sections
MORE

സൗമ്യ ഒരു പ്രതീകമാണ്, അർഹിച്ച പരിഗണന കിട്ടാത്ത ആയിരകണക്കിന് മാലാഖമാരുടെ പ്രതീകം

Nurse-Soumya-santhosh
SHARE

കുഞ്ഞിനെയും ഭർത്താവിനെയും വിട്ട് ഏഴു വർഷം മുൻപ് ഇസ്രയേൽ എന്ന കലാപബാധിത രാജ്യത്തേക്ക് നഴ്സിങ് ജോലിക്കു പോകുമ്പോൾ എല്ലാ മാലാഖമാരെയും പോലെ സൗമ്യയ്ക്കും നൂറു സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കണം. നമ്മുടെ നാട്ടിൽ ഒരു ആയുഷ്കാലം മുഴുവൻ ജോലി ചെയ്താലും കിട്ടാത്ത സാമ്പത്തിക ഭദ്രത ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ നിന്നു ലഭിക്കുന്നതാണ് മാലാഖമാരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്. പക്ഷേ അതിനവർ കൊടുക്കേണ്ടി വരുന്നത് ജീവന്റെ വിലയാണുതാനും.

Soumya Santhosh

നാട്ടിൽ പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രി കഴിഞ്ഞ ഏതു പെൺകുട്ടികളോട് അടുത്ത പരിപാടി എന്താണെന്ന് ചോദിച്ചാൽ നഴ്‍സിങ് എന്ന് പറഞ്ഞിരുന്ന കാലം. പെൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന, സ്ത്രീകളുടേതായ സോകോൾഡ് സ്വഭാവങ്ങൾ ഏറെ വേണ്ട ജോലിയായിരുന്നു എന്നത് തന്നെയാണ് ടീച്ചിങ്ങും നഴ്സിങ്ങും അവരുടേതാക്കിയത്. പിന്നീട് അതിലേക്ക് ആൺകുട്ടികളും പഠിക്കാനായി തയാറായി തുടങ്ങി. നഴ്‌സിങ് കഴിഞ്ഞു എല്ലാവരും തന്നെ ആദ്യം നോക്കുന്നത് വിദേശങ്ങളിലേക്കാണ്. മികച്ച ശമ്പളം, ആകർഷകമായ സാധ്യതകൾ, വിദേശം എന്ന സ്വപ്നം, ജോലിയുടെ നിരവധിയായ സാധ്യതകൾ ഇതെല്ലാം കുട്ടികളെ നഴ്‌സിങ്ങിലേക്ക് നയിച്ച് കൊണ്ടിരുന്നു. എന്നാൽ ഇത് മാത്രമല്ല നഴ്‌സിങ് എന്ന ജോലി സ്വീകരിക്കാൻ അവരുടെ കാരണങ്ങൾ.

"എന്തൊക്കെ പറഞ്ഞാലും അർപ്പണവും കാര്യക്ഷമതയും അറപ്പില്ലാത്ത മനോഭാവവും വേണ്ട ജോലിയാണിത്. ചില സമയത്ത് ജോലിയാണെന്ന് പോലും തോന്നില്ല, ശീലം പോലെയായി മാറിക്കഴിഞ്ഞു ചെയ്യുന്നതെല്ലാം. പതിവായി ചെയ്യുന്നത് ചെയ്യുകയാണ്. പക്ഷെ എനിക്കിഷ്ടമാണ്, ഒരുപക്ഷെ ഡോക്ടർമാർക്കുള്ളതിനേക്കാൾ ആത്മാർത്ഥത കൂടുതൽ വേണ്ട വിഭാഗമാണ് നഴ്‌സുമാർ. ആ ഒരു ബോധം ഞങ്ങളുടെയൊക്കെ ഉള്ളിലുണ്ട്" ഒരിക്കലൊരു നഴ്സ് ആയ കൂട്ടുകാരി പറഞ്ഞ വാക്കുകളാണ്.

soumya-santhosh-israel

ആശ്വാസമുണ്ടായിരുന്നിരിക്കണം, അവൾ ഫോണിന്റെ അപ്പുറത്ത് കാണാനുണ്ടല്ലോ

മാലാഖമാരുടെ ദിനത്തിൽ സത്യത്തിൽ കോവിഡ് ജോലി കഴിഞ്ഞ ഒന്നര വർഷമായി എല്ലാ സന്തോഷങ്ങളും മാറ്റി വച്ച് ചെയ്യുന്ന കുറെയേറെ മാലാഖമാരെക്കുറിച്ചായിരുന്നു പറയാനിരുന്നത്, പക്ഷെ എത്ര പെട്ടെന്നാണ് കൺമുന്നിലൊരു വെളിച്ചം വന്നു പതിച്ചത്. ഒരാളുടെ ഫോണിൽ വിഡിയോ കോളിനപ്പുറം അയാളുടെ ഭാര്യ ഭയന്നു നിലവിളിക്കുന്നു, ഏതു നേരവും കാതിന്റെ  സമീപത്തോളം വന്നു പതിക്കുന്ന ഷെല്ലുകൾ, വെടി മരുന്നിന്റെ ഗന്ധം. എന്തൊരു ഭീതിയാണ്. എങ്കിലും അയാൾക്കൊരു ആശ്വാസമുണ്ടായിരുന്നിരിക്കണം, അവൾ ഫോണിന്റെ അപ്പുറത്ത് കാണാനുണ്ടല്ലോ. എത്ര പെട്ടെന്നാണ് ആ രണ്ടു പേരുടെ ജീവിതം മാറി മറിഞ്ഞു പോയത്. ഇസ്രായേലിലെ ഷെല്ലാക്രമണത്തിൽ മരണപ്പെട്ടു പോയ സൗമ്യയുടെ വാർത്തയുണ്ടാക്കിയ ഞെട്ടലിലാണ് മാലാഖമാരുടെ ദിനം വന്നു നിന്നത്. അത്രയും നേരം സംസാരിച്ചു കൊണ്ട് നിന്ന പ്രിയപ്പെട്ടവൾ കണ്മുന്നിൽ ഒരു പുകയായി മാറുന്നത് കാണേണ്ടി വന്ന ഒരാൾ. അയാളെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്. ഇസ്രായേലിലെ ഒരു വീട്ടിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ സന്തോഷ്. ആ വീടിന്റെ മുകളിലാണ് ഹമാസിന്റെ ബോംബ് വന്നു വീണത്. എന്തോ വീഴുന്നത് വിഡിയോയിലൂടെ കണ്ടെന്നു സന്തോഷ് പറയുന്നു. അത് ഭാര്യയുടെ ജീവനെടുക്കാനുള്ള ആയുധമായിരിക്കുമെന്നു അയാൾ കരുതിയിരിക്കില്ലല്ലോ.

ഇസ്രായേലിൽ കെയർ ടേക്കറായി ജോലി നോക്കുന്ന അഖിൽ ഗോപൻ

പൊതുവെ നഴ്‌സിങ് കഴിഞ്ഞാൽ ഉദ്യോഗാർഥികളുടെ ആദ്യത്തെ സാധ്യത, യുകെ അല്ലെങ്കിൽ അമേരിക്ക പോലെയുള്ള രാജ്യങ്ങളാണ്. ആകർഷകമായ ശമ്പളം, വികസിത രാജ്യം എന്നിങ്ങനെയുള്ള നിരവധി പോസിറ്റീവ് കാര്യങ്ങളാണ് അതിനു അവരെ പ്രേരിപ്പിക്കുന്നത്. പക്ഷെ എന്തുകൊണ്ട് ഇസ്രായേൽ  പോലെയുള്ള അസ്ഥിരമായ രാജ്യങ്ങളിലേക്ക് നഴ്‌സുമാർ ജോലിക്കായി പോകുന്നു?

ഇസ്രായേലിൽ കെയർ ടേക്കറായി ജോലി നോക്കുന്ന അഖിൽ ഗോപൻ പറയുന്നു, "ഇങ്ങോട്ട് വരാൻ ഐ എൽ ടി എസ് പോലെയുള്ളതൊന്നും വേണ്ട . നഴ്സ് അല്ലെങ്കിൽ കെയർ ടേക്കർ പോലെയുള്ള ജോലികളാണ് നഴ്‌സിംഗ് പഠിച്ചവർക്ക് ഇവിടെയുള്ളത്. അതിനു പുറമെ ബോംബെയിലുള്ള റിക്രൂട്ടിങ് ഏജൻസിയിൽ ഇരുപത് ദിവസത്തെ ട്രയിനിങ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. ഭീമമായ സർവീസ് ചാര്ജും അഞ്ചാറു മാസത്തെ കാത്തിരിപ്പും കഴിഞ്ഞാൽ ഇങ്ങോട്ട് പോരാം. അതായത് അത്രയെളുപ്പമല്ല ഇങ്ങോട്ടു പോരാൻ എന്ന് സാരം. ബോംബെയിലെ ക്ലൈസ് കഴിഞ്ഞു സർട്ടിഫിക്കറ്റ് ഇവിടെ കൊടുത്ത് അവർ അത് പരിശോധിച്ചു കഴിഞ്ഞാൽ ബോംബെയിലെ ഇസ്രായേൽ എംബസിയിൽ ഇന്റർവ്യൂ ഉണ്ട്, അതും പാസായി കഴിഞ്ഞാൽ മാത്രമേ വരാനാകൂ. അവിടെയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ശാരീരിക പരീക്ഷയും ഒക്കെയുണ്ട്. പിന്നെ ഐ എൽ ടി എസ് പോലെയുള്ള വലിയ കടമ്പ അല്ല എന്നേയുള്ളൂ."

ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാജ്യങ്ങളുണ്ടായ കാലം മുതൽ തന്നെ അവർക്കിടയിലുള്ള കലാപങ്ങൾ അവസാനിക്കാതെ ഇടയ്ക്ക് കത്തിയും കെട്ടും നിലനിൽക്കുന്നുണ്ട്. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് ഓരോ മനുഷ്യരും ഈ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നതും. പഠനത്തിനായി എടുത്ത ഭീമമായ ലോൺ മുതൽ വീടിന്റെ കടങ്ങളും സഹോദരങ്ങളുടെ കല്യാണവും വരെ ഇത്തരത്തിൽ സ്വന്തം ജീവൻ പോലും അവഗണിച്ച് യുദ്ധങ്ങളുള്ള നാട്ടിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. എവിടെ ചെന്നാലും നഴ്‌സിങ് പോലെയുള്ള പ്രൊഫഷനലുകളോട് അനുഭാവപൂർവമായ പെരുമാറ്റം തീവ്രവാദികൾ വരെ കാണിക്കാറുണ്ട് എന്നതും ഇവരുടെ ധൈര്യമാണ്. എന്നാൽ സൗമ്യയെപ്പോലെയുള്ള നഴ്‌സുമാരുടെ അവസ്ഥ കാണിക്കുന്നത് ആരും എവിടെയും സുരക്ഷിതർ അല്ല എന്ന് തന്നെയാണ്. ഇസ്രായേലിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അഖിൽ പറയുന്നു,

"മിക്ക സ്ഥലങ്ങളിലും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് മിസൈൽ വരുന്നുണ്ട്. ഒരുവിധം എല്ലാം തന്നെ ഇവിടെ അധികൃതർ നിർവീര്യമാക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അങ്ങനെ ചെയ്താലും അതിന്റെ പൊട്ടും പൊടിയുമൊക്കെ വന്നു വീഴും. അത് വന്നു ശരീരത്തിൽ വീണു മുറിവുണ്ടായാൽ ആ മുറിവ് ഉണങ്ങാൻ പാടാണ്. ഫ്ലാറ്റിനോടൊക്കെ ബന്ധപ്പെട്ടു അണ്ടർ ഗ്രൗണ്ട്  ഒക്കെയുണ്ട്. ബോംബ് വന്നാൽ അതിനടിയിൽ കയറി സെയിഫ് ആയിരിക്കാം, അത് ഒരുവിധം എല്ലായിടത്തും ഉണ്ടാവും അവിടെയിരിക്കാം, എന്നാൽ എല്ലായിടത്തും അത് കാണണമെന്നുമില്ല, മിസൈൽ വരുമ്പോൾ ഒരു അലാറം ഉണ്ടാവാറുണ്ട്, അത് കഴിഞ്ഞു മിനിട്ടുകൾക്കകം മിസൈൽ പതിക്കും, അത് കേൾക്കുമ്പോൾ പെട്ടെന്ന് സുരക്ഷിതമായി ഇരിക്കാനുള്ള സമയം ഉണ്ട്. പക്ഷെ അത് എവിടെയാണ് വന്നു വീഴുന്നതിന്ന് പറയാനാകില്ല. ഏതു നിമിഷവും ആരുടെ ജീവനും നഷ്ടപ്പെടാം. കെട്ടിടങ്ങളൊക്കെ വൈബ്രെറ്റ് ചെയ്യുന്നത് നമുക്ക് അറിയാം, ജീവനും കയ്യിൽ പിടിച്ചാണ് ഓരോ നിമിഷവും ഇവിടെയിരിക്കുന്നത്. പുറത്തേക്കിറങ്ങുന്നില്ല, വീടിനുള്ളിൽ തന്നെയാണ്."

ഇതൊക്കെയുണ്ടെങ്കിലും ഇസ്രായേലിലെ മിക്ക കെയർ ടേക്കർമാരുടെ ജീവിതവും സുരക്ഷിതമല്ല

"ആയുർദൈർഘ്യം വളരെ കൂടുതലുള്ള ഒരു ജനതയാണിവിടെ. പലർക്കും 90  ഉം 100  ഉം ഒക്കെയുണ്ട്. ഇവിടെ മധ്യവയസ്കർ എന്നത് തന്നെ 50  വയസ്സാണ്. അപ്പോഴുള്ള പ്രശ്നം എന്താന്നെന്നു വച്ചാൽ മിക്കവർക്കും പ്രായമുള്ളവർക്ക് അൽഷിമേഴ്‌സ് ഒക്കെയുണ്ട്. അതുകൊണ്ട് അവരോടു യുദ്ധം ആണെന്നോ പ്രശ്നം ആണെന്നോ എവിടെയെങ്കിലും ഒളിക്കണം എന്നൊക്കെ പറഞ്ഞാലൊന്നും മനസ്സിലാവില്ല, അവർ തയ്യാറുമാവില്ല. അവരെ ഉപേക്ഷിച്ച് പോകാനും പറ്റില്ല. അതാണ് ഇവിടുത്തെ കെയർ ടേക്കർമാരുടെ അവസ്ഥ. അതുകൊണ്ട് എന്തും സ്വീകരിക്കാൻ തയ്യാറായി തന്നെയാണ് ഞങ്ങളിരിക്കുന്നത്" - അഖിൽ പറയുന്നു.

യുദ്ധം പലപ്പോഴും എത്ര ജീവനുകളെ അപഹരിക്കുന്നു എന്നതിനേക്കാൾ എത്ര കുടുംബങ്ങളെ തകർക്കുന്നു എന്നതാണ് ശരിയായ പ്രയോഗം.

"ഇവിടെ പ്രായപൂർത്തിയായ ആണുങ്ങളും പെണ്ണുങ്ങളും നിർബന്ധമായും പട്ടാളത്തിൽ ചേരണം എന്നുണ്ട്. ആണുങ്ങൾ മൂന്ന് കൊല്ലം സ്ത്രീകൾ രണ്ടു കൊല്ലം. അതുകൊണ്ട് എല്ലാവരും പട്ടാളക്കാരാണ്. ഒരു പ്രശ്നമുണ്ടായാൽ എല്ലാവരും ഇറങ്ങും, അതും സ്വമേധയാ. അത്രയ്ക്കും സ്വന്തം രാജ്യത്തിന് വേണ്ടി അർപ്പണ ബോധമുള്ളവരാണ് ഇവിടെയുള്ളവർ".

കോവിഡ് കാലമാണ്, സ്വന്തം ജീവൻ കയ്യിൽ പിടിച്ച് ഒരുതരത്തിൽ യുദ്ധം നയിക്കുകയാണ് എല്ലാ രാജ്യങ്ങളിലെയും മാലാഖമാർ. അവർക്കെല്ലാം അവകാശപ്പെടാനാവുന്ന ദിവസമാണിന്ന്. കോവിഡ് കൊണ്ട് പോയ ആരോഗ്യപ്രവർത്തകരിൽ നഴ്‌സുമാരുടെ എണ്ണം വളരെ കൂടുതലാണ്. മണിക്കൂറുകൾ പി പി ഇ കിറ്റ് ഇട്ടു കൊണ്ട് ജോലി ചെയ്യുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങൾ വേറെ. ലോകം മുഴുവൻ ഇത് തന്നെയാണ് അവസ്ഥയും. ഇതിൽ നിന്നും സൗമ്യ വേറിട്ട് നിൽക്കുന്നില്ല. അക്രമകാരികളായ വൈറസാണ് ഏതു രാജ്യവും അഭിമുഖീകരിക്കേണ്ടി വരുന്ന കലാപങ്ങളും. കണ്മുന്നിൽ പിടഞ്ഞു തീരുന്ന ഓരോ മാലാഖമാരും എത്രയെത്ര ഭീതികളിലൂടെയാവും കടന്നു പോയിട്ടുണ്ടാവുക. "ടെക്ക് ഓഫ് " അല്ലെങ്കിൽ "വൈറസ്" പോലെയുള്ള സിനിമകൾ കൃത്യമായി ഈ രണ്ടവസ്ഥകളെയും വരച്ചു വയ്ക്കുന്നുണ്ട്. പക്ഷേ സിനിമയേക്കാൾ ഭീകരമാണ് യാഥാർഥ്യം. മനുഷ്യാവസ്ഥയ്ക്ക് മുന്നിൽ മറ്റു ഉദാഹരണങ്ങളൊന്നുമില്ല. യാഥാർഥ്യത്തിനു മുന്നിൽ മറ്റൊന്നും പറയാനുമില്ല. സൗമ്യയെ പോലെ, അഖിലിനെ പോലെ നിരവധി മലയാളികൾ ഉൾപ്പെടെയുള്ള മാലാഖമാർ ഇപ്പോഴും ഇസ്രായേലിൽ പലയിടങ്ങളായി ജീവിക്കുന്നു. തിരിച്ചു വരണം എന്നാഗ്രഹമുണ്ടായാൽപ്പോലും അതിനു കഴിയാതെ. ഭയം എന്ന വാക്കിനേക്കാൾ നിലനിൽപ്പ് തന്നെയാണല്ലോ പ്രശ്നം എന്ന പൂർണ ബോധ്യമുള്ളവർ. ഈ മാലാഖദിനത്തിൽ അവർക്കൊപ്പം മനസ്സുകൊണ്ടെങ്കിലും ചേർന്ന് നിൽക്കാം.

English Summary: Soumya is a symbol of thousands of angels

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA