sections
MORE

സ്ത്രീയുടെ മാത്രമല്ല അടുക്കളകൾ; ഇതൊന്നും ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണു’കളല്ല

kitchen
SHARE

വീട്ടിലെ അടുക്കള ആരുടേതാണ്? ഈയൊരു ചോദ്യം ചോദിക്കാനുള്ള ധൈര്യം ഇപ്പോഴല്ലെങ്കിൽ മറ്റെപ്പോഴാണ് തോന്നേണ്ടത്? ഒരു അഞ്ചു വർഷം മുൻപ് പോലും പതുക്കെ ചോദിക്കാമെന്നല്ലാതെ ഉറക്കെ ചോദിയ്ക്കാൻ പലർക്കും മടിയായിരുന്ന ഒരു ചോദ്യമാണിത്. അന്നും സ്ത്രീകളുടെ മാത്രമല്ലാതിരുന്ന ഒരുപാട് അടുക്കളകളുണ്ട്, പക്ഷേ താൻ അടുക്കളപ്പണിയിൽ സഹായിക്കുന്നു എന്ന് മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടായിരുന്നതുകൊണ്ട് ഒരു പുരുഷനും അതുറക്കെപ്പറയാൻ പോയില്ല.  ഇപ്പോൾ കാര്യവും കഥയും മാറിയിരിക്കുന്നു. ജിയോ ബേബിയുടെ "ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ" വലിയ വിവാദവും ചർച്ചയുമായി. അടുക്കളയിൽ കയറാൻ തങ്ങൾക്കും മടിയില്ലെന്ന് പ്രസ്താവിച്ചു കൊണ്ട് അതോടെ പുരുഷന്മാരും രംഗത്ത് വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകൾ മാത്രം കയറുന്ന "ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണുകൾ" നമ്മുടെ ചുറ്റുമുണ്ട്. ഒരു സമൂഹത്തിന്റെ നേർ പതിപ്പ് എന്ന നിലയിൽ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ എങ്ങനെയാവും പ്രതികരിക്കുക? സ്വാഭാവികമായും ആരുടേതാണ് നിങ്ങളുടെ വീട്ടിലെ അടുക്കള എന്ന ചോദ്യത്തിന് അടുക്കളയിൽ കയറുന്ന പുരുഷന്മാരിൽ നിന്നും മാത്രമാണ് മറുപടി, നിശബ്ദരായി ഭക്ഷണം കഴിച്ച് കഴിഞ്ഞു പാത്രം പോലും കഴുകാതെ കൈകഴുകി ഇറങ്ങിപ്പോകുന്ന ഒരുപാട് പേര് അനക്കമില്ലാതെ കാഴ്ചക്കാരായി മാത്രം തുടരുന്നു. എങ്കിലും ഒരുപാട് പുരുഷന്മാർ "അടുക്കള എന്റെയുമാണ്" എന്ന് പറയാൻ ധൈര്യം കാട്ടിയിരിക്കുന്നു. അപൂർവം ചില സ്ത്രീകൾ തങ്ങളുടെ അടുക്കളയെക്കുറിച്ചും പറയുന്നുണ്ട്.

"കുക്ക് ചെയ്യാൻ അറിയില്ല, എന്നാലും പാത്രം കഴുകാനും അടിച്ചു വാരാനും തേങ്ങാ ചിരകാനും കൂടാറുണ്ട്" ഷിജു എസ് കർണ പറയുന്നു. ഒരുപാട് പുരുഷന്മാരും ഏതാണ്ട് അടുക്കളയിൽ ഇത്തരത്തിലെങ്കിലും കയറിയിറങ്ങുന്നവരാണ്. ഭക്ഷണമുണ്ടാക്കാൻ അറിയില്ലെങ്കിലും സ്ത്രീകൾ ഏറ്റവും കൂടുതൽ അടുക്കളയിൽ പണിയെടുക്കുന്നത് വൃത്തിയാക്കാനും പാത്രം കഴുകാനും തേങ്ങാ ചിരകാനും തന്നെയാണ്, അതുകൊണ്ട് അത്ര ചെറിയ സേവനമല്ല ഒരാളും നൽകുന്നത് എന്നതാണ് സത്യം. 

"അരിയലും പാത്രം കഴുകലും മാത്രമായിരുന്നു ആദ്യം. ഇപ്പൊ അമ്മക്ക് വയ്യാത്തതുകൊണ്ട് പാചകമടക്കം എല്ലാം. ചേച്ചിക്ക് പുറംപണികൾ ആണ് താല്പര്യം. എന്നാലും സഹായിക്കാനും വർത്തമാനം പറയാനും അടുക്കളേലോട്ട് വരും. പലഹാരങ്ങളൊക്കെ ചേച്ചി ഉണ്ടാക്കിയാലേ ശെരിയാകു. ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ചിരിക്കുന്ന ഇടംകൂടിയാണ് അടുക്കള", ജിബിൻ ക്വേൽസ് പറയുന്ന അഭിപ്രായം സത്യത്തിൽ അടുക്കളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനോഹരമായ സത്യം കൂടിയാണ്. ഒരു കുടുംബത്തിലുള്ളവർക്ക് ഒരുമിച്ചിരിക്കാനും സംസാരിക്കാനും ഏറ്റവും കൂടുതൽ സമയം അനുവദിക്കപ്പെടുന്ന ഇടമാണ് അടുക്കള. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ സംസാരിക്കുന്നത് ജോലി ഭാരം കുറയ്ക്കുമെന്ന ഒരു പൊതു തത്വം കൂടി ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. 

"കടുകിങ്ങനെ പൊട്ടി തൂവുന്ന കാണുമ്പോള്...ഉള്ളിയൊക്കെ വാടി വാടി വരണു കാണുമ്പോള്.. ടെൻഷൻ അടിച്ചു നിൽക്കാണെങ്കിൽ ആ കാര്യം കുറച്ചു നേരത്തേക്ക് മറന്നു പോവും.. ചിലപ്പോ ഒക്കെ ടെൻഷൻ ഫ്രീ ആക്കുന്ന സ്ഥലം. പക്ഷെ ചിലപ്പോ നമ്മള് വിചാരിച്ച പോലെ ഉണ്ടാക്കിയത് നന്നായില്ലെങ്കിൽ തിരിച്ചാവും. എങ്ങോട്ടേലും പോവാൻ വൈകിയ സമയമൊക്കെ ആണേൽ ഭയങ്കര ദേഷ്യവും വരും" ജിഷ്‌മ ജയകൃഷ്ണൻ അടുക്കളയെ ടെൻഷൻ ഫ്രീ ആയി കാണുന്ന ഇടമാണ്. ഭക്ഷണമുണ്ടാക്കുക എന്നത് ഒരു കലയാണെന്ന് പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്, അവനവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരിടത്ത് നിൽക്കുമ്പോഴാണ് നമ്മൾ ടെൻഷൻ ഫ്രീ ആവുകയും ഏറ്റവും സമാധാനത്തിൽ വർത്തിക്കുകയും ചെയ്യുന്നത് എന്നത് സത്യം. ജീവിതത്തെ ഏറ്റവും വൈകാരികമായി ഉപയോഗിക്കാൻ കൂടി പറ്റിയ ഇടമാണ് അടുക്കളയെന്നു ജീഷ്മയുടെ അനുഭവം ഉറക്കെ പറയുന്നുണ്ടല്ലോ.  കാനഡയിൽ ജീവിക്കുന്ന ഡാനി കുര്യനും ഈ വൈകാരികതയെ ഇഷ്ടപ്പെടുന്നുണ്ട്,

"ഇവിടെ കാനഡയിൽ ഞങ്ങളുടെ വീട്ടിലെ അടുക്കള ഞാനും ഭാര്യയും ഒരുമിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഭക്ഷണം പാചകം ചെയ്യുന്നത് രണ്ടാളും കൂടെയാണ്. രണ്ടാളും ജോലിക്കാർ ആയത് കൊണ്ട് ഭക്ഷണം പാചകം ചെയ്യുന്ന സമയം ഞങ്ങൾക്ക് ഉള്ളു തുറന്ന് സംസാരിക്കാനുള്ള സമയം കൂടിയാണ് .ഉറക്കെ പാട്ടൊക്കെ വച്ച് ആഘോഷമായാണ് പാചകം .പാത്രം കഴുകലും,തുണിയലക്കലും,വീട് വൃത്തിയാക്കലും,കടയിൽ പോയി സാധനം വാങ്ങലും എല്ലാം ഒരുമിച്ചാണ്.മാത്രമല്ല അതൊക്കെ ഞങ്ങൾ രണ്ടാളും ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്." ഒന്നിച്ചുള്ള ആസ്വാദനത്തിന്റെ ഇടം ബെഡ്‌റൂമോ കിടക്കയോ മാത്രമല്ലെന്നും അത് ഒന്നിച്ചുള്ള ഓരോ നിമിഷങ്ങളെയും കണ്ടെത്തലും ആസ്വദിക്കലുമാണെന്നു എത്ര മനോഹരമായാണ് ഡാനി പറയുന്നത്!

"എന്റെ വീട്ടിലെ അതായത് ഞാനും മോളും ഭർത്താവും ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ അടുക്കള അതു എന്റെ ലോകം ആണ്. ഒരിക്കൽ പോലും മടുക്കാതെ എന്റെ ഇഷ്ടം അനുസരിച്ചു എന്റെ തൊന്യവാസം അനുസരിച്ചു പലതരം പാചക നിരീക്ഷണ പരീക്ഷണങ്ങൾ ഞാൻ നടത്തുന്ന എന്റെ ലോകം. വളരെ അഭിമാനത്തോടെ പറയട്ടെ അതിൽ വേണ്ട ഉപ്പുതൊട്ടു കർപ്പൂരം വരെ ഞാൻ തന്നെ വാങ്ങിക്കൊണ്ടു വന്നാലേ എനിക്ക് തൃപ്തി ആവുകയുള്ളൂ. ഇനി വേറെ ഒരു അടുക്കള ഉണ്ട് അതായത് എന്റെ വീട്ടിൽ എന്റെ അച്ഛനും അമ്മയും ഉള്ള വീട്ടിൽ അവിടെ കേറി വല്ലതും ഉണ്ടാക്കാൻ പറഞ്ഞാൽ എനിക്ക് നെഗറ്റീവ് വൈബ് ആണ്. അല്ലെങ്കിൽ പാചകത്തിന്റെ ഭാഗമായ പാത്രം കഴുകൽ വരെ ഞാൻ എൻജോയ് ചെയ്യും." സൂര്യ പിള്ളയുടെ അഭിപ്രായമാണിത്. ഇതുപോലെ അടുക്കള ഒറ്റയ്ക്ക് ആസ്വദിക്കുന്ന ഇടം കൂടിയാണ്. സ്ത്രീകൾ ഒരുപക്ഷെ സ്വയം കണ്ടെത്താനുള്ള സമയം കൂടി ആസ്വദിക്കാൻ കഴിഞ്ഞാൽ അടുക്കളയും സ്വപ്‌നങ്ങൾ കാണാനും ചിന്തിക്കാനും ഒക്കെയുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. പലപ്പോഴും അടുക്കളയിൽ മറ്റൊരാൾ ഭരിക്കപ്പെടുന്നത് ആർക്കും താല്പര്യമുള്ള കാര്യമല്ല. ഒറ്റയ്ക്ക് അവനവനോട് സംസാരിച്ച് പുതിയ ആശയങ്ങൾ ആലോചിച്ച് നിൽക്കുമ്പോൾ അപ്പുറത്തൂടെ വന്നു "ഇതിനു ഉപ്പിട്ടോ, കുറഞ്ഞു പോയല്ലോ" എന്നൊക്കെ അഭിപ്രായം പറയുന്ന ഒരാൾ തകർത്തു കളയുന്നത് എത്ര എത്ര അവനവനുകളെയാണ്. ഇതുപോലെ ഒറ്റയ്ക്കാവുന്ന അടുക്കളയിൽ നിന്നും എത്രയെത്ര ക്രീയേറ്റീവ് ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം! എന്നാൽ രമ്യ മദനൻ പറയുന്നു,

"ഞാനും അടുക്കളയും തമ്മിൽ ഏറ്റവും മിനിമം ബന്ധം...ഒരു ചായയിലോ കട്ടൻ കാപ്പിയിലോ കവിഞ്ഞ ബന്ധങ്ങൾ ഒന്നും തന്നെയില്ല... അതൊരു ഉത്തരവാദിത്തമായി ഇതുവരെ കണക്കാക്കിയിട്ടില്ല.."ഇത്തരത്തിലുള്ള ഇഷ്ടങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. അതായത് അടുക്കളയും ഭക്ഷണവും ഇഷ്ടങ്ങളുടെയും ഭാഗമാണ്. ഇഷ്ടമുള്ളവർ ചെയ്യട്ടെ, അല്ലാത്തവർ ആവശ്യത്തിനനുസരിച്ച് സഹകരിക്കട്ടെ, അത് മാത്രമാണ് സാമൂഹികമായ മര്യാദ. പക്ഷെ സഹകരണം ഒന്നിച്ചാവുന്നതാണ് ധാർമികമായ നീതീകരണവും. "വീട്ടിലെ അടുക്കള പണ്ട് മുതൽക്കേ അമ്മയുടെ കസ്റ്റടിയിൽ ആണ്. വല്ലപ്പോഴും ഗ്യാസിന്റെ കുറ്റി മാറ്റാനോ ഭാരമുള്ള വല്ലതും നീക്കി വെക്കാനോ ആണ് നമ്മളെ വിളിക്കുന്നത്. വീടിന് പുറത്ത് ഒരു അടുക്കളയുണ്ട് ദുബായിൽ ആയിരുന്നപ്പോൾ . ഇപ്പൊ കൊച്ചിയിൽ അവിടെ സത്യത്തിൽ എന്റെ പരീക്ഷണശാലയാണ്. ഒരു വിധം എല്ലാം നന്നയിട്ട് തന്നെ കുക്ക് ചെയ്യാൻ സ്വയം പഠിച്ചിട്ടുണ്ട്. വീട്ടിലായാലും എവിടെ ആയാലും അടുക്കളയിൽ കയറാൻ ഒരു മടിയുമില്ല.... അത്രക്കും സന്തോഷം ആണ് താനും",

ശ്രീകാന്ത് ശ്രീധറിന്റെ അഭിപ്രായത്തോട് സമാനമാണ് ഷോബിൻ അടൂരിന്റേതും,"അടുക്കളയുടെ മാത്രമല്ല വീടിന്റെ മുഴുവൻ നിയന്ത്രണവും അമ്മയ്ക്കാണ്. അതിരാവിലെ ഭക്ഷണം തയ്യാറാണ്. കിഡ്‌നി രോഗിയായി കിടപ്പിലായപ്പോഴേക്കും ചേട്ടനായി അടുക്കള ഭരണം..അസുഖത്തിന്റെ അസ്വസ്ഥതകൾ ഉണ്ടെങ്കിലും എഴുന്നേറ്റു നടക്കാൻ തുടങ്ങിയ സമയത്ത് നേരെ അടുക്കളയിലേക്കാണ് കയറിയത്. പിന്നെ മുഴുവൻ ബഹളമായിരുന്നു..-ഹ..അതങ്ങനല്ലെടാ..ഇതെടുത്ത് അതിലിടെടാ.ആരോഗ്യം വീണ്ടെടുത്ത് പൂർവ്വാധികം ശക്തിയോട് തിരിച്ചെത്തിയപ്പോഴേക്കും ചേട്ടൻ പ്രധാന അടുക്കള സഹായി ആയി മാറി.അവന്റെ കല്യാണം കഴിഞ്ഞതോടുകൂടി അടുത്തൊരു സഹായിയെ കൂടെ അമ്മയ്ക്ക് കിട്ടി. പിന്നെ അടുക്കള ഭാഗത്തെ ചർച്ചകളിൽ നിന്നാണ് കുടുംബത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങൾ ഉണ്ടായത് തന്നെ. എന്റെ കഴിവ് മനസിലായത് കൊണ്ടാകാം അടുക്കള പരിസരത്ത് എന്നെ അടുപ്പിക്കാറില്ല."അമ്മമാരുടെ അടുക്കളയാന്നെങ്കിലും പലപ്പോഴും ഒരു അത്യാവശ്യം വന്നാൽ അടുക്കള ഏറ്റെടുക്കാൻ മടിയില്ലാത്ത ആണ്മക്കളുടെ കഥയും പറയണമല്ലോ.

എന്നാൽ കഥകൾ എല്ലാം ഇത്തരത്തിൽ കേൾക്കാൻ രസമുള്ളതാണോ?ഒരിക്കലുമല്ല. ഷെഫാലി ഷായുടെ "ജ്യൂസ്" എന്നൊരു ഷോർട്ട് ഫിലിമുണ്ട്. സുഹൃത്തുക്കളുൾപ്പെടെയുള്ള ഒരു കൂടിച്ചേരലിൽ വീട്ടിലെ സ്വീകരണമുറിയിലിരുന്നു വെടി പറയുന്ന പുരുഷന്മാർ. ഓടിക്കളിക്കുന്ന കുട്ടികൾ, മുഴുവൻ സമയവും അടുക്കളയിൽ പാചകം ചെയ്യുന്ന സ്ത്രീകളും. സ്വീകരണ മുറിയിലിരിക്കുന്ന പുരുഷൻ ഇടയ്ക്ക് ഉത്തരവുകൾ നൽകുന്നുണ്ട്,

"കുട്ടികളെ ശ്രദ്ധയ്ക്ക്"വെള്ളം വേണം""ഭക്ഷണം എടുത്ത് വയ്ക്ക്"എന്നാൽ അടുക്കളയിലെ കൂടുന്ന ചൂട് സഹിക്കാനാകാതെ അവിടുത്തെ വീട്ടമ്മയായ ഷെഫാലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ തട്ടിന്പുറത്തിരിക്കുന്ന ടേബിൾ ഫാൻ ഒന്ന് ശരിയാക്കാമോ എന്ന ചോദ്യം ഭർത്താവ് കേട്ടതായിപ്പോലും നടിക്കുന്നില്ല. ഒടുവിൽ മടുത്തുപോയ, അടുക്കളയിൽ നിന്നും ഫ്രിഡ്ജിൽ നിന്നും ഒരു ഗ്ലാസ് ജ്യുസ് എടുത്ത് സ്വീകരണമുറിയിലെ കൂളറിന്റെ മുന്നിൽപ്പോയി ഇരുന്നു കുടിക്കുന്ന നായികയെ കാണിച്ചു കൊണ്ടാണ് അത് അവസാനിക്കുന്നത്. അതായത് നമ്മുടെ അടുക്കളയുടെ പൊതുവായ നിയമം പലപ്പോഴും ഇങ്ങനെയാണ് അടുക്കള സ്ത്രീയുടേത് മാത്രമാണ് എന്നത്. സഭയിൽ വേറിട്ട ശബ്ദം ഉയർത്തിയത് പദ്മ മാത്രമാണ് . "എന്റെ വീട്ടിൽ നോൺ വെജ് ഉണ്ടാക്കുമ്പോൾ മാത്രം ഭർത്താവ് സഹായിക്കും. അല്ലാത്തപ്പോൾ ഞാൻ തന്നെ അരിയും.. ഞാൻ തന്നെ വേക്കും.. ഞാൻ തന്നെ പാത്രം കഴുകും..പച്ചക്കറി ഉപയോഗിച്ച് 5 കൂട്ടാൻ വെച്ചാലും ഞാൻ കറി വച്ചില്ല എന്ന് പഴി കേൾക്കണം. എല്ലാർക്കും ഇത്തിരി മതി. ഞാൻ ഇനി കുട്ടികളുടെ ടോയ് വെസ്സൽസ് വാങ്ങി ഫുഡ് ഉണ്ടാക്കണം എന്ന് കരുതുന്നു. ഒരു ഔൺസ് ആയിട്ട് ഉണ്ടാക്കാമല്ലോ ..ബാക്കി ഫുഡ് ഫ്രിഡ്ജിൽ വെക്കും. അടുത്ത ദിവസം ഇന്നലത്തെ ഫുഡ് ആണെന്ന് പറഞ്ഞു അമ്മായിയച്ഛൻ കഴിക്കില്ല . അവസാനം ഞാൻ എടുത്തു കളയും. ഇതിങ്ങനെ അവർത്തിച്ചുകൊണ്ടേയിരിക്കും.ഇതിന്റെ ഇടയിൽ കൊച്ചിനെ നോക്കണം, വീട്ടിലിരുന്നു ഓഫീസ് ജോലി ചെയ്യണം, എല്ലാം സമയത്ത് നോക്കണം. അങ്ങനെ അങ്ങനെ..."

ഇതിനെ എങ്ങനെ അതിജീവിക്കാം എന്ന് വ്യക്തമായി ജീവിതം കൊണ്ട് പഠിച്ച ആളാണ് ജസീറ ചിലപ്പുറത്ത് . അടുക്കളയിലേയ്ക്ക് തിരിഞ്ഞു പോലും നോക്കാതിരുന്ന ഭർത്താവ് ഇപ്പോൾ എല്ലാത്തിനും ജസീറയ്‌ക്കൊപ്പം സഹായിയായി കൂടെയുണ്ട്. ആ മാറ്റത്തിന്റെ കഥ ജസീറ പറയും,"ഞങ്ങൾക്ക് രണ്ടാൾക്കും ഒരേ ജോലിയാണ്, ഒരേ വിദ്യാഭാസ യോഗ്യത. പക്ഷേ എനിക്ക് അധികമായി അടുക്കള ജോലി, കുട്ടികളെ നോക്കൽ. ഒരിക്കൽ വനിതാ മതിലിനു പങ്കെടുത്ത് അദ്ദേഹം തിരികെ വന്നപ്പോഴാണ് ഞാൻ ചോദ്യം ചെയ്തത്. എന്തിനു പ്രവൃത്തിയില്ലാതെ പറച്ചിൽ മാത്രം എന്ന്. അത് ആൾക്ക് ഉള്ളിൽ തട്ടി. അന്ന് തൊട്ടു കഴിച്ച പാത്രം കഴുകാൻ തുടങ്ങി, പിന്നെ ഘട്ടം ഘട്ടമായി പാത്രങ്ങൾ എല്ലാം കഴുകാൻ തുടങ്ങി, അത്യാവശ്യം പണികൾ എല്ലാം എടുക്കാൻ ആരംഭിച്ചു. പറഞ്ഞാലേ ചെയ്യൂ എന്നേയുള്ളൂ. പക്ഷെ ദേഷ്യം ഒന്നുമില്ലാതെ തന്നെ ചെയ്യും. എന്തെങ്കിലുമുണ്ടെങ്കിൽ പറയണം എന്ന് പറയും. അദ്ദേഹം അങ്ങനെയാണ് കുട്ടിക്കാലം മുതലേ ശീലിച്ചത്, അപ്പോൾ പെട്ടെന്നൊരു ദിവസം ആ സ്വഭാവം മാറി സ്വയം കണ്ടറിഞ്ഞു ചെയ്യാൻ എളുപ്പമല്ല. കല്യാണം കഴിഞ്ഞു എട്ടു വർഷത്തിന് ശേഷമാണ് പതുക്കെ എനിക്ക് അദ്ദേഹത്തെ ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ പോലും ആയത്. എന്ത് മാറ്റം ജീവിതത്തിൽ വരാനും സമയമെടുക്കും, വിവാഹം കഴിഞ്ഞു വന്ന ഉടനെ എല്ലാം ശരിയാക്കണം എന്ന് വിചാരിക്കുന്നതിൽ കാര്യമില്ല. ശീലങ്ങൾ മാറ്റാൻ എളുപ്പമല്ലല്ലോ, പക്ഷേ അത് നമ്മളെക്കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും. ക്ഷമയോടെ നിൽക്കണം എന്ന് മാത്രം. എനിക്കെന്തായാലും ആ ആശയം ഫലം കണ്ടു. എന്റെ ജോലിയും ഭാരവും എത്ര കണ്ടു കുറഞ്ഞു എന്ന് സമാധാനത്തോടെ മാത്രമേ പറയാനാകൂ, അതൊരു ആശ്വാസമാണ്"

മാറ്റങ്ങൾ എല്ലായിടത്തും നടപ്പാക്കാവുന്നതേയുള്ളൂ. ഒരിക്കലും സ്ത്രീയുടേത് മാത്രമല്ല ഒരു വീട്ടിലെ അടുക്കള. കുട്ടികളുടെയും പുരുഷന്മാരുടേതുമാണ്. വല്ലപ്പോഴും സ്പെഷ്യൽ വയ്ക്കാൻ അടുക്കളയിൽ കയറി അലങ്കോലമാക്കി ഇടുന്നതാണ് പുരുഷന്റെ അടുക്കള. വൃത്തികേടാക്കുന്നത് വൃത്തിയാക്കാൻ കൂടി പഠിക്കുമ്പോഴാണ് അടുക്കള ആണുങ്ങളുടേതുമാകുന്നത്. ഭക്ഷണം ഉണ്ടാക്കുക എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല, ഭക്ഷണം കഴിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുമാണെങ്കിൽ അത് നിർമ്മിക്കാനുള്ള ഉത്തരവാദിത്തവും ഒന്നിച്ച് ഏറ്റെടുക്കേണ്ടതുണ്ട്.  പരസ്പരം സ്നേഹിക്കാനും സംസാരിക്കാനും ഒക്കെ ഉള്ള ഇടങ്ങൾ അടുക്കളയിലുണ്ട്. അതൊക്കെ കണ്ടെത്തുമ്പോഴാണ് അടുക്കള ആണിന്റേയോ പെണ്ണിന്റേയോ അല്ലാതെ ആ കുടുംബത്തിന്റേതാകുന്നത്. അപ്പോൾ മാത്രമാണ് കുടുംബം എന്ന വാക്കിനു ആഴവും കെട്ടുറപ്പും ഉണ്ടാകുന്നതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA