ADVERTISEMENT

എന്തുകൊണ്ടാണ് സ്ത്രീധനവും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും വീണ്ടും വീണ്ടും സംഭവിക്കുന്നതെന്നും വാർത്തയാകുന്നതെന്നും അമ്പരക്കാറുണ്ടോ? നമുക്ക് ചുറ്റും ഇതൊന്നുമില്ലല്ലോ പിന്നെ ഇതെവിടെയാണ് സംഭവിക്കുന്നത് എന്ന തെറ്റിദ്ധാരണയുണ്ടോ? ഇന്ന് പുറത്ത് വന്ന ഒരു മരണത്തിന്റെ വാർത്തയും ഒപ്പം വന്ന ചിത്രങ്ങളും കണ്ടാൽ മതിയാകും ചില തോന്നലുകൾ മാറിക്കിട്ടാൻ. ഇന്ന് രാവിലെയാണ് കൊല്ലം ശൂരനാടുള്ള ആയുർവേദത്തിനു പഠിച്ചു കൊണ്ടിരുന്ന വിസ്മയ എന്ന പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഒരു വർഷം കഴിഞ്ഞിരുന്നു അവളുടെ വിവാഹം കഴിഞ്ഞിട്ട്. മരണത്തിനു മുൻപ് അവൾ അവശേഷിപ്പിച്ചിട്ടു പോയത്, താമസിച്ചിരുന്ന വീട്ടിൽ വിസ്മയ അനുഭവിച്ചിരുന്ന അതിക്രൂരമായ മാനസികവും ശാരീരികവുമായ അപമാനങ്ങളുടെയും ഉപദ്രവങ്ങളുടെയും തെളിവുകളാണ്. അതുകൊണ്ട് മാത്രമായിരിക്കണം ഒരുപക്ഷേ സ്ത്രീധനം തന്നെയാണ് ഇവിടെയും വില്ലൻ എന്ന് മനസ്സിലാക്കാൻ സഹായിച്ചതും. വിസ്മയയുടെത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് പോലീസ് അന്വേഷിക്കുകയാണ്.

കഴിഞ്ഞ വർഷമാണ് ഉത്ര എന്ന പെൺകുട്ടി പാമ്പ് കടിയേറ്റു മരിക്കുന്നത്. പെട്ടെന്ന് സംശയിക്കേണ്ടതില്ലെങ്കിലും അതിനു വേണ്ടിയുള്ള പല തെളിവുകളും ലഭിച്ച ശേഷമാണ് ഉത്രയെ സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ചതെന്ന് പോലീസ് മനസ്സിലാക്കിയതും അയാളെ അറസ്റ്റ് ചെയ്തതും. ഉത്ര മരിച്ചപ്പോഴും എല്ലാവരും പറയുന്നുണ്ടായിരുന്നു, അല്ല ആഗ്രഹിക്കുന്നുണ്ടായിരുന്നു, ഇത് അവസാനത്തെ സ്ത്രീധന മരണം ആയിരുന്നെങ്കിൽ എന്ന്. പക്ഷേ, ഒരുവർഷത്തിനിപ്പുറം ഒരു വിസ്മയ കൂടി. ഈ രണ്ടു പെൺകുട്ടികളുടെയിടയ്ക്ക് വാർത്തകളിൽ സ്ഥാനം പിടിക്കാത്ത എത്രയോ പെൺ പേരുകൾ ഉണ്ടായിട്ടുണ്ടാവണം!

എവിടെയാണ് തെറ്റ്? ആരാണ് തെറ്റുകാർ?

"മോൾടെ കല്യാണം തീരുമാനിച്ചുട്ടോ. ......അവിടേക്കാണ് കൊടുക്കുന്നെ."

"അവൾ പഠിച്ചോണ്ടിരിക്കുകയല്ലേ?"

"കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ. അവർ പഠിപ്പിക്കും എന്നാ പറഞ്ഞത്."

"എന്നാലും ഒരു ജോലി കിട്ടീട്ട് മതിയായിരുന്നു"

"ജോലി കിട്ടീട്ട് എന്താക്കാനാ, ഇതിപ്പോ നല്ലൊരു കുടുംബം. ജോലിയുമുണ്ട്. നമുക്ക് അത് നോക്കിയാ പോരെ?"-

ഭാവനയിൽ നിന്നെടുത്ത സംസാരമല്ല, ഈയടുത്തുണ്ടായ സൗഹൃദ സംഭാഷണങ്ങളിലൊന്നാണ്. പെൺകുട്ടികൾ "കൊടുക്കപ്പെടേണ്ടവരാണ്,", പഠിത്തത്തെക്കാൾ , ജോലിയെക്കാൾ പ്രധാനം "നല്ലൊരു തറവാടും ജോലിയുള്ളൊരു പയ്യനുമാണ്" എന്ന സങ്കൽപങ്ങൾക്ക് ഇന്നും ഒട്ടുമേ പ്രസക്തി നഷ്ടമായിട്ടില്ല. പെൺകുട്ടികളുടെ ജീവിതം ഭർത്താവിലും അയാളുടെ വീട്ടിലും മാതാപിതാക്കളിലും ചുറ്റിപ്പറ്റിയാണെന്നതും സ്വന്തം വീട്ടുകാർക്ക് വിവാഹത്തോടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നുമാണ് പരമ്പരാഗത വിശ്വാസം. വിസ്മയയുടെ ബന്ധു തന്നെ പറയുന്നത്, ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ തുടർന്ന് പലതവണ വീട്ടിൽ വന്നു നിന്നിട്ടുള്ള ആളാണ് വിസ്മയ എന്നാണ്. എന്നിട്ടും എന്തുകൊണ്ടാവും സ്വന്തം മകൾക്കു ആവശ്യമുള്ള മാനസിക ബലം നൽകാൻ അവരുടെ മാതാപിതാക്കൾക്കു സാധിക്കാതെ പോയത്? വിവാഹം കഴിച്ചു വിട്ട മകളുടെ ഉത്തരവാദിത്തം ഒരു ഭാരമാകുമെന്നു തോന്നിയിട്ടാകുമോ? ഇത്തരത്തിൽ സ്ത്രീധന മരണങ്ങളിലെല്ലാം ഒരു നഷ്ടപ്പെട്ട ആത്മവിശ്വാസത്തിന്റെ നൂലിഴ കാണാനാകും. പെൺകുട്ടികൾ ജനിക്കുന്നതു തന്നെ മറ്റൊരു വീട്ടിലേയ്ക്ക് "കൊടുത്തു വിടാനാണ്" എന്ന രീതിയിലുള്ള സംസാരങ്ങൾ ഒരുപാട് കേൾവിയിലുണ്ട്. വില കുറഞ്ഞ എന്തോ വസ്തു പോലെ സ്വന്തം പെണ്മക്കൾക്കൊപ്പം അവരുടെ വില കൂട്ടാനായിട്ടാവണം എടുത്താൽ പൊങ്ങാത്ത സ്വർണവും കാറും സ്വത്തും അവൾക്കായി കൊടുത്തയക്കുന്നത്. അപ്പോൾ ആദ്യം സ്ത്രീകളുടെ /പെൺകുട്ടികളുടെ വില നഷ്ടപ്പെടുന്നത് അവനവന്റെ കുടുംബത്തിൽ നിന്നു തന്നെയാണ് എന്ന് വരുന്നു.

തീർച്ചയായും ഇനിയും ഉത്രയും വിസ്മയയും ഒക്കെ ആവർത്തിക്കും. "സ്ത്രീയാണ് ധനം" എന്നു കേട്ട് മടുത്ത പഴകിയ പ്രയോഗങ്ങൾ വഴിയിലുപേക്ഷിക്കാം. സ്ത്രീയെ ആരും ധനവും പൊന്നും തങ്കവും ഒന്നുമാക്കേണ്ടതില്ല. സാധാരണ മനുഷ്യജീവിയായി മാത്രം കണ്ടാലും മതി. ഒരു മനുഷ്യനുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉള്ള ഒരാൾ. പഠിക്കാനും സ്വന്തം കല്യാണം എപ്പോൾ വേണമെന്ന് തീരുമാനിക്കാനും എപ്പോൾ പ്രസവിക്കണമെന്ന് തീരുമാനിക്കാനും അഭിപ്രായമുള്ളൊരാൾ. ജനിച്ച അന്ന് മുതൽ വിവാഹം കഴിക്കുന്ന നാൾ വരെ വളർത്തി വലുതാക്കിയ കണക്ക് പറഞ്ഞ് സ്വത്തും പണവും കൊടുത്ത് വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ വലുതല്ലേ സ്വന്തമായി ആത്മാഭിമാനമുള്ള ഒരു പെൺകുട്ടിയായി അവളെ വളർത്തി വലുതാക്കുന്നത്. അവൾക്കു സ്ത്രീധനമല്ല വേണ്ടത്. പഠിക്കാനുള്ള പണമാണ് ആവശ്യം. സ്വന്തമായി ജോലി നേടാനുള്ള കരുതലും താങ്ങുമാണ് വേണ്ടത്. ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തുമ്പോൾ അവൾക്കൊപ്പം നിന്ന് അത് നടത്തിക്കൊടുക്കാനുള്ള സ്നേഹമാണ് പ്രധാനം. ബന്ധങ്ങളിൽ അവൾ ബലം ചോർന്ന് നിസ്സഹായയായി നിൽക്കുമ്പോൾ, ഞങ്ങൾ നിനക്കൊപ്പമുണ്ട് എന്ന ചേർത്ത് പിടിക്കലാണ് അത്യാവശ്യം. ഇതിനൊക്കെ ആദ്യം വേണ്ടത് പെൺകുട്ടികൾ വെറും വിലയില്ലാത്ത വസ്തുക്കളല്ല എന്ന ബോധ്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം സ്ത്രീധന മരണങ്ങളിൽ എല്ലായ്പ്പോഴും ആദ്യം മനഃസ്സാക്ഷിയാൽ ചോദ്യം ചെയ്യപ്പെടേണ്ടത് ഒരു പെൺകുട്ടിയെ ഇത്തരമൊരു അവസ്ഥയിൽ തനിച്ചിരിക്കാൻ വിടുന്ന അവളുടെ മാതാപിതാക്കളെ തന്നെയാണ്. രണ്ടാമതാണ് കുറ്റം ചെയ്ത ഭർത്താവിനും അയാളുടെ വീട്ടുകാർക്കും വിചാരണ. നിയമപരമായി ശിക്ഷ വിധിക്കപ്പെടുന്നത് അത് നേരിട്ട് ചെയ്ത ആൾക്ക് തന്നെയാണ്. അത് നിർബന്ധമായും വേണം താനും. പക്ഷേ ഒരു സൂരജ് ശിക്ഷിക്കപ്പെട്ടതുകൊണ്ടോ വിസ്മയയുടെ ഭർത്താവ് അറസ്റ്റു ചെയ്യപ്പെട്ടതുകൊണ്ടോ സ്ത്രീധന മരണങ്ങൾ അവസാനിക്കുന്നില്ല. അത് നിർത്തണമെങ്കിൽ അവളെ വളർത്തി വലുതാക്കിയെന്നു അവകാശപ്പെടുന്ന മാതാപിതാക്കളും ബന്ധുക്കളും തന്നെ വിചാരിക്കണം. ഒപ്പം പെൺകുട്ടികളും. ഒരു പൊരിച്ച മീൻ കിട്ടാത്തത് അല്ല പ്രശ്നം. പൊരിക്കുന്ന മീനുകളെല്ലാം പുരുഷന്മാരുടെ പാത്രത്തിലേക്കു വച്ച് നീട്ടപ്പെടുന്നതാണ്. പ്രിയപ്പെട്ട പെൺകുട്ടികളെ,  മനുഷ്യൻ എന്ന നിലയിലുള്ള അവകാശങ്ങളും അധികാരങ്ങളും നിങ്ങൾക്കുമുണ്ട്. ഒരു പെൺകുട്ടിയാണ് എന്ന കാരണം കൊണ്ട് അത് നിഷേധിക്കപ്പെടുന്നില്ല. സ്ത്രീധന ഉപദ്രവങ്ങളുണ്ടെങ്കിൽ മാതാപിതാക്കളോടോ, അവർ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിയമത്തിന്റെ സാധ്യത തേടിയോ സോഷ്യൽ മീഡിയയിലൂടെയോ ഒക്കെ ഉറക്കെ പറയുക. നീതി നിങ്ങൾക്കു മാത്രം നിഷേധിക്കപ്പെടേണ്ടതല്ല. അത് എല്ലാവർക്കും ഒരുപോലെയാണ്.

English Summary: Dowry Death In Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com