sections
MORE

മുത്തശിയുടെ മരണ വാർഷികത്തിന് പൊലീസുകാർക്ക് ബിരിയാണി; കൊറോണക്കാലത്തെ ആഘോഷങ്ങളുടെ മാതൃക

grandmother
SHARE

കേരളത്തിൽ ആദ്യം ലോക്‌ഡൗൺ തുടങ്ങിയ കഴിഞ്ഞ വർഷമായിരുന്നു നാട്ടിലെ മെമ്പറുടെ മകന്റെ വിവാഹം. നാടടച്ചുള്ള ക്ഷണം വിഷമത്തോടെ ഏറ്റവും അടുത്ത കുറച്ചു പേരിലൊതുക്കിയപ്പോൾ എങ്ങനെയാണ് സ്വന്തമായി തീർന്ന മനുഷ്യരെ അതിൽ പങ്കെടുപ്പിക്കുക എന്നാണു മെമ്പർ ആലോചിച്ചത്. കല്യാണത്തിന്റെ രണ്ടു ദിവസം മുൻപ് വാർഡിലെ ഓരോ വീട്ടിലും ഇരുന്നൂറു രൂപയുടെ പച്ചക്കറി കിറ്റ് മെമ്പർ സ്വയം കൊണ്ട് നൽകി, വിവാഹത്തിന് വരാൻ സാധിച്ചില്ലെങ്കിലും നിങ്ങളെയോർക്കുന്നണ്ട് എന്നൊരു ഓർമപ്പെടുത്തലായിരുന്നു അത്. സംഭവം നടന്നത് കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലാണ്. ആ ലോക്ഡൗൺ മാറി വീണ്ടും കോവിഡ് കേസുകൾ കുറയുകയും കല്യാണങ്ങൾ നിരവധി നടക്കുകയും ചെയ്തു. വീണ്ടും കോവിഡ് കേസുകൾ കൂടിയതോടെ ഡബ്ബിലും ട്രിപ്പിളും ലോക്ഡൗൺ ആയി കേരളം അടച്ചിട്ടിരിക്കുന്നു. വിവാഹങ്ങളും പരിപാടികളും മാറ്റി വയ്ക്കപ്പെടുകയോ പ്രോട്ടോകോളുകൾ പാലിക്കപ്പെട്ടു ചുരുക്കി നടത്തുകയോ ഒക്കെ ചെയ്യുന്നു.

