ADVERTISEMENT

ഇങ്ങനെയൊന്നുമായിരുന്നില്ല തിരികെ വരാനാഗ്രഹിച്ചത്. ഈ കോവിഡ് എല്ലാം തകർത്തു.- പറയുന്നത് രണ്ടര മാസത്തെ ഇന്ത്യൻ പര്യടനം കഴിഞ്ഞു നാട്ടിൽ കൊച്ചിയിൽ കാക്കാനാടുള്ള ഫ്ലാറ്റിലെത്തിയ നിധി ശോശ കുര്യൻ. നൂറു ദിവസത്തെ പദ്ധതി ആയിരുന്നു. യാത്രയുടെ ഭാഗമായി ഒരു പുസ്തകം. എന്നാൽ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. പെൺയാത്രയിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു പെണ്ണിന് അനുഭവിക്കാവുന്ന ചോദ്യ തെയ്യലുകളും പിന്തുണകളുമെല്ലാം ആസ്വദിച്ച നിധിയുടെ യാത്ര ഏതൊരു പെൺകുട്ടിക്കും ഒരു പാഠമാണ്. നിറയെ പോസിറ്റിവിറ്റികൾ സമ്മാനിക്കുന്ന പാഠം.

ഗ്രെറ്റ് ഇന്ത്യൻ സോളോ ട്രിപ്പ് കഴിഞ്ഞു നിധി ശോശ കുര്യൻ വീട്ടിലുണ്ട് ഇപ്പോൾ. പത്താനിലെ പട്ടാള ക്യാമ്പിൽ മരണം തൊട്ടു മുന്നിലൂടെ ഒഴിഞ്ഞു പോയതും കശ്മീരിൽ കൂട്ടുകാരിയെ സാഹസികമായി രക്ഷപ്പെടുത്തിയതും മലയിടിഞ്ഞു കാറിന്റെ മുന്നിൽ വീണതും അങ്ങനെ അനുഭവങ്ങളുടെ നീണ്ടയൊരു നിരയുണ്ട് നിധിയുടെ യാത്രയിൽ. ഒരു സ്ത്രീക്ക് തനിയെ എത്രമാത്രം ഇന്ത്യയിൽ സുരക്ഷിതമായി യാത്ര ചെയ്യാം എന്ന് ചോദിച്ചാൽ, തന്റെ യാത്ര അത്രയും സുരക്ഷിതമായിരുന്നു എന്ന് തന്നെയാണ് നിധിയുടെ ഉത്തരം. ഒരുപക്ഷെ കോവിഡ് രണ്ടാം തരംഗം ബാധിച്ചിരുന്നില്ലെങ്കിൽ ഇപ്പോഴും നിധി യാത്ര തുടർന്നേനെ, തന്റെ പ്രിയപ്പെട്ട "കുരുവി" എന്ന് വിളിക്കുന്ന ക്വിഡ് കാറിൽ, ഒരുപാട് ജീവിതങ്ങൾ കണ്ടു അനുഭവങ്ങളെ തൊട്ടു ഇന്ത്യയുടെ ആത്മാവിലൂടെ.

ഇറങ്ങിയപ്പോൾ രാജ്യം ശാന്തം

travel3

"വീട്ടിൽ നിന്നും രാജ്യം കാണാനിറങ്ങിയപ്പോൾ ഈ പറയുന്ന കോവിഡ് അത്ര രൂക്ഷമല്ല. ഒന്നാമത്തെ തരംഗം കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിന്നുമാണ് ഞാനിറങ്ങി തിരിച്ചത്. അന്ന് ഇന്ത്യയിൽ തന്നെ ഏതാണ്ട് ആയിരത്തിനടുത്ത് മാത്രമേ നിത്യേനയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. യാത്രകൾ ചെയ്തു ലോകം തന്നെ കാൽക്കീഴലാക്കിയ രണ്ടു പേരാണ് വിജയൻ-മോഹന ദമ്പതികൾ. അവർ ഫ്ലാഗ് ഓഫ് ചെയ്തു യാത്ര പുറപ്പെടുമ്പോൾ ഇടവും വലവും ചുറ്റും നിറയെ സുഹൃത്തുക്കളുണ്ടായിരുന്നു. എല്ലാവരും സന്തോഷത്തോടെയാണ് യാത്രയാക്കിയത്. കടൽത്തീരങ്ങളിലൂടെ തന്നെയായിരുന്നു ഇന്ത്യയെ കാണാൻ സഞ്ചരിച്ചത്. അങ്ങോട്ടു പോകുന്ന വഴിയിലൂടെയാണ് തിരികെ വരേണ്ടത് എന്ന് തീരുമാനിച്ചിരുന്നു.

കാറിൽ ഇന്ത്യ കാണാൻ, ഒരു സ്ത്രീ ഒറ്റയ്ക്ക്

"ആദ്യമായാണ് ഒരു സ്ത്രീ ഒറ്റയ്ക്ക് കാറിൽ ഇന്ത്യ കാണാൻ പുറപ്പെടുന്നത്" എന്ന് ഞാൻ പോലുമറിഞ്ഞത് ട്രാവൽ ആൻഡ് ടൂറിസം വകുപ്പിൽ ഈ യാത്രയെക്കുറിച്ച് അറിയിച്ചപ്പോഴായിരുന്നു. അവരുടെ സഹകരണം കൂടിയുണ്ടായിരുന്നു യാത്രയ്ക്ക്.

നിരുത്സാഹപ്പെടുത്തുന്നവർ അവിടെ നിക്കട്ടെ, ഇത് സ്വപ്നം

travel2

ഒരുപാട് പേർ തന്റെ ഈ ഉദ്യമത്തെ നിരുത്സാഹപ്പെടുത്താനുണ്ടായിരുന്നു. പക്ഷേ എത്ര വർഷങ്ങളായുള്ള എന്റെ സ്വപ്നമായിരുന്നു ഇന്ത്യൻ സോളോ ട്രിപ്പ്. അതാണ് നടന്നത്. യാത്രയിൽ ഒരുപാട് സ്ത്രീ ജീവിതങ്ങളെ പരിചയപ്പെട്ടു. സഹായിച്ചവർ കൂടുതലും സ്ത്രീകളെന്നു പറയാൻ പറ്റില്ല, സ്ത്രീകളും പുരുഷന്മാരും ഒപ്പം നിന്നിട്ടുണ്ട് എല്ലാ കാര്യങ്ങൾക്കും.

മൊട്ടയടിക്കണമെന്നു തോന്നി, ആരോടും സമ്മതം ചോദിച്ചില്ല

ഇടയ്ക്ക് കാശിയിൽ ചെന്നപ്പോൾ മുടി മൊട്ടയടിക്കണമെന്നു തോന്നി. ആരോടും സമ്മതമൊന്നും ചോദിച്ചില്ല, അപ്പോൾ ചെയ്യണമെന്ന് തോന്നി ചെയ്തു. ഒരുപാട് പേര് അതും സുഹൃത്തുക്കൾ വന്നു അതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു, എന്നാൽ പിന്തുണച്ചവരാണ് കൂടുതലും. തിരിച്ചു വരുമോ എന്ന് പോലും ഉറപ്പില്ലാത്ത യാത്രയാണ് ഞാൻ പോകുന്നത് എന്നെനിക്ക് നന്നായി അറിയാം, അവിടെ നമ്മൾ നമ്മളിലേക്ക് ചുരുങ്ങുകയാണ്, അല്ലെങ്കിൽ ലോകത്തോളം വലുതാവുകയാണ്. ഒന്നും ചെയ്യാതെയിരിക്കാൻ തോന്നിയില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാനാണല്ലോ നമ്മൾ രണ്ടും കൽപ്പിച്ച് യാത്രയ്ക്ക് ഇറങ്ങി തിരിച്ചത്. യാത്രയിൽ ഒരുപാട് സ്ത്രീകളെയും അവരുടെ ജീവിതവും ഒക്കെ പരിചയപ്പെട്ടു, അതൊക്കെ വലിയൊരു പുസ്തകമാക്കി തന്നെ എഴുതാനുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം

travel5

കശ്മീരിലെത്തിയപ്പോഴാണ് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടങ്ങിയത്. അപ്പോഴേക്കും യാത്ര എഴുപത്തിയെട്ടു ദിവസങ്ങളോളം പിന്നിട്ടിരുന്നു. ലേയിലേയ്ക്ക് പോകാൻ അനുമതി നോക്കി അവിടെ കുറച്ചു നാൾ നിന്നു. പക്ഷെ മഞ്ഞു വീഴ്ച കാരണം ആ യാത്ര നടക്കില്ലെന്നു തോന്നിയപ്പോൾ അവിടെ നിന്നുമിറങ്ങി. സത്യത്തിൽ കേരളം വിട്ടു കഴിഞ്ഞു അങ്ങനെ മാസ്ക് വയ്ക്കുന്നതു സൂക്ഷിക്കുന്നതുമൊക്കെ എത്രയോ കുറവായിരുന്നു. മറ്റു പലരേക്കാളും ഒരുപാട് ശ്രദ്ധയുള്ളവരാണ് നമ്മൾ.

തിരിച്ചിങ്ങോട്ടുള്ള വഴിയിൽ കണ്ട മുഖങ്ങളും കേട്ട കഥകളും ഒരുപാട് സങ്കടങ്ങളുളവാക്കുന്നതാണ്. പെട്ടെന്ന് തിരിച്ചെത്താനായിരുന്നു ധൃതി. കാരണം കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയൊക്കെ ലോക്‌ഡൗൺ തുടങ്ങിക്കഴിഞ്ഞു. പുറത്ത് കടന്നില്ലെങ്കിൽ അവിടെ കുടുങ്ങിപ്പോകും. അതുകൊണ്ട് യാത്ര പിന്നെ വേഗത്തിലായി. എവിടെയും ഇറങ്ങാനോ കറങ്ങാനോ നിന്നില്ല. ദിവസവും ഇരുന്നൂറും മുന്നൂറും കിലോമീറ്ററുകൾ ഡ്രൈവുണ്ട്. എവിടെ കിടന്നുറങ്ങും, അല്ലെങ്കിൽ എന്ത് ഭക്ഷണം കഴിക്കും എന്നൊക്കെ ഓർത്ത് ആധിയുണ്ട്, പക്ഷെ അതിജീവിച്ചല്ലേ പറ്റൂ. ചില ദിവസങ്ങളിൽ കാറിൽ തന്നെ കിടന്നുറങ്ങി, കയ്യിലുള്ളത് വച്ച് സ്വയം ഭക്ഷണം പാചകം ചെയ്തു കഴിച്ചു. ഹോട്ടലിൽ റൂം എടുക്കാൻ മടി തോന്നി. കടകളൊന്നും ഇല്ലാത്തതുകൊണ്ട് ഭക്ഷണം പോലും കിട്ടാനുമില്ലല്ലോ.

ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട സുഹൃത്തിന്റെ വീട്ടിൽ താമസം

travel4

ഒരാഴ്ചയോളം ഗോവയിൽ നിന്നു. എന്റെ യാത്രയെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു അവിടെ താമസം. പക്ഷെ പരിചയം പുതുക്കി വന്നപ്പോൾ ആൾ അമ്മയുടെ കസിനാണ്. അത് ഭയങ്കര സർപ്രൈസ് ആയി. പണ്ടേ തന്നെ നാട്ടിൽ നിന്നും ഗോവയിൽ സെറ്റിൽ ആയതാണ് ആന്റി, അതുകൊണ്ട് അമ്മയ്ക്കും ആളെ നന്നായി അറിയില്ലായിരുന്നു. ഈ യാത്ര ആ കൂടി ചേരലിനും സാക്ഷ്യം വഹിച്ചു. പക്ഷെ ആന്റി അവിടെയായിരുന്നില്ല താമസിക്കുന്നത്. അവിടെ അവരുടെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ആദ്യമായാണ് ഗോവൻ ബീച്ചുകൾ അത്ര ഏകാന്തമായി കിടക്കുന്നത് ഞാൻ കാണുന്നത്. ഒരു സഞ്ചാരി പോലുമില്ലാതെ, കടൽ കിടക്കുന്നു. ഭക്ഷണ ശാലകൾ വളരെ കുറവാണ് എങ്കിലും നല്ല മീൻ കിട്ടുന്ന കടകളിൽ നിന്നും അത് വാങ്ങി പാചകം ചെയ്തു കഴിച്ചു. പിന്നെ ബ്രെഡ്, മുട്ട, നൂഡിൽസ്, അതൊക്കെ തന്നെയായിരുന്നു ആ ദിവസങ്ങളിലും ഭക്ഷണം. കടൽത്തീരത്ത് കൂടി ആസ്വദിച്ച് നടന്നു. ഇനിയൊരിക്കലും ഇതുപോലെ ആ കടലിനെ ആസ്വദിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.  അവിടെ നിന്നും മൂകാംബിക കയറി ഒരു ദിവസം നിന്നു, അടുത്ത ദിവസം നേരെ കൊച്ചിയിലെത്തി. ഇവിടെ അടുത്ത ഏഴു ദിവസം റൂം ക്വാറന്റീൻ ആയിരുന്നു.

ക്വാറന്റീൻ തന്ന തോന്നൽ

കഴിഞ്ഞ തൊണ്ണൂറോളം ദിവസങ്ങൾ യാത്രയിൽ തന്നെയായിരുന്നു. നീണ്ട ദൂരം, കാഴ്ചകൾ, ചലനം, പക്ഷെ പെട്ടെന്ന് വീട്ടിലെത്തി മുറിയിൽ അടച്ചിരുന്നപ്പോൾ പ്രശ്നങ്ങൾ പതുക്കെ ഒന്ന് ബാധിച്ചു. നാല് ചുമരുകൾക്കുള്ളിൽ ഇത്തിരി കാഴ്ച മാത്രമല്ലേയുള്ളൂ, ദീർഘ ദൂരത്തിൽ നിന്നും പെട്ടെന്ന് ദൈർഘ്യം കുറഞ്ഞപ്പോൾ അത് ശരീരവും മനസ്സും സ്വീകരിക്കാൻ ബുദ്ധിമുട്ടി. നാല് ദിവസത്തിന് ശേഷം ചെറിയൊരു മേല് വേദനയും തലവേദനയും വന്നപ്പോൾ ശരിക്കും ഭയന്ന് പോയിരുന്നു. ഡോക്ടറെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ക്വാറന്റീൻ തന്ന തോന്നലാവാം, സൂക്ഷിച്ചിരുന്ന മതി, പേടിക്കണ്ട എന്നാണു. ക്വാറന്റീൻ കഴിഞ്ഞു, ആന്റിജൻ ടെസ്റ്റ് എടുത്തു, നെഗറ്റീവ് ആണ്. ഒറ്റ ദിവസം കൊണ്ട് തന്നെ ആ സൈക്കോ സെമറ്റിക് പനി വിട്ടു പോയി. ഒരുപക്ഷെ തോന്നൽ തന്നെ ആയിരുന്നിരിക്കണം.

കേരളമാണ് ജീവിക്കാൻ ഏറ്റവും സുരക്ഷിതം

കൊറോണ കാലത്തേ യാത്രയെക്കുറിച്ച് പറഞ്ഞാൽ, നമ്മുടെ കേരളമാണ് ജീവിക്കാൻ ഏറ്റവും സുരക്ഷിതം. എത്ര കരുതലാണ് ഇവിടെ മനുഷ്യരോട്. അങ്ങോട്ട് പോയപ്പോൾ നമുക്ക് നമ്മുടെ ശ്വാസം കൃത്യമായി കേൾക്കാം, അത്ര സന്തോഷമാണ്, യാത്രയുടെ ആനന്ദമായിരുന്നു. പക്ഷെ തിരിച്ച് ഇങ്ങോട്ട് വന്നപ്പോൾ നെഞ്ചിടിപ്പായി. ശ്വാസം പോലും കിട്ടാതെ പ്രാണ വായുവിന് വേണ്ടി പിടയുന്ന മനുഷ്യരുടെ ഇടയിലൂടെയാണ് തിരിച്ചു വരുന്നത്, എന്തൊരു സങ്കടമായിരുന്നു അത്. നെഞ്ചിടിപ്പ് കേൾക്കാവുന്ന അവസ്ഥയായിരുന്നു ആ ഓട്ടപാച്ചിൽ. കേരളത്തിൽ കൃത്യ സമയത്ത് വരാൻ പറ്റാതെ ഞാൻ വഴിയിലെവിടെയെങ്കിലും കുടുങ്ങിപ്പോയിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന് ഓർക്കാറുണ്ട്. എങ്ങനെയെങ്കിലും കോവിഡ് വന്നു പെട്ടിരുന്നേനെ, എങ്കിൽ എന്ത് ചെയ്തേനെ. ഒന്നുമുണ്ടായില്ല. നമ്മൾ തന്നെ തീരുമാനിക്കണം അസുഖം പിടിപ്പിക്കാനോ അതോ എല്ലാത്തിൽ നിന്നും മാറി വീടിനുള്ള് സുരക്ഷിതരായി ഇരിക്കാനോ എന്നൊക്കെ. ഇന്ത്യ എന്ന് പറയുന്നത് അത്രയും റൊസോഴ്‌സസ് ഉള്ള ഒരു രാജ്യമാണ്, എല്ലാമുണ്ട് ഇവിടെ, അതൊക്കെ ആസ്വദിക്കാനും യാത്ര ചെയ്യാനുമൊക്കെ നമ്മൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ പറ്റൂ. ആ ചിന്ത തന്നെയാണ് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചതും. വഴിയിൽ ജീവൻ വരെ പോകാൻ സാധ്യതയുണ്ടായിരുന്ന ഒരുപാട് അനുഭവങ്ങളുണ്ട്. എല്ലാം എഴുതാം, വിശദമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com