കുട്ടികൾ തങ്ങളുടെ സൗഭാഗ്യമാണെന്ന് തിരിച്ചറിഞ്ഞ് അവരെ ഇനി തിരിച്ചയക്കില്ലെന്ന തീരുമാനം വീട്ടുകാർ തുറന്നു പറയുമ്പോൾ മനസ്സിലാക്കാം; ഈ പദ്ധതി ലക്ഷ്യവും കടന്ന് ഏറെ മുന്നോട്ടു പോയിരിക്കുന്നു. 

‘‘ദുരിതപൂർണമായ ബാല്യം പിന്നിട്ടയാളാണ് ഞാൻ. കടന്നു വന്ന വഴികൾ കഷ്ടപ്പാടിന്റേതാണ്. അതുകൊണ്ടുതന്നെ മറ്റുവള്ളവരുടെ, പ്രത്യേകിച്ചു കുട്ടികളുടെ ബുദ്ധിമുട്ടുകൾ എളുപ്പം മനസിലാവും. ഒരു രൂപ ചിലവാക്കുമ്പോൾ ഒന്നിലധികം പേർക്ക് അതു പ്രയോജനപ്പെടണം എന്ന തോന്നലിലേക്കെത്താൻ പഴയകാല അനുഭവങ്ങളും കാരണമായിട്ടുണ്ട്. ’’ – കുട്ടികളെ കൊണ്ടവരാനുണ്ടായ സാഹചര്യങ്ങൾ ലക്ഷ്മിയുടെ അച്ഛൻ സുരേഷ് ബാബു വിശദീകരിച്ചു. പ്രിന്റിങ് പ്രസ് നടത്തുകയാണ് സുരേഷ് ബാബു. ഭാര്യ സുനന്ദ പിഡബ്ള്യുഡിയിൽ. ഇരുവരുടെയും പ്രായം ചെന്ന അമ്മമാർ ശാന്തയും സുഭദ്രയും ഒപ്പമുണ്ട്. ‘‘ അമ്മമാരും ലക്ഷ്മിയും അനുജത്തി പാർവതിയും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. അവിടേക്കാണ് രണ്ടു പെൺകുട്ടികൾ കൂടി എത്തിയത്. സ്ഥലപരിമിതി അനുഭവപ്പെട്ട ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല. 

പദ്ധതി പ്രകാരം കുറച്ചു മാസങ്ങൾ മാത്രാണ് അവർ ഇവിടെ നിൽക്കുക. ആ സമയംദീർഘിപ്പിക്കാൻ അവസരമുണ്ട്. അത് ഞങ്ങൾ ഉപയോഗിക്കും. അവരെ ഇനിതിരിച്ചയക്കാൻ താൽപ്പര്യമില്ല’’ – അദ്ദേഹം പറഞ്ഞു. 18. 12 വയസ്സുള്ള കുട്ടികളാണ് ഈ കുടുംബത്തിന്റെ ഭാഗമായത്. മൂത്തയാളെ ഐടിഐയിൽ ചേർത്തു. ഇളയയാൾ ഓൺലൈൻ ക്ളാസുകളുടെ തിരക്കിലാണ്. 

തൃശൂർ മായന്നൂരിൽ വിരമിച്ച അധ്യാപകൻ എം.വി. സനൽകുമാറിന്റെ വീട്ടിൽ മാസങ്ങൾ മാത്രം ചെലവിടാനെത്തിയ ആൺകുട്ടി ഇപ്പോൾ അവിടെ മൂന്നാംവർഷം പിന്നിടുകയാണ്. രണ്ടു പെൺമക്കൾ അടങ്ങുന്ന തങ്ങളുടെ വീട്ടിൽ മാത്രമല്ല ബന്ധുക്കൾക്കും അവൻ ഏറെ പ്രിയപ്പട്ടവെന്നു സനൽ കുമാറിന്റെയും ഭാര്യ കെ.വി. സുമ എന്നിവരുടെ സാക്ഷ്യം. ഇങ്ങനെ കുട്ടികളെ താമസിപ്പിക്കുമ്പോൾ പ്രായോഗിക തലത്തിൽ ഉയരാനിടയുള്ള കുറെ സംശയങ്ങൾ ഒറ്റയടിക്കു റദ്ദാക്കാൻ അതിശയകരമാംവിധം സാമ്യമുള്ള മറുപടിയാണ് സുരേഷ് ബാബുവും സനലും തരുന്നത്. 

‘‘ഞങ്ങളുടെ വീട്ടിലേക്ക് ഒന്നു വരൂ, അൽപ സമയം ഞങ്ങളോടൊത്തു ചിലവിടൂ’’

ആർക്കോ വലിയൊരു സഹായം എത്തിക്കുന്നു എന്ന ഭാവം ഇരുവരുടെയും വാക്കുകളിലില്ല. പിന്നെ,ഇങ്ങനെയൊരു തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യത്തിന് ഇരുവർക്കും കൃത്യമായ മറുപടിയുമില്ല. കാരുണ്യം, വാത്സല്യം, ഉയർന്ന സാമൂഹിക ബോധം. തുടങ്ങി എന്തു ഗുണങ്ങൾവേണമെങ്കിലും ആരോപിച്ചോളൂ സ്നേഹം അടിസ്ഥാന സ്വഭാവമായിട്ടുള്ള ഈ വൈറസിന്റെ പ്രത്യേകതകൾ അതിനുമൊക്ക അപ്പുറത്താണ്. ഇങ്ങനെ കുട്ടികളെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് അടുപ്പമുള്ളവരും അയൽക്കാരുമൊക്കെ ചോദിക്കുക കൂടി ചെയ്യുമ്പോൾ ഇവർ സന്തോഷം പൂർവം തിരിച്ചറിയുന്നു.. ‘‘വൈറസ് വീടിനു പുറത്തേക്കും വ്യാപിക്കുന്നുണ്ട്’’ 

ഫോസ്റ്റർ കെയർ സംബന്ധിച്ചു സാമൂഹിക നീതി വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾ.

1– ഫോസ്റ്റർ രക്ഷിതാവാകാൻ താൽപര്യമുള്ളവർ താമസിക്കുന്ന ജില്ലയിലെ ശിശുസംരക്ഷണ യൂണിറ്റിൽ പേരു റജിസ്റ്റർ ചെയ്യണം. ആധാർ തുടങ്ങിയ രേഖകളും ഇതോടൊപ്പം സമർപ്പിക്കണം. യൂണിറ്റിൽ നിന്നു ചുമതലപ്പെടുത്തിയിട്ടുള്ള ഓഫിസർ കുടുംബ സാഹചര്യങ്ങളും മറ്റും പഠിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുക. 

2– കുടുംബത്തിൽ വേണ്ടത്ര പരിചരണമോ സംരക്ഷണമോ ലഭിക്കാത്ത കുട്ടികൾ, നിയമപരമായി ദത്ത് നൽകാൻ കഴിയാത്ത കുട്ടികൾ, മാതാപിതാക്കളുടെ അനാരോഗ്യം, മരണം, കുടുംബ പ്രതിസന്ധികൾ എന്നിവ മൂലം വേണ്ടത്ര സംരക്ഷണവും പരിചരണവും ലഭിക്കാത്ത കുട്ടികൾ, മാതാപിതാക്കളിലൊരാൾ കുടുംബം ഉപേക്ഷിച്ചു പോയതു മൂലം വേണ്ടത്ര സംരക്ഷണം ലഭിക്കാത്ത കുട്ടികൾ , മാനസികാരോഗ്യമുള്ള വ്യക്തികളുടെ കുട്ടികൾ എന്നിവർ ഫോസ്റ്റർ കെയറിന് നൽകാൻ അർഹരാണ്. 

തൃശൂർ ജില്ലയിൽ മാത്രം 22 വീടുകളിലാണ് ഇപ്പോൾ ഇങ്ങനെ കുട്ടികൾ കഴിയുന്നത്. കൂടുതൽ അപേക്ഷകൾ പരിഗണനയിലാണെന്നു ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫിസർ വി.എസ്.അശ്വിനി പറയുന്നു. 

3– തിരഞ്ഞെടുക്കുന്ന കുട്ടിയുമായി ആശയവിനിമയം നടത്തിയ ശേഷം സന്നദ്ധത അറിയിച്ചാൽ ശിശു സംരക്ഷണ വകുപ്പിന്റെ തീരുമാന പ്രകാരം അനുവാദം നൽകും. 

4– വിവാഹിതരായ ദമ്പതികൾ, കുട്ടിയുമായി അടുത്ത ബന്ധമുള്ളവർ, ഒന്നിലധികം കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ഏറ്റെടുക്കാൻ താൽപര്യമുള്ള സംഘടനകൾ എന്നിവരൊക്കെ ഫോസ്റ്റർ രക്ഷിതാവാകാൻ അർഹരാണ്. മാതാവിന് 30നും 60നും ഇടയ്ക്കായിരിക്കണം പ്രായം. പിതാവീന് 65വയസ്സിൽ താഴെയയിരിക്കണം. ബന്ധുത്വമുള്ള രക്ഷിതാക്കൾക്ക് പ്രായ പരിധിയില്ല. 

സംസ്ഥാനത്ത് 297 ലധികം കുട്ടികൾ ഈ പദ്ധതി പ്രകാരം വിവിധ വീടുകളിൽ കഴിയുന്നുണ്ടെന്നു സ്റ്റേറ്റ് പ്രോജക്ട് ഓഫിസർ കെ.എം.നിഷാദ് പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0471 2342235.

English Summary: Meet Kerala's foster parents who give kids in care homes a loving family 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com