കൊല്ലത്ത് കഴിഞ്ഞ ദിവസം ആറു കൊച്ചു മക്കൾ ചേർന്ന് അവരുടെ മുത്തശിയുടെ എട്ടാമത്തെ മരണ വാർഷിക ദിനം ആചരിച്ചത് തീർത്തും വ്യത്യസ്തമായാണ്. ബിരിയാണിയുണ്ടാക്കി നഗരത്തിൽ പലയിടങ്ങളിലായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അത് ഭക്ഷണമായി നൽകി. കാവനാടുള്ള സരസ്വതി പിള്ളയുടെ എട്ടാമത്തെ മരണ വാർഷിക ദിനമായിരുന്നു കഴിഞ്ഞു പോയത്. "വീട്ടിൽ ആര് വന്നാലും വയറു നിറയെ ഭക്ഷണം കൊടുക്കാതെ വിടാത്ത ആളാണ് മുത്തശ്ശി. ആരെയും വിഷമിപ്പിച്ച് പറഞ്ഞയക്കില്ല. എല്ലാവരോടും ഭയങ്കര സ്നേഹമായിരുന്നു കക്ഷിയ്ക്ക്. വരുന്നവർക്കെല്ലാം ഭക്ഷണമുൾപ്പെടെ എന്തെങ്കിലും നൽകി സന്തോഷിപ്പിച്ചു മാത്രമേ തിരികെ വിടൂ. അത് കണ്ടാണ് ഞങ്ങളും വളർന്നത്. ഞങ്ങൾക്ക് അതുപോലെയുള്ള എന്തെങ്കിലും ഗുണങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അത് മുത്തശ്ശിയിൽ നിന്നുമാണ്" .ആറു കസിൻസിന്റെ കൂട്ടത്തിനു വേണ്ടി അതിലൊരാളായ പാർവതി കൃഷ്ണകുമാർ പറയുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കൊണ്ട് പൊറുതി മുട്ടിയവരിൽ പ്രധാനമായുമുള്ള കൂട്ടർ പൊലീസ് തന്നെയാണ്. വിശ്രമമില്ലാത്ത ജോലിയും അന്തമില്ലാത്ത കൊറോണയും കൊണ്ടും തീർത്തും വലഞ്ഞ മനുഷ്യർ പലപ്പോഴും കൃത്യമായി ഭക്ഷണം കഴിക്കുകയോ ദൂരെയുള്ള വീടുകളിൽ പോയി പ്രിയപ്പെട്ടവരേ കാണുകയോ ചെയ്യുന്നതേയില്ല.  "മഴക്കാലത്ത് അവരിൽ പലർക്കും മഴക്കോട്ട് പോലുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അനുവദിക്കപ്പെട്ട കോട്ടുകൾ പോലും ഓരോ സാങ്കേതിക നൂലാമാലകൾ കാരണം മഴയ്ക്ക് മുൻപ് അവരുടെ കൈകളിൽ എത്തിയിട്ടില്ല. കൃത്യമായി അവർ ഭക്ഷണം പോലും കഴിക്കുന്നില്ല." പാർവ്വതി അവസ്ഥകളെക്കുറിച്ച് വിഷമത്തോടെ പറയുന്നു. "അതുകൊണ്ട് തന്നെയാണ് അവർക്ക് തന്നെ ഇത്തവണ വാർഷികത്തിൽ ഭക്ഷണപ്പൊതികൾ നൽകാൻ ഞങ്ങൾ തീരുമാനിച്ചത്".

ശിവകുമാർ കുറുപ്പ് , ഹരി കൃഷ്ണൻ, കണ്ണൻ കുറുപ്, പാർവതി കൃഷ്ണ, രാധിക , ഗൗരി, എന്നിവരാണ് ആ കസിൻസ്. പല ഭാഗങ്ങളിൽ ഇരുന്നു കൊണ്ട് അവർ ചടങ്ങുകൾ കൃത്യമായി പ്ലാൻ ചെയ്തു. അവരിൽ പലരും കൊറോണ മൂലമുണ്ടായ ലോക്‌ഡൗണിലോ ക്വാറന്റീനിലോ വീടിനുള്ളിൽ തന്നെ പെട്ട് പോയ അവസ്ഥയിലുമായിരുന്നു. എന്നിട്ടും പദ്ധതി നടന്നു. പക്ഷെ എങ്ങനെ ഇത് നഗരത്തിന്റെ പല ഭാഗത്തുമായി വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരിൽ എത്തിക്കും? അതായിരുന്നു അവർ നേരിട്ട ഏറ്റവും വലിയ ചോദ്യം. 

"Boredom is a luxury - ഏറ്റവും വലിയ ബുദ്ധിമുട്ടിലൂടെയാണ് ഓരോരുത്തരും കടന്നു പോകുന്നത്. ഞങ്ങളെപ്പോലെ വീടിനുള്ളിൽ സെയിഫ് ആയി ഇരിക്കുന്നവർക്കെല്ലാം ഈ വിരസത പോലും ഒരു ആർഭാടം തന്നെയാണ്. പക്ഷേ പുറത്തിറങ്ങി നമുക്ക് കാവൽ നിൽക്കുന്ന ആ ഉദ്യോഗസ്ഥരുടെ കാര്യം ഓർത്താൽ എല്ലാ മാനസിക പ്രശ്നങ്ങളും മാറിക്കിട്ടും. എത്ര വലിയ അവസ്ഥകളെയാണ് അവർ നേരിടുന്നത്! മുത്തശിയ്ക്ക് ഇഷ്ടപ്പെട്ട ബിരിയാണിയാണ് ഞങ്ങൾ അവർക്ക് നൽകാനായി ഉണ്ടാക്കിയത്, പക്ഷെ അത് എത്തിക്കാൻ പ്രയാസമായിരുന്നു. അതിനു വേണ്ടി സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് സഹായിച്ചത്. അന്നത്തെ ദിവസം കക്ഷി ജോലിക്ക് കയറിയില്ല, പകരം നമ്മുടെ കയ്യിൽ നിന്ന് പത്തു പൈസ പോലും വാങ്ങാതെ ഭക്ഷണപ്പൊതികൾ നൂറിലധികം പോലീസ് ഉദ്യോഗസ്ഥർക്കായി ആൾ കൊണ്ട് നൽകി. ഞങ്ങൾക്കുറപ്പുണ്ട് മുത്തശ്ശി ആഗ്രഹിച്ചത് പോലെ അവരുടെ മനസ്സും വയറും നിറഞ്ഞിട്ടുണ്ടാവും. ഇതിലും വലിയ എന്ത് സമ്മാനമാണ് മുത്തശ്ശിയ്ക്കായി ഞങ്ങൾക്ക് നൽകാനാവുക?"

പാർവതി കൃഷ്ണകുമാറും അവരുടെ മറ്റു അഞ്ച് കസിൽസും ചെയ്തത് വലിയൊരു മാതൃക കൂടിയാണ്. തങ്ങളുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ആഘോഷങ്ങളിൽ സമൂഹത്തെയും പങ്കെടുപ്പിച്ചു കൊണ്ട് എന്നാൽ എല്ലാ നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ച് കൂടുക.

"ഒരുപാട് പേർക്ക് ഞങ്ങളുടെ ഈ പ്രവൃത്തി സന്തോഷമായിരുന്നു. സുഹൃത്തുക്കൾക്കെല്ലാം ഇഷ്ടപ്പെട്ടു. കല്യാണങ്ങളും മറ്റുള്ള ആഘോഷങ്ങളുമെല്ലാം ചുരുങ്ങിയ രീതിയിലാണല്ലോ ഇപ്പോൾ നടക്കുന്നത്. ഒരുപാട് പണം ആരും വെറുതെ കളയാൻ തയാറാകുന്നില്ല. അതിന്റെ ആവശ്യവുമില്ലല്ലോ. സദ്യയ്ക്കായി ഒക്കെ തയാറാക്കി വച്ചിരിക്കുന്ന പണം കൊണ്ട് ഇത്തരത്തിൽ ചെയ്യാനായാൽ അതൊരു വലിയ കാര്യമാണ്. സുഹൃത്തുക്കളും അവരുടെ മാതാപിതാക്കളുമൊക്കെ പലരും ഈ വഴികൾ ഞങ്ങളെപ്പോലെ പിന്തുടരാൻ തയ്യാറാണ് എന്നതാണ് ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന കാര്യം".

അതേ പാർവതി പറഞ്ഞതുപോലെ എല്ലാവരും ചെയ്യാൻ തയ്യാറാകട്ടെ. നമ്മുടെ ആഘോഷങ്ങൾ ഏറ്റവും സ്വകാര്യമാക്കിക്കൊണ്ട് അർഹതപ്പെട്ടവർക്കൊപ്പം നിന്ന് അവരെ കരുതാൻ നമുക്ക് കഴിയട്ടെ. ഈ കെട്ട കാലത്ത് ഇതിലും വലിയ എന്ത് നന്മയാണ് മനുഷ്യരുടെ ഹൃദയത്തിൽ ഉണ്ടാകേണ്ടത്!

English Summary: Biriyani feast for cops on grandma's death anniversary-Celebrations during Covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA