ADVERTISEMENT

വീട്ടുജോലിയിലെ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് മനോരമ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഇന്ത്യൻ അടുക്കള സർവീസ് (ഫ്രീ) പരമ്പരയോട് ഒട്ടേറെ വായനക്കാർ പ്രതികരിച്ചു. പ്രതികരണങ്ങളിൽ സന്തോഷവും സങ്കടവുമുണ്ടായിരുന്നു. പിന്തുണയും വിമർശനവും നിർദേശങ്ങളും ആവശ്യങ്ങളുമുണ്ടായിരുന്നു. അവയിൽ നിന്നു തിരഞ്ഞെടുത്തവ ഇതോടൊപ്പം.

∙ അടുക്കളയിൽ ഏതെങ്കിലും ഉപകരണം വേണമെന്നു സ്ത്രീകൾ ആവശ്യപ്പെട്ടാൽ കഴിയുന്നതും വേഗം അതു വാങ്ങിക്കൊടുക്കണം.

∙ ഒറ്റയ്ക്കു ചെയ്താൽ 3 മണിക്കൂറെടുക്കുന്ന ജോലി എല്ലാവരും ചേർന്നാൽ ഒരു മണിക്കൂർകൊണ്ടു തീർക്കാം. 

∙ അമ്മയ്ക്കൊപ്പം അച്ഛനും വീട്ടുജോലികൾ ചെയ്യട്ടെ.  മക്കൾ അതു കണ്ടുശീലിക്കട്ടെ.   

∙ ശമ്പളമില്ലാത്ത സ്ത്രീകൾക്ക് ഭർത്താവ് നിശ്ചിത തുക എല്ലാ മാസവും നൽകണം 

വീട്ടമ്മമാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായി മനോരമ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഇന്ത്യൻ അടുക്കള സർവീസ് (ഫ്രീ) പരമ്പരയുടെ പ്രതികരണങ്ങളിൽ ഏറ്റവും കൂടുതൽ പേർ നിർദേശിച്ചത് ഈ നാലു കാര്യങ്ങളാണ്. വീട്ടുജോലിയുടെ ഭാരം കുറയ്ക്കാൻ  കിച്ചൻ സ്മാർട്ടാകുന്നതിനൊപ്പം കുടുംബാംഗങ്ങളും സ്മാർട്ടാകണമെന്നാണ് സ്ത്രീകൾക്കു പറയാനുളളത്. തേങ്ങ ചുരണ്ടിയും പാത്രം കഴുകിയുമൊക്കെ ഞങ്ങൾ സഹായിക്കുന്നുണ്ടല്ലോയെന്ന പുരുഷന്മാരുടെ സ്ഥിരം വാദങ്ങളല്ല ഇനി ആവശ്യം. വെറും സഹായമല്ല, ഒരുമിച്ചു നിന്നു ജോലികൾ ചെയ്തുതീർക്കുകയാണു വേണ്ടത്. സ്വന്തം പാത്രം കഴുകാതെ എണീറ്റു പോകുന്ന അവസ്ഥയിൽനിന്നു സഹായിലേക്കും പിന്നീടു പ്രധാന പാചകക്കാരനിലേക്കുമുള്ള വളർച്ചയിലേക്ക് ഈ കോവിഡ് കാലം സാക്ഷ്യംവഹിക്കട്ടെ. 

പരമ്പരയ്ക്കു കിട്ടിയ പ്രതികരണങ്ങൾ ഇങ്ങനെ ചുരുക്കാം

ഡാർക്കാണ് ഭായി

ചൂടുള്ള ഭക്ഷണം നല്ല പാത്രങ്ങളിലാക്കി മേശയിൽ നിരത്തുന്നതു മാത്രമാണു വീട്ടുജോലിയിൽ ഗ്ലാമറുള്ള ഭാഗം. തേങ്ങ ചുരണ്ടൽ, പച്ചക്കറി അരിയൽ, ഉള്ളി പൊളിക്കൽ, ഇഞ്ചി ചുരണ്ടൽ മുതൽ പാത്രം കഴുകൽ വരെ അതിനു മുൻപും ശേഷവുമുള്ള സകല പണികളും മടുപ്പിക്കുന്നതാണ്. ഇന്നത്തെ പാചകം ഞങ്ങൾ ചെയ്യാമെന്നു പറ‍ഞ്ഞു പുരുഷന്മാർ ഇറങ്ങിയാലും പാചകത്തിനു മുൻപും ശേഷവുമുള്ള  പണികൾ ചെയ്യേണ്ടി വരുന്നതു സ്ത്രീകളാണ്. ഈ മടുപ്പൻ ജോലികളാണു യഥാർഥത്തിൽ പങ്കിടേണ്ടത്. ഒപ്പംനിന്നു തീർക്കേണ്ടത്. 

എന്തിനാ മാറ്റിവയ്ക്കുന്നേ ?

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിലെ പ്രധാന വില്ലൻ പൊട്ടിയൊഴുകുന്ന ആ സിങ്ക് ആയിരുന്നല്ലോ. ഇതുപോലെയാണ് നമ്മുടെ പല അടുക്കളകളും. ലീക്ക് ചെയ്യുന്ന ടാപ്പിനും സിങ്കിനുമൊക്കെ പിന്നാലെ എത്ര സമയമാണു പോകുന്നത്. ഫ്യൂസാകുന്ന ബൾബ്, പ്ലഗ് പോയിന്റ്, കേടായ വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാം കൃത്യസമയത്തു നന്നാക്കി കിട്ടിയാൽത്തന്നെ പാതി ആശ്വാസമാകും.

വേണം ഇതൊക്കെ...വീട്ടിൽ 

നിർബന്ധമായും വേണ്ടത് എന്തൊക്കെ വീട്ടമ്മമാർ പറയുന്നു: ∙ മിക്സി ∙ വാഷിങ് മെഷീൻ∙ ഫ്രിജ് ∙ 3 ബർണറുള്ള സ്റ്റൗ ∙ തേങ്ങ ചുരണ്ടുന്ന ഉപകരണം ∙ തറ തുടയ്ക്കാൻ ബക്കറ്റ് മോപ്

അടുക്കാനുള്ള ഇടം അടുക്കള

മൊബൈൽ ഫോൺ മാറ്റിവച്ച് ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു സമയം പങ്കിടാൻ കിട്ടുന്ന ഏറ്റവും നല്ല സ്ഥലമാണ് അടുക്കള. ഓഫിസിലെ ടെൻഷൻ മറന്നു കുറച്ചു സമയത്തേക്കു ഫ്രീയാകാൻ പറ്റുന്ന സമയം. കുട്ടികൾകൂടി ഇതിൽ പങ്കാളികളായാൽ ഫാമിലി ടൈം വേറെ കണ്ടെത്തേണ്ട. ഈ സമയം ഓരോരുത്തർക്കും താൽപര്യമുള്ള ജോലികൾ  പ്രായത്തിനനുസരിച്ച് ഏൽപിക്കാം. ഒരു മേശയും ഒന്നുരണ്ട് കസേരകളുമിട്ടാൽ ജോലിക്കിടയിൽ ഒന്നിരിക്കാം. അത്യാവശ്യം ഭക്ഷണം വിളമ്പാം.

പെൺകോന്തനല്ല; പാർട്ണർ

ആൺകുട്ടികളെ അടുക്കളയുടെ പരിസരത്തു കണ്ടാൽ ഓടിച്ചു വിടുമായിരുന്നു പണ്ട്. മുറ്റമടിക്കാൻ ചൂലെടുത്താൽ, വസ്ത്രം കഴുകാനെടുത്താൽ, പച്ചക്കറി അരിഞ്ഞു കൊടുത്താൽ അവൻ പെൺകോന്തനായി. കാലം മാറി, ജോലിയുടെ രീതികളും. പഠനം കഴിഞ്ഞയുടൻ വിവാഹ ജീവിതത്തിലേക്കു കടക്കുന്നവരാണു മിക്ക പെൺകുട്ടികളും. ഭർതൃവീട്ടിലെത്തിയാൽ ഒരു കുടുംബത്തിന്റെ ഭാരമാണു കിട്ടുന്നത്. അപ്പോൾ ഭർത്താവാണ് പാർട്ണറായി കൂടെ നിൽക്കേണ്ടത്. അതുകൊണ്ട് ഇത്തരം വാക്കുകളൊക്കെ നാട്ടിൽനിന്നു തന്നെ ഓടിക്കേണ്ട കാലമായി. 

അമ്മ തന്നെ വിചാരിക്കണം  

അടുക്കള ജോലി സ്ത്രീകൾക്ക് എന്ന ചിന്ത മാറ്റിയെടുക്കാൻ വളർന്നു വരുന്ന ആൺമക്കളുള്ള അമ്മമാർ തന്നെ വിചാരിക്കണം. പാചകം, മുറ്റമടി, വീടു വൃത്തിയാക്കൽ തുടങ്ങി അമ്മ ഇപ്പോൾ ചെയ്യുന്ന എല്ലാ ജോലികളും അവരെയും പരിശീലിപ്പിക്കണം. അവൻ ഗൃഹസ്ഥനാകുന്ന സമയം വീട്ടിലെ ജോലികൾ ഭാര്യയ്ക്കൊപ്പം നിന്ന് ഒരുമിച്ചു ചെയ്യട്ടെ. മാനത്തു മഴക്കോളു കാണുമ്പോൾ മുറ്റത്തു തുണി വിരിച്ചിട്ടുണ്ടോയെന്നു നോക്കാനുള്ള ആ പക്വത ഉണ്ടല്ലോ, അതാണു കുട്ടികളിൽ വളർത്തേണ്ടത്. 

11 നിർദേശങ്ങൾ 

1. വീട്ടിലെ മുഴുവൻ ജോലികളും താൻ തന്നെ ചെയ്താലേ ശരിയാകൂവെന്ന ചിന്ത പല സ്ത്രീകൾക്കുമുണ്ട്. വീട്ടിലുള്ള എല്ലാ ജോലിയും താൻ ചെയ്യേണ്ടതല്ലെന്ന് ആദ്യമേ മനസ്സിൽ പറഞ്ഞുറപ്പിക്കുക. 

2. ഒരാൾക്ക് കാപ്പി, മറ്റൊരാൾക്ക് ചായ തുടങ്ങി പലതരം ഇഷ്ടങ്ങളാണു കുടുംബാംഗങ്ങൾക്ക്. അത്തരം ഇഷ്ടങ്ങൾക്കു കൂട്ടു നിൽക്കേണ്ടതില്ല. അല്ലെങ്കിൽ അവരതു സ്വയം ചെയ്യട്ടെ. 

3. വീട്ടു ജോലികൾ മുഴുവൻ ഒറ്റയ്ക്കു ചെയ്യേണ്ട അവസ്ഥയാണെങ്കിൽ 4 നേരം വച്ചുവിളമ്പണമെന്ന വാശി കളയുക. ഒരു നേരം ബ്രെഡ് പോലെയുള്ള സാധനങ്ങൾ വാങ്ങിയാലും മതി. 

4. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുക. പാത്രം കഴുകി, മേശ തുടച്ച് അടുക്കള വൃത്തിയാക്കിയിട്ടു വേണം എല്ലാവരും മുറികളിലേക്കു പോകാൻ. 

5. ഷർട്ടെവിടെ, താക്കോൽ എവിടെ, ഒരു ഗ്ലാസ് വെള്ളം എന്നൊക്കെ പറഞ്ഞ് സ്ത്രീകളെ അനാവശ്യമായി വിളിക്കുന്ന ശീലം അവസാനിപ്പിക്കുക. വെള്ളവും വസ്ത്രവുമൊക്കെ സ്വയം എടുക്കാവുന്നതല്ലേയുള്ളൂ. 

6. വീട്ടിലെ ആവശ്യത്തിലധികമുള്ള ഉപകരണങ്ങളും തുണികളും പാത്രങ്ങളും മറ്റുള്ളവർക്കു കൊടുക്കുക. ആവശ്യമില്ലാത്തവ വാങ്ങുകയുമരുത്. സാധനങ്ങൾ കുറഞ്ഞിരുന്നാൽ വൃത്തിയാക്കൽ എളുപ്പമാകും. 

7. വീടും മുറ്റവും വൃത്തിയാക്കാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും സഹായികളെ ഉപയോഗിക്കുക.

8. എടുക്കുന്ന സാധനങ്ങൾ അതതു സ്ഥാനത്തു വയ്ക്കുക. തിരഞ്ഞു സമയം കളയുന്നത് ഒഴിവാക്കാം. 

9. അടുക്കള ജോലിക്കിടെ പാട്ട്, ചാനൽ ചർച്ച, സിനിമ ശബ്ദരേഖ തുടങ്ങി എന്തെങ്കിലും കേൾക്കുന്നതു ശീലമാക്കുക. 

10. ആഴ്ചയിൽ ചെയ്യേണ്ടതും ദിവസവും ചെയ്യേണ്ടതുമായ കാര്യങ്ങൾ ലിസ്റ്റ് ചെയ്യുക.  ഓരോ ദിവസത്തെയും മെനു പ്ലാൻ ചെയ്യുക. അതിന്റെ ജോലികൾ ഓരോരുത്തരെ ഏൽപിക്കുക. 

11. രാവിലെ 10 നു മുൻപേ പണികൾ തീർക്കാൻ നോക്കുക. ബാക്കി സമയം ഇഷ്ടമുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കുക

അടുക്കളയുടെ ഡിസൈനും പാചകംചെയ്യുന്നവരുടെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ട്. കൈയെത്തും ദൂരത്ത്മുളകെത്തണം.

വീട് എത്ര വലുതായാലും തീരെ ശ്രദ്ധ കൊടുക്കാതെയായിരിക്കും പല അടുക്കളകളും ഡിസൈൻ ചെയ്യുന്നത്. വേണ്ടത്ര ഉയരമില്ലാത്ത സ്‌ലാബ്, കുനിഞ്ഞു പാത്രം കഴുകേണ്ട സിങ്ക്, കുത്തിയിരുന്നു സാധനങ്ങൾ എടുക്കേണ്ട കിച്ചൻ കാബിനറ്റുകൾ. കൈ എത്തും അകലെ കിട്ടേണ്ട പാത്രങ്ങളും കറിപ്പൊടികളും കുക്കറുമൊക്കെ പലയിടത്തായിരിക്കും. ഇത് അടുത്തടുത്ത് വച്ചാൽ പോരേ എന്നു തിരിച്ചു ചോദിക്കാം. പക്ഷേ, ഇവ വയ്ക്കുന്നതിനുള്ള സ്ഥലം മിക്കവാറും ഉണ്ടാകില്ല.  ഒന്നു തിരിഞ്ഞാൽ കിട്ടുന്ന വിധം വേണം ഫ്രിജിന്റെ സ്ഥാനം. പക്ഷേ, പലയിടത്തും ഇത് അടുത്ത മുറിയിലായിരിക്കും. 

കിച്ചൻ ട്രയാംഗിൾ

ഗ്യാസ് സ്റ്റൗ, സിങ്ക്, ഫ്രിജ് എന്നിവയുടെ അറേഞ്ച്മെന്റ് ത്രികോണാകൃതിയിൽ വരത്തക്കവിധം വേണം പ്രധാന അടുക്കളയുടെ ഡിസൈൻ. ഈ ത്രികോണത്തിന്റെ കാലുകൾ തമ്മിലുള്ള അകലം നാല് അടിയിൽ കൂടുതലും 9 അടിയിൽ കുറവുമാകണം. ഈ 3 അളവുകളും കൂടി കൂട്ടി നോക്കിയാൽ 12നും 26നും ഇടയിൽ നിൽക്കണം. (ഉദാ: സ്റ്റൗവും ഫ്രിജുമായുള്ള ദൂരം 8 അടി, ഫ്രിജും സിങ്കുമായുള്ള ദൂരം 7 അടി, സിങ്കും സ്റ്റൗവുമായുള്ള ദൂരം 8 അടി. ആകെ ദൂരം– 23 അടി). ഇത്തരം ഡിസൈനിൽ കൈ അകലെ സാധനങ്ങൾ കിട്ടും. നടപ്പു കുറയും. 

അടുക്കളയിൽ പെരുമാറുന്നവരുടെ ഉയരത്തിന് അനുസരിച്ചു വേണം സ്ലാബിന്റെ ഉയരവും കണക്കാക്കാൻ. കുറഞ്ഞത് 83 സെന്റീമീറ്റർ ഉയരം വേണം. സ്റ്റൗവിനു താഴെയുള്ള കാബിനിൽ മസാലകളും സ്പൂണും മറ്റും അറേഞ്ച് ചെയ്താൽ തുറന്നെടുക്കാൻ എളുപ്പമായി. കഴുകുന്ന പാത്രങ്ങൾ വയ്ക്കാൻ സിങ്കിനോടു ചേർന്നു തന്നെ നെറ്റ് കൊണ്ടുള്ള വലിയ ട്രേ (ഓർഗനൈസർ) വയ്ക്കുക. വെള്ളം വാർന്നു കഴിഞ്ഞ് പാത്രങ്ങൾ റാക്കിൽ വച്ചാൽ മതി. ഇരുന്നു ജോലി ചെയ്യുന്നതിനുള്ള സൗകര്യം അടുക്കളയിൽ നിർബന്ധമായും വേണം.സ്ഥലം കുറവാണെങ്കിൽ മടക്കി വയ്ക്കാവുന്ന പുൾ ഔട്ട് ടേബിൾ ഫിറ്റ് ചെയ്യാം.

അടുക്കളയിൽ കാര്യങ്ങൾ എളുപ്പമാക്കാൻ ചില കുറുക്കുവഴികൾ

ഭക്ഷണത്തിന്റെ കാര്യത്തിൽ വൻ വെറൈറ്റിയാണു മലയാളിക്ക്. ദിവസവും ഓരോ വിഭവങ്ങളാണു പ്രഭാത ഭക്ഷണത്തിന്. ഉച്ചയ്ക്ക് ഒഴിച്ചു കൂട്ടാനും തോരനും മീനും ഉൾപ്പെടെ പലതരം കറികൾ. വൈകിട്ട് ഇലയട, കൊഴുക്കട്ട പോലെ എന്തെങ്കിലും ഉണ്ടാക്കിയാൽ വീണ്ടും പണി.   അത്താഴത്തിന് ചപ്പാത്തിക്കൊപ്പം വേറെ കറികൾ. തേങ്ങാപ്രിയരായതുകൊണ്ട് തേങ്ങാപ്പാൽ, അരപ്പ്, വറുത്തരയ്ക്കൽ തുടങ്ങി അധിക പണികൾ വേറെ. ഇവയിൽ പലതിനുമുള്ള ഒരുക്കങ്ങളാകാട്ടെ തലേന്നു തന്നെ തുടങ്ങണം. 

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലോ വിദേശത്തോ ഇതല്ല സ്ഥിതി. വടക്കേ ഇന്ത്യയിൽ റൊട്ടിയോ ചപ്പാത്തിയോ പൂരിയോ ഉണ്ടാക്കിയാൽ അതിനൊരു കറി മതിയാകും. തൈരും അച്ചാറും കൂടി കിട്ടിയാൽ ലാവിഷായി. ഉച്ചയ്ക്കു വൈറ്റ് റൈസിനൊപ്പം പനീർ പോലെയൊരു കറി. രാത്രി വീണ്ടും ചപ്പാത്തി. കറിയും അതനുസരിച്ചു മതി. ഉണ്ടാക്കൽ കുറവാണ്. പാത്രം കഴുക്കും.സ്പോട്ടിൽ തീർത്തേക്കുക 

ഒരുപാടു പാത്രങ്ങൾ ഉപയോഗിച്ചാണു മലയാളിയുടെ പാചകം. അരിഞ്ഞു വയ്ക്കാനും തേങ്ങ ചുരണ്ടാനും പാചകത്തിനും കടുകു വറക്കാനുമൊക്കെ വെവ്വേറെ പാത്രം വേണ്ടി വരും. എടുക്കുന്ന പാത്രങ്ങൾ അപ്പപ്പോൾ കഴുകി വയ്ക്കാനുള്ള പരിശീലനമാണു ഞങ്ങൾ ഷെഫുമാർക്ക് കിട്ടിയിരിക്കുന്നത്. പാചകത്തിനൊപ്പം ക്ലീനിങ്ങും ചെയ്തുപോയാൽ അവസാനം ആഹാരം ഉണ്ടാക്കിയ പാത്രവും കഴിച്ച പാത്രവും മാത്രമേ ബാക്കി വരൂ. ഇതു ശീലമാക്കിയാൽ അടുക്കള ജോലി എളുപ്പമാകും. സമയവും ലാഭം. 

പ്ലാനിങ് 

പാചകത്തെക്കാൾ സമയമെടുക്കും അരിച്ചിൽ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾക്ക്. എല്ലാ സാധനങ്ങളും മസാലകളും അടുപ്പിച്ചു വച്ചശേഷം വേണം പാചകം തുടങ്ങാൻ. അങ്ങനെ ചെയ്താൽ നടപ്പു കുറയും. സമയം ലാഭിക്കാം. ഒന്നും കരിച്ചു കളയാതെ ഉണ്ടാക്കാമെന്നതുകൊണ്ടു ഭക്ഷണത്തിന്റെ രുചിയും കൂടും.

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com