ADVERTISEMENT

സ്ത്രീകളുടെ ഒരു ഗ്രൂപ്പിൽ ഒരു പോസ്റ്റ് വന്നത് ഇങ്ങനെയായിരുന്നു. "മുത്തശ്ശിയ്ക്ക് പെട്ടെന്ന് ഒരു ഓക്സിജൻ സിലിണ്ടർ ആവശ്യമുണ്ട്. കോവിഡ് അല്ല, ഇടയ്ക്ക് ഓക്സിജൻ എടുക്കാൻ ബുദ്ധിമുട്ടു വരുമ്പോൾ ഉപയോഗിക്കുന്ന ആളാണ്, ഇതുവരെ അങ്ങനെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല, എന്നാൽ ഇപ്പോൾ എവിടെ അന്വേഷിച്ചിട്ടും കിട്ടാനില്ല, എവിടെയെങ്കിലും കിട്ടാനുണ്ടോ?"

പലരും പോസ്റ്റിൽ പ്രതികരിച്ചു, ഒരു മണിക്കൂറിനകം പാലക്കാടുള്ള മുത്തശ്ശിയ്ക്ക് ഓക്സിജൻ സിലിണ്ടർ ലഭിച്ചു. കോവിഡ് സമയത്ത് ഇതുപോലെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന എത്ര സ്ത്രീകളുണ്ടെന്നോ, ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാൻ മനസ്ഥിതിയുള്ള ഒരുപാട് സ്‌ത്രീകൾ. ഇത്തരം പ്രവർത്തനങ്ങളിൽ മുന്നിലുണ്ട് ദീപ സൈറ. പാട്ടുകാരി കൂടിയായ ദീപ ഇടയ്ക്കിടയ്ക്ക് തന്റെ പാട്ടുകൾ സ്മൂളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇടാറുണ്ട്.

ദീപയുടെ വാക്കുകൾ,

"ആദ്യത്തെ പ്രളയ സമയത്ത് ഇവിടെ അടുത്തൊക്കെ വെള്ളം കയറിയപ്പോൾ മെഡിക്കൽ ഫീൽഡിൽ ആയിരുന്നപ്പോൾ കുറെ വിളികൾ വന്നിരുന്നു. വോളന്റീയർ ആയിരുന്നതുകൊണ്ട് അന്ന് കുറെ ആളുകളുമായി ബന്ധമുണ്ടായി. ആർക്കൊക്കെ എവിടുന്നൊക്കെയാണ് നമ്പർ കിട്ടിയതെന്ന് അറിയില്ല, പക്ഷെ ഒരുപാട് പേരുമായി ബന്ധപ്പെട്ടു. ആവശ്യങ്ങൾ നോക്കി ബന്ധപ്പെട്ടവരെ കണക്ട് ചെയ്തു കൊടുക്കാൻ പറ്റി. അതെ റെസ്ക്യു ടീം ഇപ്പോഴും ഏതു ആവശ്യത്തിനും നമ്മുടെ കൂടെയുണ്ട്. വീണ്ടും രണ്ടാമത് പ്രളയമുണ്ടായപ്പോഴും ആദ്യത്തെയുൾപ്പെടെ ലോക്‌ഡൗൺ വന്നപ്പോഴും അതെ ടീം കൂടെയുണ്ട്. അതാണ് എല്ലാ കാര്യങ്ങൾക്കും സഹായിക്കുന്നത്.

ആദ്യത്തെ ലോക്കിന്റെ സമയത്ത് ഭക്ഷണം, മരുന്ന് ഒക്കെയായിരുന്നു പ്രശ്നം. അന്ന് ഞാൻ കൊല്ലം ജില്ലാ ആശുപത്രിയിൽ വോളന്റീയർ ആയി ജോലി ചെയ്തിരുന്നു.അപ്പോൾ നേരിട്ട് കുറെ കാര്യങ്ങൾ ചെയ്യാൻ പറ്റി. പിന്നീട് ഇപ്പോൾ വരുന്ന വിളികൾ കൂടുതലും വാക്സിനേഷൻ, ഓക്സിജൻ പ്രശ്നം ഒക്കെയാണ്. പാലിയേറ്റിവ് സെന്ററുമായി ബന്ധപ്പെട്ടു നിൽക്കുന്നതുകൊണ്ട് അവർ വഴി കുറെ സഹായങ്ങളെത്തിക്കാൻ പറ്റിയിട്ടുണ്ട്. ഉള്ള ബന്ധങ്ങൾ മുഴുവൻ ഉപയോഗിച്ച് ആണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ബെഡ്, ഓക്സിജൻ, പൾസ് ഓക്സിമീറ്റർ ഇതൊക്കെ എത്തിക്കാൻ സഹായിക്കാൻ പറ്റുന്നുണ്ട്. അത് ഞാൻ മാത്രമല്ല ഒരുപാട് പേരുണ്ട്, എല്ലാവരുടെയും കൂടെയുള്ള സഹകരണം കാരണമാണ് സമയത്ത് എത്തിക്കാൻ പറ്റുന്നത്. ഒരു സ്ഥലം കിട്ടിയാൽ അവിടുത്തെ പാലിയേറ്റിവ്, വാർഡ് മെമ്പർ എല്ലാം നോക്കി അവർ വഴിയാണ് സഹായങ്ങൾ എത്തിക്കുന്നത്.

വാക്സിനേഷൻ എടുക്കുന്നത് ഒരു പ്രശ്നമാണ്, ചില വീടിനുള്ളിൽ ഒരാളെയുണ്ടാവൂ, അവരെ ബന്ധപ്പെട്ടു വോളന്റീയേഴ്‌സിനെ അറിയിച്ച് അവരെ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കാൻ പറ്റുന്നുണ്ട്. ഇത്തവണ വീടിനുള്ളിൽ ഇരുന്നു തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. വിദേശത്ത് നിന്ന് വന്ന ഒരു ആന്റി തൃശൂരിൽ നിന്നു വിളിച്ചിരുന്നു, അവർ ഒറ്റയ്ക്കാണ്, ഹോം ക്വാറന്റീനിൽ ആയിരുന്നു, അവർക്ക് വാക്സിനേഷൻ എടുക്കാൻ പോകാൻ ബുദ്ധിമുട്ടുണ്ട് ഉണ്ടായപ്പോൾ എവിടെ നിന്നോ നമ്പർ കിട്ടി വിളിച്ചിരുന്നു. അങ്ങനെ അവിടുത്തെ ആശാ വർക്കാരുമായി അവരെ ബന്ധപ്പെടുത്തി കൊടുത്തിരുന്നു, അതായത് സ്‌ത്രീകൾ തന്നെ ഒറ്റപ്പെട്ടു നിൽക്കുന്നവരുണ്ട്, ഒരു സ്ഥലത്ത് നിന്നും സഹായം കിട്ടാത്തവർ. വാർഡ് തലത്തിൽ നിന്നുള്ള ആക്ടിവിറ്റി ആണ് വേണ്ടത്. വാർഡ് മെമ്പർ ഒക്കെ ഉത്തരവാദിത്തം കുറഞ്ഞ ആളാണെങ്കിൽ നമുക്ക് പോലും ഒന്നും ചെയ്യാനാകില്ല, അവർ വഴിയാണ് നമുക്ക് എന്തെങ്കിലും ചെയേണ്ടത്. ചിലപ്പോൾ സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും മാത്രേ ഉണ്ടാകൂ, അവരെയൊക്കെ സഹായിക്കണമെങ്കിൽ ആ സ്ഥലത്ത് ഉള്ളവരുടെ സഹായം നമുക്ക് ആവശ്യമാണ്. 

സത്യത്തിൽ ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ ഈ സമയത്ത് വീട്ടിൽ നിന്നു പ്രശ്നമുണ്ട്. കുട്ടികളും വയസായവരുമൊക്കെയുണ്ട് വീട്ടിൽ, അപ്പോൾ ഇറങ്ങി പോകുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് എമർജെൻസി ആയ നമ്പർ ഒക്കെ മൊബൈലിൽ ഉണ്ട്. യൂത്ത് കോൺഗ്രസ്സ്, ഡി വൈ എഫ് ഐ എല്ലാ പാർട്ടിക്കാരും ഈ സമയത്ത് സഹായിക്കുന്നുണ്ട്. നേരിട്ട് പോയി നമുക്ക് ആരെയും സഹായിക്കാൻ പറ്റുന്നില്ല എന്നതൊരു വിഷമമാണ്, പക്ഷെ അതിനു വേണ്ടുന്ന ആളുകളെ കണ്ടെത്തി അവരെ ബന്ധപ്പെടുത്തി കൊടുക്കാൻ പറ്റുന്നുണ്ട്. ചിലപ്പോൾ ഓടിയെത്തണമെന്നു തോന്നും പക്ഷെ വീട്ടിലെ കുട്ടികളെയൊക്കെ കുറിച്ചോർക്കുമ്പോൾ പറ്റില്ല.

കൂടുതലും വിളിക്കുന്നത് സ്‌ത്രീകൾ തന്നെയാണ്. വിഷാദം, സാമ്പത്തികം, ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ, പക്ഷെ നമുക്ക് ചെയ്യാനാവുന്നതിനു പരിധികളുണ്ട്. വിഷാദമൊക്കെ ബാധിച്ചവർക്ക് നമ്മൾ സഹായം കൊടുക്കാൻ ശ്രമിക്കാറുണ്ട്. സൈക്കോളജിസ്റ്റുകളുടെ ഒരു ടീം ഉണ്ട്, അവരുമായി ബന്ധപ്പെട്ട ആളുകളെ അങ്ങോട്ട് ബന്ധപ്പെടുത്തി കൊടുക്കും. സാമ്പത്തിക പ്രശ്നങ്ങൾ നിയന്ത്രിക്കാവുന്നതിലും അധികമാണ്. ആത്മഹത്യാ ചെയ്യുമെന്ന മട്ടിലുള്ള വിളികൾ വരും, ഒരു പരിചയവുമില്ലാത്ത ആളുകളാണ്, അവരുമായി ആരെയെങ്കിലും സഹായിക്കാൻ എത്തിക്കാൻ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് മെഡിക്കൽ ഫീൽഡിൽ നിന്നുള്ള സഹായങ്ങൾ.

സ്പെഷൽ കെയർ വേണ്ടുന്ന പല കേസുകളുമുണ്ട്. കുഞ്ഞുങ്ങൾക്ക് മാത്രം പോസിറ്റീവ് ആവുന്ന കേസുകളിലോക്കെ വലിയ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയും അമ്മയും കല്യാണത്തിന് പോയതാണ്, ടെസ്റ്റ് ചെയ്തപ്പോൾ കുട്ടിക്ക് പോസിറ്റീവ് അമ്മയ്ക്ക് അസുഖമില്ല. ഒടുവിൽ കുട്ടി ഒരു സ്ഥലത്തും 'അമ്മ മറ്റൊരു സ്ഥലത്ത് ക്വാറന്റീനിലും ഇരിക്കേണ്ടി വന്നു.  ഈ ലോക്ക് ഡൌൺ സമയത്താണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്. പറ്റാവുന്ന സമയത്ത് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വീട്ടിൽ ഇരുന്ന് തന്നെ എല്ലാം നടത്തുന്നു, അതിനിടയിൽ സ്വന്തം ബിസിനസ്, കുട്ടികൾ, ഫാമിലി എല്ലാം കൊണ്ട് പോകുന്നു. സത്യത്തിൽ സഹായിച്ചത് എല്ലാ ജില്ലകളിൽ നിന്നുമുള്ള ആ റെസ്ക്യ് ടീം ആണ്, പിന്നെ ചില ആശുപത്രികളിലെ പി ആർ ടീം ആയി ബന്ധമുണ്ട്. അവിടെ നിന്നു സഹായങ്ങൾ കിട്ടാറുമുണ്ട്, പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടറിന്റെയൊക്കെ കാര്യത്തിൽ.  മെഡിക്കൽ ഫീൽഡിലായതുകൊണ്ടാണ് ഇതൊക്കെ ചെയ്യാൻ പറ്റുന്നത്. "

വീട്ടിലിരുന്നും സ്‌ത്രീകൾ ഈ കോവിഡ് സമയത്തും തങ്ങളുടെ ഇടപെടീലുകൾ നടത്തിക്കൊണ്ടേയിരിക്കുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന ഒരുപാട് സ്ത്രീകളുണ്ട്. ചിലർ വോളന്റീയർകളായി റോഡിലിറങ്ങി പ്രവർത്തിക്കുന്നുണ്ട്നെകിൽ മറ്റു ചിലർ വീടിനുള്ളിലിരുന്നു ആവശ്യക്കാർക്ക് ആവശ്യവസ്തുക്കൾ കൃത്യമായി എത്തിച്ചു നൽകുന്നു. സ്‌ത്രീകൾ ആണെന്നത് തങ്ങളെ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും മാറ്റി നിർത്തുന്നതേയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com