sections
MORE

‘കപ്പ് ഉപയോഗം നിർത്തി, പാഡിലേക്ക് മടങ്ങി’, മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം; സാനിറ്ററി നാപ്കിൻ എന്ന സൗകര്യം!

cup-pad
SHARE

സ്ത്രീകളും ആർത്തവവും എല്ലായ്പ്പോഴും ചർച്ചാ വിഷയമാണ്. രാഷ്ട്രീയമായും വൈകാരികമായും സ്ത്രീകൾക്ക് വേണ്ടിയും അവർക്കെതിരെയും ഉപയോഗിക്കാൻ പറ്റിയ ഒരു വാക്കുമാണത്. പലപ്പോഴും ആർത്തവത്തെ അതിവൈകാരികത കലർത്തിയെഴുതുമ്പോൾ "ഇതൊന്നും ഞങ്ങൾക്കൊരു പ്രശ്നമല്ല. എന്റെ ശരീരം എന്റെ നിയമം" എന്നൊക്കെ ഉറക്കെ പറയുന്നു ചില സ്ത്രീകൾ. ആർത്തവം അശുദ്ധിയായ കാലം അവസാനിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും പല വീടുകളിലുമുണ്ട്, പീരീഡ്സ് ആയാൽ മാറിയിരിക്കുന്ന മുറികളും നാലിന്റെ അന്ന് അടിച്ചു കുളിച്ചു പുന്യാഹം കഴിക്കുന്ന ചടങ്ങുകളും. ക്ഷേത്രങ്ങളിൽ നിന്ന് മാത്രമല്ല വിവാഹങ്ങളിലോ മരണ കർമ്മങ്ങളിലോ പോലും പീരീഡ്സ് ആയ സ്ത്രീകൾ "പുറത്താണ്". എന്നാൽ ഇത്തരം ആശയത്തെ ഒക്കെ പാടെ തള്ളിക്കൊണ്ടാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവത്തിന്റെ വരവ്. ആർത്തവം അശുദ്ധിയാകുന്നത് അത് പുറത്ത് കാണുമ്പോഴാണ്, എന്നാൽ ഉള്ളിലേയ്ക്ക് കയറ്റി വയ്ക്കുന്ന മെൻസ്ട്രൽ കപ്പ് അല്ലെങ്കിൽ ടാമ്പൂണ് പോലെയുള്ളവ ആർത്തവ ദിനമാണെന്നത് പോലും അപ്രത്യക്ഷമാക്കിക്കളയും. 

ആർത്തവ യുദ്ധം 

ഒരുപാട് പേര് പറഞ്ഞു പഴകിയ വിഷയമാണെങ്കിലും സ്ത്രീകൾ ഇപ്പോൾ സംസാരിക്കുന്നത് ആർത്തവത്തെക്കാളധികം മെൻസ്ട്രൽ കപ്പ് അവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ്. പലപ്പോഴും മെൻസ്ട്രൽ കപ്പും സാനിറ്ററി നാപ്കിനുകൾ മാത്രം ഉപയോഗിക്കുന്നവരും ആശയപരമായ യുദ്ധങ്ങൾ പോലും നടക്കാറുണ്ട്. എക്കോ ഫ്രണ്ട്ലി ആണ് കപ്പ്

അതുപോലെ സാമ്പത്തികമായി ലാഭമാണ്, ഒരെണ്ണം വാങ്ങിയാൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ഉപയോഗിക്കാം. പന്ത്രണ്ടു മണിക്കൂർ വരെ കപ്പ് യോനിയ്ക്കുള്ളിൽ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.യോനിയിലെ പി എച്ച് മൂല്യം കപ്പ് മാറ്റുന്നില്ല, അതുകൊണ്ട് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇതൊക്കെയാണ് മെന്‍സ്ട്രൽ കപ്പിന്റെ ഉപകാരങ്ങൾ എങ്കിൽ നാപ്കിനുകളെക്കുറിച്ച് പറയുന്ന പ്രശ്നം അതിന്റെ നിർമാർജനമാണ്. പക്ഷെ ഇതേ അവസ്ഥയിൽ തന്നെയാണ് കുട്ടികളുടെയും മുതിർന്നവരുടെയും ഡയപ്പറുകളും ഉള്ളത്. കൃത്യമായ ഒരു നാപ്കിൻ നിർമ്മാർജ്ജന സംവിധാനം ഇല്ലാത്തതുകൊണ്ട് തന്നെ നാപ്കിനുകൾ എക്കോ ഫ്രണ്ട്ലി അല്ല എന്ന കാര്യം സമ്മതിക്കേണ്ടി വരും. പക്ഷെ ഒരേ സ്വരത്തിൽ സാനിറ്ററി പാഡിന് വേണ്ടി സംസാരിക്കുന്ന സ്ത്രീകൾ എല്ലാം തന്നെ പറയുന്ന ഒരു വാചകം,"അതാണ് ഞങ്ങൾക്ക് "കംഫോർട്ട്", എന്നതാണ്. അതിനു അവർക്ക് ഒരുപാട് കാരണങ്ങളുമുണ്ട്. 

ഞങ്ങൾക്ക് സാനിറ്ററി പാഡ് തന്നെ മതി പ്ലീസ്.

"രണ്ടും ഉപയോഗിച്ചിട്ടുണ്ട്.. നല്ല വശവും ചീത്തയും ഉണ്ട്.. കപ്പ് ഇന്സേര്‍ട്ട് ചെയ്യുന്നത് ശരിയല്ലെങ്കിൽ ലീക്ക് ഉണ്ടാവാനുള്ള സാധ്യതയുള്ളതു കൊണ്ട്‌ ഇൻസേർട് ചെയ്തേക്കുന്നതു കറക്റ്റ് ആണോ എന്ന് എപ്പോഴും ഒരു ടെൻഷൻ ഉണ്ട്. അതിന്റെ കൂടെ പാഡ് വെയ്കാരും ഉണ്ട്. കപ്പ്  ഉപയോഗിക്കുമ്പോൾ അങ്ങേയറ്റം ഹൈജീൻ നോക്കുന്ന ഞാൻ എന്തേലും ഇൻഫെക്ഷൻ സാധ്യത ഉണ്ടോ എന്നതിൽ എപ്പോഴും ആശങ്കയുള്ള ആളാണ്. പാഡ് എടുത്തു വേസ്റ്റ് ബിന്നില്‍ ഇടുന്ന പോലെ എളുപ്പം അല്ല കപ്പ് എടുത്ത് മാറ്റി ക്ലീൻ ചെയ്യുന്നത്. എല്ലാർക്കും ഇത് പോലെ ആവണം എന്നില്ല.  യാത്ര പോകുന്ന സമയം, പബ്ലിക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വരുന്ന സമയം, കൃത്യമായ സമയത്തിനുള്ളില്‍ കപ്പ് വൃത്തിയാക്കി വീണ്ടും ഇൻസേർട് ചെയ്യേണ്ടി വരുന്ന സമയം അങ്ങനെ കുറെ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്."സ്ഥിരം യാത്രക്കാരിയും കോവിഡ് വോളണ്ടിയറുമായ ആരതി സെബാസ്ട്യന്റെ മെൻസ്ട്രൽ കപ്പ് അനുഭവം ഇങ്ങനെയാണ്. 

ആയുർവേദ ഡോക്ടറായ അപർണയ്ക്ക് പ്രശ്നം വേദനയാണ്. "ഒരുവർഷത്തോളം ഉപയോഗിച്ചിട്ടും ബുദ്ധിമുട്ടു മാറിയില്ല. ടംപോൺസ്, പാഡ്സ് ഒകെ ആണ്. വാജിനൽ റാഷസ് ആണ് പ്രധാന പ്രശ്നം. അതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്നില്ല. എനിക്ക് കപ്പ് ഇത്ര ബുദ്ധിമുട്ടാക്കാൻ കാരണം എന്നറിയാൻ ഒരു ഗൈനോക്കോളജിസ്റ്റിനെ കണേണ്ടി വന്നു. ശീലമാവട്ടെ എന്നുകരുതി ഞാൻ എന്നെത്തന്നെ ഒരുപാടു ഫോഴ്സ് ചെയ്തു. വല്ലാത്ത വേദനയും പ്രശ്നങ്ങളും ആയി. ചെക്കു ചെയ്ത് സുഹൃത്തായ ഗൈനക് പറഞ്ഞത് ഇനി അത് ഫോഴ്സ് ചെയ്യാൻപോകണ്ട എന്നാണ്. ടംപോൺ അകത്തേക്ക് ഇന്സേര്ട് ചെയ്യുമ്പോൾ പക്ഷേ പ്രശ്നങ്ങൾ ഒന്നും ഇല്ലാതാനും"

ആക്ടിവിസ്റ്റായ ദീപ സെയ്‌റയ്ക്ക് ഇതിന്റെ വൈകാരികമായ മറ്റൊരു പ്രശ്നം കൂടി പറയാനുണ്ട്, "കപ്പ് ഉപയോഗിച്ചു. അത് വെച്ചു കൊണ്ട് ഒരു മെഡിക്കൽ ക്യാമ്പിൽ പോയി. റിമോട്ട് ഏരിയയിൽ നല്ല ടോയ്‌ലറ്റ് ഇല്ലാതെ വന്നപ്പോൾ അത് റിമൂവ് ചെയ്യാൻ വല്ലാതെ പാടുപെട്ടു. അന്ന് പ്രോപ്പർ ആയി ഹൈജനിക്ക്‌ ആയി അത് റിമൂവ് ചെയ്യാഞ്ഞതിന്റെ പേരിൽ ഇൻഫെക്ഷൻ ആയി. ഉള്ള ഇത്തിരി വെള്ളത്തിൽ ആണ് കഴുകിയത്. അതൊക്കെ കുഴപ്പമായി. ആകെ വലഞ്ഞു പോയി.

കൃത്യമായി നല്ല വൃത്തിയുള്ള ടോയ്‌ലറ്റ്, വെള്ളം, അത് പോലെ സമയം ഒക്കെ ഉണ്ടെങ്കിൽ കൃത്യസമയത്ത് മാറ്റാം. ജോലിക്കിടയിൽ അല്പം സമയം വൈകിയപ്പോൾ അന്ന് അസ്വസ്ഥത കൂടി ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വന്നു. അങ്ങനെയും ബുദ്ധിമുട്ട് ഉണ്ടായി. എല്ലാം കൂടി മതിയായി ഞാൻ തിരിച്ച് പാഡിലേക്ക് തന്നെ മാറി. പിന്നെ കപ്പ് ഉള്ളിൽ വയ്ക്കുമ്പോൾ പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. കംഫര്ട്ടബിള് ആയിരുന്നു.. കഷ്ടപ്പെട്ടു പോയത് അതിന്റെ റിമൂവൽ പിന്നെ വൃത്തിയാക്കൽ ആണ്. പാഡ് വയ്ക്കുമ്പോൾ സാധാരണ എനിക്ക് ഒരു തരം ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കപ്പ് ആക്കിയത് കൊണ്ട് വലിയ വ്യത്യാസം ഒന്നും തോന്നിയില്ല"

ഇതുപോലെയുള്ള ചില പ്രശ്നങ്ങൾ മാത്രമല്ല ചില വാജിനൽ അവസ്ഥകളിലും പല ഗൈനക്കോളജിസ്റ്റുകളും മെൻസ്ട്രൽ കപ്പ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതൊക്കെ വളരെ കുറവുള്ള കേസുകളാണെങ്കിൽ കൂടുതൽ സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം ഭയമാണ്. "എങ്ങനെയാണ് കപ്പ് അകത്തേയ്ക്ക് വയ്ക്കുക?" "കുട്ടികൾക്ക് ഉപയോഗിക്കാമോ?"വേദനിക്കില്ലേ?" "ലീക്ക് ആകില്ലേ?" തുടങ്ങിയ ചോദ്യങ്ങളുടെ ഒരു നിര തന്നെയുണ്ട്. 

സംഭവം എളുപ്പമാണ്!

"പാഡ് ഉപയോഗിക്കുമ്പോൾ അത് ഡിസ്പോസ് ചെയ്യുന്നത് തന്നെയാണ് ബുദ്ധിമുട്ട്. വീട്ടിൽ താമസിക്കുമ്പോ കത്തിച്ചു കളഞ്ഞിരുന്നു. ഇവിടെ ഫ്ലാറ്റിൽ ക്‌ളീനിംഗ് നു വരുന്ന ചേച്ചിമാർ അതെടുത്തു കൊണ്ട് പോകുന്നത് എനിക്ക് വലിയ വിഷമം ആണ്. നമ്മുടെ തികച്ചും സ്വകാര്യമായ ഒരു വേസ്റ്റ് അവർ അവരുടെ തൊഴിൽ അതൊക്കെ ആണെങ്കിലും എടുത്തു കൊണ്ട് പോകുമ്പോൾ വലിയ വിഷമം തോന്നും. ഫ്ലാറ്റുകളിൽ അവരവർക്ക് സ്വയം ഡയപ്പറും സാനിറ്ററി നാപ്കിൻസും നശിപ്പിയ്ക്കാൻ സംവിധാനം ഒരുക്കണം. നന്നായി പൊതിഞ്ഞ് നാപ്കിൻസ് വേസ്റ്റ് ബിന്നിൽ ഇടാൻ ശ്രദ്ധിക്കണം. കുട്ടികളുടെ ഡയപ്പർ അഴുക്ക് ടോയ്‌ലെറ്റിൽ കളഞ്ഞ ശേഷം ക്‌ളീൻ ചെയ്തു ബിന്നിൽ ഇടണം. അതൊക്കെ എടുത്തു കൊണ്ടു പോകുന്നവരും മനുഷ്യർ ആണ് എന്ന് കരുതണം. അലക്ഷ്യമായി ഇതൊക്കെ വലിച്ചെറിയാതിരിക്കണം" നടിയായ ലക്ഷ്മി പ്രിയ നയം വ്യക്തമാക്കുന്നു.

സംഭവം എളുപ്പമാണ്! "കപ്പിലേക്ക് മാറിയതിനു ശേഷം മെൻസസ് ആയെന്ന് മറന്നു പോകാറുണ്ടായിരുന്നു. പാഡ് ആയിരിക്കുമ്പോ യാത്ര ചെയ്യുമ്പോഴും ഫ്ലാറ്റിലും ഒഴിവാക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതു ശരിക്കും സ്വാതന്ത്ര്യം കിട്ടിയ പോലെയാണ് . മറ്റു ഏതൊരു ദിവസം പോലെ. ഒരുപാട് കൂട്ടുകാരെ നിർബന്ധിച്ചു വാങ്ങിപ്പിച്ചിട്ടുണ്ട്. അളവും വക്കുന്ന രീതിയും കൃത്യമായാൽകപ്പിന്റെ അടിമകൾ ആകും ഏതൊരു സ്ത്രീയും" രേവതി രൂപേഷ് മെന്റസ്ട്രൽ കപ്പിനെ കുറിച്ച് എല്ലായ്പ്പോഴും ആവേശത്തോടെ സംസാരിക്കുന്ന ഒരാളാണ്. ഇതേ അഭിപ്രായമാണ് ഒരുപാട് സ്ത്രീകൾക്കും.

"മെൻസ്ട്രൽ കപ്പിനെ കുറിച്ച് വളരെ മുൻപേ അറിഞ്ഞെങ്കിലും ഉപയോഗിക്കാൻ ഭയമായിരുന്നു. എന്നാൽ രണ്ടര വര്‍ഷം മുൻപ് സ്കൂൾ ടീച്ചർ ആയ ഏറ്റവും അടുത്ത സുഹൃത്ത് നമുക്കൊന്ന് പരീക്ഷിച്ചാലോ ചേച്ചി എന്നു ചോദിച്ചപ്പോൾ ഞാൻ തന്നെ ഓൺലൈൻ വഴി 2 കപ്പ് വരുത്തി ഒന്ന് അവൾക്കും നൽകി ഒന്നു ഞാനും എടുത്തു. ആദ്യ മാസം അല്‍പം ബുദ്ധിമുട്ടു തോന്നി. ലീക്കേജും ഉണ്ടായി. രണ്ടു മൂന്നു മാസം കൊണ്ടു പീരീഡ്‌ എന്ന ഭയമേ ഇല്ലാതെ ആയി. കാരണം കപ്പ് ഉപയോഗിച്ചാൽ അങ്ങനെ ഒന്ന് ഉണ്ടായതായി നാം തിരിച്ചറിയുക കൂടി ഇല്ല എന്നതാണ് സത്യം .അത്രമാത്രം കംഫർട്ടബ്ൾ ആയിട്ടാണ് എന്റെ അനുഭവം. 4.,5 മാസം ഉപയോഗിച്ച് കഴിഞ്ഞു ഞാൻ അതെ കുറിച്ച് എന്റെ വാളിലും ഒരു ഗ്രൂപ്പിലും എഴുതിയിരുന്നു. ഒരുപാട് പേര് അത് കണ്ടു കപ്പ് ഉപയോഗിച്ച് തുടങ്ങുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു"എഴുത്തുകാരിയായ സീമ ജവഹറിന്റെ അഭിപ്രായം ഇതാണ്. 

"ശരിക്കും ആശ്വാസമാണ് കപ്പ് . പീരിയഡ് ദിവസങ്ങൾ ആണ് എന്നത് മറന്നു പോകുന്നത്ര ആശ്വാസം. പാഡിന്റെ റാഷസിൽ നിന്നും ആശ്വാസം. അത് ഡിസ്പോസ് ചെയ്യുന്ന തലവേദനയിൽ നിന്ന് ആശ്വാസം. പാഡ് തീർന്ന് പോകുമെന്ന പേടിയിൽ നിന്ന് ആശ്വാസം. ദൂര യാത്രയ്ക്ക് ഒരു പ്രാവശ്യമേ ഉപയോഗിക്കേണ്ടിവന്നുള്ളൂ. ബോട്ടിൽ വെള്ളം . ഹോട്ടലിൽ നിന്ന് ചോദിച്ച് മേടിച്ച ചൂട് വെള്ളം ഒക്കെ വേണ്ടി വന്നു ക്ലീനിംഗിന് . ചൂട് വെള്ളം ഒക്കെ കിട്ടുന്നിടം ആയത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.

പക്ഷേ, ഹൈജീനിക് ആയ ചുറ്റുപാടിൽ ഉപയോഗിച്ചില്ല എങ്കിൽ ആശ്വാസം കിട്ടിയതൊക്കെ പോകും. ശാരീരികമായും മാനസികമായും എല്ലാവർക്കും ഇൻസേർട്ട് ചെയ്യുക എന്നത് കംഫർട്ടബിൾ ആയിരിക്കില്ല. ടാംപൂൺ വരെ ഉപയോഗിക്കാൻ പറ്റാത്ത മനുഷ്യരുണ്ട്. പിന്നെ സൈസ് കറക്ട് അല്ലെങ്കിൽ പീരിയഡ്സ് പെയിൻ പോലെ ഒരു വേദന ഫീൽ ചെയ്യും. കറക്ട് സൈസ് ആയപ്പോഴാണ് എനിക്ക് അത് മാറിയത്. ഒരു ഊഹം വെച്ച് ഉപയോഗിച്ച് നോക്കി സൈസ് കണ്ടുപിടിക്കാം എന്നല്ലാതെ വേറെ വഴിയില്ല. അത് പോലെ തന്നെയാണ് ഇൻസേർട്ട് ചെയ്യുന്നതും . പലപ്രാവശ്യം ഉപയോഗിച്ച് സ്വന്തം രീതി കണ്ടുപിടിക്കുക തന്നെഒരു പ്രാവശ്യം എങ്കിലും ഉപയോഗിച്ച് നോക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം എന്നാണ് അപേക്ഷ." സുനിത കല്യാണിയെ പോലെയുള്ള ഒരുപാട് സ്ത്രീകൾ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെയാണ് കപ്പിനെ കുറിച്ച് സംസാരിക്കുന്നത്. 

സംഭവം സിലിക്കോൺ ആണ്.

സിലിക്കോൺ എന്ന വസ്തു പലപ്പോഴും നാം ശരീരത്തിനുള്ളിൽ ഉപയോഗിക്കേണ്ട സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ച് സെൻസിറ്റീവ് ആയ ശരീര ഭാഗങ്ങളിൽ. മാറിടം മാറ്റി വയ്ക്കുന്ന വസ്തുവും സിലിക്കോൺ ആണെന്ന് പറയപ്പെടുന്നു, അതുപോലെ സെക്സ് ടോയ്സ് ആയും സിലിക്കോൺ പ്രതിമകൾ ലോകത്ത് പലയിടങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. അതുകൊണ്ട് തന്നെ സിലിക്കോൺ കൊണ്ട് നിർമ്മിക്കപ്പെട്ട കപ്പ് സ്ത്രീകൾ ഏറ്റവും ഭയപ്പെടുന്ന വാജിനൽ ഇൻഫെക്ഷൻ ഉണ്ടാക്കുന്നില്ല എന്നാണ് വിദഗ്ധ ഗൈനക്കോളജിസ്റ്റുകൾ വരെ അഭിപ്രായപ്പെടുന്നത്. 

"മെഡിക്കൽ ഗ്രേഡ് സിലിക്കൺ പൊതുവെ അലർജി ഉണ്ടാക്കാറില്ല. കഴിഞ്ഞ ആറ് വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. ആദ്യത്തെ ഉപയോഗത്തിൽ ഉണ്ടായ ഒരു ചെറിയ ബുദ്ധിമുട്ടൊഴിച്ചാൽ ഞാൻ വളരെ സംതൃപ്തയാണ്. പലപ്പോഴും ആർത്തവത്തിന്റെ ദിനങ്ങൾ ഏറ്റവും സാധാരണമായി മാറുന്നു. ഏറ്റവും അടുത്ത കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും ഓക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്.എല്ലാവരുടെ കയ്യിൽ നിന്നും വളരെ പോസിറ്റീവ് ആയ മറുപടിയാണ് കിട്ടിയിട്ടുള്ളത്.

ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

- നന്നായി തിളപ്പിച്ച് വേണം ഓരോ തവണയും ഉപയോഗിക്കാൻ അതിന് പറ്റുന്നില്ല എങ്കിൽ തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റു സമയം ഇട്ടു വെക്കുക.

- ഓരോ തവണയും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

- കറക്റ്റ് സൈസ് തിരഞ്ഞെടുക്കുക.

- മനസ്സിനെ പാകപ്പെടുത്തുക, അയ്യോ ഇത് ശരിയാകുമോ ശരിയാകുമോ എന്ന് ചിന്തിച്ചു നടന്നാൽ ഒരിക്കലും ശരിയാവില്ല"

വര്‍ഷങ്ങളായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന രശ്മി പ്രകാശ് പറയുന്നു. 

"ഞാൻ 2 വർഷമായി ഉപയോഗിക്കുന്നു. അതിനു മുൻപ് ഒരു വർഷത്തോളം ഉപയോഗിക്കാൻ അറിയാതെ കൈയിൽ വെച്ചിരുന്നു. പേടിയും ഉണ്ടായിരുന്നു. അകത്തേയ്ക്ക് കയറി പോകുമോ പോലുള്ള പേടികൾ (അതൊക്കെ നമുക്ക് ആ ഭാഗത്തെ പറ്റി വെജിനയുടെ ഉള്ളിനെ പറ്റിയുള്ള അറിവില്ലായ്മ ആണ്, അവിടെ കയറി പോകാൻ ഒരു സ്ഥലവും ഇല്ല) പിന്നെ എങ്ങനെയോ വെച്ചു. പക്ഷെ ചെറിയ വേദനയും ലീക്കേജ്  ഉണ്ടായിക്കൊണ്ടിരുന്നു. അത് ശരിയായി വെയ്ക്കാത്തത്തിന്റേത് തന്നെ ആയിരുന്നു. കാരണം, ഞാൻ കപ്പ് ഉള്ളിൽ വെച്ചിരുന്നത് സെർവിക്‌സിൽ തട്ടി കപ്പ് മടങ്ങി ഇരിക്കുകയായിരുന്നു. അതാണ് ലീക്ക് ആയതും ചെറുതായി വേദനിച്ചതും. വെജിനയുടെ ഉള്ളിലെ സെർവിക്സ് വഴിയാണ് ബ്ലഡ് വരുന്നത് എന്നു പോലും അറിയില്ലായിരുന്നു. പിന്നെ ഇത് കൃത്യമായി കപ്പിനുള്ളിൽ വരുന്ന വിധത്തിൽ വെച്ചു. ഇപ്പൊ ഹാപ്പി പീരീഡ്സ് . ചൊറിച്ചിൽ ഇല്ല, ഉരഞ്ഞു പൊട്ടൽ ഇല്ല, മണം ഇല്ല, പാഡ് നശിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ടില്ല... ലീക്ക് ആകുമെന്നുള്ള പേടി തീരെ വേണ്ട, നീന്താൻ വരെ പോകാം.

കപ്പ് സോപ്പ് ഡെറ്റോൾ ഒക്കെ ഉപയോഗിച്ച് കഴുകാതെ ഇരിക്കുക. ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി. അതിന്റെ ആവശ്യമേ ഉള്ളു. സോപ്പ്, ഡെറ്റോൾ ഇവയെല്ലാം വാജിനയുടെ ഭാഗങ്ങളിൽ യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും."കപ്പ് കൃത്യമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് രാജേശ്വരി ഭായി പറയുന്നു. 

ഞാൻ ഭാര്യയോട് പറയാറുണ്ട്.

കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് സ്ത്രീകൾ മാത്രം പറഞ്ഞാൽ മതിയോ? സ്ത്രീകൾക്കൊപ്പം നിൽക്കുന്ന പുരുഷന്മാർക്കും അഭിപ്രായം പറയാനുണ്ട്. "എൻ്റെ വൈഫ് വാങ്ങി ഉപയോഗിച്ചു. വളരെ യൂസ്ഫുൾ ആണെന്ന് പറഞ്ഞു. എന്നാൽ മോൾക്കും ഒന്ന് വാങ്ങിക്കാൻ പറഞ്ഞപ്പോൾ അവൾക്ക് ഇപ്പോൾ വേണ്ട വിവാഹം കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. വിവാഹത്തിന് മുമ്പ് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?" അക്ബർ പൂളംചാലിൽന്റെ സംശയത്തിന് എഴുത്തുകാരിയും അധ്യാപികയുമായ സംഗീത ജയയുടെ മറുപടിയുണ്ട്,

"ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ മകളും ഉപയോഗിക്കുന്നു. അവൾക്ക് വാങ്ങി കൊടുക്കാൻ പദ്ധതിയിട്ടപ്പോൾ വീട്ടിലുള്ള മറ്റുള്ളവർ ആദ്യമെതിർത്തിരുന്നു. വിവാഹം കഴിയാത്ത കുട്ടിയാണ് എന്നതാണ് പ്രധാന പ്രശ്നം. എന്നാൽ എനിക്ക് നല്ലതെന്ന് തോന്നിയതാണ് ഞാൻ എന്റെ മകൾക്ക് നിർദ്ദേശിച്ചത് അതിൽ ഒരു തെറ്റുമില്ല. കൃത്യമായ അളവ് വാങ്ങണം എന്നത് മാത്രമാണ് പ്രധാനം. ഇപ്പോൾ അവളും ഹാപ്പി ആണ് എന്നെപ്പോലെ"

"ഒരു പതിനഞ്ചു കൊല്ലം മുൻപേ മാർകെറ്റിൽ അവൈലബിൾ ആകണമായിരുന്നു, എങ്കിൽ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രകൾ എത്ര മനോഹരം ആയേനെ.. എന്ന് പീരിയഡ്‌സ് കാരണം മുടങ്ങി പോയ യാത്രകളെ, പാർട്ടികളെ, ഓർക്കുന്ന ഒരുവൻ.. പക്ഷെ ഇപ്പോൾ അവൾ (ഭാര്യ) സൂപ്പർ ഹാപ്പി ആണ് കേട്ടോ.. പക്ഷെ എന്തുകൊണ്ടായിരിക്കും ഈ സംഭവം പ്രൊമോട്ട് ചെയ്യപ്പെടാതെ പോകുന്നത് ??"

ഗീതേഷ്ന്റെ സംശയം പലപ്പോഴും പലരും ഉന്നയിക്കുന്ന ഒന്നാണ്. തീർത്തും വിപണിയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് തന്നെ ഇത്തരം ഒരു വിപ്ലവത്തിന്റെ പിന്തുണയ്ക്കാൻ ഒരു സാധാരണ കച്ചവടക്കാരനോ സാനിറ്ററി നാപ്കിൻ കമ്പനികൾക്കോ എളുപ്പമല്ല എന്നതാണ് അതിന്റെ ഉത്തരം. അതുകൊണ്ട് തന്നെ ഇപ്പോഴും മെൻസ്ട്രൽ കപ്പ് ഓൺലൈനിൽ ഓർഡർ ചെയ്താണ് മിക്ക സ്ത്രീകളും വാങ്ങുന്നതും. എന്നാൽ ഇപ്പോൾ ചില മാളുകളിലും അപൂർവ്വം ചില മെഡിക്കൽ ഷോപ്പുകളിലും കേരളത്തിൽ കപ്പ് ലഭ്യമാണ്.

കാലം മാറി വരുന്നു,ഇപ്പോൾ പല  ഭാര്യമാർക്കും പെൺ മക്കൾക്കും കാമുകിമാർക്കും മെൻസ്ട്രൽ കപ്പ് ഓർഡർ ചെയ്തു വാങ്ങി കൊടുക്കുന്നത് അവർക്കൊപ്പമുള്ള പുരുഷന്മാരാണ്.  "കപ്പ് ഉപയോഗിക്കുന്നത് അത്ര ഈസി ആയ ഒരു പരിപാടിയല്ല. ആദ്യത്തെ ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അത് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. രണ്ടോ മൂന്നോ നാലോ ആർത്തവചക്രം വേണ്ടിവരും ചിലപ്പോൾ ട്രാക്കിൽ വീഴാൻ. എന്റെ പങ്കാളി ഇത് വാങ്ങിയതിനുശേഷം ആദ്യത്തെ ഒരു വർഷം ഇതു ഉപയോഗിച്ചിട്ട് ഉണ്ടായിരുന്നില്ല. സമയമെടുത്താണ് അതിൽ പരിശീലനം നേടിയത്.പുള്ളിക്കാരി ഇപ്പോൾ അതിൽ വളരെ സംതൃപ്തയാണ്.ഡ്രൈവിങ്ങോ നീന്തലോ പഠിക്കുന്നത് പോലെ ബാലൻസിങ്ന്റെ പ്രശ്നം മാത്രമാണ് തുടക്കത്തിലുള്ള അൽപ്പം ബുദ്ധിമുട്ട് പിന്നീടുള്ള പ്രയോജന സാഹചര്യങ്ങളിലെ നൊസ്റ്റാൾജിയയാകും" പ്രശാന്ത് പറയുന്നു. 

"എഫ്‌ ബിയിൽ നിന്നും കേട്ടറിഞ്ഞിട്ടാണു വൈഫിനു വാങ്ങി കൊടുത്തത്‌.ആദ്യം ചെറിയ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിരുന്നു പിന്നെ കംഫർട്ട്‌ ആയി.ഇപ്പോൾ ഒരു വർഷമാകുന്നു.ഇതിനിടയിൽ ഇതുവരെ പാഡ്‌ വാങ്ങേണ്ടി വന്നിട്ടില്ല.എന്റെ പെൺ സുഹ്രുത്തുക്കൾക്ക്‌ സജസ്റ്റ്‌ ചെയ്യണമെന്നു ആഗ്രഹമുണ്ട്‌ പക്ഷെ അവരെന്തു കരുതുമെന്നോർത്ത്‌ പറയാറില്ല." സൂരജ് തലശ്ശേരിയുടെ സംശയം തമാശയായി കരുതേണ്ടതില്ല. ഇപ്പോഴും ഇക്കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അവരുടെ ഇടയിലേക്കാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം വരേണ്ടത്. എത്രത്തോളം അത് എളുപ്പമാണോ അത്രത്തോളം ബുദ്ധിമുട്ടുമാണ്.

മാനസികവും ശാരീരികവുമായുള്ള അസ്വസ്ഥതകൾ ഇതിനായി നേരിടേണ്ടതുണ്ട്. എന്നാൽ ഒരിക്കൽ ഉപയോഗം ശീലിച്ചു കഴിഞ്ഞാൽ ആർത്തവ ദിനങ്ങൾക്ക് ഇതിലും മനോഹരമായ സാദ്ധ്യതകൾ വേറെയില്ലെന്നാണ് ഒരുപാട് സ്ത്രീകളും പറയുന്നത്. എന്നാൽ മെൻസ്ട്രൽ കപ്പിനെ പുകഴ്ത്തി സാനിറ്ററി നാപ്കിനുകളെ ഇകഴ്ത്തുന്നില്ല. ഒന്നും മറ്റൊന്നിനു പരിഹാരമല്ല. "എന്റെ ശരീരം, എന്റെ നിയമം" തന്നെയാണ്. അതിനുള്ള എല്ലാ അവകാശങ്ങളും അവസാന തീരുമാനങ്ങളും സ്ത്രീകളുടേത് തന്നെയാണ്. അവരവരുടെ സുഖവും സൗകര്യവും തന്നെയാണ് പ്രധാനം. അതുകൊണ്ട് തന്നെ ഇവിടെയൊരു യുദ്ധത്തിന് പ്രസക്തിയില്ല. മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം തീർച്ചയായും ഒരിക്കലെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക, തീർത്തും അസാധ്യമെന്നു തോന്നുന്നുണ്ടെങ്കിൽ നാപ്കിനുകളിലേയ്ക്ക് തന്നെ മടങ്ങുക. ഒന്നും നിർബന്ധങ്ങളല്ല, നമ്മുടെ ശരീരത്തെ നമ്മളെക്കാൾ നന്നായി മറ്റാർക്കാണ് മനസ്സിലാവുക!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA